ഒന്നിലധികം പങ്കാളികളുമായി ലൈംഗികബന്ധത്തിലോ മറ്റ് ശാരീരികബന്ധങ്ങളിലോ ഏര്‍പ്പെടുന്നവരെ വലിയ വെല്ലുവിളികള്‍ കാത്തിരിക്കുന്നുണ്ടെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധര്‍. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ (എസ്.ടി.ഡി) ആണ് ഇതിലെ ഏറ്റവും വലിയ അപകടം. പല വ്യക്തികളുമായി ഒരേ കാലയളവില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിലൂടെ ഒരാള്‍ക്കുള്ള ലൈംഗികരോഗങ്ങള്‍ പലയാളുകളിലേക്ക് പരക്കാന്‍ സാധ്യതയുണ്ട്, രോഗാണുക്കളെ കൈമാറ്റം ചെയ്യപ്പെടാനും. 

ഛവി ഹുസ്സൈന്‍ അവതരിപ്പിക്കുന്ന 'വിമന്‍ വിത്ത് ഛവി' എന്ന ടെലിവിഷന്‍ പരിപാടിയില്‍ ഡോ. അഗ്നി ബോസാണ് വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെനെറിയോളജിസ്റ്റാണ് അദ്ദേഹം. ഒന്നിലേറെപ്പേരുമായി ബന്ധത്തിലേര്‍പ്പെടുന്നവര്‍ തീര്‍ച്ചയായും ആരോഗ്യം സംബന്ധിച്ച് മുന്‍കരുതലെടുക്കണമെന്ന് ഡോക്ടര്‍ പറയുന്നു. 

'ഡോക്ടര്‍മാര്‍ എന്ന നിലയില്‍, ഞങ്ങളെ കാണാന്‍ വരുന്ന രോഗികള്‍ക്ക് എല്ലാ വൈറസുകളും ബാധിച്ചിട്ടുണ്ടായിരിക്കാമെന്ന അനുമാനത്തിലാണ് ഞങ്ങള്‍ കൈയുറകള്‍ ധരിക്കുന്നത്, ഞങ്ങളിവിടെ ശരിയായ മുന്‍കരുതലുകളെടുക്കുന്നു. 

ഒന്നിലധികം പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ നിങ്ങളുടെ പങ്കാളികള്‍ക്കെല്ലാം ലൈംഗികരോഗങ്ങളുണ്ടെന്ന് അനുമാനിക്കണം, അതിനുള്ള മുന്‍കരുതല്‍ എടുക്കുകയും വേണം. ചുരുങ്ങിയത് അവര്‍ക്ക് രോഗമില്ലെന്ന് ടെസ്റ്റിലൂടെ തെളിയിക്കപ്പെടുന്നതുവരെയെങ്കിലും. നേരിട്ട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തയാളില്‍ നിന്നുള്ള രോഗാണുക്കള്‍ പോലും ഒരു ശൃംഖലയെന്ന വണ്ണം നിങ്ങളിലേക്കെത്താനുള്ള സാധ്യതയുള്ളതിനാല്‍ കരുതല്‍ തന്നെയാണ് പ്രധാനം. കോണ്ടം, ഡയഫ്രം, സ്ത്രീകള്‍ക്കുള്ള കോണ്ടം എന്നിവ ഉപയോഗപ്പെടുത്തുകയാണ് ഇവിടെ വേണ്ടത്.'-അദ്ദേഹം പറയുന്നു.

ഒന്നിലധികം പങ്കാളികളുള്ള വ്യക്തികളെ ഏറ്റവുമധികം ബാധിക്കുന്ന രോഗങ്ങളാണ് ക്ലമീഡിയ, ഗൊണേറിയ, സിഫിലിസ്, ജെനിഷ്യല്‍ ഹെര്‍പ്പസ്, ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്.ഐ.വി), ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി), ട്രൈക്കോമോണിയാസിസ് എന്നിവ. 

പല രോഗങ്ങളും പ്രാരംഭ ഘട്ടത്തില്‍ ലക്ഷണം കാണിക്കാത്തവയാണ്. പതിവായി സ്‌ക്രീനിങ് നടത്തേണ്ടത് അനിവാര്യമാണെന്ന് ഇത് വ്യക്തമാക്കുന്നു. ഒന്നിലധികം ബന്ധങ്ങളില്‍ സജീവമായവര്‍ വര്‍ഷത്തിലും ക്ലമീഡിയ, ഗൊണോറിയ, സിഫിലിസ്, എച്ച്.ഐ.വി എന്നിവ പരിശോധിക്കണമെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) ശുപാര്‍ശ ചെയ്യുന്നത്.