ഭാരം കൂടിയാല്‍ ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്നവരാണ് ബോളിവുഡ് താരങ്ങള്‍. സെലിബ്രിറ്റികളും അവരുടെ ഭാരം കുറയ്ക്കലും സമൂഹമാധ്യമങ്ങളില്‍ എന്നും ചര്‍ച്ചാ വിഷയമാണ്. ഗായകനും നടനും ടെലിവിഷന്‍ ഹോസ്റ്റുമായ കപില്‍ ശര്‍മ്മയുടെ ഫിറ്റ്‌നസ് ട്രാൻസ്ഫർമേഷനാണ് ഇപ്പോൾ ട്രെന്‍ഡാകുന്നത്. നെറ്റ്ഫ്‌ളിക്‌സിലെ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’ യുടെ പുതിയ സീസണില്‍ ആരാധകരെ അമ്പരപ്പിക്കുന്ന മെക്കോവറുമായി എത്തിയിരിക്കുകയാണ് താരം.

To advertise here,

കപില്‍ ശര്‍മ്മ വെറും 63 ദിവസം കൊണ്ട് പതിനൊന്ന് കിലോ ഭാരം കുറച്ചിരിക്കുകയാണ്. 21-21-21 റൂളിലൂടെയാണ് കപില്‍ തന്റെ ഭാരം കുറച്ചതെന്ന് പറയുന്നു. ഏതൊരു കാര്യവും 21 ദിവസം ചെയ്താല്‍ അത് നമ്മുടെ ശീലത്തിന്റെ ഭാഗമാകുമെന്നാണല്ലോ.

എന്താണ് 21-21-21 റൂള്‍

വളരെ ലളിതമായ ഒരു ജീവിത ശൈലിയാണ് 21-21-21 റൂള്‍.ഇഷ്ട ഭക്ഷണങ്ങള്‍ ഒഴിവാക്കാതെയും അശാസ്ത്രീയമായ ഡയറ്റ് പിന്തുടരാതെയും ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. മൂന്ന് ഘട്ടങ്ങളായാണ് ഈ റൂള്‍ പിന്തുടരേണ്ടത്. ആദ്യത്തെ 21 ദിവസം ശരീരത്തെ ചലിപ്പിക്കുന്ന ലളിതമായ വ്യായാമങ്ങള്‍ മാത്രം ചെയ്താല്‍ മതി. ഈ മൂന്നാഴ്ച ഇഷ്ടഭക്ഷണം ഒഴിവാക്കേണ്ട ആവശ്യമില്ല.

പിന്നീടുളള 21 ദിവസം ഭക്ഷണക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരണം. കാര്‍ബോഹൈഡ്രേറ്റ്,കലോറി എന്നിവ കുറക്കാതെ ചായയിലെ പഞ്ചസാരയുടെ അളവ് കുറക്കുകയും, മധുര പലഹാരങ്ങൾ പൂര്‍ണമായും ഒഴിവാക്കാതെ അവയുടെ അളവ് കുറക്കുകയും ചെയ്യുക.

അവസാനത്തെ 21 ദിവസം ദുശ്ശീലങ്ങള്‍ ഒഴിവാക്കുന്നതിനുള്ളതാണ്. കഫീന്‍,പുകവലി,മദ്യപാനം എന്നിവ നിയന്ത്രിക്കുക. കുറ്റബോധമോ സമ്മര്‍ദമോ തോന്നുന്നതിനുപകരം, ഇത്തരം ശീലങ്ങളുടെ ദോഷവശങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരായാല്‍ അവ നിയന്ത്രിക്കാന്‍ എളുപ്പമായിരിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് വളരെ സഹായിക്കും.

തുടര്‍ച്ചയായ 63 ദിവസം യാതൊരു വേദനയോ നഷ്ടമോ ഇല്ലാതെ തന്നെ ഈ റൂളിലൂടെ നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുകയും ക്രമേണ ഭാരം കുറയുകയും ചെയ്യുന്നു. 42-ാം ദിവസമാകുമ്പോള്‍ തന്നെ നിങ്ങളുടെ ശരീരത്തില്‍ പ്രകടമായ മാറ്റം അനുഭവപ്പെടുന്നു. ഇതിലൂടെ ആത്മവിശ്വാസവും ലഭിക്കുകയും ശരീരവും മനസ്സും നിങ്ങളുടെ നിയന്ത്രണത്തില്‍ വരുകയും ചെയ്യുന്നു. തുടക്കക്കാര്‍ക്കും മറ്റൊരാളുടെ പ്രേരണ ഇല്ലാതെയും ചെയ്യാന്‍ പറ്റിയ ഏറ്റവും മികച്ച ഫിറ്റ്‌നസ് മാര്‍ഗമാണ് 21-21-21 റൂള്‍.

ഒസെംപിക് എന്ന മരുന്നുപയോഗിച്ചാണ് താരം ശരീരഭാരം കുറച്ചത് എന്നുവരെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ താന്‍ രൂപകല്‍പ്പന ചെയ്ത ലളിതമായ 21-21-21 റൂളനുസരിച്ചാണ് കപില്‍ ശര്‍മയ്ക്ക് ഇത്രയും പെട്ടന്ന് ശരീരഭാരം കുറക്കാന്‍ സാധിച്ചത് എന്ന് ഒരു യൂട്യൂബ് ചാനലില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സെലിബ്രിറ്റി ഫിറ്റ്‌നസ്സ് പരിശീലകന്‍ യോഗേഷ് ഭട്ടേജ. ഇതിനുമുമ്പ് ഫറാ ഖാനും ഇത്തരത്തില്‍ ശരീരഭാരം കുറച്ചിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi