നടൻ ആർ മാധവന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു 'റോക്കട്രി: ദ നമ്പി ഇഫക്ട്' എന്ന സിനിമയിലേത്. 2022-ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. അതിനായി മാധവൻ ശരീരഭാരം കൂട്ടിയിരുന്നു. ആ സമയത്ത് 96 കിലോ ആയിരുന്നു അദ്ദേഹത്തിന്റെ ഭാരം. ചിത്രീകരണത്തിനുശേഷം മാധവൻ ഭാരം കുറച്ചത് വളരെ ലളിതമായാണ്. അതിനെക്കുറിച്ച് മാധവൻ പലപ്പോഴും തുറന്നുപറയുകയും ചെയ്തു.

To advertise here,

ജിമ്മിൽ പോവാതെ, വർക്കൗട്ട് ചെയ്യാതെയാണ് അദ്ദേഹം തന്റെ ലക്ഷ്യത്തിലേക്കെത്തിയത്, അതും വെറും 21 ദിവസംകൊണ്ട്. എന്തൊക്കെ കഴിക്കണമെന്നും അതെങ്ങനെ കഴിക്കണമെന്നും ആദ്യമേ പ്ലാൻ ചെയ്തു. അതിനനുസരിച്ചാണ് ഭാരം കുറച്ചതും.

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആണ് അതിനായി അദ്ദേഹം ആശ്രയിച്ചത്. അതിനൊപ്പം ഓരോ തവണയും ഭക്ഷണം കഴിക്കുന്നതിന് ഒരു സമയവും നിശ്ചയിച്ചു. ലഘുവായ ഭക്ഷണമാണ് അദ്ദേഹം തന്റെ ഡയറ്റിൽ ഉൾപ്പെടുത്തിയത്. പോഷകങ്ങൾ നിറഞ്ഞ പച്ചക്കറികളും ധാന്യങ്ങളുമാണ് കഴിച്ചത്. അതും പച്ചനിറത്തിലുള്ള പച്ചക്കറികൾ മാത്രം. പ്രോസസ് ചെയ്തുകിട്ടുന്ന ഭക്ഷണങ്ങളെല്ലാം പൂർണമായും വേണ്ടെന്നുവെച്ചു. സൂര്യാസ്തമനത്തോടെ അത്താഴം കഴിക്കുന്നത് ശീലമാക്കി. വൈകീട്ട് ആറേമുക്കാലിനാണ് അത്താഴം. അതുകഴിഞ്ഞ് വെള്ളം മാത്രം. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുശേഷം വേവിക്കാത്ത ഭക്ഷണമൊന്നും കഴിക്കുന്നില്ലെന്നും ഉറപ്പാക്കി.

നന്നായി ചവച്ചരച്ച് കഴിക്കുന്നതും ഒരു ശീലമാക്കി മാധവൻ. സാധാരണ ആളുകൾ പത്തിൽ താഴെ തവണയാവും ഭക്ഷണം ചവയ്ക്കുക. എന്നാൽ, താൻ ഓരോ തവണയും 45 മുതൽ 60 തവണ വരെ ചവച്ചരച്ചാണ് ഭക്ഷണം കഴിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇത് ദഹനത്തെ സഹായിക്കുക മാത്രമല്ല ചെയ്യുന്നത്, വയർ നിറഞ്ഞതുപോലൊരു തോന്നൽ ഉണ്ടാക്കുകയും ചെയ്യും. അപ്പോൾ കൂടുതലായി കഴിക്കണമെന്ന തോന്നലുണ്ടാവുകയുമില്ല. ''ഭക്ഷണം കുടിക്കണം, വെള്ളം ചവച്ച് കഴിക്കണം'', എന്നാണ് മാധവൻ ഇതിനെക്കുറിച്ച് പറയുന്നത്.

ഭാരം കുറയ്ക്കാനായി അതിരാവിലെയുള്ള ദീർഘദൂരനടത്തം ശീലമാക്കി. കൊഴുപ്പ് എരിയിച്ചുകളയാനും ശരീരത്തിന് ഊർജം നൽകാനും ഈ നടത്തം സഹായിച്ചു. ശരീരത്തിന് അമിതസമ്മർദം നൽകാതെ ഫിറ്റ് ആയി നിൽക്കാനും ഈ നടപ്പ് ഉപകരിച്ചു.

ഉറങ്ങാൻ പോകുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മൊബൈൽ, ടിവി എന്നിവ പൂർണമായും ഒഴിവാക്കി. ഈ ഡീടോക്‌സിങ് മനസ്സിനും ശരീരത്തിനും ആവശ്യമായ വിശ്രമം നൽകാൻ സഹായിച്ചു. സുഖമായ ഉറക്കം ലഭിക്കാനും ഇതിലൂടെ കഴിഞ്ഞു. അങ്ങനെ ഡയറ്റുകൾക്ക് പുറകെ പോവാതെ, കൃത്യമായ ജീവിതശൈലിയിലൂടെയാണ് മാധവൻ ഭാരം കുറച്ചത്.

(വിദഗ്ധരുടെ നിർദേശങ്ങളനുസരിച്ച് മാത്രം ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi