സെപ്തംബര്‍ എട്ടാം തീയ്യതി ലോക ഫിസിയോതെറാപ്പി ദിനമാണ്. 'ആരോഗ്യകരമായ വാര്‍ധക്യവും വീഴ്ചാ പ്രതിരോധവും' എന്നതാണ് ഈ വര്‍ഷത്തെ ഫിസിയോതെറാപ്പിദിന സന്ദേശം. പ്രായമേറി വരുന്നവര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണിത്. മുതിര്‍ന്നവരിലെ വീഴ്ചയും അനുബന്ധമായ ആരോഗ്യപ്രതിസന്ധികളും പ്രതിരോധിക്കാനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഈ സന്ദേശം പങ്കുവെക്കുന്നുണ്ട്.

ലോകമെങ്ങുമുള്ള പൊതുവായ പ്രശ്‌നമാണെങ്കിലും കേരളത്തിന്റെ കാര്യത്തില്‍ ഈ വിഷയത്തിന് കൂടുതല്‍ പ്രസക്തിയുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ ഉള്ളതിനാല്‍ കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ നിരക്ക് മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അതായത് 2021ല്‍ രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ നിരക്ക് (60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍) 10.1% ആയിരുന്നപ്പോള്‍ കേരളത്തില്‍ അത് 16.5% ആയിരുന്നു.

വിലയിരുത്തലുകള്‍ അനുസരിച്ച് 2030ല്‍ രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ നിരക്ക് 13.1% ത്തിലേക്ക് വര്‍ധിക്കുമ്പോള്‍ കേരളത്തില്‍ അത് 20.9%ത്തിലെത്തുമെന്നാണ് കരുതുന്നത്. സ്വാഭാവികമായും ഈ വര്‍ഷത്തെ ഫിസിയോതെറാപ്പിദിന സന്ദേശം പങ്കുവെക്കുന്നതുപോലെ വീഴ്ച സംബന്ധമായ ആഘാതങ്ങള്‍ക്കുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനാവശ്യമായ നടപടികളും നമ്മള്‍ സ്വീകരിക്കേണ്ടതുണ്ട്.

മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്നു എന്നതോടൊപ്പം തന്നെ ആരോഗ്യകരമായി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പിന്തുടരാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. കൂടുതല്‍ കാലം ജീവിക്കുക എന്നതല്ല മറിച്ച് കൂടുതല്‍ കാലം ആരോഗ്യത്തോടെ, സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

പ്രായം വര്‍ധിക്കുംതോറും ചെറിയ വീഴ്ചകള്‍പോലും വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും. ഒടിവുകള്‍, ചലനശേഷി നഷ്ടപ്പെടല്‍, ദീര്‍ഘകാല ആശുപത്രിവാസം, ആത്മവിശ്വാസക്കുറവ് തുടങ്ങി അനേകം ബുദ്ധിമുട്ടുകള്‍ ഈ ഘട്ടത്തില്‍ അനുഭവിക്കേണ്ടതായും വരും. ഇത്തരം സാഹചര്യങ്ങളെ ഇല്ലാതാക്കാന്‍ ഉത്തരവാദിത്തത്തോടെ നമുക്ക് ഇടപെടാം.

വീഴ്ചകള്‍ക്കുള്ള സാധ്യതകള്‍ തിരിച്ചറിയുക
മുതിര്‍ന്നവരിലെ വീഴ്ചകള്‍ പലപ്പോഴും യാദൃശ്ചികമായ അപകടങ്ങളല്ല, മറിച്ച് അവ മുന്‍കൂട്ടി കാണാവുന്നതും ഏറെക്കുറെ ഫലപ്രദമായി അതിജീവിക്കാവുന്നതുമാണ്. പേശികളുടെ ബലഹീനതയും ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നതുമാണ് വീഴ്ചകളുടെ പ്രധാന കാരണം.

ഇതിന് പുറമെ അസ്ഥികളുടെ സാന്ദ്രത കുറയുന്നതും, വ്യായാമത്തിന്റെ അഭാവവും, കാഴ്ച സംബന്ധമായ തകരാറുകളും, കേള്‍വി സംബമായ ബുദ്ധിമുട്ടുകളും, തറയിലെ വഴുക്കലും, വെളിച്ചത്തിന്റെ കുറവും, സുരക്ഷിതമല്ലാത്ത മാറ്റുകളും പരവതാനികളും, പ്രമേഹം-സന്ധിവാതം-നാഢീസംബന്ധമായ തകരാറുകള്‍ തുടങ്ങിയ രോഗാവസ്ഥകളുമെല്ലാം വീഴ്ചകളിലേക്ക് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. മുതിര്‍ന്ന പൗരന്മാരില്‍ പലരുടേയും മക്കളും മറ്റും ജോലി സംബന്ധമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വിദേശങ്ങളിലോ വിദൂര നാടുകളിലോ ഒക്കെ താമസിക്കുന്നതിനാല്‍ ഇവര്‍ നയിക്കേണ്ടി വരുന്ന ഒറ്റപ്പെട്ട ജീവിതവും വലിയ വെല്ലുവിളിയാണ്.
മുകളില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങളില്‍ അല്പം ശ്രദ്ധ പുലര്‍ത്തിയാല്‍ വീഴ്ചയ്ക്കുള്ള സാധ്യതകളെ നല്ല രീതിയില്‍ തന്നെ അതിജീവിക്കാന്‍ സാധിക്കും. ശാരീരികമായ ബുദ്ധിമുട്ടുകളെ അതിജീവിക്കാന്‍ മികച്ച ചികിത്സ ലഭ്യമാക്കുകയും, വീഴാനുള്ള സാധ്യതയുണ്ട് എന്ന ധാരണ മനസ്സിലുണ്ടാക്കുകയും ചെയ്യണം. സുരക്ഷിതമല്ലാത്ത തറ, മോശം വെളിച്ചം, തടഞ്ഞ് വീഴാന്‍ സാധ്യതയുള്ള വസ്തുക്കളുടെ സാന്നിധ്യം തുടങ്ങിയവ ഇല്ലാതിരിക്കാനും നമ്മുടെ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍കൊണ്ട് സാധിക്കും.

ഫിസിയോതെറാപ്പിയുടെ പ്രാധാന്യം
സ്ട്രോക്ക്, സന്ധിവേദന തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച് കഴിഞ്ഞാല്‍ അവയില്‍ നിന്ന് മുക്തിനേടാനുള്ള ചികിത്സാരീതിയാണ് ഫിസിയോതെറാപ്പി എന്നാണ് ഭൂരിഭാഗം പേരുടേയും ചിന്ത. എന്നാല്‍ അത് ഫിസിയോതെറാപ്പി എന്ന വിപുലമായ ചികിത്സാശാഖയുടെ ഒരു ഭാഗം മാത്രമാണ്. അസുഖങ്ങളുടെ ചികിത്സയുടെ ഭാഗമായല്ലാതെ തന്നെ പേശികളുടെ ശക്തി വര്‍ധിപ്പിക്കാനും ശരീരത്തിന്റെ സന്തുലനാവസ്ഥ (ബാലന്‍സ്) നിലനിര്‍ത്താനും ശാസ്ത്രീയമായ ഫിസിയോതെറാപ്പിയിലൂടെ സാധിക്കും.

നിശ്ചിത പ്രായം പിന്നിട്ടാല്‍ ഇത്തരത്തില്‍ ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാക്കുകയും വീഴ്ചകള്‍ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. കൃത്യമായ രീതിയില്‍ ഫിസിയോതെറാപ്പിയെ ഉപയോഗപ്പെടുത്തിയാല്‍ വീഴ്ചയ്ക്കുള്ള സാധ്യത 40% വരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇനി പറയുന്ന രീതികളാണ് ഇതിനായി ഫിസിയോതെറാപ്പിയില്‍ പ്രധാനമായും സ്വീകരിക്കപ്പെടുന്നത്.

  • പേശികളുടെ ശക്തിയും ഏകോപനവും വര്‍ധിപ്പിക്കുന്നതിനായി ഓരോ വ്യക്തിയുടേയും ശാരീരികമായ അവസ്ഥകളും പരിമിതികളും പരിഗണിച്ചുകൊണ്ട് നിര്‍ദേശിക്കുന്ന വ്യായാമങ്ങളിലൂടെ ബാലന്‍സും ബലവും മെച്ചപ്പെടുത്തുക.
  • നടത്തം, പ്രവര്‍ത്തനപരമായ ചലനശേഷി എന്നിവയില്‍ പരിശീലനം നല്‍കുന്നതിലൂടെ വീഴ്ചയ്ക്കുള്ള സാധ്യതകള്‍ പ്രതിരോധിക്കല്‍.
  • അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുന്നതിനായി ചെറിയ ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങള്‍ അനുവര്‍ത്തിക്കുക. ഇതിലൂടെ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഒടിവുകള്‍ക്കുള്ള സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുക.
  • സന്ധിവാതം, നടുവേദന, അസ്ഥിബലക്ഷയം തുടങ്ങിയ ചലനത്തെ പരിമിതപ്പെടുത്തുന്ന അസുഖങ്ങളെ അനുയോജ്യമായ വ്യായാമമുറകളിലൂടെ അതിജീവിക്കല്‍.
  • ഓരോ വ്യക്തിയുടേയും ശാരീരികമായ ആരോഗ്യവും പരിമിതികളും തിരിച്ചറിഞ്ഞ് ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ മുന്‍കൂട്ടി കാണാനും അവയെ പ്രതിരോധിക്കാനാവശ്യമായ വ്യായാമമുറകള്‍ നിര്‍ദേശിക്കാനും പരിചയസമ്പന്നനായ ഒരു ഫിസിയോതെറാപ്പിസ്റ്റിന് സാധിക്കും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi