കടുത്ത ചൂടിന്റെ അകമ്പടിയോടെയാണ് ഓരോ വേനലും വന്നെത്തുന്നത്. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. സൂര്യാഘാതം, നിർജലീകരണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ വേനലിൽ ഉണ്ടാകാമെന്നതിനാൽ ജാഗ്രതാനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ആഹാരരീതിയും ജീവിതശൈലിയും ചെറുതായൊന്ന് മാറ്റിയാൽ ഉഷ്ണത്തെയും വേനലിനെയും പ്രതിരോധിക്കാം.

വെളളം തന്നെ മരുന്ന്

നിർജലീകരണത്തിന് സാധ്യതയുള്ളതിനാൽ ചൂടുകാലത്ത് എട്ട് മുതൽ പത്ത് ഗ്ലാസ് വരെ ശുദ്ധജലം കുടിക്കണം.

  • വെള്ളം തിളപ്പിച്ച് തണുപ്പിച്ച് കുടിക്കുന്നതാണ് ഉചിതം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെവെള്ളം കുടിക്കുന്നത് ശീലമാക്കണം.
  • അമിതതണുപ്പുള്ള വെള്ളം, പായ്ക്കറ്റിൽ ലഭിക്കുന്ന പഴച്ചാറുകൾ, ശീതളപാനീയങ്ങൾ എന്നിവ കഴിവതും ഒഴിവാക്കാം.
  • ഉപ്പുചേർത്ത കഞ്ഞിവെള്ളം, കരിക്ക്, ഇഞ്ചിനീര് ചേർത്ത നാരങ്ങാവെള്ളം, മോര് എന്നിവയും കുടിക്കാം.
  • പുറത്തുപോകുമ്പോൾ കുപ്പിയിൽ വെള്ളം കൂടെക്കരുതാം.
  • ഹൃദ്രോഗം, വൃക്കരോഗം എന്നീ പ്രശ്നങ്ങൾ ഉള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം വെള്ളത്തിന്റെ അളവ് നിശ്ചയിക്കാം.
  • ചിക്കൻപോക്സ്, ടൈഫോയ്ഡ് എന്നിവ വരാൻ സാധ്യതയുള്ളതിനാൽ തുറന്നുവെച്ചതും തണുത്തതുമായ വെള്ളം കുടിക്കരുത്. തണുത്തവെള്ളവും ചൂടുവെള്ളവും കലർത്തി കുടിക്കുന്നതും ഒഴിവാക്കണം.

സൂര്യാഘാതം ഒഴിവാക്കാൻ

  • രാവിലെ 11 മുതൽ മൂന്നുവരെയുള്ള സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
  • പ്രായമായവരും കുട്ടികളും ഗർഭിണികളും മറ്റ് അസുഖങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.
  • പുറത്തിറങ്ങുമ്പോൾ ശരീരം മുഴുവൻ മൂടുന്നതരം വസ്ത്രം ധരിക്കണം.
  • നിർത്തിയിട്ട വാഹനത്തിൽ അധികനേരം ഇരിക്കരുത്.
  • സൂര്യാഘാതമേറ്റ വ്യക്തിയെ ഉടൻ തണലത്തേക്ക് മാറ്റിക്കിടത്തണം.
  • വസ്ത്രങ്ങൾ മാറ്റിയശേഷം സാധാരണജലത്തിൽ തുണിമുക്കി തുടപ്പിക്കാം.
  • ഐസ്‌കട്ടകൾ തുണിയിൽപൊതിഞ്ഞ് കക്ഷത്തിലും തുടയിടുക്കിലും വയ്ക്കാം.
  • ശ്വാസമെടുക്കാൻ പ്രയാസം, ബോധക്ഷയം എന്നിവ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണം.

എന്തു കഴിക്കാം

എളുപ്പം ദഹിക്കുന്നതും ജലാംശം ഉള്ളതുമായ ആഹാരമാണ് വേനലിൽ യോജിച്ചത്. 

  • മാമ്പഴം, വാഴപ്പഴം, തണ്ണിമത്തൻ എന്നിവ നല്ലതാണ്.
  • ആഹാരത്തിൽ പുളി, എരിവ്, ഉപ്പ് എന്നിവ കുറയ്ക്കണം.
  • ഇറച്ചി, മുട്ട, കടൽവിഭവങ്ങൾ എന്നിവയും കുറച്ചുകഴിച്ചാൽമതി.
  • വറുത്തതും പൊരിച്ചതുമായ ആഹാരം ചൂടുകാലത്ത് നിയന്ത്രിക്കണം.
  • അമിത കൊഴുപ്പടങ്ങിയ, എണ്ണ കൂടുതലുള്ള ആഹാരം എന്നിവ കുറയ്ക്കണം.
  • ഫ്രിഡ്ജിൽ വെച്ച ഭക്ഷണം ഇടയ്ക്കിടെ ചൂടാക്കി കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.
  • പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.
  • പ്രാതലിനൊപ്പം പഴങ്ങളും ഉൾപ്പെടുത്താം.
  • തൈര് കൊണ്ടുള്ള വിഭവങ്ങൾ, പാൽ എന്നിവ ശരീരത്തിന്റെ ചൂട് കുറയ്ക്കാൻ സഹായിക്കും.

ശ്രദ്ധ വേണംവസ്ത്രത്തിലും

വേനലിൽ വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം.

  • അയവുള്ളതും വായുകടക്കുന്നതുമായ പരുത്തി, ലിനൻ വസ്ത്രങ്ങളാണ് നല്ലത്.
  • കറുപ്പ്, ചുവപ്പ് തുടങ്ങിയ കടുംനിറങ്ങൾ ഒഴിവാക്കണം. ഇളം നിറത്തിലുള്ളവ ധരിക്കാം.
  • നൈലോൺ, പോളിസ്റ്റർ വസ്ത്രങ്ങളും തത്കാലത്തേക്ക് ഒഴിവാക്കാം.
  • കുട, തൊപ്പി, സൺഗ്ലാസ്, ഫുൾസ്ലീവ് ഷർട്ട് എന്നിവ ഉപയോഗിക്കുന്നതും നല്ലതാണ്.

കരുതണം രോഗങ്ങളെ

ചിക്കൻപോക്സ്, ചെങ്കണ്ണ്, ചൂടുകുരു, ഫംഗസ് ബാധ തുടങ്ങി വേനലിൽ വരാവുന്ന രോഗങ്ങൾ പലതാണ്. വൈറസ് മൂലവും ബാക്ടീരിയ മൂലവും ചെങ്കണ്ണ് പകരാം. കണ്ണുകളുടെ വെളുത്ത ഭാഗത്ത് ചുവപ്പ്, ചൊറിച്ചിൽ, കണ്ണിൽനിന്ന് സ്രവം ഒഴുകുക, കൺപോളകൾ വീർക്കുക എന്നിവയാണ് ലക്ഷണങ്ങൾ.

  • കണ്ണുകൾ ഇടയ്ക്കിടെ നന്നായി കഴുകണം.
  • വിയർപ്പുഗ്രന്ഥികളുടെ അമിതപ്രവർത്തനമാണ് ചൂടുകുരുവിന് ഇടയാക്കുന്നത്. ദിവസം രണ്ടുനേരം കുളിക്കുന്നത് ചൂടുകുരു തടയാൻ നല്ലതാണ്.
  • കലാമിൻ ലോഷൻ പുരട്ടുന്നതും ഗുണംചെയ്യും.
  • വേനൽക്കാലത്ത് അമിതമായി വിയർക്കുന്നതുമൂലം ശരീരത്തിന്റെ മടക്കുകളിൽ ഫംഗസ് ബാധയും കാണാറുണ്ട്. ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകി വെയിലത്ത് ഉണക്കിയെടുക്കണം. വിയർത്തശേഷം വസ്ത്രങ്ങൾ മാറ്റണം. വായുസഞ്ചാരമുള്ള നേർത്ത കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും കൈകൾ ഇടയ്ക്കിടെ കഴുകുന്നതും നല്ലതാണ്.

ചർമ്മത്തിനും മുടിക്കും

  • ദിവസം രണ്ടുനേരം ശരീരം കഴുകുന്നത് ഉണർവ് നൽകുകയും ചൂടുകുരുവിനെ തടയുകയും ചെയ്യും.
  • സോപ്പിനുപകരം പയറുപൊടി ഉപയോഗിക്കാം.
  • കുളിക്കാൻ ചൂടുവെള്ളത്തിന് പകരം തണുത്തവെള്ളം ഉപയോഗിക്കാം.
  • തണുത്തവെള്ളത്തിൽ ഇടയ്ക്കിടെ മുഖംകഴുകാൻ മറക്കേണ്ട.
  • ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുന്നതിനു മുൻപ് ഒരുതുണികൊണ്ട് തല നന്നായി മൂടിക്കെട്ടണം. ഇത് വിയർപ്പടിയാതിരിക്കാൻ സഹായിക്കും.
  • കണ്ണിന് ചൂടേൽക്കാതിരിക്കാൻ സൺഗ്ലാസ് ഉപയോഗിക്കാം.

പുറത്തിറങ്ങുമ്പോൾ

വേനലിൽ പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കാം. വെയിലത്ത് ഇറങ്ങുന്നതിന് അരമണിക്കൂർ മുൻപ് പുരട്ടുന്നതാണ് നല്ലത്. ഇവ അൾട്രാവയലറ്റ് രശ്മികളെ തടയുകയും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും. അമിതമായി വിയർക്കുന്നവരാണെങ്കിൽ വാട്ടർ റസിസ്റ്റന്റ് സൺസ്‌ക്രീൻ പുരട്ടാം. വെയിലേൽക്കുമ്പോൾ ചുണ്ടുകളിലുണ്ടാവുന്ന കരുവാളിപ്പ് മാറാൻ ചുണ്ടുകളിൽ പുരട്ടാനുളള ക്രീമുകൾ ലഭ്യമാണ്.

  • കറുപ്പ്നിറത്തിലുള്ള കുടകൾക്ക് പകരം ഇളംനിറത്തിലുള്ളവ ഉപയോഗിക്കാം.
  • ബൈക്ക് ഓടിക്കുമ്പോൾ വെയിലേൽക്കാതിരിക്കാൻ ആംസ്ലീവുകൾ ധരിക്കാം.

എ.സിയും ഫാനും ഉപയോഗിക്കുമ്പോൾ

രാത്രി മുഴുവൻ ഫാനിട്ട് കിടക്കുന്നത് ചർമ്മവരൾച്ചയ്ക്കും ശരീരവേദനയ്ക്കും കാരണമാകാം.

  • ഫാനിന്റെ സ്പീഡ് മിതമായി ക്രമീകരിക്കണം.
  • വിയർപ്പോടെ എ.സി.മുറിയിൽ ഇരിക്കുന്നതും നല്ലതല്ല.
  • എ.സി.ഇട്ട് മുറിതണുപ്പിച്ചശേഷം കിടക്കുന്നതാണ് നല്ലത്.

കാറിൽ യാത്രചെയ്യുമ്പോൾ

മുൻഗ്ലാസിൽ വിൻഡോഷെയ്ഡ് വയ്ക്കുന്നത് മുഖത്തേക്ക് വെയിൽ അടിക്കാതിരിക്കാൻ സഹായിക്കും. വെയിലത്ത് പാർക്ക് ചെയ്യുമ്പോഴും ഇങ്ങനെ ചെയ്യാം.

  • വെയിലിലാണ് പാർക്ക് ചെയ്തിട്ടുള്ളതെങ്കിൽ സീറ്റുകൾ കോട്ടൺ തുണികൊണ്ട് മൂടാം.
  • പാർക്ക് ചെയ്യുമ്പോൾ വിൻഡോ ഗ്ലാസ് വായുപോകാനുള്ള രീതിയിൽ അല്പം താഴ്ത്തിവയ്ക്കാം.
  • കാറിനകത്തേക്ക് കയറുമ്പോൾ ചൂടുള്ള വായു നീക്കംചെയ്യണം. ഇതിനായി ഒരുഭാഗത്തെ ഗ്ലാസ് താഴ്ത്തുക. മറുഭാഗത്തെ ഡോർ പലതവണ തുറന്ന് അടയ്ക്കുക.
  • ചൂടുള്ള വായു പുറത്തുപോയശേഷം മാത്രമേ എ.സി. പ്രവർത്തിപ്പിക്കാവൂ.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ

ശരീരതാപനില ഒരു നിശ്ചിത അളവിൽ ക്രമീകരിക്കപ്പെട്ടതാണ്. പുറമെ ചൂട് കൂടുമ്പോൾ ഈ ക്രമീകരണം താളംതെറ്റും. അതിന്റെ ഫലമായി ശരീര താപനില വല്ലാതെ ഉയരുകയും മസ്തിഷ്‌കത്തിന്റെ പ്രവർത്തനം തകരാറിലാവുകയും ചെയ്യും. ഇതാണ് സൂര്യാഘാതം. ഉയർന്ന ശരീരതാപനില, ചുണ്ടുകളിൽ വരൾച്ച, തലവേദന, ബോധക്ഷയം, അമിതദാഹം തൊലിപ്പുറത്ത് പൊള്ളൽ, മൂത്രത്തിന്റെ അളവ് കുറയുക എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi