
ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പുണ്യമായ കാലമാണ് റമദാന് മാസം. ആത്മീയതയും ആത്മനിയന്ത്രണവും ഒരേ സമയം പ്രതിഫലിപ്പിക്കുന്ന കാലം കൂടിയാണിത്. റമദാന് വ്രതത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് ഉപവാസമാണ്. പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെയുള്ള ഉപവാസം ശാരീരികമായി നിരവധി നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. എങ്കിലും കാന്‍സര്‍ രോഗികളെ സംബന്ധിച്ച് ചില വെല്ലുവിളികളും ആശങ്കകളും കൂടി ഇതോടനുബന്ധിച്ച് പങ്കുവെക്കപ്പെടുന്നുമുണ്ട്. വ്യക്തിയുടെ ആരോഗ്യം, ചയാപചയ പ്രവര്‍ത്തനങ്ങള്‍, ശരീരത്തിലെ ജലാംശം തുടങ്ങിയവയെ ഉപവാസം നേരിട്ട് ബാധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ കാന്‍സര്‍ രോഗികള്‍ ചികിത്സിക്കുന്ന ഡോക്ടറില്‍ നിന്ന് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണം.
കാന്‍സര്‍ രോഗികളില്‍ ഉപവാസത്തിന്റെ സ്വാധീനം
കീമോതെറാപ്പി, റേഡിയേഷന്, ശസ്ത്രക്രിയ തുടങ്ങിയവ കാന്‍സര്‍ ചികിത്സയുടെ പ്രധാന ഭാഗങ്ങളാണ്. ഈ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവര്‍ പൊതുവെ ശാരീരികമായി അവശരായിരിക്കും. ഈ സാഹചര്യത്തില്‍ ദീര്‍ഘനേരം ഉപവസിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ മറ്റ് ചില വെല്ലുവിളികളെ കൂടി ഈ സാഹചര്യത്തില്‍ കാന്‍സര്‍ രോഗികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു.
1) പോഷകാഹാര വെല്ലുവിളികള്‍
കാന്‍സര്‍ ബാധിതരായവര്‍ക്ക് ഊര്‍ജ്ജവും പ്രതിരോധശേഷിയും നിലനിര്‍ത്താന്‍ ഉയര്‍ന്ന അളവില്‍ കലോറി ആവശ്യമാണ്. ഇതിന് പോഷകസമൃദ്ധമായ ഭക്ഷണം നിര്‍ബന്ധവുമാണ്. ഈ സാഹചര്യത്തില്‍ ഉപവസിക്കുന്നത് അവശ്യ പോഷകഘടകങ്ങള്‍ ശരീരത്തിലെത്തുന്നതിന് തടസ്സം സൃഷ്ടിച്ചേക്കാം. ഇത് ശരീരഭാരം കുറയുന്നതിനും ബലഹീനതയ്ക്കും കാരണമാകും. കീമോതെറാപ്പിയും റേഡിയേഷനും നിര്‍ജ്ജലീകരണത്തിന് കാരണമാകുമെന്നതിനാല്‍ കൃത്യമായ അളവില്‍ വെള്ളം ശരീരത്തിലെത്തേണ്ടത് നിര്‍ബന്ധമാണ്. ഉപവാസ സമയത്ത് ജലപാനം പാടില്ലാത്തതിനാല്‍ ഇത്തരം രോഗികള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടാന് സാധ്യത കൂടുതലാണ്.
2) മരുന്നുകളുടെ ഉപയോഗം
കാന്‍സര്‍ ചികിത്സയുടെ മരുന്നിന് കൃത്യമായ സമയക്രമമുണ്ടായിരിക്കും. ഒരു ദിവസം തന്നെ പലസമയങ്ങളില്‍ കഴിക്കുക, ഒരു നേരം കഴിക്കുന്ന മരുന്നിനും അടുത്ത മരുന്നിനും ഇടയില്‍ കൃത്യമായ സമയവ്യത്യാസമുണ്ടായിരിക്കുക തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്. ചിലരില്‍ മരുന്നിന്റെ സമയക്രമത്തില്‍ അനുയോജ്യമായ രീതിയില്‍ മാറ്റം വരുത്തി നോമ്പെടുക്കാന്‍ സാധിക്കും. എന്നാല്‍ എല്ലാവര്ക്കും ഇതുപോലെ മരുന്ന് ഉപയോഗിക്കുന്നതില്‍ മാറ്റം വരുത്തുക സാധ്യമാകണമെന്നില്ല. ഇങ്ങനെ ചെയ്താല്‍ മരുന്നിന്റെ ഫലപ്രാപ്തി കുറയാനും രോഗത്തിന്റെ അവസ്ഥ സങ്കീര്‍ണ്ണമാകാനും സാധ്യതയുണ്ട്. മാത്രമല്ല വേദന സംഹാരികളും അതുപോലുള്ള മരുന്നുകളും കഴിക്കുന്നവര്‍ക്ക് ക്രമം മാറ്റുക എന്നത് എളുപ്പവുമല്ല.
3) രോഗപ്രതിരോധ ശേഷി
റേഡിയേഷനും കീമോതെറാപ്പിയുമൊക്കെ ചെയ്തിരിക്കുന്ന രോഗികളുടെ രോഗപ്രതിരോധ ശേഷി പൊതുവെ കുറവായിരിക്കും. ഈ സാഹചര്യത്തില്‍ നോമ്പെടുക്കുന്നത് എളുപ്പത്തില്‍ രോഗാവസ്ഥ സങ്കീര്ണ്ണമാകാന് കാരണമാകും. ശസ്ത്രക്രിയ, മജ്ജമാറ്റിവെക്കല്‍ തുടങ്ങിയവയ്ക്ക് വിധേയരായ രോഗികളിലും പ്രതിരോധശേഷിയുടെ കുറവ് നല്ല രീതിയില്‍ അനുഭവപ്പെടും.
4) ചിലര്‍ക്ക് വ്രതം ഗുണകരമാകാം
കാന്‍സര്‍ രോഗികള്‍ക്ക് പൊതുവെ വ്രതാനുഷ്ഠാനും കൊണ്ട് ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയുണ്ടെങ്കിലും എല്ലാവര്ക്കും അങ്ങനെയാകണമെന്നുമില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ വ്രതം കാന്‍സര്‍ രോഗികള്‍ക്ക് ഗുണകരമായ ഫലം നല്കുന്നു എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഉപവാസം മൂലം ശരീരത്തിലെ ദോഷകരമായ കോശങ്ങള്‍ നീക്കം ചെയ്യപ്പെടുകയും പുതിയ കോശങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യാറുണ്ട്. ഇത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ സഹായകരമായേക്കാം. മാത്രമല്ല കാന്‍സര്‍ മുഴകളുടെ വീക്കം കുറയുന്നതിനും ഉപവാസം സഹായകരമാകാറുണ്ട്. കീമോതെറാപ്പിക്ക് മുന്‍പ് കുറച്ച് നാള് ഉപവാസം ശീലിക്കുന്നത് ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ചികിത്സയോടുള്ള പ്രതികരണം മെച്ചപ്പെടുത്താനും സഹായകരമാകാറുണ്ട്. ഇവയെല്ലാം നല്ല ഗുണങ്ങളാണെങ്കിലും എല്ലാവര്ക്കും ബാധകമാകണമെന്നില്ല. അതിനാല്‍ തന്നെ ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായമില്ലാതെ ഒരു കാരണവശാലും നോമ്പ് എടുക്കരുത്.
രോഗികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
* ഉപവാസം സ്വീകരിക്കുന്നതിന് മുന്‍പ് ഡോക്ടറെ കണ്ട് വിദഗ്ധ ഉപദേശം നിര്‍ബന്ധമായും തേടിയിരിക്കണം.
* മുഴുവന്‍ ദിവസത്തെയും ഉപവാസം സാധ്യമല്ലെങ്കില്‍ ഇടവിട്ടുള്ള ദിവസങ്ങളില്‍ ഉപവാസം സ്വീകരിക്കാന്‍ സാധിക്കുമോ എന്ന് ഡോക്ടറോട് ചോദിക്കാം.
* ശരീരത്തില്‍ ജലാശം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.
* പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കണം.
* ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്നുകളുടെ ഉപയോഗം ക്രമീകരിക്കുക.
* ഉപവാസം സ്വീകരിക്കാന്‍ ഡോക്ടര്‍ അനുമതി നല്കിയാലും എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഉപവാസം നിര്‍ത്തുക. ആരോഗ്യത്തിന് പ്രാഥമിക പരിഗണന നല്‍കുക.
Content Highlights: Guiding cancer patients on safe fasting during Ramadan
Published: 12 Mar 2025, 11:38 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented