രസകരമായ ഒരു സംഭാഷണത്തിനിടയിൽ ഒരു രോഗി തമാശയായി എന്നോട് പറഞ്ഞു, 'ഡോക്ടറേ, വീട്ടിലെ വിജാഗിരി സൗണ്ട് ഉണ്ടാകുന്നതുപോലെയാ എന്റെ മുട്ടിന്റെ ശബ്ദം.' അങ്ങനെ എത്രയെത്ര വിജാഗിരിയുടെ സൗണ്ടുകൾ. നീർവീക്കം, വേദന, മുട്ടനക്കാൻ പറ്റുന്നില്ല, നടക്കാൻ കഴിയുന്നില്ല എന്നൊക്കെയുള്ള പരാതികളും. മുട്ടുവേദന, ഇടുപ്പുവേദന, നടുവേദന തുടങ്ങി നൂറുകൂട്ടം വേദനകളുമാണ് എല്ലാവർക്കും, ഏറെയും സന്ധികളുമായി ബന്ധപ്പെട്ടവ.
സന്ധിവാതം എന്നാൽ സന്ധികളെ ക്ഷയിപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ് (ജോയിന്റ് ഡീജനറേറ്റീവ് ഡിസീസ്). സാധാരണയായി 50 വയസ്സിനു മുകളിലുള്ള ആളുകളിലാണ് കാൽമുട്ടുവേദന അല്ലെങ്കിൽ ഓസ്റ്റിയോആർത്രൈറ്റിസ് കൂടുതലായി കാണപ്പെടുന്നത്. നമ്മുടെ ശരീരത്തിലെ അസ്ഥിസന്ധികളെ യോജിപ്പിക്കുന്ന ഭാഗങ്ങളിൽ, അവ തമ്മിൽ ഉരസാതെ ചലിപ്പിക്കാൻ സഹായിക്കുന്നത് ഇലാസ്റ്റിക് കാർട്ടിലേജുകളാണ്. ഈ കാർട്ടിലേജുകൾക്ക് ക്ഷതം സംഭവിക്കുമ്പോൾ, സന്ധികൾ തമ്മിൽ ഉരസലിന് കാരണമാകുന്നു. ഇത് അസ്ഥികളിൽ വിള്ളലുകൾ ഉണ്ടാക്കുന്നു. ഈ വിള്ളലുകളിൽനിന്ന് പുതിയ വളർച്ചകൾ ഉണ്ടാകുകയും, അത് ലിഗമെന്റുകൾക്കും മെംബ്രെയിനുകൾക്കും കട്ടികൂട്ടി, ഒപ്പം സന്ധികളുടെ രൂപത്തിനും ഘടനയ്ക്കും മാറ്റം വരുത്തുകയും ചെയ്യുന്നു. തന്മൂലം സന്ധികളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചുറ്റുമുള്ള മാംസപേശികളെ ചുരുക്കുകയും വലിഞ്ഞുമുറുക്കുകയും ചെയ്യുന്നു. തുടർന്ന് വേദനയും ബലഹീനതയും ഉണ്ടാകുന്നു. കാൽമുട്ട്, അരക്കെട്ട്, നട്ടെല്ലിന്റെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് ഓസ്റ്റിയോആർത്രൈറ്റിസ് കൂടുതലായി ബാധിക്കാറ്.
എന്താണ് സന്ധിവാതത്തിന്റെ കാരണം?
- പ്രായം കൂടുന്നതിനനുസരിച്ച് എല്ലുകളിൽ വരുന്ന തേയ്മാനം.
- പാരമ്പര്യം.
- അമിതമായ ശരീരഭാരം (ഉയരത്തിനനുസരിച്ചുള്ള ഭാരത്തേക്കാൾ കൂടുതൽ).
- അമിതമായി നിൽക്കുക, നടക്കുക, ഭാരം എടുക്കുക. ഇവയെല്ലാം സന്ധികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.
- മെറ്റബോളിക് ഡീജനറേറ്റീവ് ഡിസീസുകൾ (ഉപാപചയ പ്രവർത്തനങ്ങളിലെ തകരാറുകൾകൊണ്ട് ഉണ്ടാകുന്ന അസുഖങ്ങൾ) മൂലവും സന്ധിവാതം ഉണ്ടാകാം.
സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ
- സന്ധിക്കും, ചുറ്റുമുള്ള മാംസപേശികൾക്കുമുള്ള വേദന.
- ബലക്കുറവ്.
- സന്ധികളുടെ ആകൃതിക്ക് വരുന്ന മാറ്റങ്ങൾ.
- നടക്കുമ്പോൾ അതിയായ വേദനയും വിശ്രമിക്കുമ്പോൾ കുറയുകയും ചെയ്യുന്നു.
സന്ധിവാതം ചികിത്സകൊണ്ട് പൂർണ്ണമായി ഭേദപ്പെടുത്താൻ കഴിയുന്ന രോഗമല്ല. ചിട്ടയായ വ്യായാമം, വിശ്രമം, മിതമായ ആഹാരം ഒപ്പം ഔഷധ പ്രയോഗങ്ങളും സന്ധിവാതം കുറയ്ക്കാൻ സഹായിക്കുന്നു. സന്ധികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കാതെ നോക്കുക, വേദന കുറയ്ക്കുക, വൈകല്യങ്ങൾ ഉണ്ടാകാതെ നോക്കുക എന്നതാണ് ചികിത്സകൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.
ആയുർവേദ ചികിത്സാരീതികൾ
രസ്‌നാസപ്തകം കഷായം, ഗുഗ്ഗുലുതിക്തകം കഷായം, സാഹചരാദി കഷായം, വലിയ രാസ്‌നാദി കഷായം, ധന്വന്തരം തുടങ്ങിയ ഔഷധയോഗങ്ങളും ഓരോരുത്തരുടെയും ശരീരപ്രകൃതിക്കനുസരിച്ച് ആവർത്തി, ഘൃതം, തൈലം എന്നിവയും ഇലക്കിഴി, പൊടിക്കിഴി, ധാന്യക്കിഴി, ഞവരക്കിഴി തുടങ്ങിയ കിഴികൾ, അതുപോലെ സ്‌നേഹനം, സ്വേദനം, വേഷ്ടനം (വാതഹരങ്ങളായ തൈലങ്ങളിൽ എണ്ണ തുണിയിലോ പഞ്ഞിയിലോ മുക്കി കെട്ടുന്ന ചികിത്സാരീതി), പിഴിച്ചിൽ, അഭ്യംഗം, സന്ധികളിൽ ധാര, ഉപനാഹം (ഔഷധക്കൂട്ടുകൾ വെച്ചുകെട്ടുന്ന ചികിത്സാരീതി), ലേപനങ്ങൾ എന്നിവയെല്ലാം സന്ധികളിലുണ്ടാകുന്ന വേദന കുറയ്ക്കാനും സന്ധികളുടെ ചലനശേഷി കൂട്ടാനും അസ്ഥിസന്ധികളുടെ ബലക്കുറവ് മാറ്റാനും സഹായിക്കുന്നു.
ഇന്നത്തെ കാലത്ത് ആഹാരത്തേക്കാൾ കൂടുതൽ ഔഷധം കഴിക്കുകയും ചിട്ടയായ ആഹാരക്രമങ്ങളും വ്യായാമശീലങ്ങളും ഇല്ലാതാവുകയും ചെയ്യുന്നത് സന്ധിവാതം കൂടാൻ കാരണമാകുന്നു. 'ആഹാരമാണ് അമൃതം' ചിട്ടയായ ശീലങ്ങൾ നിങ്ങളെ ആരോഗ്യമുള്ള ശരീരത്തിലേക്ക് നയിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: understanding joint pain its causes, symptoms and effective ayurvedic treatment for relief
Published: 03 Aug 2025, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented