നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രബിൾ, അസിഡിറ്റി, വയറു വീർത്തു വരൽ (Bloating) എന്നിവ ഇന്ന് ഭൂരിഭാഗം ആളുകളെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളാണ്. ഇതിൽ നിന്നും മോചനം നേടാൻ പലതരം ഡിറ്റോക്‌സ് ഡ്രിങ്കുകളും സപ്ലിമെന്റുകളും കർശനമായ ഡയറ്റുകളും പരീക്ഷിക്കുന്നവരുമുണ്ട്. എന്നാൽ ഇത്തരം സങ്കീർണ്ണമായ വഴികൾക്ക് പിന്നാലെ പോകാതെ, അത്താഴം കഴിക്കുന്ന സമയത്തിൽ ചെറിയ മാറ്റം വരുത്തിയാൽ ഈ പ്രശ്നങ്ങളിൽ നിന്ന് വലിയൊരളവ് ആശ്വാസം ലഭിക്കുമെന്ന് പറയുകയാണ് ന്യൂട്രീഷനിസ്റ്റായ പരീധി.

To advertise here,

രാത്രി വൈകിയുള്ള ഭക്ഷണം

വൈകുന്നേരമാകുന്നതോടെ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയും ആമാശയത്തിലെ ആസിഡ് ഉൽപ്പാദനവും സ്വാഭാവികമായി മന്ദഗതിയിലാകും.

ആസിഡ് റീഫ്ലക്സ്: രാത്രി വൈകി ഭക്ഷണം കഴിച്ച ഉടൻ തന്നെ കിടന്നുറങ്ങുമ്പോൾ, ആഹാരം ദഹിപ്പിക്കാൻ സഹായിക്കേണ്ട വയറ്റിലെ ആസിഡിന് അതിനുള്ള സമയം ലഭിക്കുന്നില്ല.

തൊണ്ടയിലെ അസ്വസ്ഥത: രാവിലെ എഴുന്നേൽക്കുമ്പോൾ തൊണ്ടയിൽ അനുഭവപ്പെടുന്ന വരൾച്ചയും അസ്വസ്ഥതയും പലപ്പോഴും തൊണ്ടയിലെ അണുബാധയാണെന്ന് നാം തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ, രാത്രിയിൽ ആമാശയത്തിലെ ആസിഡ് തൊണ്ടയിലേക്ക് ഇരച്ചുകയറുന്നത് (Reflux) കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

വയറിന്റെ 'സെൽഫ് ക്ലീനിങ്'

നമ്മുടെ ദഹനവ്യവസ്ഥയിൽ 'മൈഗ്രേറ്റിങ് മോട്ടോർ കോംപ്ലക്സ്' (Migrating Motor Complex - MMC) എന്നൊരു സ്വാഭാവിക ശുചീകരണ പ്രക്രിയയുണ്ട്. "ആമാശയം ശൂന്യമായിരിക്കുമ്പോൾ മാത്രമാണ് ഈ സിസ്റ്റം പ്രവർത്തിക്കുന്നത്. രാത്രി വൈകി ഭക്ഷണം കഴിച്ച് ഉടൻ ഉറങ്ങുമ്പോൾ ദഹനവ്യവസ്ഥയ്ക്ക് ഈ ശുചീകരണം നടത്താൻ സമയം ലഭിക്കാതെ പോകുന്നു. ഇത് ക്രമേണ വയറ്റിൽ ഗ്യാസ് നിറയുന്നതിനും വയർ വീർക്കുന്നതിനും ദഹനം മന്ദഗതിയിലാകുന്നതിനും കാരണമാകുന്നു," എന്ന് പരീധി വ്യക്തമാക്കുന്നു.

അത്താഴം എപ്പോൾ, എങ്ങനെ കഴിക്കണം?
ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ മുന്നോട്ടുവെക്കുന്ന പ്രായോഗിക നിർദ്ദേശങ്ങളിവയാണ്.

  • ഉറങ്ങാൻ പോകുന്നതിന് കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക.
  • രാത്രി 8 മണിക്ക് മുൻപായി ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം.
  • ഭക്ഷണം കഴിച്ച ഉടൻ തന്നെ കിടക്കരുത്.
  • രാത്രിയിൽ കുടലിന് വിശ്രമവും സ്വയം വീണ്ടെടുക്കാനുള്ള സമയവും (Overnight repair window) നൽകുക.

ഈ ലളിതമായ മാറ്റം തുടർച്ചയായി രണ്ടാഴ്ച പരീക്ഷിച്ചു നോക്കിയാൽ തന്നെ വ്യത്യാസം അനുഭവപ്പെടും.
ശ്രദ്ധിക്കുക: പൊതുവായ വിവരങ്ങളാണിവ, ഗുരുതരമായ ദഹനപ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi