കണ്ണൂരിൽ നാല് മാസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയും, ബേഡകത്ത് വിഷം കഴിച്ച് ചികിത്സയിലായിരുന്ന നവവധു മരണപ്പെട്ട സംഭവവും കഴിഞ്ഞ ദിവസങ്ങളിൽ ഒരുപോലെ ശ്രദ്ധനേടിയിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ യുവതികൾ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആശങ്കയും ചർച്ചകളും ഉയർത്തുകയാണ്.

ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകൾ, മാനസിക സമ്മർദങ്ങൾ, കുടുംബാന്തരീക്ഷം, പ്രതീക്ഷകളും യാഥാർഥ്യങ്ങളും തമ്മിലുള്ള അകലം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഇത്തരം ദുരന്തങ്ങളുടെ പിന്നിലുണ്ടാകാം. കേരളത്തിൽ മൊത്തത്തിൽ ആത്മഹത്യകൾ കൂടുന്നതായാണ് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒരുലക്ഷം ജനസംഖ്യയ്ക്ക് 30:6 എന്ന തോതിലാണ് കേരളത്തിലെ ആത്മഹത്യാനിരക്ക്. ഒരുവർഷത്തിൽ പതിനായിരത്തിലധികം വ്യക്തികളാണ് കേരളത്തിൽ ആത്മഹത്യയിലൂടെ മരണം വരിക്കുന്നത്. അതിന്റെ പതിനഞ്ച് മടങ്ങാണ് കേരളത്തിലെ ആത്മഹത്യാനിരക്ക്.

ഇന്ത്യയൊട്ടാകെ ചെറുപ്പക്കാരിൽ, പ്രത്യേകിച്ച് വിദ്യാർഥികളിലുള്ള ആത്മഹത്യാപ്രവണത കൂടിവരുന്നതും വളരെ ഗൗരവമായി എടുക്കേണ്ട കണക്കാണ്. 2023-ൽ 13298 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. 2024-ലെ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 14000-ത്തിലധികം വിദ്യാർഥികൾ ഒരു വർഷത്തിൽ ഇന്ത്യയിൽ ഒട്ടാകെ ആത്മഹത്യ ചെയ്തുവെന്നതും ശ്രദ്ധേയമായി കരുതേണ്ട കണക്കുകളാണ്.
എന്തുകൊണ്ട് ആത്മഹത്യ; കാരണങ്ങൾ പലത്
ഒരു മനുഷ്യന് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ നഷ്ടപ്പെടുമ്പോൾ എടുക്കുന്ന നടപടിയാണ് സ്വയം ഹനിക്കാനുള്ള ശ്രമങ്ങൾ. പലപ്പോഴും ആത്മഹത്യകളുടെ കാരണങ്ങൾ അന്വേഷിച്ചുപോകുമ്പോൾ ദാമ്പത്യപ്രശ്‌നങ്ങൾ അല്ലെങ്കിൽ ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകൾ അതിൽ വളരെ ഗൗരവമായ പങ്ക് വഹിക്കുന്നുണ്ട്.

പലപ്പോഴും വിവാഹം എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള ഒരു കാര്യമെന്നതിലപ്പുറം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം എന്ന തരത്തിലാണ് നമ്മുടെ സമൂഹം കാണുന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കൾ പരസ്പരം ചർച്ച ചെയ്ത് രണ്ട് കുടുംബങ്ങൾ തമ്മിൽ ബന്ധം സ്ഥാപിക്കാൻ നടത്തുന്ന ഒരു ഉദ്യമമായാണ് ഇതിനെ പരമ്പരാഗതമായി കാണുന്നത്.

എന്നാൽ പുതിയ തലമുറ വ്യക്തിസ്വാതന്ത്ര്യം, വ്യക്തിപരമായ ഇടം എന്നീ കാര്യങ്ങൾക്കാണ് കൂടുതൽ മുൻതൂക്കം നൽകുന്നത്. പേഴ്‌സണൽ സ്‌പേസും പേഴ്‌സണൽ ഫ്രീഡവും വളരെ പ്രധാനമാണെന്ന് ജെൻ സി വിഭാഗത്തിൽപ്പെടുന്ന ആളുകൾ കരുതുന്നു. ഇതിന് തടസ്സം വരുന്ന ഒന്നിനോടും സമരസപ്പെട്ടുപോകാൻ അവർക്ക് സാധിക്കുന്നില്ല.

ഇത്തരത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായിട്ടുള്ള ചിന്താഗതിയുള്ള ഒരു യുവതലമുറയും അതുമായി ഒട്ടും പൊരുത്തപ്പെടാൻ കഴിയാത്ത പരമ്പരാഗത ചിന്താഗതിയുമായി മുന്നോട്ടുപോകുന്ന മുതിർന്ന തലമുറയും തമ്മിലുള്ള സംഘർഷങ്ങളും അഭിപ്രായഭിന്നതകളുമാണ് പലപ്പോഴും ഈ ആത്മഹത്യകൾക്ക് അടിസ്ഥാനപരമായി വളമായി മാറുന്നത്.

 

അമ്മമാരുടെ ചിന്തകൾ മാറട്ടെ…
എന്നാൽ പെൺകുട്ടികൾക്ക് ഇത്തരം സ്വാതന്ത്ര്യം നൽകുക എന്നത് അനാവശ്യ കാര്യമാണെന്ന്‌ മധ്യവർത്തി മലയാളി സമൂഹത്തിലെ മാതാപിതാക്കൾ ഇന്നും കരുതുന്നു. ജാതി, മതം, സാമ്പത്തിക-സാമൂഹിക സ്ഥിതി തുടങ്ങിയ പല കാര്യങ്ങളും പരിഗണിച്ചുമാത്രം ഒരു വിവാഹബന്ധം തിരഞ്ഞെടുക്കുക എന്നുള്ള കാര്യത്തിൽ അവർ ഉറച്ചുനിൽക്കുന്നു.

സ്വന്തം പെൺമക്കൾ സ്വന്തം നിലയ്ക്ക് ഒരു ജീവിതപങ്കാളിയെ കണ്ടെത്തിയാൽ അതിനെ സംശയദൃഷ്ടിയോടെ കാണുന്ന സ്ഥിതിവിശേഷം മുതിർന്ന തലമുറയുടെ ഇടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, തങ്ങൾ കണ്ടെത്തിയ സാമ്പത്തികമായും സാമൂഹികമായും ഉന്നതനിലയിൽ നിൽക്കുന്ന പുരുഷനെ മക്കൾ കല്യാണംകഴിച്ചുകൊള്ളണമെന്ന നിർബന്ധവും ശാഠ്യവും പല മാതാപിതാക്കളും പ്രദർശിപ്പിക്കുന്നതായി കാണുന്നുണ്ട്. ഈ നിർബന്ധത്തിൽ കൂടുതൽ മുന്നിട്ടുനിൽക്കുന്നത് പെൺകുട്ടികളുടെ അമ്മമാരാണെന്ന പരാതിയും പെൺകുട്ടികൾക്കുണ്ട്.

അമ്മമാരുടെ മനസ്സിൽ സ്വന്തം കുട്ടികളുടെ സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഇത് സഹായിക്കും എന്നൊരു ചിന്തയുണ്ടാകാം. എങ്കിൽപോലും തനിക്ക് മനസ്സുകൊണ്ട് ഇഷ്ടമല്ലാത്തൊരു വ്യക്തിയെ ഇങ്ങനെയുള്ള ബാഹ്യമായ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം എങ്ങനെ വിവാഹം ചെയ്യാൻ പറ്റുമെന്ന് പല പെൺകുട്ടികളും ചോദ്യം ഉന്നയിക്കാറുണ്ട്. ഇത്തരത്തിൽ പരസ്പരം സ്‌നേഹിക്കാനോ മനസ്സിലാക്കാനോ കഴിയാത്ത ഒരവസ്ഥയാണെങ്കിൽപോലും മാതാപിതാക്കൾ ഉറപ്പിച്ച വിവാഹം മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യത്തിൽ പല പെൺകുട്ടികളും എത്തിച്ചേരാറുണ്ട്.
ഭയപ്പെടുത്തുന്ന ഭർതൃവീടുകൾ
വിവാഹം കഴിഞ്ഞ അടുത്ത ഘട്ടത്തിൽ പലപ്പോഴും ഭർത്താവിന്റെ അമ്മയുമായുണ്ടാകുന്ന സംഘർഷങ്ങൾ ദാമ്പത്യത്തിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട്. അമ്മായിയമ്മ പോര് എന്ന പരമ്പരാഗത അർഥത്തിൽ പറയുന്ന കാര്യങ്ങളല്ലാതെ തന്നെ ഭർത്താവിന്റെ അച്ഛനോ അമ്മയോ നടത്തുന്ന ഇടപെടലുകളും സംസാരങ്ങളുമൊക്കെ വലിയരീതിയിലുള്ള അനിഷ്ടം പെൺകുട്ടികളുടെ മനസ്സിലുണ്ടാക്കുന്നു.

അമ്മായിഅമ്മ 'ഒരു ഭീകരജീവി'യാണെന്ന ധാരണ ദൃശ്യമാധ്യമങ്ങളും നൽകുമ്പോൾ അവയെല്ലാംതന്നെ വലിയ അളവിൽ പെൺകുട്ടികളെ സ്വാധീനിക്കുന്നുണ്ട്. സ്വന്തം മകനോട് അമിത സ്വാതന്ത്ര്യമെടുക്കുന്ന അച്ഛനമ്മമമാർ മരുമകളോടും അതേ അളവിലുള്ള സ്വാതന്ത്ര്യം എടുത്ത് തുടങ്ങുമ്പോൾ പൊരുത്തക്കേടുകൾ ശക്തിപ്പെടുന്നു. സ്വന്തം വീട്ടിൽനിന്നും മാറിത്താമസിക്കുമ്പോൾ വ്യക്തിസ്വാതന്ത്ര്യവും വ്യക്തിപരമായ ഇടവും ഉറപ്പുവരുത്തണമെന്ന നിർബന്ധബുദ്ധിയുള്ള പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഭർത്താവിന്റെ മാതാപിതാക്കളിൽനിന്നുള്ള ഇടപെടലുകൾ അസഹ്യമായി തോന്നാനിടവരാം. അത് വലിയ സംഘർഷങ്ങൾക്ക് വഴിവെക്കും.

ഭർത്താവിന്റെ അച്ഛനും അമ്മയും തന്നോട് സംസാരിക്കുന്ന രീതിയെക്കുറിച്ചുള്ള പരാതികൾ ഭർത്താവിനോട് പറയുമ്പോൾ അത് അവർ അവഗണിക്കുന്നതായും പെൺകുട്ടികൾ വ്യാപകമായി പറയുന്ന പരാതിയാണ്.

ഇതിനിടയിൽ പലപ്പോഴും സാമ്പത്തികമായിട്ടുള്ള തർക്കങ്ങളും പ്രശ്‌നക്കാരനായി കടന്നുവരാറുണ്ട്. വിവാഹശേഷം ഭർതൃവീട്ടിലേക്ക് പെൺകുട്ടി കയറിവരുമ്പോൾ തന്നെ അണിഞ്ഞ സ്വർണത്തിന്റെ അളവും അവളുടെ സ്വത്ത് വിവരങ്ങളും ലഭിച്ച വാഹനത്തിന്റെ മൂല്യവുമൊക്കെ ബന്ധുക്കൾ ചർച്ചാവിഷയമാക്കാറുണ്ട്. ആ കുടുംബത്തിൽ സമീപകാലത്ത് വിവാഹം കഴിഞ്ഞ മറ്റ് പെൺകുട്ടികളെവെച്ച് താരതമ്യം ചെയ്തുള്ള സംസാരം നവവധുവിന് അലോസരമുണ്ടാക്കാറുണ്ട്.

ഇത്തരം സംസാരങ്ങൾക്ക് പലപ്പോഴും മുൻകൈയെടുക്കുന്നത് വീട്ടിലുള്ള മുതിർന്ന സ്ത്രീകൾ തന്നെയാണ് എന്ന പരാതിയും പെൺകുട്ടികൾ മുന്നോട്ടുവയ്ക്കുന്നു. സാമ്പത്തികസ്ഥിതിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ താരതമ്യങ്ങൾ സ്ത്രീധനം കൂടുതൽ ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കാം. അല്ലെങ്കിൽ ദമ്പതികൾ പുതിയ വീട് പണിയുമ്പോൾ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അതിന്റെ ചെലവ് വഹിക്കണമെന്നുള്ള ഡിമാൻഡിലേക്ക് എത്തുകയും അത് പെൺവീട്ടുകാരിൽ വലിയ സാമ്പത്തിക ആഘാതം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് പിന്നീട് വലിയ വഴക്കുകളിലേക്കും വഴിതിരിയാം.

സാമ്പത്തിക സഹായം ലഭിക്കാതെ വരുമ്പോൾ പെൺകുട്ടികളെ വീട്ടിൽ കൊണ്ട് വിടുന്ന അവസ്ഥയടക്കമുള്ള പ്രശ്‌നങ്ങൾ ഒരു ദാമ്പത്യജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി സംഘർഷങ്ങളോടൊപ്പം പെൺകുട്ടി ജോലിക്കു പോകുന്നതും സ്വതന്ത്രമായി ജീവിക്കുന്നതും താത്പര്യമില്ലാത്ത ഭർതൃവീട്ടുകാർ അവൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. പെൺകുട്ടി വീട്ടിൽ വരാൻ വൈകുന്നു, ജോലിയുടെ ഭാഗമായി മറ്റ് സ്ഥലങ്ങളിൽ താമസിക്കേണ്ടി വരുന്നു, യാത്ര ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളോടൊക്കെ അസഹിഷ്ണുതയോടെ പെരുമാറുന്ന മുതിർന്ന തലമുറയിൽപ്പെട്ടവർ ഇപ്പോഴുമുണ്ട്. ഇത്തരം കാര്യങ്ങളും വീട്ടിനുള്ളിലെ ബന്ധങ്ങൾ വഷളാക്കും.

മേൽ സൂചിപ്പിച്ച ഘടകങ്ങളെല്ലാം ചേർന്ന് വലിയ തോതിലുള്ള മാനസികസമ്മർദം പെൺകുട്ടികളിലേക്ക് ഉണ്ടാക്കുകയും പല പെൺകുട്ടികളും വിഷാദരോഗത്തിലേക്ക് പോവുകയും ചെയ്യുന്നു. ഇരുപത് ശതമാനത്തോളം സ്ത്രീകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും വിഷാദരോഗം അനുഭവിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ലോകാരോഗ്യസംഘടന പറഞ്ഞതുപ്രകാരം ലോകവ്യാപകമായി കാണപ്പെടുന്ന ആത്മഹത്യയുടെ ഏറ്റവും സാധാരണവും ഏറ്റവും അനായാസം പരിഹരിക്കാൻ കഴിയുന്നതുമായ കാരണമാണ് വിഷാദരോഗം അഥവാ ഡിപ്രസീവ് ഡിസോർഡർ.

ഈ ഒമ്പത് ലക്ഷണങ്ങൾ ശ്രദ്ധിക്കുക
ഒരു സ്ത്രീക്ക് വിഷാദരോഗം ബാധിച്ചിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

  • രാവിലെ മുതൽ വൈകുന്നേരം വരെയുള്ള തുടർച്ചയായ വിഷാദഭാവം. ഒന്നും സന്തോഷിപ്പിക്കുന്നില്ല
  • മുൻപ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങൾ പലതും ഇപ്പോൾ ചെയ്യാനുള്ള താത്പര്യമില്ലായ്മ
  • അകാരണമായ ക്ഷീണം
  • വിശപ്പില്ലായ്മ
  • ഉറക്കക്കുറവ്
  • ഏകാഗ്രതക്കുറവ്
  • ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗതയിൽ വരുന്ന മന്ദത
  • നിരാശയും പ്രതീക്ഷയില്ലായ്മയും
  • മരിക്കണമെന്നുള്ള ചിന്തയും ആത്മഹത്യാപ്രവണതയും

ഈ ഒമ്പത് ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും തുടർച്ചയായി രണ്ടാഴ്ച നീണ്ടുനിന്നാൽ ആ വ്യക്തിക്ക് ചികിത്സ ആവശ്യമുള്ള വിഷാദരോഗമുണ്ടെന്ന് കരുതാം. തലച്ചോറിലെ സിറടോണിൻ, നോറഎപിനെഫ്രിൻ തുടങ്ങിയ രാസവസ്തുക്കളുടെ അളവിൽ വ്യതിയാനം വരുമ്പോഴാണ് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നത്. ഇതെത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കപ്പെടേണ്ടതാണ്.

തലച്ചോറിൽ താളംതെറ്റിക്കിടക്കുന്ന രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാനുള്ള മരുന്നുകളും ചിന്താവൈകല്യങ്ങൾ പരിഹരിക്കാനുള്ള മനശ്ശാസ്ത്ര ചികിത്സകളും നൽകിയാൽ വിഷാദരോഗം പൂർണമായും ഭേദപ്പെടുത്തിയെടുക്കാൻ സാധിക്കും. എന്നാൽ പലപ്പോഴും സ്ത്രീകളിലുണ്ടാകുന്ന ഈ വിഷാദം തിരിച്ചറിയപ്പെടാതെ പോകുന്നു. ചികിത്സിക്കാതെ പോകുന്നതിനാൽ അത് ആത്മഹത്യയിലേക്കുള്ള കാരണവുമായി മാറുന്നു.

ഭർത്താവിന്റെ മദ്യപാനം, ലഹരി ഉപയോഗം, വിവാഹേതര ബന്ധങ്ങൾ, ഭർത്താവിന്റെ ലഹരി അടിമത്തം, പലപ്പോഴും ഭർത്താവിന്റെ വളരെ വിചിത്രമായ തനിക്ക് അംഗീകരിക്കാൻ കഴിയാത്ത ലൈംഗിക അഭിരുചികൾ ഒക്കെ ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ വർധിപ്പിക്കുന്ന മറ്റ് ഘടകങ്ങൾ തന്നെയാണ്.

ഒരു പെൺകുട്ടി പഴയ പ്രസരിപ്പില്ലാതെ, ആരോടും മിണ്ടാതെ, സ്വപ്‌നലോകത്തെന്നതുപോലെ, തമാശ കേട്ടാൽ ചിരിക്കാൻ കഴിയാതെ ഇരിക്കുന്നതുകണ്ടാൽ അതിനെ വളരെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്. തങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങൾ പറയുമ്പോൾ മുതിർന്ന തലമുറയിൽപ്പെട്ടവർ അതിനെ നിസ്സാരവത്ക്കരിച്ച് തള്ളുന്നുവെന്നതും പെൺകുട്ടികളെ വിഷമത്തിലാക്കുന്നു.

പലപ്പോഴും അമ്മമാരോട് പറയുമ്പോൾ ഞാൻ ഇതിന്റെയൊക്കെ ഏത്രയോ ഇരട്ടി അനുഭവിച്ചതാണ് എന്ന തരത്തിലുള്ള നിസ്സാരവത്ക്കരിക്കുന്ന മറുപടി ഒരു വലിയ വിലങ്ങുതടിയായി അവർക്കിടയിൽ മാറുകയാണ്. തീർച്ചയായും വിവാഹിതയായ പെൺകുട്ടി മാനസികസമ്മർദം അനുഭവിക്കുന്നുണ്ടെങ്കിൽ മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ നൽകാൻ വീട്ടിലുള്ളവർക്ക് കഴിയണം. അഞ്ച് സ്റ്റെപ്പുകളാണ് മാനസികാരോഗ്യ പ്രഥമ ശുശ്രൂഷയ്ക്കുള്ളത്.

  • പ്രയാസം അനുഭവിക്കുന്ന പെൺകുട്ടിയെ വിളിച്ച് മാറ്റിനിർത്തി എന്തെങ്കിലും വിഷമം തോന്നുന്നുണ്ടോ, എന്താണ് പ്രയാസമെന്ന് അന്വേഷിക്കുക.
  • അവർ പ്രയാസങ്ങൾ പറയുമ്പോൾ തടസ്സപ്പെടുത്താതെ, കുറ്റപ്പെടുത്താതെ, നിസ്സാരവത്ക്കരിക്കാതെ, അവരെ വഴക്ക് പറയാതെ, പരിഹസിക്കാതെ, മുൻവിധികളില്ലാതെ ക്ഷമയോടെ അവസാനം വരെ കേൾക്കുക.
  • തെറ്റായ ധാരണകൾകൊണ്ടാണ് അവർ വിഷമിക്കുന്നതെങ്കിൽ അവരെ പൂർണമായും കേട്ടശേഷം മാത്രം ശരിയായ വിവരങ്ങൾ പകർന്നുനൽകുക. ഇനി ഗൗരവമുള്ള വിഷയം അവരുടെ ജീവിതത്തിലുണ്ടെന്ന് തോന്നിയാൽ അവർക്കൊപ്പം നമ്മളുണ്ട് എന്ന ആത്മവിശ്വാസം പകരുക. ഇക്കാര്യങ്ങൾ ചെയ്തിട്ടും പ്രയാസം മാറുന്നില്ലെങ്കിൽ ചികിത്സ വേണ്ട അവസ്ഥയാണെന്ന് മനസ്സിലാക്കാം.
  • ഒരു മാനസികാരോഗ്യ വിദഗ്ധനെ നേരിട്ട് കണ്ട് ചികിത്സയെടുക്കാനുള്ള സൗകര്യം ഒരുക്കുക.
  • ഈ പ്രയാസം അനുഭവിക്കുന്ന കുട്ടികൾ ഒറ്റപ്പെടാതെ നോക്കേണ്ട ഉത്തരവാദിത്വം കുടുംബത്തിനുണ്ട്. അവർ എപ്പോഴും ഒറ്റപ്പെട്ടുപോകാതെ ഇരിക്കുന്നുണ്ട് എന്നത് അച്ഛനമ്മമാരും കുടുംബാംഗങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. അവരെ തീവ്രമായ മാനസിക സമ്മർദത്തിലേക്ക് തള്ളിവിടാതെ ചുറ്റിലും നിന്ന് സംരക്ഷിക്കേണ്ടത് തീർച്ചയായിട്ടും കുടുംബാംഗങ്ങളാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi