
ചിലത് പറയേണ്ടത് തന്നെയാണ്, പ്രത്യേകിച്ചും വിഷയം സെക്‌സ് ആകുമ്പോള്‍. വേണോ വേണ്ടയോ എന്നടക്കം...എല്ലാം കഴിഞ്ഞിട്ട് 'ഇതല്ല ഞാനാഗ്രഹിച്ചത്' എന്നൊക്കെ പറഞ്ഞ് പരസ്പ്പരം മൂഡ് നശിപ്പിക്കുന്നതും ഒഴിവാക്കാമല്ലോ. സെക്‌സിനെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത് ദാമ്പത്യത്തെ കൂടുതല്‍ രസകരവും ആനന്ദകരവുമാക്കുമെന്നതാണ് വാസ്തവം.
സെക്‌സിലേര്‍പ്പെട്ട ശേഷം അവരിലൊരാള്‍ ചോദിക്കുന്നു, ''നിനക്കിഷ്ടപ്പെട്ടോ'' എന്ന്. ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് ആദ്യമേ തന്നെ ചോദിക്കൂ. കിടക്കയില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് സംസാരിക്കുന്നത് ലൈംഗികതയിലേക്ക് കടക്കാനുള്ള ഒരു ഉത്തേജനവുമായി മാറുകയും ചെയ്യും. ഇണയെ നന്നായി അറിയാമെന്നൊരു മുന്‍വിധി കാണും പലര്‍ക്കും. പ്രത്യേകിച്ചും ദാമ്പത്യം പാതിവഴിയിലെത്തുമ്പോള്‍. എല്ലാം ഓക്കെ ആണെന്ന് വിചാരിക്കുന്നത് പലപ്പോഴും പ്രശ്‌നമുണ്ടാക്കാനിടയുണ്ട്. കിടക്കയില്‍ സ്വന്തം കാര്യം മാത്രം നോക്കിപ്പോവുന്നവരുണ്ട്. താല്‍പ്പര്യപ്പെട്ട് പരീക്ഷിച്ച പുതിയൊരു പൊസിഷന്‍ അവര്‍ക്കെത്ര അരോചകമാണെന്ന് ഓര്‍ക്കില്ല ചിലര്‍. 'എനിക്ക് തൃപ്തിയായ പോലെ അവനും തൃപ്തിയായി കാണും' എന്ന് ഊഹിക്കും. മറുഭാഗത്ത് അതൃപ്തിയുണ്ടാവാം. ഇത്തരം അസ്വാരസ്യങ്ങള്‍ തുടര്‍ന്ന് ക്രമേണ വിവാഹബന്ധം തന്നെ തകര്‍ന്നുപോയേക്കാം.
ഗര്‍ഭനിരോധന രീതി
അത്ര വലിയ ത്രില്ലിങ്ങൊന്നുമല്ലെങ്കിലും തീര്‍ച്ചയായും സംസാരിച്ചിരിക്കേണ്ട ഒരു വിഷയം തന്നെ ഇത്. ഏത് തരം ഗര്‍ഭനിരോധന രീതിയാണ് ഉപയോഗിക്കേണ്ടതെന്നതില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ കാണാം. ഇരുവര്‍ക്കും എതിര്‍പ്പില്ലാത്ത ഏതെങ്കിലുമൊരു രീതി പരസ്പരം സംസാരിച്ച് തന്നെ തീര്‍ച്ചയാക്കാം. ലൈംഗികതയില്‍ എന്താണ് താല്‍പ്പര്യമില്ലാത്തതെന്ന് അങ്ങോട്ടുമിങ്ങോട്ടും പറയാം. അതിര് വെക്കാതെ ആസ്വദിക്കാന്‍ കഴിയുന്നത് എന്തൊക്കെ എന്നും അറിയിക്കാം. നിങ്ങള്‍ തയ്യാറല്ലാത്തതിന് ചിലപ്പോള്‍ പങ്കാളി തയ്യാറായെന്ന് വരാം. തുറന്ന സംസാരത്തിലൂടെ മാത്രമേ ഇതെല്ലാം അറിയാന്‍ പറ്റൂ. സുഖകരമല്ലാത്ത അനുഭവങ്ങള്‍ ഉണ്ടാവുന്നതിന്റെ ഷോക്ക് ഇങ്ങനെ ഒഴിവാക്കാം. സെക്‌സില്‍ പരസ്പ്പരമുള്ള ശരീരഭാഷ ശ്രദ്ധിക്കുന്നതും നല്ലതാണ്. അസ്വസ്ഥത കണ്ണുകളിലുണ്ടോ? ടെന്‍ഷനടിക്കുന്നുണ്ടോ? എന്നെല്ലാം. പലര്‍ക്കും ശാരീരികബന്ധം കഴിഞ്ഞ ഉടന്‍ സംസാരിക്കാന്‍ താല്‍പ്പര്യമാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. അവര്‍ അവരുടെ ഉള്ളിലുള്ള പല കാര്യങ്ങളും ആ സമയം തുറന്നുപറഞ്ഞെന്നിരിക്കും. ഓരോ പ്രതീക്ഷകളെക്കുറിച്ചും മനസ്സിനെ മഥിക്കുന്ന ആകുലതകളെക്കുറിച്ചും പറഞ്ഞെന്നിരിക്കും. അനിഷ്ടമുണ്ടാക്കുന്ന വിഷയങ്ങള്‍, മറ്റു ബന്ധങ്ങളെപ്പറ്റിയോ വ്യക്തിപരമായ ദോഷങ്ങളെക്കുറിച്ചോ, ഈ സമയത്ത് പറയാതിരിക്കുന്നതാണ് ഭംഗി!
രതിമൂര്‍ച്ഛ അനുഭവിച്ച സ്ത്രീകളാണ്, അനുഭവിക്കാത്തവരെ അപേക്ഷിച്ച്, സെക്‌സിന് ശേഷം പങ്കാളിയോട് ഹൃദയം തുറന്ന് സംസാരിക്കുന്നവരെന്ന് ശാസ്ത്രജ്ഞ അമാന്‍ഡ ഡെനിസ്( പ്രൊഫസര്‍, കമ്മ്യൂണിക്കേഷന്‍ വിഭാഗം, കണക്റ്റിക്കട്ട് സര്‍വകലാശാല, യു.എസ്.എ) കണ്ടെത്തി. രതിമൂര്‍ച്ഛയ്ക്ക് ശേഷം സ്ത്രീയിലും പുരുഷനിലും 'ട്രസ്റ്റ് ഹോര്‍മോണ്‍' എന്നറിയപ്പെടുന്ന ഓക്‌സിടോസിന്റെ അളവ് കൂടുന്നു. പക്ഷെ ഈ ഘട്ടത്തില്‍ ഒരു പ്രത്യേക ശാരീരികമാറ്റം ഇണകളില്‍ സംഭവിക്കുന്നു. പുരുഷനില്‍ ടെസ്റ്റോസ്‌റ്റെറോണ്‍ എന്ന ഹോര്‍മോണ്‍ കൂടി ഉത്പാദിപ്പിക്കപ്പെടുന്നു. തല്‍ഫലമായി രതിമൂര്‍ച്ഛയെത്തുടര്‍ന്ന ശരീരമാറ്റങ്ങളെ ടെസ്റ്റോസ്റ്റെറോണ്‍ മന്ദഗതിയിലാക്കുന്നു. ഇക്കാരണത്താല്‍ സെക്‌സിന് ശേഷം പുരുഷന്‍ പെട്ടെന്ന് മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധമാറ്റുന്നു. പെട്ടെന്ന് ഒരു തണുപ്പന്‍ മട്ടുകാരനാവും.
സെക്‌സിന് ശേഷം സംസാരത്തിലേക്ക് കടക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണെന്നത് ശരി. എന്നാല്‍ എല്ലാ സ്ത്രീകളും ഇങ്ങനെ സംസാരിക്കുന്നുമില്ല. ഇതിന് കാരണം, ഓര്‍ഗാസം അനുഭവിക്കുന്ന സ്ത്രീകളിലാണ് ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ കൂടുന്നത് എന്നതുകൊണ്ടാണ്. ശരീരത്തില്‍ ഓക്‌സിടോസിന്‍ കൂടിയ അവസ്ഥയില്‍ അവള്‍ക്ക് അവനോട് കൂടുതല്‍ അടുപ്പവും വിശ്വാസവും തോന്നുമത്രെ! അതാണ് സംതൃപ്തിയുള്ള സെക്‌സിന് ശേഷം അവള്‍ തന്റെ ഏറ്റവും അഗാധമായ വിചാരങ്ങളെക്കുറിച്ച് അവനോട് വാചാലയാവുന്നത്!
സ്പര്‍ശനങ്ങള്‍ പ്രധാനം
ലൈംഗികബന്ധത്തിന് ശേഷം ഇണ ആദ്യം കിടന്നുറങ്ങിയപ്പോള്‍ തങ്ങള്‍ ഊഷ്മളതയ്ക്കും അടുപ്പത്തിനും ദാഹിച്ചുവെന്ന മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ പ്രതികരിച്ചവര്‍ പറഞ്ഞു. ഇങ്ങനെ ഉറങ്ങുന്നത് സ്ത്രീയോ പുരുഷനോ ആവാം. എങ്കിലും ഭൂരിപക്ഷം സാഹചര്യങ്ങളിലും പുരുഷനാണ് പെട്ടെന്ന് കിടന്നുറങ്ങുന്നത്.
പുരുഷന് കാഴ്ചയിലൂടെയാണ് ലൈംഗിക ഉത്തേജനം ലഭിക്കുന്നത്. സ്ത്രീകള്‍ പ്രധാനമായും സ്പര്‍ശനങ്ങളിലൂടെയും സംസാരത്തിലൂടെയുമാണ് ഉത്തേജിതരാകുന്നത്. സ്ത്രീകളെ സംബന്ധിച്ച് ഇണയുമൊത്ത് സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യേണ്ടത് ജൈവശാസ്ത്രപരമായ ആവശ്യമാണ്. ഇക്കാരണം കൊണ്ടാണ് പുരുഷന്മാര്‍ അധികവും പോണോഗ്രാഫിക് ചിത്രങ്ങള്‍ കാണുന്നതും സ്ത്രീകള്‍ അതില്‍ വിമുഖരാവുന്നതും.
സ്ത്രീ പതുക്കെയേ ഉത്തേജിതയാകൂ. പുരുഷന്‍ വേഗത്തിലും. ഇത് പലപ്പോഴും ദമ്പതിമാര്‍ക്കിടയിലെ പരാതികളാവാറുണ്ട്. സംസാരിക്കുക തന്നെ പരിഹാരം. സംസാരത്തിലൂടെ പുരുഷന് സ്ത്രീയുടെ മനസ്സില്‍ കയറിപ്പറ്റാനാവും. അല്ലാത്തപക്ഷം ലൈംഗികജീവിതത്തിലെ അംതൃപ്തി മടുപ്പിലേക്കും ലൈംഗിക മരവിപ്പിലേക്കും പോവാനിടയുണ്ട്. പുരുഷനെ സംബന്ധിച്ച് സെക്‌സ് ഒരു സ്ലീപ്പിങ്ങ് പില്‍ പോലെയാണ്. പക്ഷെ ശേഷം പെട്ടെന്നുറങ്ങാതെ പങ്കാളിയോട് എന്തെങ്കിലും സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ സംസാരിക്കയും പുണരുകയും തമാശകള്‍ പറയുകയുമാണ് നല്ല ലൈംഗികതയ്ക്കുള്ള ഉത്തമ ഔഷധം.
നവവിവാഹിതരറിയാന്‍
ആദ്യരാത്രി തന്നെ പലപ്പോഴും പുരുഷന്‍ സെക്‌സിന്നായി അമിത ധൃതി കാണിക്കാറുണ്ട്. അത്രയും നാള്‍ അടക്കിവെച്ച താല്‍പ്പര്യങ്ങളുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണം. എന്നാല്‍ സ്ത്രീയെ സംബന്ധിച്ച്, വൈകാരികമായ അടുപ്പം ഉണ്ടാകുന്നതുവരെ ബന്ധപ്പെടാന്‍ ഭയമോ ആശങ്കയോ കാണും. ഇത് മനസ്സിലാക്കി ഇണയുമായി സൗഹൃദം സ്ഥാപിച്ചെടുക്കാനാണ് പുരുഷന്‍ ശ്രമിക്കേണ്ടത്. ഇത് വളരെ പ്രധാനമാണ്. വിവാഹത്തിന് മുന്‍പ് ആറ് മാസമൊക്കെ പരിചയപ്പെട്ടവരാണ് ഇന്നുള്ള ചെറുപ്പക്കാര്‍. എങ്കിലും ലൈംഗികജീവിതത്തെ ഒരു സാധാരണ സംഭവമായി മനസ്സിലാക്കാന്‍ പെണ്‍കുട്ടികള്‍ പൊതുവെ, കുറഞ്ഞത് ഒരു മാസമെങ്കിലുമെടുക്കും. സ്ത്രീയെ സംബന്ധിച്ച്, സെക്‌സ് എന്നാല്‍ സ്വന്തം ശരീരത്തിലേക്ക് ഒരു ബാഹ്യശരീരം പ്രവേശിക്കലാണ്. സെക്‌സ് പുരുഷനെ സംബന്ധിച്ച് അങ്ങനെയല്ല.
സ്ത്രീ ആദ്യത്തെ ശാരീരികബന്ധത്തെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ സമയം എടുത്തേക്കും. ഈ സമയത്ത്, പുരുഷന്റെ കെയറിങ്ങാണ് അവള്‍ക്ക് ധൈര്യം നല്‍കുന്നത്. മറ്റൊന്ന്, ശുക്ലസ്രാവത്തോടുള്ള അനിഷ്ടം മിക്കവാറും സ്ത്രീകളില്‍ ഉണ്ട് എന്നതാണ്. ആര്‍ത്തവരക്തത്തിനോടുള്ള അതേ മനോഭാവമായിരിക്കും സ്ത്രീക്ക് ഉണ്ടാവുക.
വിവരങ്ങള്‍ക്ക് കടപ്പാട്-
ഡോ. വിപിന്‍ ചന്ദ്രലാല്‍
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ലീലാ ഹോസ്പിറ്റല്‍, പരിയാരം
ചങ്ങനാശ്ശേരി
Content Highlights: tips for happy and understanding sex
Published: 22 Jul 2023, 04:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented