പോപ്പ് കോണ്‍ കൊറിച്ച് സിനിമ കാണാത്തവരുണ്ടാകില്ല. പ്രായഭേദമന്യേ കഴിച്ചാൽ വീണ്ടും വീണ്ടും കൊതിതോന്നിപ്പിക്കുന്ന സ്നാക്ക്സ്. രുചികരമായ ക്രിപ്‌സി പോപ്പ് കോണുകൾ ഇന്ന് പലരൂപത്തിലും ഭാവത്തിലും വിപണിയിലുണ്ട്. സ്വാദിഷ്ടമായ ലഘുഭക്ഷണം എന്നതിനപ്പുറത്തേക്ക് ഇതിന് നിരവധി ആരോഗ്യഗുണങ്ങള്‍ കൂടിയുണ്ട്. എണ്ണയില്ലാതെ എയര്‍ പോപ്പ് ചെയ്‌തെടുക്കുന്ന പോപ്കോണ്‍ കഴിക്കുന്നതുമൂലമുള്ള ഗുണങ്ങള്‍ നോക്കാം...

To advertise here,

1. ഫൈബറുകളാല്‍ സമ്പന്നം

പോപ്കോണ്‍ ഒരു ധാന്യമായതിനാൽ തന്നെ ഇതില്‍ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. മൂന്ന് കപ്പ് എയര്‍ പോപ്പ്ഡ് പോപ്പ് കോണില്‍ ഏകദേശം നാല് ഗ്രാം ഫൈബര്‍ ലഭിക്കും. പോപ്പ് കോൺ കഴിക്കുമ്പോൾ പെട്ടെന്ന് വയറുനിറഞ്ഞതായി തോന്നും. അതുകൊണ്ടുതന്നെ ആഹാരത്തോടുള്ള അമിതമായ കൊതി നിയന്ത്രക്കാനും പട്ടിണി കിടക്കാതെ ഭാരം നിയന്തിക്കാനും ശ്രമിക്കുന്ന ഏതൊരാള്‍ക്കും ഇതൊരു മികച്ച ഓപ്ഷനാണ്. കൂടാതെ ദഹനം നല്ലതുപോലെ നടക്കാനും ഇത് സഹായിക്കുന്നു.

2. കലോറി കുറഞ്ഞതും സംതൃപ്തി നൽകുന്നതും

പോപ്പ് കോണ്‍ അളവില്‍ കൂടുതലും സാന്ദ്രതയില്‍ കുറവുമായതിനാല്‍, അധികം കലോറി അകത്താക്കാതെ തന്നെ കഴിക്കാന്‍ സാധിക്കും. വയറ് വേഗത്തില്‍ നിറയ്ക്കുകയും, വയറു നിറഞ്ഞതായി നിങ്ങളുടെ തലച്ചോറിന് സൂചന നല്‍കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ ലഘുഭക്ഷണം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാന്‍ സഹായിക്കും.പോപ്കോണ്‍ കഴിക്കാന്‍ രസകരമാണെങ്കിലും, ശരിയായ രീതിയില്‍ തയ്യാറാക്കുമ്പോള്‍ ഇതില്‍ കലോറി വളരെ കുറവാണ്. ഒരു കപ്പ് എയര്‍ പോപ്പ്ഡ് പോപ്കോണില്‍ ഏകദേശം 30 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. വെണ്ണയോ കാരമലോ ചേര്‍ക്കുന്നതിന്  പകരം മസാലയോ ന്യൂട്രീഷണല്‍ യീസ്റ്റോ ചേര്‍ത്താല്‍ ആരോഗ്യകരമായി ഇത് ആസ്വദിക്കാം.

3.ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടം

പോപ്കോണില്‍ പോളിഫിനോള്‍സ് അടങ്ങിയിട്ടുണ്ട്. ബെറി, മുന്തിരി തുടങ്ങിയ പഴങ്ങളില്‍ കാണുന്ന അതേ ആന്റിഓക്സിഡന്റുകളാണ് പോപ്പ് കോണിലുമുള്ളത്. വിട്ടുമാറാത്ത രോഗങ്ങളുമായും വാര്‍ദ്ധക്യമായി ബന്ധപ്പെട്ട ശരീരത്തിലെ ഓക്സിഡേറ്റീവ് സ്‌ട്രെസ്സിനെതിരെ പോരാടാനും ഇവ സഹായിക്കുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത് ഭൂരിഭാഗം ആന്റിഓക്സിഡന്റുകളും പോപ്പ്കോണിന്റെ തോടിലാണ് (കട്ടിയുള്ള ഭാഗം) കാണപ്പെടുന്നത്.  പല്ലില്‍ കുടുങ്ങുന്നതിനാൽ പലരും ഈ ഭാഗം ഒഴിവാക്കാറാണ് പതിവ്. 

4.  ഗ്ലൂട്ടൻ സേഫ്

ഗ്ലൂട്ടൻ സെൻസിറ്റിവിറ്റിയോ സീലിയാക് രോഗമോ ഉള്ളവര്‍ക്ക് പോപ്പ് കോണ്‍ സുരക്ഷിതമായ  ലഘുഭക്ഷണമാണ്. ഇത് ഗ്ലൂട്ടൻ രഹിതമാണെന്നു മാത്രമല്ല, പ്രെറ്റ്‌സെല്‍സ് അല്ലെങ്കില്‍ ക്രാക്കേഴ്‌സ് പോലുള്ള ഗോതമ്പ് അടിസ്ഥാനമാക്കിയുള്ള ലഘുഭക്ഷണങ്ങള്‍ക്ക് മികച്ച ഉദാഹരണം കൂടിയാണ്. കൂടാതെ, നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മധുരമോ, ഉപ്പുരസമോ, എരിവോ ഉള്ളതാക്കി മാറ്റാനും കഴിയും.

4. പ്രമേഹം നിയന്ത്രിക്കുന്നു
കുറഞ്ഞ ഗ്ലൈസെമിക് ഇൻഡെക്സ് ഉള്ളതിനാൽ, പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഒരു ധാന്യമാണ് . ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുണ്ടാകുന്ന വർധനവും കുറവും തടയുന്നു. ഉയർന്ന ഫൈബറിന്റെ അളവ് ഊർജം നൽകുന്നതും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. 
5. പ്രോട്ടീനാൽ സമ്പുഷ്ടം
പേശികൾ നിർമ്മിക്കുന്നതിനും ഊർജം നൽകുന്നതിനും ആവശ്യമായ ഒരു പ്രധാന മാക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. ഒരു കപ്പ് പോപ്പ് കോണിൽ ഏകദേശം 22 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് ഏത് ഭക്ഷണക്രമത്തിലും ഉൾപ്പെടുത്താനാകും. ഈ ഉയർന്ന പ്രോട്ടീന്റെ അളവ് പേശികളുടെ കേടുപാടുകൾ തീർക്കുന്നതിനും വളർച്ചയ്ക്കും സഹായിക്കുന്നു, ദിവസം മുഴുവൻ ഊർജം ഉറപ്പാക്കുകയും ചെയ്യുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi