ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഫിറ്റ്നസ് ട്രെൻഡുകളിൽ ഒന്നാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് അഥവാ ഇടവേളകളിലുള്ള ഭക്ഷണശീലം. നിങ്ങളുടെ ദിവസമോ ആഴ്ചയോ ഉപവാസത്തിനും ഭക്ഷണം കഴിക്കുന്നതിനുമുള്ള സമയങ്ങളായി വിഭജിക്കുന്ന ഭക്ഷണരീതിയാണ് ഇത്. മിക്ക ‍ഡയറ്റ് പ്ലാനുകളും എന്ത് കഴിക്കണമെന്നതിന് പ്രധാന്യം നൽകുമ്പോൾ ഇവിടെ എപ്പോൾ കഴിക്കണം എന്നതാണ് പ്രധാനം. ശരീരഭാരം കുറയ്ക്കാൻ ഇന്ന് സെലിബ്രിറ്റികളടക്കം വ്യാപകമായി ഉപയോഗിച്ചുവരുന്ന രീതി കൂടിയാണ് ഇൻ‌റർമിറ്റന്റ് ഫാസ്റ്റിങ്. സമീപകാലത്തായി വന്ന ഒരു പഠനം ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിന് അപകടസാധ്യതകളേറെയാണെന്നാണ് സൂചിപ്പിക്കുന്നത്.

ഡയബറ്റിസ് ആൻഡ് മെറ്റബോളിക് സിൻഡ്രോം ക്ലിനിക്കൽ റിസർച്ച് ആൻഡ് റിവ്യൂസിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം, ഇടവിട്ടുള്ള ഉപവാസം ഹൃദയ സംബന്ധമായ അപകടസാധ്യതകൽ വർധിപ്പിക്കുമെന്നാണ് പറയുന്നത്. യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിൽ പത്തൊമ്പതിനായിരത്തിലധികം ആളുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് ദിവസേന കഴിക്കുന്ന ഭക്ഷണത്തിന്റെ ഇടവേളകളും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും പഠനം നടത്തി. സാധാരണ ഭക്ഷണക്രമത്തെ അപേക്ഷിച്ച് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരിശീലിക്കുന്നവരിൽ ഹൃദയസംബന്ധമായ അസുഖം വരാനും ഹൃദ്രോഗം മൂലമുള്ള മരണത്തിനും സാധ്യത കൂടുതലാണെന്ന് അവർ കണ്ടെത്തി.

പ്രമേഹമുള്ളവരിൽ, അനിയന്ത്രിതമായ ഉപവാസം ഹൈപ്പോഗ്ലൈസീമിയയ്ക്ക് (രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത്) കാരണമാകും. പ്രായമായവരിലും രോഗികളിലും ദീർഘനേര ഉപവാസം ബലഹീനതയ്ക്കും പേശി ബലക്ഷയത്തിനും കാരണമാകാം.

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഇൻസുലിൻ സംവേദനക്ഷമത, രക്തസമ്മർദ്ദം ക്രമീകരിക്കൽ, മെച്ചപ്പെട്ട ലിപിഡ് പ്രൊഫൈല്‍ തുടങ്ങിയ ഗുണങ്ങളും നൽകുന്നുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എങ്കിലും, ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എല്ലാവർക്കും അനുയോജ്യമല്ല. കൃത്യമായി ചെയ്തില്ലെങ്കിൽ പാർശ്വഫലങ്ങൾക്കും ഇടയാക്കും. 

ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിന്റെ പാർശ്വഫലങ്ങൾ

1. വിശപ്പും ഭക്ഷണത്തോടുള്ള അമിതമായ താല്പര്യവും

ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ, പ്രത്യേകിച്ച് പ്രാരംഭ ഘട്ടങ്ങളിൽ, കൂടുതൽ വിശപ്പ് അനുഭവപ്പെട്ടേക്കാം. കൂടാതെ, നിങ്ങൾ ഇടയ്ക്കിടെ ഭക്ഷണം കഴിക്കാൻ ശീലിച്ചവരാണെങ്കിൽ ഭക്ഷണത്തോട് അമിതമായ താല്പര്യവുമുണ്ടാകാം. 

2. ഊർജ്ജക്കുറവ്

ചില വ്യക്തികൾക്ക്, പ്രത്യേകിച്ച് ശരീരം ഡയറ്റുമായി പൊരുത്തപ്പെടുന്ന ഘട്ടത്തിൽ, ക്ഷീണമോ ഊർജ്ജക്കുറവോ അനുഭവപ്പെട്ടേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതുമൂലം ക്ഷീണവും ബലക്ഷയവും ഉണ്ടാകാനിടയുണ്ട്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഉറക്കക്കുറവിനും കാരണമായേക്കാം, ഇത് പകൽ സമയത്ത് ക്ഷീണമുണ്ടാക്കും.

3. തലവേദന

കഫീൻ ഒഴിവാക്കുന്നതോ,  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതോ തലവേദന വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ്  പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

4. മാനസികാവസ്ഥയിലെ മാറ്റങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം ചിലയാളുകൾ ദേഷ്യമോ മാനസികാവസ്ഥയിൽ മാറ്റങ്ങളോ അനുഭവപ്പെടാം.

5. പോഷകാഹാരക്കുറവ്
ശരിയായി ചെയ്തില്ലെങ്കിൽ, ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പോഷകാഹാരക്കുറവിന് ഇടയാക്കും, ഇത് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ, ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ സമീകൃതാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്.

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എങ്ങനെ സുരക്ഷിതമായി ചെയ്യാം

  •  ആദ്യം കുറഞ്ഞ സമയത്തേക്ക് ചെയ്ത് നിങ്ങളുടെ ശരീരം പൊരുത്തപ്പെടുന്നുണ്ടോയെന്ന് നോക്കാം. ക്രമേണ സമയം വർധിപ്പിക്കുക.
  • നിർജ്ജലീകരണം തടയാൻ  ധാരാളം വെള്ളം കുടിക്കുക. ഹെർബൽ ടീകൾ തിരഞ്ഞെടുക്കാം.
  • മറ്റ് സമയങ്ങളിൽ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. അധികമാവുകയും  ചെയ്യരുത്.
  • നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് ശ്രദ്ധിക്കുകയും അതനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുക.

(ശ്രദ്ധയോടെ ചെയ്യുകയാണെങ്കിൽ, ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകാൻ കഴിയും.  പാർശ്വഫലങ്ങൾ ഒഴിവാക്കാൻ വിദഗ്ദ്ധരുടെ ഉപദേശം തേടുന്നത് നല്ലതാണ്.)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi