
ഒരു പറ്റം 'കന്യക'മാരുടെ സംഘം, അവരായിരുന്നു ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ അംഗരക്ഷകര്‍. ഒരു രാജ്യം ഭരിക്കുന്ന നേതാവിന് വനിതകള്‍ മാത്രമുള്ള കാവല്‍സംഘമുണ്ടാകുന്നത് അന്ന് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. അതുകൊണ്ടുതന്നെ 1980-കളില്‍ ലോകമാധ്യമങ്ങളില്‍ ഇക്കാര്യം വലിയ ചര്‍ച്ചയായി. വിദേശയാത്രകളിലും ആഭ്യന്തരയാത്രകളിലും തോക്കും യൂണിഫോമുമണിഞ്ഞ് ജാഗ്രതയോടെ ഈ അംഗരക്ഷകര്‍ ഗദ്ദാഫിയെ അനുഗമിച്ചു. സൈനികവേഷത്തിനു പുറമെ, ആഭരണങ്ങളും അലങ്കാരങ്ങളും ഹൈഹീല്‍സുമണിയുന്ന പെണ്‍സംഘം 'ദി റെവല്യൂഷണറി നണ്‍സ്' എന്നറിയപ്പെട്ടു. 1980-കളുടെ തുടക്കത്തിലാണ് ഗദ്ദാഫി ഇങ്ങനെയൊരു സംഘത്തെ വളര്‍ത്തിത്തുടങ്ങുന്നത്.
ട്രിപ്പോളിയിലെ പോലീസ് അക്കാദമിയില്‍ തോക്കുപയോഗിക്കാനും ആയോധനകലകളിലും പരിശീലനം, കന്യകകളായിരിക്കുമെന്ന പ്രതിജ്ഞ... ഇതെല്ലാം കഴിഞ്ഞശേഷം തന്റെ അംഗരക്ഷകരാവേണ്ട ഓരോരുത്തരെയും ഗദ്ദാഫി നേരിട്ട് തിരഞ്ഞെടുക്കും. മുഴുവന്‍ സമയവും സുരക്ഷയുറപ്പാക്കല്‍, പുസ്തകങ്ങള്‍ വായിച്ചുകൊടുക്കല്‍, വീടുവൃത്തിയാക്കല്‍ തുടങ്ങിയവയാണ് അവരുടെ ദൗത്യങ്ങള്‍. സുരക്ഷയ്ക്കും വീട്ടുജോലിക്കുമായി 15 പേര്‍ എല്ലായിപ്പോഴും ഗദ്ദാഫിക്കൊപ്പം സഞ്ചരിക്കും. എക്കാലത്തും ഗദ്ദാഫിയോടു കൂറുപുലര്‍ത്തിയ ഈ പെണ്‍കവചത്തെ ആമസോണിയന്‍ ഗാര്‍ഡ് എന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
Also Read
എന്തുകൊണ്ട് വനിതാഅംഗരക്ഷകര്‍?
27-ാം വയസ്സില്‍ ഇദ്രിസ് രാജാവിനെ അട്ടിമറിച്ച് വിമതനീക്കത്തിലൂടെ ലിബിയയുടെ അധികാരം തന്റെ ഉരുക്കുമുഷ്ടിയിലാക്കിയതാണ് ഗദ്ദാഫി. പിന്നീട് നീണ്ട നാലുപതിറ്റാണ്ട് രാജ്യത്തിന്റെ ഏകാധിപതി. ക്രൂരമായ ഭരണം. അധികാരത്തിന്റെ ലഹരിയില്‍ മുങ്ങിനിന്നപ്പോഴും തനിക്കെതിരേയും എപ്പോഴും ഒരു വിമതനീക്കമുണ്ടായേക്കുമെന്ന് ഗദ്ദാഫിയും ഭയന്നു. സ്വയംസുരക്ഷയ്ക്ക് മുന്‍തൂക്കം കൊടുത്തു. അതിന് വനിതകളെ തിരഞ്ഞെടുക്കാനും കാരണമുണ്ട്. അറബികളായ ആണുങ്ങള്‍ സ്ത്രീകളോട് അലിവുള്ളവരും അവരെ ആക്രമിക്കാന്‍ മടിക്കുന്നവരുമാണെന്ന വസ്തുതയാണത്. തനിക്കുനേരെ ആക്രമണമുണ്ടാകുമ്പോള്‍ സ്ത്രീകളെ കവചമാക്കാം. 1998-ല്‍ ഗദ്ദാഫിക്കുനേരെ നടന്ന ഒരു വധശ്രമം ചെറുത്തത് ഈ അംഗരക്ഷകര്‍ തന്നെയായിരുന്നു. ഏഴുപേര്‍ക്ക് അന്ന് പരിക്കേറ്റപ്പോള്‍ ഒരാള്‍ക്ക് ജീവനും നഷ്ടപ്പെട്ടു.
സ്ത്രീകള്‍ തനിക്കുചുറ്റുമുണ്ടാവുന്നതില്‍ ഗദ്ദാഫി സന്തോഷം കണ്ടെത്തിയിരുന്നെന്നും അതിനാലാണ് കാവലിനും അവരെത്തന്നെ നിയോഗിച്ചതെന്നും അനുമാനിക്കുന്നവരുണ്ട്. അതേസമയം, കന്യകാസംഘത്തിലെ പലരും പിന്നീട് തങ്ങള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്നും വെളിപ്പെടുത്തുകയുണ്ടായി. സംഘത്തിലേക്ക് പുതുതായി വരുന്നവരെ ആദ്യം ഗദ്ദാഫി ബലാത്സംഗം ചെയ്യും. പിന്നീട് അവരെ ഗദ്ദാഫിയുടെ മക്കള്‍ ഓരോരുത്തര്‍ക്കുമായി നല്‍കും. അതിനുംശേഷം സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു നല്‍കും. ഘട്ടംഘട്ടമായി ലൈംഗിക ഉപദ്രവം. എതിര്‍ക്കുന്നവര്‍ ക്രൂരപീഡനങ്ങള്‍ക്കിരയായി. 2006-ല്‍ നൈജീരിയ സന്ദര്‍ശനവേളയില്‍ 200-ഓളം പെണ്‍സേനകള്‍ ഗദ്ദാഫിക്കൊപ്പമുണ്ടായിരുന്നു. 2009-ലെ ഇറ്റലി യാത്രയില്‍ 300-ഓളം പേരും. ഇവരൊന്നും അംഗരക്ഷകരല്ലെന്നും ലൈംഗികഅടിമകളായിരുന്നെന്നും പിന്നീട് മനുഷ്യാവകാശസംഘടനകള്‍ സ്ഥിരീകരിച്ചു. ഗദ്ദാഫിയുടെ പതനത്തിനുശേഷം അംഗരക്ഷകരില്‍ ഭൂരിഭാഗവും ഇപ്പോഴും ഒളിവിലാണ്. നേതാവെന്ന നിലയില്‍ തന്റെ നില കൂടുതല്‍ പരുങ്ങലിലായപ്പോള്‍ സംഘത്തെ ഗദ്ദാഫി പിരിച്ചുവിട്ടുവെന്നും പിന്നീട് ഇവര്‍ ഒളിവില്‍ പോയെന്നും പറയപ്പെടുന്നു.
സ്ത്രീകളെ ആയുധമാക്കിയ ഗദ്ദാഫി
പശ്ചിമേഷ്യയിലാകെ പടര്‍ന്ന അറബ് വസന്തത്തിന്റെ അലയൊലികള്‍ ടുണിഷ്യയും ഈജിപ്തും പിന്നിട്ട് വൈകാതെ ലിബിയയിലുമെത്തി. കാറ്റ് ഏകാധിപതികള്‍ക്കെതിരേ വീശി. 2011 ഫെബ്രുവരിയില്‍ ലിബിയയിലെ ഏകാധിപത്യഭരണത്തോട് എതിര്‍പ്പുണ്ടായിരുന്നവര്‍ ഗദ്ദാഫിക്കെതിരേ നീങ്ങി. വിമതനീക്കത്തില്‍ നാട് കലാപത്തില്‍ മുങ്ങി. ലിബിയയില്‍ കലാപം തുടങ്ങിയതുമുതല്‍, വിമതരെ തകര്‍ക്കാന്‍ മുഅമര്‍ ഗദ്ദാഫി ഒട്ടേറെ ആയുധങ്ങള്‍ പരീക്ഷിച്ചു, മെഷീന്‍ ഗണ്ണുകള്‍, ടാങ്കുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ഓരോന്നും ഒന്നിനൊന്ന് മൂര്‍ച്ചയേറിയത്. അതിലും മൂര്‍ച്ചയേറിയ ഒരു അടിച്ചമര്‍ത്തല്‍ തന്ത്രം ഗദ്ദാഫി പ്രയോഗിച്ചുവെന്ന വാര്‍ത്ത പിന്നീടാണ് ലോകമറിഞ്ഞത്.
ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളി സൈനിക ലോക്ഡൗണിലായിരുന്നു കാലം. പുറത്തുനിന്ന് അന്വേഷിക്കാനെത്തുന്നവര്‍ക്കും മാധ്യമങ്ങള്‍ക്കും അകത്തുകടക്കുന്നതിന് കര്‍ശനനിയന്ത്രണമായിരുന്നു. പക്ഷേ സ്ത്രീകളില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ മനുഷ്യാവകാശസംഘടനകള്‍ ആ വാര്‍ത്ത പുറത്തെത്തിച്ചു. 'വിമതപക്ഷത്തുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്യാനും അതിലൂടെ അവരേയും കുടുംബത്തെയും തളര്‍ത്താനും ഗദ്ദാഫി പദ്ധതി തയ്യാറാക്കി'.
ലൈംഗിക ഉത്തേജനമുണ്ടാകാന്‍ വയാഗ്ര മരുന്നുകളും കോണ്ടവും ലൈംഗികാതിക്രമണ ദൃശ്യങ്ങളുമെല്ലാം ഗദ്ദാഫി ഭരണകൂടം നേരിട്ട് കൂലിപ്പടയാളികള്‍ക്ക് നല്‍കി. വിമതരുടെ കുടുംബങ്ങളെ അപമാനിതരാക്കി മാനസികമായി അടിവേരറുക്കുകയായിരുന്നു ലക്ഷ്യം. ലിബിയന്‍ സമൂഹത്തില്‍ ഏറ്റവും ഉചിതമാണ് ഈ യുദ്ധതന്ത്രമെന്ന് ഗദ്ദാഫിക്ക് നല്ല ബോധ്യമുണ്ടായിരുന്നിരിക്കണം. കാരണം സ്ത്രീ ലൈംഗികാതിക്രമത്തിനിരയായാല്‍ അവള്‍ക്കും കുടുംബത്തിനും മാത്രമല്ല, ഗോത്രത്തിനും വലിയ അപമാനമായിട്ടാണ് ലിബിയക്കാര്‍ കരുതുന്നത്. അവളെ തിരികെ സ്വീകരിക്കാന്‍ കുടുംബംപോലും തയ്യാറായേക്കില്ല. ദുരനുഭവമുണ്ടായ സ്ത്രീകള്‍ കൊല്ലപ്പെടണമെന്നാണ് സഹോദരങ്ങള്‍ പോലും കരുതുക. ദുരഭിമാനത്തെ മറികടക്കാന്‍ സ്വന്തം കൈകള്‍കൊണ്ട് അത് ചെയ്യാന്‍ പോലും അവര്‍ തയ്യാറാവും. സ്ത്രീകള്‍ക്ക് പിന്നീട് ഒളിവുജീവിതമാണ്. വളരെ അപൂര്‍വമായി ചില സ്ത്രീകളെ കുടുംബം ഒപ്പം താമസിക്കാന്‍ അനുവദിക്കാറുമുണ്ട്.
സ്ത്രീകളെ നഗ്നരായി മരുഭൂമിയില്‍ ഉപേക്ഷിക്കും
പടിഞ്ഞാറന്‍ പര്‍വതനിരകളിലെ യെഫ്രെന്‍ എന്ന പട്ടണത്തില്‍ 50-ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നശേഷം മൃതദേഹങ്ങള്‍ അടുത്തുള്ള ഒരു ഗുഹയില്‍ തള്ളിയതായി ദൃക്സാക്ഷികള്‍ മനുഷ്യാവകാശസംഘത്തോട് പറയുകയുണ്ടായി. ഗദ്ദാഫിയുടെ സൈന്യത്തെ ഭയന്നതിനാല്‍ സ്ത്രീകളെ തിരിച്ചറിയാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല. സൈനിക ചെക്ക്പോസ്റ്റിലൂടെ വാഹനത്തില്‍ പോകവേയാണ് മറ്റൊരു സ്ത്രീയെ തട്ടിക്കൊണ്ടുപോയത്. പട്ടാളക്കാര്‍ അവരെ ഒരു മാസത്തിലേറെ തടവിലാക്കി, മര്‍ദിച്ചു, ബലാത്സംഗം ചെയ്തു, ശേഷം മോചിപ്പിച്ചു. പിന്നീടവള്‍ ടുണീഷ്യയിലേക്ക് പലായനം ചെയ്തു. ഗദ്ദാഫിയുടെ വിശ്വസ്തസൈനികരുടെ ഒരു സംഘം ഭര്‍ത്താവിനെ കെട്ടിയിട്ട് അദ്ദേഹത്തിനു മുമ്പില്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഒരു സ്ത്രീ ലിബിയന്‍ സൈക്കോളജിസ്റ്റ് സെഹം സെര്‍ജിവയോടു പറഞ്ഞു. ശേഷം തന്റെ കണ്‍മുന്നില്‍ അവരദ്ദേഹത്തെ വെടിവച്ച് കൊന്നുകളഞ്ഞെന്നും. ചില സ്ത്രീകള്‍ക്ക് സ്വന്തം കുട്ടികളുടെ മുന്നില്‍ വെച്ചാണ് ദുരനുഭവമുണ്ടായത്. ചിലയിടങ്ങളില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ദിവസവും 15-ലധികം സൈനികര്‍ ബലാത്സംഗംചെയ്ത സംഭവങ്ങളുണ്ടായി. പിന്നീടവരെ മരുഭൂമിയില്‍ നഗ്‌നരായി ഉപേക്ഷിക്കുകയും ചെയ്യും. 12 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കുപോലും രക്ഷയുണ്ടായിരുന്നില്ല. 'ഞങ്ങളുടെ സംസ്‌കാരവും മാനസികാവസ്ഥയും ഗദ്ദാഫിക്ക് കൃത്യമായി അറിയാം, സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതാണ് ഞങ്ങള്‍ക്കുനല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷ'- അവര്‍ പറയുന്നു.
ഗദ്ദാഫിയുടെ ലൈംഗികഅടിമകള്‍
തന്റെ വീടിന്റെ താഴെത്തട്ടില്‍ സ്ത്രീകളെ പാര്‍പ്പിച്ചിരുന്ന ഒരു സംവിധാനമുണ്ടായിരുന്നു ഗദ്ദാഫിക്ക് എന്ന് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക അനിക് കൊഷീന്‍ 'Prey: In Gaddafi's Harem' എന്ന തന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നു. അടിവസ്ത്രത്തില്‍ ഗദ്ദാഫിക്ക് മുമ്പില്‍ ഹാജരാകാന്‍ നിര്‍ബന്ധിതരായ ഈ സ്ത്രീകളെ രാവും പകലും ഗദ്ദാഫിയുടെ ആവശ്യപ്രകാരം മുറിയിലെത്തിച്ചിരുന്നു. അവര്‍ ലൈംഗിക അതിക്രമത്തിനു വിധേയരായി. മര്‍ദിക്കപ്പെട്ടു, ഗദ്ദാഫിയെ സംബന്ധിച്ചിടത്തോളം ബലാത്സംഗം ഒരു ആയുധമായിരുന്നു. മറ്റുള്ളവര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ഒരു മാര്‍ഗം. ചെറുപ്പക്കാരെയും സൗന്ദര്യമുള്ളവരെയും അവര്‍ തിരഞ്ഞുപിടിച്ചുകൊണ്ടുപോയി. ഗദ്ദാഫിയുടെ കണ്‍മുന്നില്‍ പെടുന്നതോടെ ശാപജീവിതം തുടങ്ങിയ സ്ത്രീകള്‍ ലിബിയയില്‍ ഏറെയുണ്ടായിരുന്നു. പേടിസ്വപ്‌നങ്ങളുമായി ശിഷ്ടജീവിതം ജീവിച്ചവര്‍.
15-ാം വയസ്സില്‍ ലിബിയന്‍ സ്വേച്ഛാധിപതിയുടെ ലൈംഗിക അടിമയായി മാറിയ സൊരായ എന്ന പെണ്‍കുട്ടി ഉദാഹരണം. മബ്രൂക്ക ഷെരിഫ് എന്ന അംഗരക്ഷകയാണ് ഗദ്ദാഫിക്ക് ലൈംഗികഅടിമകളെ തരപ്പെടുത്തി നല്‍കാന്‍ നേതൃത്വംവഹിച്ചവരില്‍ ഒരാള്‍. ഗദ്ദാഫിയുടെ യാത്രകളിലെല്ലാം മിക്കപ്പോഴും മബ്രൂക്ക കൂടെയുണ്ടാവും. യുവതികള്‍ക്കും കുട്ടികള്‍ക്കും പുറമെ യുവാക്കളെയും ചതിയില്‍ പെടുത്തി മബ്രൂക്ക എത്തിച്ചിരുന്നു. ഫ്രാന്‍സില്‍ വരുമ്പോള്‍ അവരുടെ പ്രധാനദൗത്യങ്ങളിലൊന്ന് യുവതികളെ ലിബിയയിലേക്ക് കൊണ്ടുപോവലായിരുന്നു. മുന്തിയ ഹോട്ടലുകളില്‍ തങ്ങാനടക്കം അവര്‍ക്ക് ഫ്രാന്‍സില്‍ ലിബിയന്‍ എംബസിയുടെ സഹായം കിട്ടിയിരുന്നു.
സൊരായക്കു സംഭവിച്ചത്
സൊരായക്ക് 15 വയസ്സുള്ളപ്പോഴാണ് ഗദ്ദാഫി അവള്‍ പഠിച്ച സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തുന്നത്. കാണാന്‍ ഭംഗിയുള്ള പെണ്‍കുട്ടികളെ അതിഥിക്ക് പൂക്കള്‍ നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തിരഞ്ഞെടുത്തു. അതില്‍ സൊരായയും ഉള്‍പ്പെട്ടു. സ്വീകരിക്കാന്‍ പെണ്‍കുട്ടികള്‍ എത്തിയപ്പോള്‍ സൊരായയുടെ തലയില്‍ ഗദ്ദാഫി കൈ വെച്ചു. അതൊരു സൂചനയായിരുന്നു. അടുത്ത ഇര സൊരായയാണ്. പക്ഷേ, അവിടെ കൂടിനിന്നവര്‍ക്കൊന്നും ഇക്കാര്യം മനസ്സിലായില്ല. കാരണം നേതാവിന്റെ ഇരുണ്ട മുഖം ഏറെക്കുറെ ജനങ്ങളില്‍ നിന്ന് മറയ്ക്കപ്പെട്ടിരുന്നു. അന്ന് സാധാരണപോലെ സൊരായ വീട്ടില്‍ പോയി.
അടുത്തദിവസം ബോര്‍ഡിഗാര്‍ഡുകളായ വനിതകള്‍ സൊരായയുടെ വീട്ടിലെത്തി. ഗദ്ദാഫിക്ക് പൂകൊടുക്കാന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുവെന്നു പറഞ്ഞ് അവളെയും കൂട്ടിയിറങ്ങി. നേതാവിന് പൂ കൊടുക്കാനാണല്ലോ എന്നു കരുതി അമ്മ എതിര്‍ത്തില്ല. കാര്യങ്ങളറിഞ്ഞെത്തിയ പിതാവിന് അപ്പോള്‍ ഒന്നുംചെയ്യാനാവുമായിരുന്നില്ല. അപ്പോഴേക്കും അവളെ കാറില്‍ ട്രിപ്പോളിയിലേക്ക് കൊണ്ടുപോയി. മബ്രൂക്ക അവളെ ഗദ്ദാഫിയുടെ മുറിയിലെത്തിച്ചു. തീര്‍ത്തും യാഥാസ്ഥിതിക കുടുംബത്തില്‍ വളര്‍ന്ന 15-കാരിയോട് ദാക്ഷീണ്യമില്ലാതെ ഗദ്ദാഫി പെരുമാറി. തുടര്‍ച്ചയായി രക്തം വാര്‍ന്ന പെണ്‍കുട്ടിയെ അടുത്ത ദിവസങ്ങളിലും അയാള്‍ വെറുതെവിട്ടില്ല. നിര്‍ബന്ധിച്ച് പുകവലിപ്പിച്ചു, മദ്യംനല്‍കി, കൊക്കെയ്ന്‍ നല്‍കി. മറ്റു പെണ്‍കുട്ടികളോട് ലൈംഗികവൈകൃതങ്ങള്‍ കാട്ടുന്നത് കണ്ടുനില്‍ക്കേണ്ടിയുംവന്നു. കുട്ടികളെ പോണ്‍വീഡിയോകള്‍ കാണിക്കുന്നതും ഗദ്ദാഫിയുടെ ശീലമായിരുന്നുവെന്നും അനിക് കൊഷീന്‍ പുസ്തകത്തില്‍ പറയുന്നു.
ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍-ഇസ്ലാം തങ്ങളോട് ലൈംഗികാതിക്രമം നടത്താന്‍ ഉത്തരവിട്ടുവെന്ന് യുദ്ധത്തടവുകാരനായ മുന്‍ പട്ടാളക്കാരന്‍ പിന്നീട് ബി.ബി.സി.യോടു വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു വീടിനുള്ളില്‍ കുറച്ചുപേര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും മറ്റുള്ളവര്‍ നൃത്തം ചെയ്യുകയും സംഗീതം ആസ്വദിക്കുകകയും ചെയ്തിന് താന്‍ സാക്ഷിയാണെന്നും. കൂലിപ്പട്ടാളക്കാര്‍ക്ക് വിതരണം ചെയ്ത വയാഗ്രയുടെ വീഡിയോ അല്‍ജസീറയും പുറത്തുവിട്ടിരുന്നു. 2006 മുതല്‍ 2011 വരെ ലിബിയന്‍ പ്രധാനമന്ത്രിയായിരുന്ന ബാഗ്ദാദി മഹ്മൂദിയാണ് ബലാത്സംഗംങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് 2019-ല്‍ പുറത്തുവന്ന ഒരു ശബ്ദരേഖയിലൂടെ വെളിപ്പെടുകയുണ്ടായി.

കലാപംമൂലം അഭയാര്‍ഥികളായി വിദേശത്തും രാജ്യത്തിനുള്ളിലെ പലയിടത്തും അഭയം നേടിയ ഏകദേശം 61,000 പേരില്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയ കാര്യങ്ങളാണിവ. 14-നും 57-നും ഇടയില്‍ പ്രായമുള്ള 259 സ്ത്രീകള്‍ തങ്ങള്‍ ബലാത്സംഗത്തിനിരയായതായി തുറന്നുപറഞ്ഞു. ടുണീഷ്യയില്‍ താമസിക്കുന്ന അഭയാര്‍ഥികളില്‍ 300-ലേറെപ്പേരും. ചീത്തപ്പേര് ഭയന്ന് പലരും തുറന്നുപറഞ്ഞില്ല. അതിനാല്‍ യഥാര്‍ഥകണക്ക് ഇതിലുമേറെയായിരിക്കും. ഇരകളായതിന് ശേഷം ചില സ്ത്രീകളെ അവരുടെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചിട്ടുണ്ട്. കുടുംബവും.
ഗദ്ദാഫിയുടെ പതനം
പ്രയോഗിച്ച അടിച്ചമര്‍ത്തല്‍ തന്ത്രങ്ങള്‍ക്കൊന്നും ലിബിയന്‍ കലാപത്തില്‍ ഗദ്ദാഫിയെ രക്ഷപ്പെടുത്താനായില്ല. വിമതര്‍ ശക്തിയാര്‍ജിച്ചതോടെ ഗദ്ദാഫിക്ക് ശക്തി നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ട കലാപത്തെ നിയന്ത്രണത്തില്‍ വരുത്താനാവാതെ അഴുക്കുചാലുകളില്‍ ഒളിച്ചിരിക്കേണ്ടിവന്നു. അങ്ങനെയൊരു സന്ദര്‍ഭത്തില്‍ 2011 ഒക്ടോബര്‍ 20-ന് തെരുവില്‍ വിമതര്‍ ഗദ്ദാഫിയെ വെടിവെച്ചുകൊന്നു. വിമതരോട് ജീവനുവേണ്ടി കേഴുകയും ചോരയൊലിപ്പിക്കുകയും ചെയ്യുന്ന ഗദ്ദാഫിയുടെയുടെ വീഡിയോ പിന്നീട് ലോകം മുഴുവന്‍ പ്രചരിച്ചു. ഏകാധിപത്യം അവസാനിച്ച് രാജ്യത്ത് പുതിയ ഭരണം വന്നെങ്കിലും ലിബിയയില്‍ ഇന്നും രാഷ്ട്രീയ അസ്ഥിരതയാണ്.
Content Highlights: rape was a weapon for libyan leader muammar gaddafi
Published: 06 Mar 2024, 10:59 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented