പ്രസവശേഷം സ്ത്രീകളില്‍ പലതരം മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഗര്‍ഭകാലത്ത് ഉണ്ടാകാനിടയുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളും മാനസിക സംഘര്‍ഷങ്ങളുമെല്ലാം ചേര്‍ന്നാണ് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. ഇതിനെത്തുടര്‍ന്ന് പ്രസവശേഷം ചിലരില്‍ വിഷാദം, ആത്മഹത്യാപ്രവണത, കുഞ്ഞിനെ ഉപദ്രവിക്കാനുള്ള ശ്രമം എന്നിവ ഉണ്ടായെന്ന് വരാം. ഇത്തരം പ്രശ്‌നങ്ങള്‍ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ അത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്. 

പ്രസവാനന്തര മാനസികപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവരില്‍ പ്രസവശേഷം സ്വന്തം കാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇത് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകും. അമ്മയും കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധം മോശമാവാനും ഇത് ഇടയാക്കിയേക്കും. ഇതുമൂലം അമ്മയ്ക്ക് അവരില്‍ നിന്ന് ലഭിക്കുന്ന പിന്തുണ നഷ്ടമാവുന്നു. പ്രസവാനന്തര മാനസിക പ്രശ്‌നങ്ങള്‍ അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികമായ അടുപ്പത്തെയും നിയന്ത്രിക്കും. ഇത് പിന്നീട് അമ്മ-കുഞ്ഞ് ബന്ധത്തിന് പ്രശ്‌നമുണ്ടാക്കുന്നു. 

പ്രസവാനന്തര മാനസിക പ്രശ്‌നങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം.
 
പോസ്റ്റ്പാര്‍ട്ടം ബ്ലൂസ്
കുഞ്ഞ് ജനിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളിലാണ് പോസ്റ്റ്പാര്‍ട്ടം ബ്ലൂസ് (Postpartum Blues/ Baby Blues/Maternity Blues) എന്നറിയപ്പെടുന്ന ഈ  അവസ്ഥ പ്രത്യക്ഷപ്പെടുന്നത്. സാധാരണയായി പത്തുദിവസങ്ങള്‍ക്കുള്ളില്‍ ഇത് പ്രത്യേക ചികിത്സയൊന്നും കൂടാതെ തന്നെ മാറാറുണ്ട്. പ്രസവസമയത്തെ ശാരീരിക അവസ്ഥകള്‍, സമ്മര്‍ദങ്ങള്‍, ഹോര്‍മോണുകളുടെ താളംതെറ്റല്‍ എന്നിവയെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാണ്. പ്രസവം കഴിഞ്ഞ 85 ശതമാനം പേരിലും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. 

ലക്ഷണങ്ങള്‍

  • കൂടെക്കൂടെയുള്ള കരച്ചില്‍
  • ഇടയ്ക്കിടെ മാറി മാറി വരുന്ന അനിയന്ത്രിതമായ സന്തോഷം
  • ദേഷ്യം
  • ഉത്കണ്ഠ

കുടുംബത്തിന്റെയും പങ്കാളിയുടെയും കരുതലും പിന്തുണയും കൊണ്ട് പൊതുവേ ചികിത്സയൊന്നും കൂടാതെ തന്നെ രണ്ടാഴ്ച കൊണ്ട് ഈ രോഗാവസ്ഥ മറികടക്കാറുണ്ട്. എന്നാല്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ ബേബി ബ്ലൂസ് നീണ്ടുനിന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയായേക്കാം.
 

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍
കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയാണിത്. കുഞ്ഞ് ജനിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളിലോ ഏതാനും ആഴ്ചകള്‍ക്കുള്ളിലോ ലക്ഷണങ്ങള്‍ കാണാം. പതിനഞ്ച് ശതമാനം ആളുകളില്‍ ഈ അവസ്ഥ കാണാറുണ്ട്. ഗര്‍ഭാവസ്ഥയിലോ അതിന് മുന്‍പോ വിഷാദരോഗമുണ്ടായവര്‍ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആദ്യത്തെ പ്രസവ സമയത്ത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടായവര്‍ക്ക് അടുത്ത പ്രസവ സമയത്ത് വീണ്ടും ഉണ്ടാകാനുള്ള സാധ്യത അമ്പത് ശതമാനത്തോളമുണ്ട്. 

ലക്ഷണങ്ങള്‍

  • എപ്പോഴുമുള്ള സങ്കടം
  • ഏറ്റവും ആസ്വദിച്ചിരുന്നതും പ്രിയപ്പെട്ടതുമായ കാര്യങ്ങളോട് പോലും തോന്നുന്ന താത്പര്യമില്ലായ്മ
  • കഠിനമായ ക്ഷീണം, തളര്‍ച്ച
  • ഉറക്കമില്ലായ്മ
  • വിശപ്പില്ലായ്മ
  • പ്രതീക്ഷ നശിച്ച അവസ്ഥ
  • ഒപ്പം ആരുമില്ലെന്ന തോന്നല്‍
  • സ്വയം മതിപ്പ് ഇല്ലായ്മ
  • മരണത്തെക്കുറിച്ചുള്ള ചിന്തകള്‍
  • കുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള ആധി
  • അമ്മയെന്ന രീതിയില്‍ താന്‍ ഒട്ടും പോര എന്ന തോന്നല്‍

പരിഹാരം
ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ഡോക്ടറെ കാണണം. ഉടന്‍ ചികിത്സ നല്‍കുന്നത് മൂലം ഈ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. കൗണ്‍സലിങ്ങും മരുന്നുകള്‍ നല്‍കിയുള്ള ചികിത്സയും ഇതിനായി ഉപയോഗിക്കാം. 

പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്
ഗുരുതരമായ ഒരു മാനസികരോഗാവസ്ഥയാണിത്. ആയിരം അമ്മമാരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഈ രോഗാവസ്ഥയുണ്ടാകും. കുഞ്ഞ് ജനിച്ച് രണ്ടാഴ്ച മുതല്‍ മൂന്ന് മാസം വരെയുള്ള സമയത്ത് ഈ പ്രശ്‌നം ഉണ്ടാകാം. ലക്ഷണങ്ങള്‍ പെട്ടെന്നാണ് മാറിമറിയുക. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ കുഞ്ഞിനെ ഉപദ്രവിക്കാനും ആത്മഹത്യ ചെയ്യാനുമൊക്കെ സാധ്യതയുണ്ട്. അതിനാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടണം. കുടുംബത്തില്‍ മാനസിക രോഗങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. 

ലക്ഷണങ്ങള്‍

  • പെട്ടെന്നുണ്ടാകുന്ന ഭയം
  • അകാരണമായ സംശയങ്ങള്‍
  • അസ്വാഭാവികമായ പെരുമാറ്റങ്ങള്‍
  • ഉന്മാദാവസ്ഥ
  • മറ്റുള്ളവര്‍ തന്നെയോ കുഞ്ഞിനെയോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍
  • പരസ്പര ബന്ധമില്ലാത്ത സംസാരം
  • പേടിപ്പെടുത്തുന്ന സംസാരങ്ങള്‍ ചുറ്റും നിന്നും അശരീരിയായി കേള്‍ക്കുന്നുവെന്ന തോന്നല്‍
  • കുഞ്ഞിനെ മുലയൂട്ടാനും പരിചരിക്കാനും ഭയം
  • കുഞ്ഞ് തന്റേതല്ലെന്നും ദുഷ്ടശക്തിയാണെന്നും തോന്നുക
  • അക്രമാസക്തയാവുക 

അപകടസാധ്യത കൂടുതലുള്ളവര്‍

  • ഗര്‍ഭാവസ്ഥയിലോ അതിന് മുന്‍പോ എന്തെങ്കിലും തരത്തിലുള്ള മാനസിക രോഗമുണ്ടായിട്ടുള്ളവര്‍
  • അടുത്ത ബന്ധുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മാനസിക രോഗമുണ്ടെങ്കില്‍ 
  • ഉത്കണ്ഠ കൂടുതലുള്ളവര്‍
  • ഗര്‍ഭധാരണത്തെയും പ്രസവത്തെയും കുറിച്ച് ആശങ്കകളുള്ളവര്‍
  • അമ്മയാവാന്‍ മാനസികമായി തയ്യാറല്ലാതെ അപ്രതീക്ഷിതമായി ഗര്‍ഭിണിയായവര്‍
  • ഗര്‍ഭാവസ്ഥയില്‍ വിധവകളായവരും വിവാഹമോചിതരായവരും
  • ജനിച്ച കുഞ്ഞ് മരണപ്പെടുന്നതും ചാപിള്ളയെ പ്രസവിക്കുന്നവരും
  • ദാമ്പത്യപ്രശ്‌നങ്ങളുള്ളവരും പ്രിയപ്പെട്ടവരുടെ പിന്തുണയില്ലാത്തവരും
  • കുഞ്ഞ് കൃത്യമായി ഉറങ്ങാതിരിക്കുക, ഇടയ്ക്കിടെ കരയുക, കൃത്യമായി മുലകുടിക്കാതിരിക്കുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍
  • ആവശ്യത്തിന് വിശ്രമവും ഉറക്കവും ലഭിക്കാത്ത അമ്മമാര്‍
  • സാമ്പത്തിക-സാമൂഹിക പിന്തുണ ഇല്ലാത്തവര്‍

പരിഹാരം
ഈ രോഗാവസ്ഥയില്‍ പലപ്പോഴും അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാവുന്ന സാഹചര്യമുണ്ടാകാനിടയുണ്ട്. ഇക്കാര്യം കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കാതെ പോകാം. മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ ഇവിടെ ആവശ്യമാണ്. മാനസികരോഗ വിദഗ്ദ്ധന്റെ സേവനവും ഗുണം ചെയ്യും. 
 
ഗര്‍ഭിണിയും പങ്കാളിയും അറിഞ്ഞിരിക്കണം
കുഞ്ഞ് പിറക്കുന്നതോടെ അമ്മയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. കുഞ്ഞിന്റെ പരിചരണം, മുലയൂട്ടല്‍, ഉറക്കമില്ലായ്മ, ദൈനംദിന കാര്യങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം അമ്മമാരുടെ ജീവിതത്തിന്റെ താളം തെറ്റിക്കും. കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാനാവും. അതിനാല്‍ തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവ് നേടലാണ് ആദ്യം വേണ്ടത്. ഗര്‍ഭിണിയും പങ്കാളിയും കുടുംബാംഗങ്ങളുമെല്ലാം പ്രസവാനന്തര

മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. 

  • മാനസികമായും ശാരീരികമായും തയ്യാറെടുത്ത ശേഷം മാത്രം ഗര്‍ഭധാരണത്തിനായി ശ്രമിക്കുക.  
  • കുഞ്ഞ് ജനിച്ചാല്‍ കുഞ്ഞിന്റെയും അമ്മയുടെയും പരിചരണത്തില്‍ അച്ഛനും പങ്കാളിയാവണം. ഇത് അമ്മയുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും
  • പ്രസവത്തിന് ശേഷം ആവശ്യത്തിന് വിശ്രമിക്കുക. നന്നായി ഉറങ്ങുക.
  • പ്രസവശേഷം മിതമായ വ്യായാമം, സമീകൃതാഹാരം എന്നിവയും ഉറപ്പുവരുത്തുക. 
  • കുഞ്ഞിനെയും അമ്മയെയും കുറിച്ച് മറ്റുള്ളവര്‍ പറയുന്ന കമന്റുകള്‍ (ഉദാ: കുഞ്ഞിന് നിറം പോര, തടിയില്ല, അമ്മയ്ക്ക് മുലപ്പാല്‍ കുറവാണ്, തടികൂടി, സൗന്ദര്യം കുറഞ്ഞു, ഇത്ര ഭക്ഷണം കഴിക്കരുത് തുടങ്ങിയ കാര്യങ്ങള്‍) കേള്‍ക്കാന്‍ നില്‍ക്കരുത്. അത്തരത്തില്‍ കമന്റ് പറയുന്നവരെ അകറ്റിനിര്‍ത്തുക. 
  • എന്തെങ്കിലും ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഡോക്ടറോട് സംസാരിക്കുക.
  • കുഞ്ഞ് ജനിച്ചാല്‍ കുഞ്ഞിനെ മാത്രമാണ് എല്ലാവരും ലാളിക്കുന്നതും പരിഗണിക്കുന്നതും. പലപ്പോഴും അമ്മയെ ആരും കാര്യമായി പരിഗണിക്കാറില്ല. കുഞ്ഞിനൊപ്പം അമ്മയെ കൂടി പരിഗണിക്കുക. 
  • പാല്‍ കുറഞ്ഞതിനോ കുഞ്ഞ് കരയുന്നതിനോ അമ്മയെ കുറ്റപ്പെടുത്തരുത്. 
  • പ്രസവശേഷം പങ്കാളിയുടെ പിന്തുണ ഉറപ്പാക്കണം. കുഞ്ഞിന് മാത്രമായി ശ്രദ്ധ നല്‍കാതെ പ്രസവിച്ചുകിടക്കുന്ന ഭാര്യയ്ക്ക് കൂടി ഭര്‍ത്താവിന്റെ സ്‌നേഹ വാത്സല്യങ്ങള്‍ ഉറപ്പാക്കണം. 
  • എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നുന്നുണ്ടെങ്കില്‍ പങ്കാളിയോട് തുറന്ന് സംസാരിക്കുക. കൂട്ടുകാരോടോ ഗൈനക്കോളജിസ്റ്റിനോടോ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാം. 
  • കുഞ്ഞിനെ ഉപദ്രവിക്കാനോ സ്വയം മുറിപ്പെടുത്താനോ തോന്നിയാല്‍ സൈക്യാട്രിസ്റ്റിനെ കാണാന്‍ മടിക്കരുത്. 

മറച്ചുവെക്കരുത്

പലപ്പോഴും പ്രസവാനന്തര മാനസിക പ്രശ്‌നങ്ങളെ കൃത്യമായി ചികിത്സിക്കാതെ മൂടിവയ്ക്കാനാണ് പലരും ശ്രമിക്കുക. ഇക്കാര്യമറിഞ്ഞാല്‍ മാനസികരോഗിയാണെന്ന് സമൂഹം കരുതുമോ എന്ന ഭയമാണ് ഈ പ്രശ്‌നത്തിന് കാരണം. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാവുമെന്ന് അവര്‍ ചിന്തിക്കുന്നില്ല. 
അതിനാല്‍ തന്നെ ആദ്യമായി മാതാപിതാക്കളാകുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇക്കാര്യത്തെക്കുറിച്ച് കൃത്യമായ ബോധവത്ക്കരണം ആശുപത്രികളില്‍ നിന്ന് തന്നെ നല്‍കേണ്ടതുണ്ട്.

ഗൈനക്കോളജിസ്റ്റിന് ഇക്കാര്യത്തില്‍ സഹായിക്കാനാവും. പ്രസവശേഷമുള്ള മാനസിക പ്രശ്‌നങ്ങള്‍ പലപ്പോഴും ഗൈനക്കോളജിസ്റ്റുകള്‍ തിരിച്ചറിഞ്ഞ് സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് അയക്കുന്നതാണ് പതിവ്. ഇതുവഴി വളരെ പെട്ടെന്ന് ചികിത്സ ലഭിക്കാനും പ്രശ്‌നം പരിഹരിക്കാനും സാധിക്കും. എന്നാല്‍ പലപ്പോഴും ഗൈനക്കോളജിസ്റ്റുകള്‍ നിര്‍ദേശിച്ചാല്‍ പോലും മാനസികാരോഗ്യ വിദഗ്ദ്ധനെ കാണാന്‍ മടികാണിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മാനസിക രോഗത്തിനുള്ള മരുന്ന് സ്ഥിരമായി കഴിക്കേണ്ടി വരുമെന്ന ചിന്തയാണ് ഇതിന് കാരണം. 

എന്നാല്‍ പ്രസവാനന്തര മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രോഗം പൂര്‍ണമായും ഭേദമാവുകയും മരുന്ന് നിര്‍ത്താവുന്നതുമാണ്. മുലയൂട്ടിക്കഴിഞ്ഞ ഉടന്‍ ആണ് മരുന്ന് കഴിക്കേണ്ടത്. മുലയൂട്ടുന്നതിന് തൊട്ടുമുന്‍പ് മരുന്ന് കഴിക്കരുത്. 

  • കടപ്പാട് : ഡോ. ജ്യോതി കെ.എസ്. 

അഡീഷണല്‍ പ്രൊഫസര്‍
സൈക്യാട്രി വിഭാഗം, ഗവ. മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍