മാറിയ ജീവിതശൈലിയും ഭക്ഷണരീതികളുമൊക്കെ ഫാറ്റിലിവര്‍ കൂടുന്നതിന് കാരണമാകുന്നുണ്ട്. അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില, മെറ്റബോളിക് സിന്‍ഡ്രോം, സ്റ്റിറോയ്ഡ് ഉപയോഗം തുടങ്ങിയവയൊക്കെ ഫാറ്റിലിവറിന് കാരണമാകുമെങ്കിലും ജീവിതശൈലി തന്നെയാണ് പ്രധാന വില്ലന്‍. എന്താണ് ഫാറ്റിലിവര്‍? ഫാറ്റിലിവര്‍ ഭയപ്പെടണോ? എന്നീക്കാര്യങ്ങളില്‍ ഇന്നും ആളുകള്‍ക്ക് ധാരാളം സംശയങ്ങളുണ്ട്.

എന്താണ് ഫാറ്റിലിവര്‍?

ആരോഗ്യകരമല്ലാത്ത ജീവിതശൈലിയി മൂലം  രക്തത്തിലുണ്ടാകുന്ന അമിത കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷികുറയുകയും കരളില്‍ കൊഴുപ്പ് അടിയുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. സാധാരണഗതിയില്‍ ഫാറ്റിലിവര്‍ അപകടകാരി അല്ല. എന്നാല്‍ ഒരാള്‍ക്ക് ഫാറ്റിലിവര്‍ എന്ന അവസ്ഥ ഉണ്ടായിരിക്കും അതോടൊപ്പം ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റില്‍ അപാകതകള്‍ ഉണ്ടാവുകയും ചെയ്താല്‍ ഭാവിയില്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ തന്നെ ഫാറ്റിലിവറിനെ തള്ളിക്കളയാന്‍ സാധിക്കില്ല. 

രണ്ട് തരത്തിലാണ് ഫാറ്റിലിവര്‍ കാണപ്പെടുന്നത്. ഇതില്‍ ഒന്നാമത്തേതും വ്യാപകമായി കാണപ്പെടുന്നതും, അമിത മദ്യപാനം മൂലമുണ്ടാകുന്ന ഫാറ്റിലിവറാണ്. രണ്ടാമത്തെത് മദ്യപിക്കാത്ത സാധാരണ ജീവിതരീതികള്‍ കൈക്കൊള്ളുന്നവരില്‍ കാണപ്പെടുന്നതും. സ്ഥിരമായി മദ്യപിക്കുന്നവരില്‍ ഭൂരിപക്ഷം ആളുകളിലും ഫാറ്റിലിവറിന് സാധ്യതയുണ്ട്. ആരോഗ്യകരമല്ലാത്ത ജീവിതശൈലിയി, പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയാണ് മദ്യപിക്കാത്തവരില്‍ ഫാറ്റിലിവറിലേക്ക് നയിക്കുന്നത്. ഹെപ്പറ്റൈറ്റിസ് സി,  'വില്‍സണ്‍സ് രോഗം' (Wilson's Disease) തുടങ്ങിയ ചില രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റിലിവര്‍ പ്രത്യക്ഷപ്പെടാം. തുടക്കത്തില്‍ വലിയ ലക്ഷണങ്ങളുണ്ടാകില്ല എന്നതാണ് അപകടകരം. എന്തെങ്കിലും സാഹചര്യത്തില്‍ സ്‌കാനിംഗിനും മറ്റും വിധേയനാകുമ്പോഴാണ് പലരും ഫാറ്റിലിവര്‍ തിരിച്ചറിയുക. സങ്കീര്‍ണ്ണമാകുന്ന സാഹചര്യത്തിലാണ് പലപ്പോഴും രോഗ ലക്ഷങ്ങള്‍ പ്രത്യക്ഷപ്പെടുക.

ഫാറ്റിലിവറും സിറോസിസും

ഫാറ്റിലിവര്‍ സിറോസിസിലേക്ക് നയിക്കുമോ എന്ന ചോദ്യം പൊതുവെ എല്ലാവരിലുമുള്ളതാണ്. കരളിനെ ബാധിക്കുന്ന സ്ഥായിയായ കേടുപാടാണ് ലിവര്‍ സിറോസിസ്.  എല്ലാ ഫാറ്റിലിവറും സിറോസിസിലേക്ക് നയിക്കണമെന്നില്ല. എന്നാല്‍ ഫാറ്റിലിവറിനൊപ്പം ലിവര്‍ ഫങ്ങ്ഷന്‍ ടെസ്റ്റില്‍ അപാകതകള്‍ കൂടി കണ്ടെത്തിയാല്‍ ചിലപ്പോള്‍ സിറോസിസിലേക്ക് നയിക്കാനിടയാക്കിയേക്കാം. സിറോസിസ് ബാധിതനായി കഴിഞ്ഞാല്‍ കരളിനെ പൂര്‍വ്വ അവസ്ഥയിലേക്ക് പൂര്‍ണ്ണമായി എത്തിക്കുക ബുദ്ധിമുട്ടാണ്. 

ചികിത്സ

ഭക്ഷണനിയന്ത്രണം, ജീവിതശൈലീ ക്രമീകരണം, വ്യായാമം എന്നിവയാണ് പ്രധാനമായും നിര്‍ദ്ദേശിക്കപ്പെടുക. ഒപ്പം ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, അമിത കൊഴുപ്പ്(കൊളസ്‌ട്രോള്‍) എന്നിവ നിയന്ത്രിക്കുകയും വേണം. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ക്രമീകരണങ്ങളെ കൃത്യമായി പിന്‍തുടരുക എന്നതും പ്രധാനമാണ്. മരുന്നുകളില്‍ സ്വയം മാറ്റങ്ങള്‍ വരുത്തുകയോ, കഴിക്കാതിരിക്കുകയോ ചെയ്യരുത്. മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിക്കുക. ചുവന്ന ഇറച്ചി ഉള്‍പ്പെടെയുള്ള ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിര്‍ത്തുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടി വരും. 

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഗാസ്‌ട്രോ സയന്‍സ്, മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ് പ്ലാന്റ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ആന്‍ഡ് ഹെഡാണ് ലേഖകന്‍)