നോമ്പുകാലത്ത് എന്തെല്ലാം കഴിക്കാം, എന്തെല്ലാം കഴിക്കരുത്? പ്രമേഹവും അമിത രക്തസമ്മര്‍ദ്ദവും  ഉള്‍പ്പെടെ ജീവിതശൈലി രോഗങ്ങള്‍ നേരിടുന്ന ആളുകള്‍ക്ക് റമദാന്‍ മാസത്തില്‍ നോമ്പ് എടുക്കാന്‍ കഴിയുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? തടി കുറയ്ക്കാനോ കൂട്ടാനോ ഉള്ള സമയമായി റമദാന്‍ മാസത്തെ കാണുന്നത് ശരിയാണോ? നോമ്പുമായി ബന്ധപ്പെട്ട ആരോഗ്യപരമായ നിരവധി സംശയങ്ങളാണ് നമുക്കിടയില്‍ ഉള്ളത്. അത് വിശദമായി പരിശോധിക്കാം. 

To advertise here,

മരുന്ന് കഴിക്കുന്നതെങ്ങനെ?  
പ്രമേഹം ഒഴികെ അമിത രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, തൈറോയ്ഡ് തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്കു മരുന്ന് കഴിക്കുന്ന ആളുകള്‍ നോമ്പുകാലത്ത് ആ മരുന്നുകള്‍ ഒന്നും ഒഴിവാക്കേണ്ടതില്ല. രാവിലെ പ്രഭാത ഭക്ഷണത്തിന് മുമ്പോ ശേഷമോ കഴിക്കുന്ന മരുന്നുകള്‍ പുലര്‍ച്ചെ കഴിക്കുന്ന അത്താഴത്തോടൊപ്പം കഴിക്കുക. അതേസമയം പ്രമേഹരോഗികള്‍ അവര്‍ കഴിക്കുന്ന മരുന്നുകള്‍ ഇന്‍സുലിന്‍ എന്നിവ ക്രമീകരിക്കുന്നതിന് നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. വ്രതം എടുക്കുന്നതിന്റെ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കണമെങ്കില്‍ രോഗമുള്ളവര്‍ മരുന്നുകളുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ വ്രതകാലത്തെ ഭക്ഷണക്രമത്തിലും അതീവ ശ്രദ്ധ പുലര്‍ത്തണം. പ്രമേഹരോഗികള്‍ ഇന്‍സുലിന്‍ സ്വന്തം നിലയ്ക്ക് നിര്‍ത്തുകയോ സ്വയം ക്രമീകരണം ഏര്‍പ്പെടുത്തുകയോ ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കണം.

പ്രമേഹരോഗികള്‍ നോമ്പ് എടുക്കുമ്പോള്‍ പെട്ടെന്ന് വിയര്‍പ്പ് ഉണ്ടാവുക, തളര്‍ച്ച സംഭവിക്കുക, അമിതമായ വേഗത്തില്‍ നെഞ്ചിടിപ്പ് ഉണ്ടാവുക തുടങ്ങിയവ സംഭവിക്കുന്നുണ്ടെങ്കില്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിന്റെ ലക്ഷണമാവാം. ഗ്ലൂക്കോമീറ്റര്‍ ഉണ്ടെങ്കില്‍ ഉടന്‍തന്നെ ഷുഗര്‍ പരിശോധിക്കുകയും അളവ് 60-ല്‍ താഴെയാണെങ്കില്‍ നോമ്പ് മുറിച്ച് വെള്ളമോ ജ്യൂസോ കുടിക്കുകയും ചെയ്യണം. നോമ്പ് തുറക്കുമ്പോഴും ആദ്യം ജ്യൂസ് കുടിക്കുന്നതിനേക്കാള്‍ ഏറ്റവും നല്ലത് വെള്ളം കുടിക്കുന്നത് തന്നെയാണ്. ദീര്‍ഘനേരം ആഹാരം കഴിക്കാതെ വയറിന് എരിച്ചിലോ മറ്റോ ഉള്ള സമയത്ത് നാരങ്ങാവെള്ളം, ഓറഞ്ച് ജ്യൂസ്, മുസംബി ജ്യൂസ് പോലെയുള്ളവ കുടിക്കുന്നത് ശരീരത്തിന് ദോഷകരമായി ഭവിച്ചേക്കാം. ആദ്യം കാരക്കയും വെള്ളവും ഉപയോഗിച്ച് നോമ്പു തുറക്കുകയും കുറച്ച് സമയം കഴിഞ്ഞ് ഇത്തരത്തിലുള്ള ജ്യൂസുകള്‍ കുടിക്കുകയും ആവാം. ഈ ജ്യൂസുകള്‍ക്ക് പകരം തന്നെ പഴങ്ങള്‍ മുറിച്ചു കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. 

വേണ്ടത് ആരോഗ്യകരമായ ഭക്ഷണം
റമദാന്‍ മാസം ആയാലും അല്ലാത്ത സമയത്തും ഏറ്റവും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയാണ് ഏറ്റവും നല്ല ആരോഗ്യത്തോടെ ഇരിക്കാന്‍ വേണ്ടത്. ഏറ്റവും കൂടുതല്‍ മധുര പലഹാരങ്ങള്‍ കഴിക്കുന്ന കാലമാണ് റമദാന്‍ മാസക്കാലം. വീട്ടില്‍ ഉണ്ടാക്കിയും ബേക്കറികളില്‍ നിന്ന് വാങ്ങിയും നാം അധികം മധുരം കഴിക്കുന്ന കാലം. അത് പൂര്‍ണ്ണമായും മാറ്റിനിര്‍ത്തുക എന്നത് പ്രായോഗികമല്ല എന്നതുകൊണ്ടുതന്നെ അതിന് നിയന്ത്രിക്കുക എന്നതാണ് ആദ്യപടി. സാധാരണഗതിയില്‍ എണ്ണയില്‍ മുക്കി പൊരിച്ചെടുക്കുന്ന പലഹാരങ്ങള്‍ വാങ്ങി കഴിക്കുന്നതിന് പകരം ഡ്രൈ ഫ്രൂട്ട്‌സിന് പ്രാധാന്യം നല്‍കുക. 

ഹോട്ടലില്‍ ഉപയോഗിക്കുന്ന എണ്ണ ആവര്‍ത്തിച്ചു ഉപയോഗിക്കുന്നതോടെ രൂപപ്പെടുന്ന ട്രാന്‍സ്ഫാറ്റ് ശരീരത്തിന് കാന്‍സര്‍ ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടാക്കുമെന്ന് തിരിച്ചറിയുക. വില അല്പം കൂടുതലാണെങ്കിലും അണ്ടിപ്പരിപ്പും മുന്തിരിയും ബദാമും പിസ്തയും വാല്‍നട്ടും ഒക്കെ നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്തുക. ഇതോടൊപ്പം ഫ്രഷ് ആയി കിട്ടുന്ന പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തുക. ഇതില്‍ തന്നെ പഴം, മാങ്ങ, ചക്ക തുടങ്ങിയവ ജ്യൂസ് അടിക്കാതെ കഴിക്കാന്‍ ശ്രമിക്കുക. കൂടാതെ വിവിധതരം വെജിറ്റബിള്‍ സാലഡുകള്‍ തയ്യാറാക്കി കഴിക്കാവുന്നതാണ്. 

പോഷകാഹാരങ്ങളുടെ പ്രധാന വിഭവകേന്ദ്രങ്ങളായ മുട്ട, മത്സ്യം, മാംസം, സോയാബീന്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. ഇത് കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത് ഇത് വറുത്ത് പൊരിച്ച് കഴിക്കുന്നതിനു പകരം പുഴുങ്ങിയോ കറികളായോ കഴിക്കാന്‍ ശ്രമിക്കുക.

നോമ്പ് തുറക്കുന്ന സമയത്താണ് ഏറ്റവും കൂടുതല്‍ മധുരം അകത്ത് ചെല്ലുന്നത്. അധികപേരും ഈ സമയത്ത് ജ്യൂസുകള്‍ ആണ് ഇഷ്ടപ്പെടുന്നത്. ജ്യൂസ് കുടിക്കുന്നതില്‍ ഏറ്റവും വലിയ അപകടം, ജ്യൂസ് അടിക്കുമ്പോള്‍ നാം ചേര്‍ക്കുന്ന അധികം അളവിലുള്ള പഞ്ചസാരയാണ്. വൈറ്റ് ഷുഗര്‍ എന്ന് നാം വിളിക്കുന്ന പഞ്ചസാര, ഷുഗര്‍ ഉള്ളവര്‍ക്കായാലും ഇല്ലാത്തവര്‍ക്ക് ആയാലും ഒരുപോലെ ദോഷം ചെയ്യുന്ന വസ്തുവാണ്. അപ്പോള്‍ ഏറ്റവും നല്ലത് ജ്യൂസ് ആക്കാതെ പഴങ്ങള്‍ കഴിക്കുക എന്നുള്ള രീതിയാണ്. ഇനി ജ്യൂസ് വേണം എന്ന് നിര്‍ബന്ധമാണെങ്കില്‍ പഞ്ചസാര ചേര്‍ക്കാതിരിക്കുക. ഈ സമയം ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍  നിങ്ങളുടെ ശരീരത്തിന് ആവശ്യമായ കാല്‍സ്യവും മറ്റു മിനറല്‍സും കൂടി ലഭിക്കാനുള്ള സാധ്യതയുണ്ട്. 

വെള്ളം കുടിക്കേണ്ടത് എങ്ങനെ
നോമ്പുകാലത്ത് വെള്ളം കുടിക്കേണ്ടത് എങ്ങനെ, തീര്‍ത്താല്‍ തീരാത്ത ഒരു സംശയമാണിത്. സാധാരണഗതിയില്‍ ഒരു ദിവസം നാം കുടിക്കേണ്ട വെള്ളത്തിന്റെ അളവ് വലിയ തോതില്‍ കുറയാതെ നോമ്പുകാലത്തും കുടിക്കേണ്ടതുണ്ട്. ഡീഹൈഡ്രേഷന്‍ സംഭവിക്കാതിരിക്കാന്‍ ഇത് അനിവാര്യമാണ്. നോമ്പ് തുറന്നശേഷം കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി ഇത് കഴിയുന്നത്ര പരിഹരിക്കാന്‍ ശ്രമിക്കുക. മറ്റു പാനീയങ്ങള്‍ക്ക് പുറമേ വെള്ളമായി തന്നെ കുടിക്കാനും ശ്രദ്ധിക്കുക.

നോമ്പുകാലത്തെ ഭക്ഷണക്രമം
നോമ്പുകാലത്ത് പുലര്‍ച്ചെ കഴിക്കുന്ന അത്താഴത്തിന് കാര്‍ബോഹൈഡ്രേറ്റ് അധികമായ ഉദാഹരണത്തിന്, ചോറ്, കഞ്ഞി, ചപ്പാത്തി, ഗോതമ്പ് ദോശ തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. ഈ സമയത്ത് പാലും പഴവര്‍ഗ്ഗങ്ങളും കഴിക്കുന്നതും നല്ലതാണ്. ഇത്തരത്തില്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ്‌സ് കിട്ടുന്ന പഴങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അത്താഴ സമയത്തുള്ള ഭക്ഷണം കഴിച്ചു എന്ന് നിങ്ങള്‍ ഉറപ്പുവരുത്തുക. എട്ടോ ഒമ്പതോ മണിക്കൂര്‍ വരെ പിടിച്ചുനില്‍ക്കാന്‍ ശരീരത്തിന് കഴിയുമെങ്കിലും പലപ്പോഴും നോമ്പുസമയം 13, 14 മണിക്കൂറുകള്‍ വരെ നീണ്ടു നില്‍ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും പുലര്‍ച്ചെ കഴിക്കുന്ന അത്താഴം ഒഴിവാക്കരുത്. 

മനസ്സിനെയും ശരീരത്തെയും അനാരോഗ്യപ്രവണതകളില്‍ നിന്ന് അകറ്റി ആരോഗ്യമുള്ളതാക്കി മാറ്റാനുള്ള അവസരമായി റമദാന്‍ മാസത്തെ തിരിച്ചറിയുക, ഉപയോഗിക്കുക.

(കാലിക്കറ്റ് ഹോസ്പിറ്റല്‍ ആന്റ് നഴ്‌സിംഗ് ഹോമിലെ ചീഫ് മെഡിക്കല്‍ ഓഫീസറാണ് ലേഖകന്‍)