31 വർഷമായി സിനിമയിൽ സജീവമാണ് മനോജ് ബാജ്‌പേയ്. നാല് ദേശീയപുരസ്‌കാരങ്ങൾ നേടിയിട്ടുമുണ്ട്. സിനിമയിലെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനോളം തന്നെ ഭംഗിയായിട്ടാണ് അദ്ദേഹം തന്റെ ആരോഗ്യകാര്യങ്ങളിലും ശ്രദ്ധപുലർത്തുന്നത്.

ആരോഗ്യത്തിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തിൽ 'തന്റെ മുത്തച്ഛന്റെ വഴികൾ' പിന്തുടരുന്നതിലാണ് താൻ വിശ്വസിക്കുന്നതെന്ന് താരം പറയുന്നു.

14 വർഷത്തിലേറെയായി താൻ അത്താഴം ഒഴിവാക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. പതുക്കെയാണ് അതിലേക്ക് എത്തിയതെന്നും താരം വെളിപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിക്കാൻ തുടക്കത്തിൽ 12-14 മണിക്കൂർ ഉപവാസം അനുഷ്ഠിച്ചിരുന്നു മനോജ്.

''മുത്തശ്ശന് മെലിഞ്ഞ ശരീരഘടനയായിരുന്നു. അദ്ദേഹം എപ്പോഴും ഫിറ്റായിരുന്നു. അതിനാലാണ് ആ ഭക്ഷണക്രമം പിന്തുടരാൻ തീരുമാനിച്ചത്. എന്റെ ശരീരഭാരം കുറയ്ക്കാനും ഊർജ്ജസ്വലതയും ആരോഗ്യവും വീണ്ടെടുക്കാനും ആ ശീലം സഹായിച്ചു''.

ഇടയ്ക്കിടെ ഉപവസിക്കുന്ന അദ്ദേഹം രാവിലെ 9 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കും ഇടയിൽ മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ. 3 മണിയോടെ ആ ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കും. തുടക്കത്തിൽ ഈ ദിനചര്യ എളുപ്പമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ''പക്ഷേ ഞാൻ പിൻവാങ്ങിയില്ല. ആദ്യമൊക്കെ വിശപ്പ് മാറ്റാൻ വെള്ളവും ഹെൽത്തി ബിസ്‌കറ്റുകളും കഴിച്ചു''. അത്താഴം ഒഴിവാക്കുന്നത് പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയവ ഇല്ലാതാക്കാനും സഹായിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ''എല്ലാ ദിവസവും അഞ്ചുതരം പഴങ്ങൾ കഴിക്കാറുണ്ട്. സീസൺ അനുസരിച്ചാണ് പഴങ്ങൾ തിരഞ്ഞെടുക്കുന്നത്. പക്കോഡ പോലുള്ള ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കും. സമോസ എനിക്കിഷ്ടമാണ്. പക്ഷേ അത് കഴിക്കുന്നതും വ്യത്യസ്തരീതിയിലാണ്. സമോസയുടെ ഉള്ളിലുള്ള സ്റ്റഫിങ് മാത്രമേ കഴിക്കൂ''.

''ശരിയായ സമയത്ത്, ശരിയായ അളവിൽ ഭക്ഷണം കഴിക്കുക എന്നതാണ് എന്റെ ഫിറ്റ്‌നസ് മന്ത്രം. കുടുംബം മുഴുവനും ഇത് വളരെ കർശനമായി പാലിക്കുന്നു. വൈകുന്നേരം 6 മണിയാകുമ്പോഴേക്കും വീട്ടിലെ അടുക്കള അടച്ചിരിക്കും. അതുകൊണ്ടാണ് ഞങ്ങൾ പുറത്ത് അത്താഴത്തിന് പോകാത്തത്. രാത്രി അത്താഴത്തിന് ആളുകളെ ക്ഷണിക്കാത്തതിന് കാരണവും അതുതന്നെ''.

യോഗ, ധ്യാനം എന്നിവയിലൂടെയാണ് താരത്തിന്റെ ഒരുദിവസം തുടങ്ങുന്നത്. ''ജിം അല്ലെങ്കിൽ ട്രെഡ്മിൽ...അതില്ലെങ്കിൽ നന്നായി ഓടുകയോ 40 മിനിറ്റ് വേഗത്തിൽ നടക്കുകയോ ചെയ്യും. പിന്നെ ഒരു സൂര്യനമസ്‌കാരം...എന്റെ ഒരുദിവസം തുടങ്ങുന്നത് ഇങ്ങനെയാണ്. ഷൂട്ടിങ്ങിലാണെങ്കിലും ഇത് മുടക്കില്ല''.

അലിഗഢ്, നാം ഷബാന, ഭോസ്ലെ, ഗുൽമോഹർ, രാജ്‌നീതി, ഗ്യാങ്‌സ് ഓഫ് വസീപൂർ, ഷൂട്ടൗട്ട് അറ്റ് വഡാല തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനസിനിമകൾ. ആമസോൺ സീരീസുകളായ ഫർസി, ഫാമിലി മാൻ എന്നിവയിലും ശക്തമായ കഥാപാത്രങ്ങളാണ് മനോജിന്റേത്. 'പോലീസ് സ്‌റ്റേഷൻ മേം ഭൂത്' എന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi