
പ്രതീകാത്മകചിത്രം (Shutterstock Images)
ഒരു വ്യക്തിയുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും വൈകാരികാവസ്ഥകളെയും തകരാറിലാക്കാന്‍ ശേഷിയുള്ള ഗൗരവമേറിയ മാനസികരോഗമാണ് സ്‌കിസോഫ്രേനിയ. മറ്റ് മാനസിക രോഗങ്ങളിലെന്നപോലെ ഈ രോഗാവസ്ഥയിലും തന്റെ രോഗത്തെ കുറിച്ച് രോഗിക്ക് ഉള്‍ക്കാഴ്ച ഉണ്ടായിരിക്കില്ല. ഒരു വ്യക്തിയുടെ വ്യക്തമായി ചിന്തിക്കാനുള്ള കഴിവ്, തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവ്, മറ്റുള്ളവരുമായി ഇടപഴകാന്‍ ഉള്ള കഴിവ് എന്നിവയെയാണ് സ്‌കിസോഫ്രേനിയ പ്രധാനമായും ബാധിക്കുന്നത്. സ്‌കിസോഫ്രേനിയ രോഗം പലതരത്തില്‍ പ്രകടമായേക്കാം. അതിന്റെ ലക്ഷണങ്ങള്‍ ഓരോ രോഗികളിലും ഏറിയും കുറഞ്ഞും ഇരിക്കാം.
രോഗകാരണങ്ങള്‍
കുടുംബപാരമ്പര്യവും ഇക്കാര്യത്തില്‍ ഒരു ഘടകമാണ്. തലച്ചോറിലെ രാസവസ്തുക്കളുടെ അളവില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആണ് മറ്റൊരു കാരണമായി പറയപ്പെടുന്നത്. കൂടാതെ പ്രതികൂല ജീവിതാന്തരീക്ഷം, തുടര്‍ച്ചയായ സമ്മര്‍ദങ്ങള്‍ ഇവ രോഗത്തിന്റെ തീവ്രത കൂടുന്നതിന് കാരണമായേക്കാം എന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
രോഗലക്ഷണങ്ങള്‍
സ്‌കിസോഫ്രേനിയ രോഗലക്ഷണങ്ങള്‍ പൊതുവെ രണ്ടു തരത്തിലാണ് പ്രകടമാവുക. അവയെ പോസിറ്റീവ്, നെഗറ്റീവ് എന്ന് തരംതിരിച്ചിരിക്കുന്നു. പുറത്തേക്ക് പ്രകടമായവയാണ് പോസിറ്റീവ് ലക്ഷണങ്ങള്‍. മിഥ്യാ ധാരണകളും മിഥ്യാഅനുഭവങ്ങളും ഇതില്‍ പെടും.
- മിഥ്യാ ധാരണകള്‍ (ഡെല്യൂഷന്‍സ്)
ഉറച്ചതും മാറ്റാന്‍ പറ്റാത്തതും ആയ തെറ്റിദ്ധാരണകള്‍ ആണ് ഡെല്യൂഷന്‍സ്. ഉദാഹരണത്തിന്, എന്റെ തലക്കുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് ചിപ്പ് വഴി മറ്റൊരാള്‍ എന്നെ നിയന്ത്രിക്കുന്നു എന്നൊരാള്‍ പറയുന്നു എന്ന് കരുതുക. അതെങ്ങനെ സാധ്യമാവുമെന്ന് നമ്മള്‍ ചോദിച്ചാല്‍, അതിന് യുക്തിസഹമായ വിശദീകരണം നല്‍കാന്‍ അവര്‍ക്ക് സാധിക്കില്ല. പക്ഷെ, അത് അങ്ങനെതന്നെയാണ് എന്നവര്‍ ഉറച്ചുപറയുകയും സമര്‍ഥിക്കുകയും ചെയ്യും. ഇങ്ങനെ ഒന്നിലധികം മിഥ്യാധാരണകള്‍ ഒരേ സമയം രോഗിയിലുണ്ടായേക്കാം.
- മിഥ്യാ അനുഭവങ്ങള്‍ (ഹാലൂസിനേഷന്‍സ്)
യഥാര്‍ഥത്തില്‍ ഇല്ലാത്തതും എന്നാല്‍ ഉണ്ട് എന്ന് രോഗിക്ക് തോന്നുന്നതുമായ അനുഭവങ്ങള്‍ ആണ് മിഥ്യാ അനുഭവങ്ങള്‍ അഥവാ ഹാലൂസിനേഷന്‍സ്. കേള്‍വി, കാഴ്ച, രുചി, ഗന്ധം, സ്പര്‍ശം, പഞ്ചേന്ദ്രിയങ്ങളില്‍ ഏതില്‍ വേണമെങ്കിലും ഇവ അനുഭവപ്പെടാം. ഉദാഹരണത്തിന് തൊട്ടടുത്തില്ലാത്ത ആളുകളുടെ സ്വരം കേള്‍ക്കാന്‍ കഴിയുക, യഥാര്‍ഥത്തില്‍ ഇല്ലാത്തതും മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്തതും ആയ വസ്തുക്കള്‍ കാണാന്‍ കഴിയുക തുടങ്ങിയവ.
നെഗറ്റീവ് ലക്ഷണങ്ങള്‍:
ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ശരീരശുചിത്വം, ജോലി, സാമൂഹിക ഇടപെടല്‍ എന്നിവയില്‍ ഒന്നും താത്പര്യമില്ലാത്ത അവസ്ഥ, നിര്‍വികാരത, അലസത ഇവയൊക്കെയാണ് നെഗറ്റീവ് ലക്ഷണങ്ങള്‍. ഒരു മാസത്തിലെ മിക്കദിവസങ്ങളിലും ഈ ലക്ഷണങ്ങള്‍ ഒരു വ്യക്തി പ്രകടമാക്കുന്നുണ്ടെങ്കില്‍ സ്‌കിസോഫ്രേനിയ ആണോ എന്ന് സംശയിക്കാം. രോഗ നിര്‍ണ്ണയം നടത്തുന്നതിന് മുന്‍പ് രോഗിയോടും കുടുംബാംഗങ്ങളോടും വിശദമായി സംസാരിച്ചു വിവരശേഖരണം നടത്തണം. മനോരോഗ വിദഗ്ധന്റെ വിശദമായ പരിശോധനയിലൂടെ മാത്രമേ രോഗ നിര്‍ണയം സാധ്യമാകൂ.
ചികിത്സ
മരുന്നുപയോഗിച്ചുള്ള ചികിത്സ, മനഃശാസ്ത്ര ചികിത്സ, ഇലക്ട്രോ കണ്‍വല്‍സീവ് തെറാപ്പി എന്നിവയാണ് ഫലപ്രദമായ ചികിത്സാ രീതികള്‍. ഒപ്പം പുനരധിവാസ ചികിത്സകളും പ്രാധാന്യം അര്‍ഹിക്കുന്നു.
രോഗത്തിന്റെ ഗതി
നേരത്തെ കണ്ടെത്തി ഫലപ്രദമായി ചികിത്‌സിച്ചാല്‍ നിയന്ത്രിക്കാനാവുന്ന രോഗാവസ്ഥയാണ് സ്‌കിസോഫ്രേനിയ. എന്നാല്‍ മാനസികരോഗങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും മാനസിക രോഗികളോട് സമൂഹംവെച്ച് പുലര്‍ത്തുന്ന അവജ്ഞയും ശരിയായ ചികിത്സ തേടുന്നതിന് പലപ്പോഴും തടസ്സമായി നില്‍ക്കുന്നു. ദീര്‍ഘ കാലത്തേക്ക് മരുന്ന് കഴിക്കേണ്ടി വരുന്നത് ചിലര്‍ക്കെങ്കിലും മടുപ്പും സാമ്പത്തിക പ്രയാസങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതുമൂലം മരുന്നുകള്‍ സ്വയം നിര്‍ത്തുന്നത് പലരിലും രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നു. മരുന്നുകളുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ആണ് രോഗം വഷളാകുന്നതിനുള്ള മറ്റൊരു കാരണം. മാനസിക രോഗത്തിന് നല്‍കുന്ന മരുന്നുകള്‍ രോഗിയെ അവശനാക്കുമെന്നത് ശരിയല്ല. ഓരോരുത്തരുടെയും ശരീരം മരുന്നുകളോട് പ്രതികരിക്കുന്ന രീതി വ്യത്യാസപ്പെട്ടിരിക്കും. മരുന്നുകളെക്കുറിച്ചുള്ള സംശയങ്ങള്‍ മാനസികാരോഗ്യവിദഗ്ധരോട് ചോദിച്ച് മനസ്സിലാക്കാം.
കുടുംബത്തിന്റെ പങ്ക്
രോഗലക്ഷണങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുക രോഗിയോട് അടുത്ത് ഇടപഴകുന്നവര്‍ക്കാണ്. പെരുമാറ്റത്തിലെ അപാകതകള്‍, ദൈനം ദിന കാര്യങ്ങളിലെ താത്പര്യക്കുറവ്, ഉറക്കമില്ലായ്മ, അകാരണമായ ഭയം, തനിയെ സംസാരിക്കുക, ചിരിക്കുക, അടിസ്ഥാനമില്ലാത്ത സംശയങ്ങള്‍ എന്നീ പ്രാരംഭ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുകയും മനോരോഗ ചികിത്സകരുടെ സേവനം തേടുകയും ചെയ്യുക. രോഗി പറയുന്ന രോഗ ലക്ഷണങ്ങളെ ഗൗരവമായി കാണുക. അവരോട് തര്‍ക്കിക്കാനും ചിന്തകളിലെയും തോന്നലുകളിലെയും ഔചിത്യമില്ലായ്മയെ പരിഹസിക്കാനും ശ്രമിക്കരുത്. മനോരോഗ വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം കൃത്യമായി മരുന്ന് കൊടുക്കാന്‍ ശ്രദ്ധിക്കണം. രോഗത്തെക്കുറിച്ച് രോഗിക്ക് ഉള്‍ക്കാഴ്ച ഇല്ലാത്തതുകൊണ്ട് മരുന്നുകള്‍ കഴിക്കാന്‍ ചിലര്‍ വിസമ്മതിച്ചേക്കാം. ഈ വസ്തുതകള്‍ യഥാസമയം ചികിത്സകരെ അറിയിച്ച് മരുന്ന് കൊടുക്കേണ്ട രീതികളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്കണം.
ഗൗരവമേറിയ മാനസിക രോഗങ്ങള്‍ ഉള്ളവരോട് കുടുംബാംഗങ്ങള്‍ ചില പ്രത്യേക രീതിയില്‍ പെരുമാറിയേക്കാം എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അവയില്‍ പ്രധാനപ്പെട്ടതാണ് വിമര്‍ശനാത്മക പെരുമാറ്റങ്ങള്‍.
അതായത്, രോഗബാധിതനായ വ്യക്തി ചെയ്യുന്ന പ്രവൃത്തികളെ വിമര്‍ശിക്കുക, അവരെ നിരന്തരം കുറ്റപ്പെടുത്തുക തുടങ്ങിയവ. രോഗിയോട് ശത്രുതാമനോഭാവം വെച്ചുപുലര്‍ത്തല്‍ ആണ് മറ്റൊന്ന്. രോഗബാധിതനായ വ്യക്തി ദേഷ്യപ്പെടുന്നത്, അക്രമാസക്തനാകുന്നത്, ചിലപ്പോള്‍ അലസത കാണിക്കുന്നത്, ജോലിക്ക് പോകാതിരിക്കുന്നത് ഇവയൊക്കെ രോഗത്തിന്റെ തീവ്രത കൂടുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന ലക്ഷണങ്ങള്‍ ആണെന്നും രോഗി മനപ്പൂര്‍വം ചെയ്യുന്നതല്ലെന്നും മനസ്സിലാക്കിയാല്‍ അവരോടുള്ള ശത്രുതാ മനോഭാവത്തില്‍ മാറ്റം വരും. അത്തരം പെരുമാറ്റങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
അതിവൈകാരികതയോടെ രോഗിയുടെ ജീവിതത്തില്‍ അമിതമായി ഇടപെടുകയാണ് മറ്റൊരു രീതി. രോഗിക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യുക, സ്വന്തമായി ഒന്നും ചെയ്യാന്‍ സമ്മതിക്കാതെ അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുക, അവര്‍ക്കു ചുറ്റും സംരക്ഷണ വലയം തീര്‍ക്കുക ഇവയെല്ലാം ഒഴിവാക്കേണ്ട പെരുമാറ്റ രീതികളാണ്. ഇത്തരം പെരുമാറ്റങ്ങള്‍ സ്‌കിസോഫ്രേനിയ പോലുള്ള രോഗങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതിനു കാരണമായേക്കാം. രോഗിയോട് അനുകമ്പയും സ്‌നേഹവും പ്രകടിപ്പിക്കുന്നതും അവരെ പിന്താങ്ങുന്നതും അവരിലെ നല്ല ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും രോഗം ഭേദമാകാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
പുനരധിവാസം
രോഗബാധിതനായ ഒരു വ്യക്തിയെ രോഗം നിയന്ത്രണവിധേമായതിന് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനു സഹായിക്കുന്ന പ്രക്രിയയാണ് പുനരധിവാസം. രോഗം മൂലം നഷ്ടപ്പെട്ട കഴിവുകളും കാര്യപ്രാപ്തിയും തിരിച്ചു കൊണ്ടുവരാനുള്ള പരിശീലനങ്ങള്‍ക്കാണ് വീടുകളിലും പുനരധിവാസ കേന്ദ്രങ്ങളിലും ഊന്നല്‍ കൊടുക്കേണ്ടത്. രോഗിയുടെ കഴിവുകളെയും താത്പര്യങ്ങളെയും അപഗ്രഥനം ചെയ്തതിനു ശേഷമാണ് പുനരധിവാസ മേഖലയിലെ വിദഗ്ധര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. നഷ്ടപ്പെട്ട കഴിവുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും അവ പ്രായോഗികമല്ലെങ്കില്‍ താരതമ്യേന കാഠിന്യം കുറഞ്ഞ പുതിയ കഴിവുകള്‍ വികസിപ്പിച്ചെടുക്കലുമാണ് പുരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഖ്യം. സമൂഹത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം ജീവിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനുമുള്ള കഴിവുകളെ വികസിപ്പിച്ചെടുക്കലും ഇതിലൂടെ സാധ്യമാണ്. ഗൗരവമേറിയ ശാരീരിക രോഗങ്ങളെപ്പോലെ തന്നെ ഉള്ള, ഗൗരവമേറിയ ഒരു മാനസിക രോഗമാണ് സ്‌കിസോഫ്രേനിയ. മുജ്ജന്മ പാപം കൊണ്ടോ, മറ്റുള്ളവരുടെ ശാപം കൊണ്ടോ ഉണ്ടാകുന്നവയല്ല മാനസികരോഗങ്ങള്‍.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Schizophrenia is a serious mental illness affecting thoughts, perceptions, and emotions. Learn about its symptoms, causes, treatment, and family support.
Published: 21 Jun 2025, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented