ചിലര്‍ക്ക് അമിതമായ മുടി കൊഴിച്ചില്‍, മറ്റുചിലര്‍ക്ക് സന്ധിവേദനയും ക്ഷീണവുമൊക്കെ. ലക്ഷണങ്ങള്‍ പലതാണെങ്കിലും കാരണം ഒന്നേയുള്ളൂ, വിറ്റാമിന്‍ ഡിയുടെ അഭാവം. എല്ലുകളെ ശക്തിപ്പെടുത്തുന്നതിലും രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നത്തിലും വിറ്റാമിന്‍ ഡി പോഷകം മുഖ്യനാണ്. എന്നിട്ടും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ അവശ്യ പോഷകത്തിന്റെ മതിയായ അളവ് ഇല്ല.

To advertise here,

ഒപ്റ്റിമല്‍ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ഈ പോഷകത്തിന്റെ അളവ് ശരീരത്തിലില്ലാതിരിക്കുമ്പോഴാണ് വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടാകുന്നത്. ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ഈ അവശ്യ പോഷകം കൂടിയേതീരൂ. പ്രത്യേകിച്ച് കാല്‍സ്യം ഫോസ്ഫറസ് ആഗിരണം ചെയ്യാനും ഉപയോഗിക്കാനും ശരീരത്തെ സഹായിക്കുന്നു. വിറ്റാമിന്‍ ഡിയുടെ അളവ് പര്യാപ്തമാവുമ്പോള്‍ ഭക്ഷണത്തില്‍ നിന്നും കാല്‍സ്യം ഫലപ്രദമായി ആഗിരണം ചെയ്യുന്നു. ശരിയായ അസ്ഥി ധാതുവത്കരണം നില നിര്‍ത്താനും ഫോസ്ഫറസ് ആഗിരണം സാധ്യമാക്കുകയും ചെയ്യുന്നു. അസ്ഥി സാന്ദ്രത നിലനിര്‍ത്താനും കഴിയുന്നതാണ്. മൂന്ന് പ്രാഥമിക സ്രോതസ്സുകളില്‍ കൂടെയാണ് മനുഷ്യശരീരം വിറ്റമിന്‍ ഡി നേടുന്നത്, സൂര്യപ്രകാശം, ഭക്ഷണക്രമം, സപ്ലിമെന്റ്. കൂടാതെ മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, പാല്‍, ധാന്യങ്ങള്‍ എന്നിവയിലൂടെയുമൊക്കെ ഈ പോഷകം ലഭിക്കുന്നു.
ലക്ഷണങ്ങള്‍:
നിരന്തരമായ ക്ഷീണം, അസ്ഥിവേദന, പേശികളുടെ ബലക്ഷയം പ്രത്യേകിച്ച് തുടകളിലും കൈകളിലും, മുറിവ് ഉണങ്ങാന്‍ താമസം, മുടികൊഴിച്ചില്‍, വിളര്‍ച്ച, കാഴ്ചക്കുറവ്, വിഷാദം, ഉറക്കക്കുറവ്…
അപകട സാധ്യതാഘട്ടങ്ങള്‍:
പ്രായം:
65 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് സൂര്യപ്രകാശത്തില്‍ നിന്ന് വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കാനുള്ള കഴിവ് കുറയുന്നു.
ചര്‍മത്തിന്റെ നിറം: ഇരുണ്ട ചര്‍മത്തിന് മതിയായ വിറ്റാമിന്‍ ഡി അളവ് ഉത്പാദിപ്പിക്കാന്‍ കൂടുതല്‍ സൂര്യപ്രകാശം ആവശ്യമാണ്.
അമിതവണ്ണം: ഉയര്‍ന്ന ബോഡി മാസ്സ് ഇന്‍ഡെക്‌സ് ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ ലഭ്യത കുറയ്ക്കുന്നു.
പാരിസ്ഥിതിക ഘടകങ്ങള്‍: പരിമിതമായ സൂര്യപ്രകാശമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നത് അല്ലെങ്കില്‍ ശക്തിയേറിയ സണ്‍സ്‌ക്രീന്‍ സ്ഥിരമായി ഉപയോഗിക്കുന്നതും വിറ്റാമിന്‍ ഡിയുടെ കുറവിന് കാരണമാകും.
ചെറുപ്പത്തിലേ ശ്രദ്ധിക്കാം
വിറ്റാമിന്‍ ഡി കുറവുള്ള കുട്ടികള്‍ക്ക് ബലഹീനതയോ പേശികളില്‍ വേദനയോ അനുഭവപ്പെടാം. ചര്‍മ്മത്തിന് വിളര്‍ച്ചയുമുണ്ടാകുന്നു. മറ്റൊന്ന് കുട്ടികളില്‍ റിക്കറ്റിന് (കണരോഗം) കാരണമാകുകയും എല്ലുകള്‍ ദുര്‍ബലവുമാകുന്നു. കുട്ടികളില്‍ ഭാരക്കുറവ് ഉണ്ടാവുകയും ഇത് രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുകയും ചെയ്യും. ഉറക്കപ്രശ്‌നങ്ങള്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്. മെലറ്റോണിനെ നിയന്ത്രിക്കുന്നതില്‍ വിറ്റമിന്‍ ഡിക്ക് മുഖ്യപങ്കുണ്ട്. ശരീരത്തിന്റെ ഉറക്ക സെെക്കിൾ  നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ആണ് മെലാടോണിന്‍. സ്വാഭാവികമായും ക്ഷീണവും അനുഭവപ്പെടാം.
സ്ത്രീകൾ കരുതിയിരിക്കുക
ഇസ്‌ട്രോജന്‍ അസന്തുലിതാവസ്ഥ:
വിഷാദം, മാനസിക സമ്മര്‍ദം എന്നിവ ഇസ്‌ട്രോജന്‍ അളവ് കുറയ്ക്കുന്നതിന് കാരണമാകാം.
പാരാതൈറോയ്ഡ് അസന്തുലിതാവസ്ഥ: വിറ്റാമിന്‍ ഡിയുടെ കുറവ് പാരാതൈറോയ്ഡ് ഗ്രന്ഥി നിയന്ത്രിക്കുന്ന കാത്സ്യത്തിന്റെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ പരിമിതപ്പെടുത്തുന്നു. കാത്സ്യം നിയന്ത്രണം കുറയുന്നത് പാരതൈറോയ്ഡ് ഉത്പാദനം വര്‍ധിപ്പിക്കുന്നു.
പിറ്റിയൂട്ടറി ഗ്രന്ഥി അസന്തുലിതാവസ്ഥ: പിറ്റിയൂട്ടറി കോശങ്ങളുടെ അസാധാരണ വളര്‍ച്ചയിലൂടെ പിറ്റിയൂട്ടറി ട്യൂമറുകള്‍ ഉണ്ടാവുന്നതിന് വിറ്റാമിന്‍ ഡിയുടെ കുറവ് കാരണമാകാം.
ടെസ്റ്റോസ്റ്റിറോണ്‍ അസന്തുലിതാവസ്ഥ: ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം കുറക്കുന്നു. ഇത് ക്ഷീണം, ശരീരഭാര വര്‍ധന, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, മുടി കൊഴിച്ചില്‍ എന്നിവയ്ക്ക് കാരണമാകുന്നു.
മുപ്പതിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ വിറ്റാമിന്‍ ഡി സപ്ലിമെന്റ് എടുക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ ഡി ആര്‍ത്തവ വിരാമ ലക്ഷണങ്ങള്‍ കുറക്കുന്നതിനു പുറമെ ഹൃദ്രോഗം, ഓസ്റ്റിയോപൊറോസിസ്, ക്യാന്‍സര്‍, പ്രമേഹം എന്നിവ തടയുന്നതിലും പ്രധാന പങ്കുവഹിക്കുന്നു.
ഭക്ഷണത്തിലും വേണം ശ്രദ്ധ
മത്സ്യം (സാല്‍മണ്‍, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍), ബീഫ് ലിവര്‍, മുട്ടയുടെ മഞ്ഞ, കൂണ്‍, പാല് ഉല്പന്നങ്ങള്‍ (പാല്, തൈര്, ചീസ്, ബട്ടര്‍), ഓറഞ്ച് ജ്യൂസ്, സണ്‍ഫ്‌ലവര്‍ സീഡ്, ബദാം മില്‍ക്ക്, സോയ മില്‍ക്ക്, ഓട്‌സ് മില്‍ക്ക്, ചീര തുടങ്ങിയവ വിറ്റാമിന്‍ ഡിയാല്‍ സമ്പന്നമാണ്. ഇവ കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണ്.
ആയുര്‍വേദ ചികിത്സകള്‍
അശ്വഗന്ധ, ശതാവരി എന്നിവ അടങ്ങിയ മരുന്നുകള്‍ വൈദ്യ നിര്‍ദേശപ്രകാരം കഴിക്കാവുന്നതാണ്. വമനം, വിരേചനം, ബസ്തി ചികിത്സകള്‍ പോലുള്ള ആയുര്‍വേദ പഞ്ചകര്‍മ്മ വിഷ മുക്ത ചികിത്സകള്‍ അഗ്‌നി-ദഹനശക്തി മെച്ചപ്പെടുത്തുന്നതിനും കുടലില്‍ നിന്നും വിറ്റമിന്‍ ഡി നന്നായി ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. ആയുര്‍വേദ എണ്ണ മസ്സാജും, നീരാവി തെറാപ്പിയും ചര്‍മ്മത്തിന് സൂര്യ രശ്മികള്‍ ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്താനും അത് സ്വാഭാവികമായി വിറ്റാമിന്‍ ഡി ആയി പരിവര്‍ത്തനം ചെയ്യാനും സഹായിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi