ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിൽ ഓറഞ്ച് പൂച്ചയുടെ വീഡിയോ തുരുതുരാ വരാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. തടിയൻ പൂച്ച കടയിൽ പോകുന്നതും സാധനങ്ങൾ വാങ്ങുന്നതും അത് പാചകം ചെയ്യുന്നതുമെല്ലാം കാണാൻ കൗതുകമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച ഈ പൂച്ച വീഡിയോകൾക്ക് കേരളത്തിൽ ആരാധകർ ഒരുപാടുണ്ടുതാനും.
ഇപ്പോഴിതാ കേരളാ പോലീസ് ഈ എഐ പൂച്ചയെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയാണ്. കാരണം വേറൊന്നുമല്ല, ഓറഞ്ച് പൂച്ചയുടെ സ്വഭാവവും ആക്രമണവാസനയും തന്നെ. വീഡിയോ കാണുന്നവർക്കറിയാം പൂച്ച പലപ്പോഴും അത്ര വെടിപ്പല്ല. സുഹൃത്തുക്കളെ വീട്ടിലേക്ക് മദ്യപിക്കാൻ വിളിച്ചുവരുത്തുന്ന പൂച്ചയാണ് എല്ലാ വീഡിയോയിലേയും മെയിൻ. കോഴിയും പന്നിയും മുതലയുമൊക്കെ അതിഥിയായെത്തുമ്പോൾ അവർക്ക് മദ്യം നൽകി മയക്കിയശേഷം ചതിയിലൂടെ കൊലപ്പെടുത്തും. ശേഷം അവയുടെ ഇറച്ചി മുറിച്ചെടുത്ത് പാകം ചെയ്ത് കഴിക്കും. ആതുപോലെത്തന്നെ ആടിന്റെയും സിംഹത്തിന്റെയും രോമം മോഷ്ടിക്കുന്നതുമെല്ലാം ചതിയിലൂടെത്തന്നെ.
ഏതെങ്കിലും ജീവി തിരിച്ചിട്ടൊരു പണികൊടുത്താൽ ശക്തരായ സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരുടെ സഹായത്തോടെ തടിയൻപൂച്ച രക്ഷപ്പെടുകയും ചെയ്യും. ചുരുക്കത്തിൽ ഓറഞ്ച് പൂച്ച ഒരു ചതിയനാണ്. പലർക്കും അതിന്റെ പെരുമാറ്റത്തിൽ അരിശവും തോന്നാറുണ്ട്.
കുട്ടികൾ അപകടത്തിൽ
പക്ഷേ, കുട്ടികളാണിവിടെ അപകടത്തിൽ. കുട്ടികളിൽ ഒരുപാടുപേർക്ക് ഓറഞ്ച് പൂച്ചയോട് അഡിക്ഷനുണ്ട്. സുഹൃത്തുക്കളെ ചതിക്കാനും കൊല്ലാനും മടികാണിക്കാത്ത ദുഷ്ടൻ പൂച്ചയെ കുട്ടികൾ സ്ഥിരമായി കാണുന്നത് അവരുടെ പെരുമാറ്റത്തെയും ബാധിക്കുന്നുണ്ട്.
കുറ്റവാളി ഹീറോയാകുന്നു
നല്ല മ്യൂസിക്കൊക്കെയിട്ട് കുറ്റവാളിപ്പൂച്ചയ്ക്ക് ഹീറോ പരിവേഷമാണ് വീഡിയോകളിൽ നൽകുന്നത്. കോടിക്കണക്കിന് കാഴ്ചക്കാരുമുണ്ടതിന്. ആരാണ് വീഡിയോകൾക്ക് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും വടക്കേ ഇന്ത്യയിൽ നിന്നുള്ള ഫെയ്ക്ക് അക്കൗണ്ടുകളിൽ നിന്നാണ് മിക്ക വീഡിയോകളും പോസ്റ്റ് ചെയ്യുന്നത്.
മാതാപിതാക്കൾ അറിയാൻ
- ഇത്തരം വീഡിയോകൾ ചെറുപ്പത്തിൽ തന്നെ അനുകരിക്കാനും മറ്റുള്ളവരെ ആക്രമിക്കാനുള്ള പ്രവണതയുണ്ടാകാനും സാധ്യതയുണ്ട്. നാർസിസിസ്‌റ്റിക്ക് സ്വഭാവം ഉടലെടുക്കാനും വഴിയൊരുക്കിയേക്കും.
- കുട്ടികൾ എന്ത് കാണുന്നു എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കുക, ആപ്പുകളിൽ പാരൻ്റൽ കൺട്രോൺ ഫീച്ചർ ഉപയോഗിക്കുക
- പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കുക
- ആവശ്യമെങ്കിൽ പൊലീസിൻ്റെ ഡിജിറ്റൽ ഡീ അഡിക്ഷനിലേയ്‌ക്ക് ബന്ധപ്പെടാം
- മുതിർന്നവരിലും ഇത്തരം വീഡിയോകൾ പെരുമാറ്റവൈകല്യവും ഉത്കണ്ഠയുമുണ്ടാക്കുന്നു. മറ്റുള്ളവരുടെ വേദനയിൽ ആനന്ദം കണ്ടെത്താനുള്ള പ്രവണതയുണ്ടാവുന്നു.
- 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ നൽകരുത്
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 08 Jul 2025, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented