പതിനഞ്ചുവയസുകാരന്‍ മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യ ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. കടുത്ത ബുള്ളിയിങ്, ബോഡി ഷെയിമിങ്, റാഗിങ്ങ് എന്നീ കുറ്റകൃത്യങ്ങള്‍ക്ക് മിഹിര്‍ ഇരയായെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പിന്നീട്, മിഹിറിനെ ഉപദ്രവിച്ചവരുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിച്ച ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ഒരു സഹപാഠിയുടെ ആത്മഹത്യയെപ്പോലും ആഘോഷമാക്കുകയും നിസാരവത്കരിക്കുകയും ചെയ്യുന്ന കുറെ കൗമാരക്കാരെയാണ് നാമതില്‍ കാണുന്നത്.
അവരുടെ വാക്കുകളില്‍ തെല്ലും കുറ്റബോധമില്ലെന്ന യാഥാര്‍ഥ്യം ഒരു സമൂഹമെന്ന നിലയില്‍ നമ്മെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നത് ഗുരുതരമായ കുറ്റകൃത്യ പ്രവണതയെയാണ് സൂചിപ്പിക്കുന്നത്. മിഹിറിന് സംഭവിച്ചതുപോലെയുള്ള പീഡനങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നാം ഇനിമുതല്‍ ചിലതെല്ലാം ശ്രദ്ധിച്ചേ മതിയാകൂ. എന്തുകൊണ്ടാണ് വളരെ ചെറുപ്പത്തിലേ ചിലരില്‍ ഇങ്ങനെയൊരു മനോഭാവം രൂപപ്പെടുന്നതെന്ന് അന്വേഷിക്കുകയാണ് ഈ ലേഖനത്തില്‍.
കുഞ്ഞുമനസ്സിലെ കുറ്റവാസനയ്ക്ക് പിന്നില്‍
മറ്റുള്ളവര്‍ കടന്നുപോകുന്ന അവസ്ഥകള്‍ മനസ്സിലാക്കാനുള്ള മനുഷ്യന്റെ കഴിവാണ് എമ്പതി അഥവാ സഹാനുഭൂതി. സഹാനുഭൂതിയില്ലാതെ വളരുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരുടെ വേദനകള്‍ മനസ്സിലാക്കാന്‍ കഴിയില്ല. പലപ്പോഴും അവര്‍ ഉപദ്രവിക്കുന്ന കൂട്ടുകാരെ മനുഷ്യരായല്ല, വിനോദത്തിനുള്ള ഉപകരണങ്ങളായിട്ടായിരിക്കും കാണുക. സോഷ്യല്‍ മീഡിയയില്‍ ബുള്ളിയിങ്ങും പ്രാങ്കുകളും ചെയ്യുന്ന വീഡിയോകള്‍ പലപ്പോഴും ട്രെന്‍ഡിങ് ആകാറുണ്ട്. ഇതെല്ലാം കുട്ടികളുടെ മനസ്സിനെ തെറ്റായ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.
മറ്റുള്ളവരെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത് നോര്‍മല്‍ ആണെന്ന ഒരു ധാരണ ഈ വീഡിയോകള്‍ സൃഷ്ടിക്കുന്നു. സഹപാഠികളുടെയോ സമപ്രായക്കാരായ സുഹൃത്തുക്കളുടെയോ ഇടയില്‍ ഒരു സ്ഥാനം കണ്ടെത്താനും അവര്‍ക്കിടയില്‍ അംഗീകാരം നേടാനും ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്ന കുട്ടികളുമുണ്ട്. ഗ്രൂപ്പ് മെന്റാലിറ്റി, പിയര്‍ പ്രെഷര്‍ എന്നൊക്കെയാണ് അതിനെ വിളിക്കാറുള്ളത്. ഇത്തരം ഗ്രൂപ്പുകളില്‍ അകപ്പെട്ടുകഴിഞ്ഞാല്‍ ധാര്‍മ്മികമായ അതിര്‍വരമ്പുകള്‍ മായുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന ചിന്തകള്‍ ഉണ്ടാവുകയും ചെയ്യും. ഇതിനെല്ലാം പുറമെയാണ് നിറയെ വയലന്‍സ് രംഗങ്ങളുള്ള ഗെയിമുകളുടെയും സിനിമകളുടെയും സ്വാധീനം.
വാര്‍ത്തകളില്‍ കാണുന്ന അക്രമസംഭവങ്ങള്‍ വരെ നമ്മളറിയാതെ കുട്ടികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. കടുത്ത അപകര്‍ഷതാബോധമുള്ളവരും മുന്‍കാല ദുരനുഭവങ്ങളുടെ ട്രോമകള്‍ പേറുന്ന കുട്ടികളും ജീവിതത്തില്‍ തനിക്ക് ചില കാര്യങ്ങളിലെങ്കിലും നിയന്ത്രണമുണ്ടെന്ന് സ്ഥാപിക്കാന്‍ ഇത്തരം കുറ്റവാസനകള്‍ പ്രകടിപ്പിക്കാറുണ്ട്. മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് അവഗണന നേരിടുന്ന കുട്ടികള്‍, എന്തിനും ഏതിനും കര്‍ശന നിയന്ത്രണങ്ങളില്‍ വീര്‍പ്പുമുട്ടുന്നവര്‍, സ്വന്തം വീട്ടില്‍ നിന്ന് സ്‌നേഹവും സഹാനുഭൂതിയും കിട്ടാതെ വളരുന്ന കുട്ടികള്‍ എന്നിവരിലും ഇത്തരം പെരുമാറ്റപ്രശ്‌നങ്ങള്‍ കാണാറുണ്ട്.
കുട്ടികളില്‍ സഹാനുഭൂതി വളര്‍ത്താം
ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികളില്‍ ചെറുപ്പത്തിലേ ധാര്‍മിക മൂല്യങ്ങളും പൗരബോധവും വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കാണുള്ളത്. സ്വന്തം ജീവിതത്തില്‍ നടക്കുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും അച്ഛനോടും അമ്മയോടും പേടിയില്ലാതെ തുറന്നുസംസാരിക്കാനുള്ള ഇടം വീട്ടിലുണ്ടാവണം. മറ്റുള്ളവരോട് ദയ കാണിക്കാനും എല്ലാവരെയും ബഹുമാനിക്കാനും പഠിപ്പിക്കണം. നമ്മളോട് മോശമായി പെരുമാറുന്നവരോട് അകലം പാലിക്കാനുള്ള വഴികളും പറഞ്ഞുകൊടുക്കണം. ഇന്റര്‍നെറ്റ് ഉപയോഗത്തിന് ആരോഗ്യകരമായ പരിധികള്‍ നിര്‍ണയിക്കണം. കുട്ടികള്‍ക്ക് ഇഷ്ടമുള്ള മറ്റ് ഹോബികളോ കഴിവുകളോ കണ്ടെത്തി, അവയെ പിന്തുടരാന്‍ പ്രോത്സാഹിപ്പിക്കാം.
മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ നിന്ന് ജീവിതത്തെ നോക്കിക്കാണാന്‍ അവരെ പ്രേരിപ്പിക്കാം. മാതാപിതാക്കള്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്ന് നിരീക്ഷിച്ചാണ് കുട്ടികള്‍ വളരുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പോസിറ്റീവായ രീതിയില്‍ അവയെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മാതാപിതാക്കളില്‍ നിന്നുവേണം കുട്ടികള്‍ കണ്ടുപഠിക്കാന്‍.
കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്‌കൂളുകളില്‍ ആയതുകൊണ്ട്, അധ്യാപകര്‍ക്കും ഇക്കാര്യത്തില്‍ ചില ഉത്തരവാദിത്തങ്ങളുണ്ട്. ക്ലാസ്സില്‍ അക്രമവാസനയോ ബുള്ളിയിങ്ങോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. ബുള്ളിയിങ്ങിനോ റാഗിങ്ങിനോ ഇരയായ കുട്ടികള്‍ക്ക് ഭയമില്ലാതെ അധികൃതരോട് പരാതിപ്പെടാനുള്ള സംവിധാനം എല്ലാ സ്‌കൂളുകളിലും ഉണ്ടായിരിക്കണം.
സ്‌കൂളുകളില്‍ റാഗിങ്ങിനെതിരെ ശക്തമായ ചട്ടങ്ങള്‍ ഉണ്ടാകണം. ഇത്തരം പ്രവണതകള്‍ ആരോഗ്യകരമായ നിലയില്‍ ശിക്ഷിക്കപ്പെടണം. പരസ്പരസഹകരണവും സൗഹൃദവും നിറയുന്ന അന്തരീക്ഷം സ്‌കൂളുകളില്‍ ഒരുക്കിനല്‍കണം. കുട്ടികളുടെ മാനസികാരോഗ്യത്തിനും വൈകാരികബുദ്ധിയുടെ വളര്‍ച്ചയ്ക്കും വേണ്ടി ശില്പശാലകള്‍ സംഘടിപ്പിക്കാം. വ്യത്യസ്തരായ എല്ലാ കുട്ടികള്‍ക്കും സുരക്ഷയും സന്തോഷവും ലഭിക്കുന്ന ഇടങ്ങളായി നമ്മുടെ സ്‌കൂളുകള്‍ മാറട്ടെ.
(കൊച്ചി പ്രയത്‌നയിലെ സൈക്കോളജിസ്റ്റും എ.ബി.എ. തെറാപിസ്റ്റുമാണ് ലേഖിക)
Content Highlights: kochi teen mihir ahmed suicide why children lacks regrets
Published: 01 Feb 2025, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented