ക്രിക്കറ്റ് താരം സർഫറാസ് ഖാൻ രണ്ട് മാസത്തിനുള്ളിൽ 17 കിലോ ഭാരം കുറച്ചത് ചർച്ചാവിഷയമായിരുന്നു. കഴിഞ്ഞ ദിവസമാണ് തന്റെ ശരീരഭാരം കുറച്ചതിനെക്കുറിച്ചുള്ള വിവരങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വെറും രണ്ട് മാസത്തിനുള്ളിൽ 17 കിലോ ഭാരം കുറച്ചതായാണ് അദ്ദേഹം അവകാശപ്പെട്ടത്.
വ്യായാമത്തിന് പുറമെ കർശനമായ ഭക്ഷണക്രമത്തിനും ഇതിൽ കാര്യമായ പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ പിതാവ് ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. ഞങ്ങൾ ഭക്ഷണത്തിൽ ഒരുപാട് നിയന്ത്രണം വരുത്തിയെന്നും, റൊട്ടി, ചോറ് തുടങ്ങിയവ കഴിക്കുന്നത് നിർത്തിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗ്രീൻ ടീയും ഗ്രീൻ കോഫിയും കുടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് ഇതിൽ പറയുന്ന ഗ്രീൻ കോഫി?
വറുക്കാത്ത അസംസ്‌കൃത രൂപത്തിലുള്ള കാപ്പിക്കുരുക്കളെയാണ് ഗ്രീൻകോഫി എന്ന് പറയുന്നത്. ഈ കുരുക്കൾക്ക് സ്വാഭാവികമായും പച്ച നിറമായിരിക്കും. സാധാരണ കാപ്പിക്ക് കറുപ്പ് നിറവും രുചിയും നൽകുന്നത് റോസ്റ്റിങ് (വറുക്കൽ) ആണ്. എന്നാൽ, റോസ്റ്റിങ് എന്ന പ്രക്രിയയ്ക്ക് വിധേയമാകാത്തതാണ് ഗ്രീൻ കോഫി. തനത് കാപ്പിയുടെ രുചിയും ഗുണവും ഇതിനുണ്ടാവുകയുമില്ല.
വറുക്കാത്തതുകൊണ്ട് ഗ്രീൻ കോഫിയിൽ ക്ലോറോജെനിക് ആസിഡ് പോലുള്ള ചില സംയുക്തങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇതിന് ഗുണങ്ങളേറെയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗ്രീൻ കോഫിയുടെ ചരിത്രം പുരാതന എത്യോപ്യയിൽ നിന്നാണ് ആരംഭിക്കുന്നത്. കൽദി എന്ന ആട്ടിടയനാണ് ഇതിന്റെ ഗുണങ്ങൾ കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. അവിടെ നിന്ന് അത് യെമനിലെത്തി.
പ്രാർത്ഥനാ സമയങ്ങളിൽ ഉണർന്നിരിക്കാൻ സൂഫി സന്യാസിമാർ ഇത് ഒരു കടുപ്പമുള്ള ഹെർബൽ ചായയായി ഉപയോഗിച്ചിരുന്നു. ഏകദേശം 13-ാം നൂറ്റാണ്ടിലാണ് കാപ്പി വറുക്കുന്ന രീതി നിലവിൽ വന്നത്. 1600-കളിൽ യൂറോപ്പിൽ എത്തിയപ്പോഴേക്കും ഈ രീതി കൂടുതൽ പ്രചാരം നേടി. വറുത്ത കാപ്പി ലോകമെമ്പാടും പ്രശസ്തി നേടിയെങ്കിലും, ഗ്രീൻ കോഫി ആരോഗ്യ സംരക്ഷണ മേഖലകളിൽ മാത്രം തുടർന്നു.
ഇന്ന് നിരവധി ഇന്ത്യൻ ബ്രാൻഡുകൾ ഗ്രീൻകോഫി, മുഴുവൻ കുരുക്കളായും പൊടിച്ചെടുത്ത സത്തായും (പൗഡേർഡ് എക്‌സ്ട്രാക്റ്റ്) വിൽക്കുന്നുണ്ട്. ഗുണനിലവാരവും അളവും അനുസരിച്ച് 300 രൂപ മുതൽ 1,500 രൂപ വരെയാണ് ഇതിന്റെ വില. നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത് ഗ്രീൻ കോഫിയും അതിന്റെ സത്തും മിതമായ രീതിയിൽ ശരീരഭാരം കുറയ്ക്കാനും, ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും, ആന്റിഓക്സിഡന്റ് ഗുണങ്ങൾ നൽകാനും സഹായിക്കുമെന്നാണ്.
ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം
ചില ക്ലിനിക്കൽ പഠനങ്ങൾ പറയുന്നത് ശരീരഭാരം, കൊഴുപ്പിന്റെ അളവ്, ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം എന്നിവ കുറയ്ക്കാൻ ഗ്രീൻ കോഫി സത്ത് സഹായിക്കുമെന്നാണ്. എന്നിരുന്നാലും സമീകൃതാഹാരത്തിനും വ്യായാമത്തിനും പകരമായിട്ടല്ല, അവയോടൊപ്പം ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.
2021-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഗ്രീൻ കോഫി സത്തിന് രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, ഫാസ്റ്റിംഗ് ഗ്ലൂക്കോസ് എന്നിവയുടെ അളവ് കുറയ്ക്കാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്ലോറോജെനിക് ആസിഡ് ധാരാളമായി അടങ്ങിയതിനാൽ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിനെ ചെറുക്കാനും വിട്ടുമാറാത്ത ചില രോഗങ്ങൾ ഇല്ലാതാക്കാനും ഗ്രീൻ കോഫിക്ക് കഴിയും.
ഗ്രീൻ കോഫിയിലെ ആന്റിഓക്സിഡന്റുകൾ കൊളാജൻ വർദ്ധിപ്പിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം. അതിനാൽ വാർദ്ധക്യം തടയുന്നതിനുള്ള നിങ്ങളുടെ ദിനചര്യയിൽ ഇതിനെ ഉൾപ്പെടുത്താവുന്നതാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Cricketer Sarfaraz Khan lost 17kg in 2 months. Discover his diet, the role of green coffee, and its potential health benefits.
Published: 24 Jul 2025, 06:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented