ന്യുമോണിയ എന്ന വാക്ക് നമുക്ക് അപരിചിതമല്ല. എന്നാല്‍ നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല ന്യുമോണിയയെന്ന് കോവിഡാനന്തര കാലം മനുഷ്യനെ പഠിപ്പിച്ചിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും ആരേയും ബാധിക്കാവുന്ന ഗുരുതരമായ, ജീവന് ഭീഷണിയായേക്കാവുന്ന ശ്വാസകോശ അണുബാധയാണിത്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധികളിലൊന്ന്. ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന വൈറസുകള്‍, ബാക്ടീരിയകള്‍ അല്ലെങ്കില്‍ ഫംഗസുകള്‍ എന്നിവ മൂലമാണ് ന്യുമോണിയ പ്രധാനമായും ഉണ്ടാകുന്നത്.  

To advertise here,

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോള കണക്കെടുത്താല്‍, അഞ്ച് വയസ്സിന് താഴെയുള്ള ഭൂരിഭാഗം കുട്ടികളുടെയും മരണകാരണം ന്യൂമോണിയ എന്ന ഈ വില്ലനാണ്. അഞ്ച് വയസ്സിന് താഴെയുള്ള 14 ലക്ഷം കുട്ടികള്‍ ഓരോ വര്‍ഷവും ന്യൂമോണിയ മൂലം മരിക്കുന്നു. ലോകമെമ്പാടുമുള്ള അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ 18% വരും ഇത്. യുണിസെഫിന്റെ കണക്കനുസരിച്ച്, ഓരോ 39 സെക്കന്‍ഡിലും ഒരു കുട്ടി ന്യൂമോണിയ ബാധിച്ച് മരിക്കുന്നുണ്ട്. 

2019-ലെ കണക്കനുസരിച്ച് കോവിഡ് കാലത്ത് 672,000 കുട്ടികള്‍ ഉള്‍പ്പെടെ 25 ലക്ഷം പേരുടെ ജീവന്‍ ന്യുമോണിയ അപഹരിച്ചിട്ടുണ്ട്. 2021-ല്‍, ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ നിന്നുള്ള മരണങ്ങളുടെ എണ്ണം 6 ലക്ഷം അധികം ഉയര്‍ന്നു. കോവിഡ് ഇതിന് വലിയൊരളവുവരെ കാരണമായിരുന്നു. 

placeholder
എങ്കിലും പ്രധാന അപകട ഘടകങ്ങളിലൊന്ന് വായു മലിനീകരണമാണ്. ന്യുമോണിയ ബാധിച്ച് മരിക്കുന്നവരില്‍ ഏതാണ്ട് മൂന്നിലൊരാള്‍ക്കും മലിനമായ വായുവിലൂടെയാണ് രോഗമെത്തുന്നത്. മലിനീകരണം വെളിയില്‍ മാത്രമല്ല വീടിനകത്തും സംഭവിക്കുന്നു. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 16 ലക്ഷം ന്യുമോണിയ മരണങ്ങളില്‍ പകുതിയും വായു മലിനീകരണവും പുകവലിയും മൂലമാണ്. ന്യുമോണിയയ്ക്ക് എതിരായുള്ള വാക്‌സിനേഷന്‍ നിരക്ക് കുറയുന്ന പ്രദേശങ്ങളിലും ഭക്ഷ്യക്ഷാമം മൂലം പോഷകാഹാരക്കുറവ് വര്‍ദ്ധിക്കുന്ന പ്രദേശങ്ങളിലുമാണ് രോഗം കൂടുതലായും കണ്ടുവരുന്നത്. അടിയന്തര നടപടികള്‍ ഇനിയും സ്വീകരിച്ചില്ലെങ്കില്‍ ശിശുമരണങ്ങള്‍ വര്‍ദ്ധിക്കുമെന്ന് യുനിസെഫ് അഭിപ്രായപ്പെട്ടിട്ടുണ്ട്.  

എന്താണ് ന്യൂമോണിയ
ശ്വാസകോശത്തിലെ ആല്‍വീയോളി എന്ന വായു അറകളില്‍ ദ്രാവകമോ പഴുപ്പോ നിറഞ്ഞ് അണുബാധയുണ്ടാകുന്ന അവസ്ഥയാണ് ന്യുമോണിയ. ശ്വാസകോശത്തില്‍ ആണുബാധ ഏല്‍ക്കുമ്പോള്‍ എന്ന ശ്വാസകോശ അറകളില്‍ പഴുപ്പും ദ്രാവകവും കെട്ടുന്നു. ബാക്ടീരിയ, വൈറസുകള്‍ അല്ലെങ്കില്‍ ഫംഗസ് എന്നിവയാണ് പ്രധാന അണുബാധകള്‍. രോഗം ബാധിച്ചാല്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും ശ്വസനം വളരെ ബുദ്ധിമുട്ടാകുകയും ചെയ്യുന്നു.

രോഗലക്ഷണങ്ങള്‍
ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ശ്വാസതടസ്സം, നെഞ്ചുവേദന, ഉയര്‍ന്ന പനി, അമിതമായ വിയര്‍പ്പ്, വിറയല്‍, ചുമ തുടങ്ങിയവയെല്ലാം രോഗ ലക്ഷണങ്ങളാണ്. ചുമയും ക്ഷീണവും ഉള്‍പ്പെടെയുള്ള ന്യൂമോകോക്കല്‍ ന്യുമോണിയയുടെ ചില ലക്ഷണങ്ങള്‍ ആഴ്ചകളോളം നീണ്ടുനിന്നേക്കാം. 

പ്രായമായവര്‍ക്കും ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനങ്ങളോ ആസ്ത്മ അല്ലെങ്കില്‍ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) പോലുള്ളവ ചില വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകള്‍ ഉള്ളവര്‍ക്കും ന്യുമോണിയ പെട്ടന്നുവരാന്‍ സാധ്യതയുണ്ട്. 65 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവര്‍ക്ക്, ന്യൂമോകോക്കല്‍ ന്യുമോണിയ പിടിപെടാനുള്ള സാധ്യത അവരുടെ ആരോഗ്യമുള്ള എതിരാളികളേക്കാള്‍ 7.7 മടങ്ങ് കൂടുതലാണ്. ആസ്ത്മ ഉള്ളവര്‍ക്ക് 5.9 മടങ്ങ് അപകടസാധ്യതയുണ്ട്. 

ചുമ, തുമ്മല്‍ തുടങ്ങിയവയിലൂടെയാണ് ഇത് പടരാന്‍ കൂടുതല്‍ സാധ്യതയുള്ളത്. ഗര്‍ഭിണിയായ അമ്മയില്‍നിന്ന് കുഞ്ഞിലേക്കും ഇത് പടരാം. 

placeholder
പ്രതിരോധ കുത്തിവെപ്പാണ് ന്യുമോണിയയ്‌ക്കെതിരെ ഏറ്റവും നല്ല പ്രതിരോധം. ന്യുമോകോക്കസ്, അഞ്ചാംപനി, ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സ ടൈപ്പ് ബി, വില്ലന്‍ ചുമ, ഡിഫ്തീരിയ, കോവിഡ് തുടങ്ങി ന്യുമോണിയയ്ക്ക് കാരണമാകുന്ന രോഗാണുക്കള്‍ക്കെതിരെയുള്ള കുത്തുവെപ്പുകള്‍ ലഭ്യമാണ്. 

കുഞ്ഞിന്റെ നാലുമുതല്‍ ആറുമാസംവരെ മുലപ്പാൽ, വിറ്റാമിന്‍ എ ഉള്‍പ്പെടെയുള്ള പോഷകാഹാരം എന്നിവ നല്‍കണം. ഇത് ഒരു പരിധിവരെ ന്യുമോണിയയെ പ്രതിരോധിക്കും. 
പുകയില, പുക, വായു മലിനീകരണം എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. കാലതാമസം നേരിടുന്തോറും രോഗം ജീവനു ഭീഷണിയാവും. 

നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും ആണ് ന്യൂമോണിയ മരണങ്ങള്‍ കുറക്കാന്‍ വേണ്ടത്. ആന്റിബയോട്ടിക്സ്, ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് ഏറ്റവും പ്രധാനം. ഓക്‌സിജന്‍ അളവ് കുറയുന്ന രോഗികളില്‍ ഓക്‌സിജന്‍ നല്‍കുകയും തീവ്ര അവസ്ഥകളില്‍ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്യാം.
മതിയായ പോഷകാഹാരം, ആരോഗ്യപരമായ ജീവിത ചുറ്റുപാടുകള്‍, ശരിയായ പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നിവ ന്യുമോണിയ തടയാന്‍ സഹായിക്കുന്നു. കുട്ടികളിലെ സാധാരണ കുത്തിവെയ്പിന് പുറമെ ന്യൂമോകോക്കല്‍ വാക്സിന്‍, ഓരോ വര്‍ഷവും ഇന്‍ഫ്‌ളുവന്‍സ വാക്സിന്‍ എന്നിവ എടുക്കുന്നത് ന്യൂമോണിയ തടയാന്‍ സഹായിക്കും. 

ആശുപത്രി സന്ദര്‍ശന സമയങ്ങളിലും, പുറത്തു പോകുമ്പോളും മറ്റു ശ്വാസകോശരോഗങ്ങള്‍ ഉള്ളവരുമായി സമ്പര്‍ക്കപ്പെടുമ്പോഴും മാസ്‌ക് ഉപയോഗിക്കുന്നത് ശീലമാക്കുക.
പനിയും ചുമയും നിസാരമായി കാണാതെയിരിക്കുക. കൃത്യമായി ചികിത്സ തേടുക. ആരോഗ്യത്തോടെ ഇരിക്കുക.

ദിനാചരണത്തിന്റെ ചരിത്രം

ശ്വാസകോശ അണുബാധ മൂലമുള്ള ശിശുമരണനിരക്ക് ചെറുക്കുന്നതിനുള്ള വിവിധ സ്ഥാപനങ്ങളുടെ കൂട്ടായ്മയില്‍ 2009 നവംബര്‍ 12 നാണ് 'ന്യുമോണിയ ഇല്ലാതാക്കുക' എന്ന വിഷയത്തിനു കീഴില്‍ ആദ്യമായി ലോക ന്യുമോണിയ ദിനം ആചരിച്ചത്. ഈ വിഷയത്തിന് ലോകമെമ്പാടും വലിയ പിന്തുണ ലഭിച്ചു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ജനങ്ങളെ ബോധവത്കരിക്കുന്നതിനും മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നതിനുമായി നയങ്ങളും പ്രചാരണങ്ങളും നടപ്പിലാക്കി.  

'ഓരോ ശ്വാസവും എണ്ണപ്പെടും; ന്യുമോണിയയെ വരുതിക്ക് നിര്‍ത്തുക' എന്നതാണ് 2023 ന്യുമോണിയ ദിനത്തിന്റെ വിഷയം. ഓരോ ശ്വാസത്തിന്റെയും പ്രാധാന്യം എടുത്തുകാണിക്കുകയും നേരത്തെയുള്ള കണ്ടെത്തല്‍, ചികിത്സ, പ്രതിരോധം എന്നിവയിലൂടെ ന്യുമോണിയ തടയേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കുകയുമാണ് ഈ വിഷയംകൊണ്ട് ഉദ്ദേശിക്കുന്നത്. 
2025-ഓടെ എല്ലാ രാജ്യത്തും ഓരോ 1000 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴും ന്യുമോണിയ ശിശുമരണനിരക്ക് മൂന്നില്‍ താഴെയായി കുറയ്ക്കുക എന്നതാണ് നിലവില്‍ ലക്ഷ്യമിടുന്നത്. 

കടപ്പാട്: ഡോ.അരുണ്‍ വി.ജോയ്‌ (കൺസൾട്ടന്റ് ഇന്റർവെൻഷണൽ പള്‍മനോളജിസ്റ്റ്, കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റൽ)