
സ്ത്രീശരീരത്തില്‍ പലവിധ മാറ്റങ്ങള്‍ കണ്ടുവരുന്ന ഒരു സമയമാണ് ഗര്‍ഭകാലം. 90 ശതമാനം സ്ത്രീകളിലും ഈ വ്യത്യാസങ്ങള്‍ വളരെ പ്രകടവുമാണ്. ഇവയെ മൂന്നായി തരം തിരിക്കാം. സ്വാഭാവികമായ ചര്‍മവ്യതിയാനങ്ങള്‍ (Physiologic skin changes), ചര്‍മരോഗങ്ങളില്‍ ഉള്ള വ്യതിയാനങ്ങള്‍ (Preexisting dermatoses affected by pregnancy), ഗര്‍ഭകാലത്തെ ചര്‍മരോഗങ്ങള്‍ (Specific dermatoses) എന്നിവയാണവ. ഇതില്‍ പലതും അമ്മയ്ക്കോ കുഞ്ഞിനോ യാതൊരുവിധ ദോഷവും ഉണ്ടാക്കാത്തതും ഗര്‍ഭാവസ്ഥ കഴിയുമ്പോള്‍ തനിയെ മാറുന്നതുമാണ്. എന്നാല്‍ ഇവയെ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള അവസ്ഥകളില്‍നിന്നും തരംതിരിക്കേണ്ടത് അത്യാവശ്യമാണ്.
ഗര്‍ഭാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ചര്‍മപ്രശ്നങ്ങള്‍ നിറവ്യത്യാസവും ചൊറിച്ചിലുമാണ്. ഇവയില്‍ മിക്കതും പ്രസവാനന്തരം തനിയെ പോകുന്നതുമാണ്. എന്നാല്‍ ചില അവസ്ഥകളില്‍ അമ്മയ്ക്കും കുഞ്ഞിനും പ്രത്യേകശ്രദ്ധ അനിവാര്യമാണ്. അതുകൊണ്ടുതന്നെ എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും അവ ഡോക്ടറെ കാണിച്ചു ചികിത്സിക്കുന്നതാണ് ഉചിതം.
ശരീരത്തിലെ നിറവ്യത്യാസങ്ങള്‍
ഹോര്‍മോണ്‍ പ്രവര്‍ത്തനം മൂലം ശരീരത്തില്‍ കറുപ്പുനിറം കൂടിവരുന്നു. പ്രധാനമായിട്ടും മുലക്കണ്ണ്, ഗുഹ്യഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കറുപ്പുണ്ടാവുന്നത്. ശരീരം മുഴുവന്‍ നിറം മങ്ങാനും സാധ്യതയുണ്ട്. വയറിന്റെ നടുക്ക് നീളത്തില്‍ ഒരു കറുത്ത വര ഉണ്ടാകും. ഇത് ഗര്‍ഭകാലത്തിനുശേഷം തനിയെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഗര്‍ഭാവസ്ഥയില്‍ മുഖത്തും നിറവ്യത്യാസമുണ്ടാകാം. ഇത് 45 മുതല്‍ 75 ശതമാനം വരെ സ്ത്രീകളിലും കാണുന്നു. സ്‌ട്രെച്ച് മാര്‍ക്കുകള്‍ 90 ശതമാനം ഗര്‍ഭിണികളിലുമുണ്ടാവാം. ആറാം മാസത്തിലോ ഏഴാം മാസത്തിലോ ആണിത് പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്.
തലമുടിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
ഗര്‍ഭകാലത്ത് മുടി പെട്ടെന്ന് വളരും. മാത്രമല്ല മുടിക്ക് നല്ല തിളക്കവും കട്ടിയുമുണ്ടാവുകയും ചെയ്യും. മുടികൊഴിച്ചിലുമുണ്ടാവില്ല. പക്ഷേ, പ്രസവംകഴിഞ്ഞ് മൂന്നാം മാസം മുടി കൊഴിയാന്‍ തുടങ്ങും. ഇത് മൂന്നുമുതല്‍ പന്ത്രണ്ട് മാസം വരെ നീണ്ടുനില്‍ക്കാം. ഗര്‍ഭകാലത്ത് നഖം പൊട്ടാനും ഫംഗല്‍ ഇന്‍ഫെക്ഷന്‍ വരാനും സാധ്യതയേറെയാണ്. ഗര്‍ഭാവസ്ഥയില്‍ തൊലിയിലേക്കുള്ള രക്തയോട്ടം കൂടുതലാണ്. മറുകുകള്‍, അടയാളങ്ങള്‍ ഒക്കെ പെട്ടെന്ന് ശരീരത്തില്‍ പ്രത്യക്ഷപ്പെടാം. കൈവെള്ള ചുവന്നുവരാം. മോണവീക്കവും ഉണ്ടാവും.
അണുബാധയുണ്ടാവാം
ഗര്‍ഭാവസ്ഥയില്‍ വിയര്‍പ്പ് കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ചൂടുകുരു, ഫംഗല്‍ ഇന്‍ഫെക്ഷന്‍ (പൂപ്പല്‍ ബാധ) എന്നിവ വരാം. സെബേഷ്യസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കൂടുതലായതിനാല്‍ മുഖക്കുരുവും താരനും ഉണ്ടാവാനിടയുണ്ട്. ഗര്‍ഭകാലത്തിനു മുമ്പേയുള്ള ചര്‍മരോഗങ്ങള്‍ പ്രത്യേകിച്ച് ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഈ സമയത്ത് കൂടാം.
ഗര്‍ഭാവസ്ഥയിലുള്ള ചര്‍മരോഗങ്ങള്‍
അലര്‍ജി ഉള്ളവര്‍ക്കോ അലര്‍ജിയുടെ പാരമ്പര്യം ഉള്ളവര്‍ക്കോ ഗര്‍ഭാവസ്ഥയില്‍ മുഖത്തും കഴുത്തിലും നെഞ്ചിലും കൈമടക്കുകളിലും ചൊറിഞ്ഞു പൊട്ടിയൊലിച്ചു വരാം. ഗര്‍ഭത്തിന്റെ ആദ്യ മൂന്നുമാസക്കാലം മുതല്‍ ഈ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. പിന്നീടുള്ള ഗര്‍ഭധാരണത്തിലും ഈ അവസ്ഥ തിരിച്ചുവരാറുണ്ട്. ചൊറിച്ചിലോടുകൂടിയ തടിപ്പ് കൈകാലുകളിലും വയറിന്റെ ഭാഗത്തും പ്രത്യക്ഷപ്പെടുന്നു. നല്ല മൊരിച്ചിലും കാണാറുണ്ട്. ഇത് ചിലപ്പോള്‍ ഗര്‍ഭാവസ്ഥ കഴിഞ്ഞാല്‍ മൂന്നുമാസം കൂടി നീണ്ടുനില്‍ക്കും. പിന്നീടുള്ള ഗര്‍ഭധാരണത്തിലും ഈ അവസ്ഥ വന്നുകണ്ടിട്ടുണ്ട്.
ശരീരത്തില്‍ ചുവന്ന രോമക്കുത്ത് പഴുത്തതുപോലെ കാണുന്നു. പ്രത്യേകിച്ചും തോള്‍, മുതുക്, നെഞ്ച്, വയര്‍ എന്നിവിടങ്ങളിൽ. ഇതാണ് മറ്റൊരു ചർമപ്രശ്നം. പ്രസവത്തിനുശേഷം ഒന്നു-രണ്ട് മാസം കഴിഞ്ഞാല്‍ അപ്രത്യക്ഷമാവുകയും ചെയ്യും. പ്രകടമായ ചൊറിച്ചില്‍ ഉണ്ടാകണമെന്നൊന്നുമില്ല. ആദ്യമായി ഗര്‍ഭണി ആകുന്നവരിലാണ് കൂടുതലായും കാണുന്നത്.
ഒന്നിലധികം ഭ്രൂണം ഉള്ളവരിലും അമിതഭാരം ഉള്ളവരിലും സാധാരണയായി കാണപ്പെടുന്ന ഒരുതരം ചര്‍മരോഗമുണ്ട്. വയറിലും തുടയിലും കുരുക്കളും തിണര്‍പ്പുകളാണ് ഉണ്ടാവുന്നത്. പ്രസവം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷം ഇത് അപ്രത്യക്ഷമാകുന്നു.കൈവെള്ളയിലും കാല്‍പ്പാദത്തിലും പെട്ടെന്ന് ചൊറിച്ചില്‍ വന്ന്, പിന്നീട് ശരീരം മുഴുവനും ചൊറിച്ചില്‍ വ്യാപിക്കുന്ന ഒരവസ്ഥയുണ്ട്. ചൊറിച്ചില്‍ വന്നു മുറിഞ്ഞശേഷം തടിപ്പുകളും കാണപ്പെടും. രക്തത്തില്‍ ബിലിറൂബിന്റെ അളവ് കൂടുന്നതു കൊണ്ടാണിത് വരുന്നത്. ഈ അവസ്ഥ ഗര്‍ഭസ്ഥശിശുവിനെ പ്രതികൂലമായി ബാധിച്ചേക്കാം.
Content Highlights: skin diseases during pregnancy time
Published: 04 Oct 2023, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented