കഴുത്തിന്റെ മുന്‍വശത്തുള്ള ഒരു ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അന്തര്‍സ്രാവി ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ്ജ നിലകള്‍, ഹോര്‍മോണ്‍ സന്തുലിതാവസ്ഥ എന്നിവ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വലിപ്പത്തില്‍ ചെറുതാണെങ്കിലും തൈറോയ്ഡിന്റെ തകരാറുകള്‍ ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് ആളുകള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. തൈറോയ്ഡ് തകരാറുകളില്‍ പ്രധാനമായും ഹൈപ്പോ (hypo), തൈറോയ്ഡിസം ഹൈപ്പര്‍ (hyper) തൈറോയ്ഡിസം, തൈറോയ്ഡ് മുഴകള്‍, തൈറോയ്ഡ് ക്യാന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു.
ഹൈപ്പോ തൈറോയ്ഡിസം എന്നത് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കാത്ത ഒരു അവസ്ഥയാണ്. ക്ഷീണം, ശരീര ഭാരം വര്‍ദ്ധിക്കല്‍, മലബന്ധം, തണുപ്പിനോടുള്ള അസഹിഷ്ണുത, വിമ്മിഷ്ടം എന്നിവയാണ് ചില ലക്ഷണങ്ങള്‍. ഇതിന് വിപരീതമാണ് ഹൈപ്പര്‍ തൈറോയിഡ് അവസ്ഥ, ഇവിടെ അധിക ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് ശരീര ഭാരം കുറയ്ക്കല്‍, ഉത്കണ്ഠ, വിറയല്‍, വിയര്‍പ്പ്, ഹൃദയമിടിപ്പ് എന്നിവയിലേക്ക് നയിക്കുന്നു. ഇതിന് വിപരീതമാണ് ഹൈപ്പര്‍ തൈറോയിഡ് അവസ്ഥ, ഇവിടെ അധിക ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് ശരീര ഭാരം കുറയ്ക്കല്‍, ഉത്കണ്ഠ, വിറയല്‍, വിയര്‍പ്പ്, ഹൃദയമിടിപ്പ് താളം തെറ്റല്‍ എന്നിവയിലേക്ക് നയിക്കുന്നു.
തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന മുഴകള്‍ (ഗോയിറ്റര്‍) ഏകദേശം 80% വും സാധാരണ മുഴകള്‍ ആയിരിക്കും. പക്ഷെ, ചില മുഴകള്‍ തൈറോയ്ഡിലെ കാന്‍സറാവാനും സാധ്യതയുണ്ട്. എന്നാല്‍ തുടക്കത്തിലേ കണ്ടെത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കിയാല്‍ ഇവ നിശ്ശേഷം മാറ്റിയെടുക്കാവുന്നതാണ്.
തൈറോയ്ഡ് രോഗങ്ങള്‍ പലപ്പോഴും കൃത്യമായി തിരിച്ചറിയപ്പെടുന്നില്ല. കാരണം, ഇവയുടെ ലക്ഷണങ്ങള്‍ മറ്റു പല രോഗലക്ഷണങ്ങളുമായി സാമ്യമുള്ളതാണ്. കൂടാതെ, തൈറോയ്ഡ് മുഴകള്‍ക്കായി ചെയ്യുന്ന തൈറോയ്ഡ് അള്‍ട്രാ സൗണ്ടും FNAC (Fine Needle Aspiration Cytology) പോലുള്ള പരിശോധനകളും ഏകദേശം കൃത്യമായ രോഗനിര്‍ണ്ണയത്തിന് സഹായിക്കുന്നു. പത്തു മുതല്‍ ഇരുപത് ശതമാനം സന്ദര്‍ഭങ്ങളില്‍ ഈ പരിശോധനകള്‍ പരാജയപ്പെടാറുണ്ട്.തൈറോയ്ഡിലെ ഓരോ മുഴയ്ക്കും സമയബന്ധിതമായ നിരീക്ഷണവും പരിശോധനയും അവലോകനവും ആവശ്യമാണ്.
ഈ തൈറോയ്ഡ് മുഴകള്‍ കാന്‍സര്‍ അല്ലെന്ന് കണ്ടെത്തിയാല്‍, ചെറിയ മുഴകള്‍ക്ക് നീരിക്ഷണമാണ് പ്രധാന പരിചരണം. ഓരോ 6 -12 മാസത്തിലും അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുക. വേണ്ടി വന്നാല്‍ FNAC പരിശോധനയും നടത്തേണ്ടതാണ്. പരിശോധന സമയത്ത് ഹൈപ്പോ തൈറോയ്ഡിസമുണ്ടെങ്കില്‍ തൈറോക്‌സിന്‍ മരുന്ന് നല്കാവുന്നതാണ്.
അള്‍ട്രാസൗണ്ട് സ്‌കാന്‍ പ്രകാരം, സംശയാസ്പദമായ തൈറോയ്ഡ് മുഴകള്‍,വേഗത്തില്‍ വളരുന്ന മുഴകള്‍ , ക്രമാതീതമായി വലുപ്പമുള്ള മുഴകള്‍, അടുത്തുള്ള അവയവങ്ങളെ ഞെരുക്കുന്ന (compression ) മുഴകള്‍ എന്നിവക്ക് ശസ്ത്രക്രിയയാണ് അഭികാമ്യം. തൈറോയ്ഡ് മുഴകളില്‍ FNAC മുഖേന കാന്‍സറാണെന്നു കണ്ടെത്തിയാല്‍ ചികിത്സ കൂടുതല്‍ സങ്കിര്‍ണമായിരിക്കും. എന്നിരുന്നാലും ഒരു വിദഗ്ദ്ധ ഡോക്ടറുടെ സഹായത്തോടെ ഇത് ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ് - സാധാരണയായി തൈറോയ്ഡ് ഗ്രന്ഥി പൂര്‍ണ്ണമായി നീക്കം ചെയ്യുകയോ, കയലകളിലേക്ക് കാന്‍സര്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ അതുംകൂടി (Lymphnode dissection) നീക്കം ചെയ്യേണ്ടതാണ്.
ചിലതരം തൈറോയ്ഡ് കാന്‍സറുകള്‍ക്ക് ശസ്ത്രക്രിയക്ക് ശേഷം റേഡിയോ ആക്ടിവ് അയഡിന്‍ ചികിത്സ നല്‌കേണ്ടതായി വരും - ഇത് ബാക്കിയുള്ള തൈറോയ്ഡ് കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. തൈറോയ്ഡ് പൂര്‍ണ്ണമായും നീക്കം ചെയ്തതിനുശേഷം 'തൈറോക്‌സിന്‍ ' എന്ന മരുന്ന് നിത്യനെ ഉപയോഗിക്കേണ്ടതാണ്. ' തൈറോ ഗ്ലോബുലിന്‍ 'പരിശോധന, റേഡിയോ ആക്ടിവ് അയഡിന്‍ സ്‌കാന്‍ എന്നിവ ഉപയോഗിച്ച് തുടര്‍ ചികിത്സ നടത്തേണ്ടതുമാണ്. തൈറോയ്ഡ് മുഴകള്‍ എല്ലാം കാന്‍സര്‍ അല്ല. ഓരോ മുഴയ്ക്കും കൃത്യമായ പരിശോധനയും നിരീക്ഷണവും അത്യാവശ്യമാണ്. കാന്‍സര്‍ സ്ഥിരീകരിച്ചാല്‍ ശസ്ത്രക്രിയ, റേഡിയോ ആക്ടിവ് അയഡിന്‍ ചികിത്സ, ഹോര്‍മോണ്‍ ചികിത്സ, തീവ്ര നിരീക്ഷണം എന്നിവ ചെയ്ത് രോഗിയെ സുഖപ്പെടുത്താവുന്നതാണ്.
2025- ലെ തൈറോയ്ഡ് ദിനത്തിന്റ്‌റെ പ്രമേയം നിര്‍മ്മിത ബുദ്ധിയും (Artificial Intelligence)തൈറോയ്ഡ് പരിചരണവും എന്നായിരുന്നുആധുനിക വൈദ്യശാസ്ത്രത്തില്‍ നിര്‍മ്മിത ബുദ്ധി ഒരു വിപ്ലവം സൃഷ്ട്ടിച്ചിരിക്കുകയാണല്ലോ. 2025-ലെ ലോക തൈറോയിഡ് ദിനം ഈ പുതിയ സാധ്യതകള്‍ ഉത്ഘോഷിക്കുകയാണ്. തൈറോയ്ഡ് രോഗ പരിശോധനയിലും നിര്‍മ്മിത ബുദ്ധി ഇപ്പോള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. തൈറോയ്ഡ് സ്‌കാന്‍ ചിത്രങ്ങള്‍ കൃത്യമായി പരിശോധിച്ച് ക്യാന്‍സറിന്റെ സാധ്യത കണ്ടെത്താന്‍ നിര്‍മ്മിത ബുദ്ധി (AI) ക്ക് കഴിയുന്നു. രോഗിയുടെ രക്ത പരിശോധന ഫലങ്ങള്‍ക്കനുസൃതമായി ഹോര്‍മോണ്‍ ഡോസുകള്‍ കൃത്യമായി നിര്‍ണ്ണയിക്കുവാനും തൈറോയിഡ് രോഗത്തിന്റെ തുടര്‍ചികിത്സ വ്യക്തിഗതമായി ക്രമീകരിക്കുവാനും ഇത് സഹായിക്കുന്നു.
നിങ്ങള്‍ ചെയേണ്ടത് :-
1 ലക്ഷണങ്ങളെ അറിഞ്ഞിരിക്കുക (കഴുത്തിലെ മുഴകള്‍ അവഗണിക്കരുത്)
2 സ്‌ക്രീനിംഗ് പരിശോധനകള്‍ ചെയ്യിക്കുക (പ്രത്യേകിച്ചു സ്ത്രീകള്‍ക്കും കുടുംബ പാരമ്പര്യമുള്ളവര്‍ക്കും)
3 ഡിജിറ്റല്‍ ഹെല്‍ത്ത് ടെക്‌നോളജി സ്വീകരിക്കുക
(കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ എന്‍ഡോക്രെയ്ന്‍ സര്‍ജറി അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ആണ് ലേഖകൻ)
Content Highlights: treatment and diagnosis of thyroid imbalance and thyroid cancer
Published: 26 May 2025, 12:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented