
ആഹ്ലാദരാവുകളുടെ മറുപേരാണ് ഇന്ന് ഡി.ജെ. യുവത്വം ആടിത്തിമിര്‍ക്കുന്ന ഇടങ്ങള്‍. എന്നാല്‍ ഇതോടുചേര്‍ത്ത് ഉയര്‍ന്നുകേട്ട ഒരു വാക്കാണ് റേവ് പാര്‍ട്ടി. ലഹരിപ്പാര്‍ട്ടി എന്നു മലയാളീകരിക്കാം. ഡി.ജെ. പാര്‍ട്ടികളെല്ലാം മയക്കുമരുന്നു പാര്‍ട്ടികളല്ല. അതില്‍ മയക്കുമരുന്നു കലരുമ്പോള്‍ എല്ലാം കൈവിട്ടുപോവുമെന്നുമാത്രം. കുട്ടികളും കൗമാരക്കാരും ഉള്‍പ്പെടെ ലഹരിയുടെ വലയത്തിനു പുറത്തെന്ന് നമ്മള്‍ കരുതിയവരില്‍ പലരും ഇന്ന് ലഹരിക്കെണിയില്‍ വീണുകഴിഞ്ഞു. കുറ്റകൃത്യമാണെന്നറിഞ്ഞല്ല, ജീവിതോന്മാദത്തിനെന്ന മട്ടിലാണ് പലര്‍ക്കും ഈ കൂട്ട്.
വയനാട്ടിലും ഇടുക്കിയിലും റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ഇന്‍സ്റ്റന്റ് ഡി.ജെ പാര്‍ട്ടികള്‍ നടത്തുന്നവരുണ്ട്. ഡി.ജെ. എന്നേ പുറത്തേക്ക് അറിയൂ. ലഹരികള്‍ ഒഴുകാന്‍ തുടങ്ങുന്നത് രാത്രി വൈകിയാണ്. അതും വിശ്വസിക്കാവുന്ന കസ്റ്റമേഴ്‌സിനു മാത്രം. വാടക കുറഞ്ഞ ഇടങ്ങളാണ് ഇതിനു വേദിയാകുന്നത്. എന്നാല്‍ വന്‍നഗരങ്ങളില്‍ അത് ആഡംബര ഹോട്ടലുകളിലേക്കും ആഡംബര കപ്പലുകളിലേക്കും പടരുന്നു. കോഴിക്കോട് നഗരത്തിലെ ഒരു ആശുപത്രിക്ക് എതിര്‍വശമുള്ള ലോഡ്ജില്‍ റേവ് പാര്‍ട്ടിക്കെത്തിയവരില്‍നിന്ന് പോലീസ് എം.ഡി.എം.എ പിടിച്ചിരുന്നു.
എം.ഡി.എം.എ. എന്ന ന്യൂജന്‍ ട്രെന്‍ഡ്
ഏറ്റവും പുതിയതാണ് എം.ഡി.എം.എ. കുട്ടികളുടെ വഴിതെറ്റല്‍ പുതിയ ലഹരികളിലേക്കാണ്. പൊടി രൂപത്തില്‍വരുന്ന ലഹരി വസ്തുക്കളായിരുന്നു പണ്ട് ഏറെയും. അത് നിരപ്പായ പ്രതിലത്തില്‍ ഒരു വരപോലെ (ലൈന്‍) വെച്ച് മൂക്കിലേക്കോ നാക്കിലേക്കോ വലിച്ചുകയറ്റുന്നതായിരുന്നു രീതി. 'ലൈനടിക്കുക' എന്ന് പറഞ്ഞാല്‍ ലഹരിക്കൂട്ടങ്ങള്‍ക്ക് കാര്യം മനസ്സിലാവും. കിട്ടുന്നത് ഏതു രൂപത്തിലായാലും അത് പൊടിച്ചോ ചൂടാക്കിയോ ആയിരുന്നു ഉപയോഗം. അതൊക്കെ 'ഒരു പണി' യാണെന്നു തോന്നിയതോടെ എളുപ്പരൂപത്തിലേക്ക് മാറി.
പുതുതലമുറയ്ക്ക് എല്‍.എസ്.ഡി 'സ്റ്റാമ്പ്' ആണ്. തപാല്‍ സ്റ്റാമ്പിന്റെ രൂപത്തിലുള്ള ഇതിന്റെ പുറകുവശത്ത് ലഹരി തേച്ചുപിടിപ്പിക്കും. നാവില്‍ ഒട്ടിച്ചാല്‍ ലഹരി ഉള്ളിലേക്കിറങ്ങും. ഏത് ആള്‍ക്കൂട്ടത്തിലും ഉപയോഗിക്കാം. മെതിലിന്‍ ഡൈയോക്‌സിമെത്താംഫീറ്റമീന്‍ സിന്തറ്റിക് ഡ്രഗ് എന്ന വിഭാഗത്തില്‍ പെടുന്നതാണ് എം.ഡി.എം.എ. ഗുളിക രൂപത്തിലോ പരല്‍ രൂപത്തിലോ (ക്രിസ്റ്റല്‍), പഞ്ചസാരപോലെയോ ഒക്കെ ഉപയോഗിക്കാം.
''കൗമാരക്കാരില്‍ നാലിലൊന്നുപേര്‍ എം.ഡി.എം.എ. ഉപയോഗിക്കുന്നുണ്ട്. കഞ്ചാവ് ഉപയോഗിച്ചാലുള്ള മണംപോലും ഉണ്ടാവില്ല. ഭക്ഷണത്തോടു വിരക്തി, കണ്ണുകള്‍ ചുവന്നിരിക്കുക, ക്ഷോഭ സ്വഭാവം എന്നിവ കാണുമ്പോള്‍ ശ്രദ്ധിക്കണം. കാരണം ഇതാകാം..'' കൊച്ചിയിലെ ഒരു ലഹരി വിരുദ്ധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ പറഞ്ഞു. തലച്ചോറില്‍ മാറ്റങ്ങളുണ്ടാക്കി ഇരയെ ഒന്നിനും കൊള്ളാതാക്കും വരെ ഒളിച്ചിരിക്കാന്‍ ശേഷിയുണ്ട് എം.ഡി.എം.എയ്ക്ക്. ഇല്ലാത്ത ഊര്‍ജ്ജം തോന്നിപ്പിക്കും. ആറു മുതല്‍ എട്ടു മണിക്കൂര്‍വരെയൊക്കെ അതിന്റെ സ്വാധീനമുണ്ടാവും. എന്നിട്ടോ, ഒടുവില്‍ ഇരയെ 'ചണ്ടി' യാക്കി ഒതുക്കും.
''ആണ്‍കുട്ടികളെ പരിശോധിക്കാനും പിടികൂടാനും വലിയ പ്രയാസമില്ല. പെണ്‍കുട്ടികളുടെ കാര്യത്തിലാണ് പ്രശ്‌നം. പോലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡില്‍ പലപ്പോഴും വനിതാപോലീസുകാരുണ്ടാവാറില്ല. ദേഹപരിശോധന പറ്റില്ല. ചോദ്യം ചെയ്താല്‍പ്പോലും അവര്‍ വീഡിയോ എടുത്ത് ഫേസ്ബുക്ക് ലൈവ് ഇടും. ''ലഹരി വിരുദ്ധ സ്‌ക്വാഡിലെ ഒരു ഉദ്യോഗസ്ഥന്‍ പേരു വെളിപ്പെടുത്താതെ പറഞ്ഞു. തൃശ്ശൂരിലെ ഒരു സംഭവകഥയിങ്ങനെ. അച്ഛന്റെ സിഗരറ്റ് കട്ടു വലിച്ച് തുടങ്ങിയതാണ് അവള്‍. വലിക്കാരായി അയല്‍പ്പക്കത്തെ പയ്യന്‍സ് സെറ്റുകളുടെ കൂട്ടുകിട്ടി. വീടുവിട്ടു. വീട്ടുകാര്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നാലെ വന്നാല്‍ പോക്‌സോ കേസ് കൊടുക്കുമെന്ന ഭീഷണിയും. കൂട്ട് മറ്റു സംഘങ്ങളിലേക്ക് നീങ്ങി. പിന്നെ അവരില്‍ ചിലരുമായി പിണങ്ങി. ജീവിതം പിടികിട്ടാതായി. കഴിഞ്ഞ രണ്ടു വര്‍ഷമായി ആ പെണ്‍കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നു. പോലീസിന് കാര്യമറിയാം. പക്ഷേ കേസെടുക്കാനുള്ള വകുപ്പില്ല, തെളിവുകളില്ല. വീട്ടുകാര്‍ അവളെ കൈവിട്ടു. അവള്‍ വീട്ടുകാരെയും.
''ഒരു ജില്ലയില്‍നിന്നുമാത്രം എഴുപതിനടുത്ത് കുട്ടികള്‍ ഗോവ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് പോയി തിരിച്ചുവരാതിരിക്കുന്നുണ്ട്. മയക്കുമരുന്നാണ് അവരെ കൊണ്ടുപോയത്. ചില കുട്ടികള്‍ മയക്കുമരുന്ന് കച്ചവടത്തിലെ കാരിയര്‍മാരാവും. ചിലര്‍ ലഹരിപ്പാര്‍ട്ടികളില്‍ പതിവുകാരാവും. ചിലരാകട്ടെ വാണിഭസംഘങ്ങളില്‍ ചെന്നുപെടും. സംസ്ഥാനത്തെ മിക്ക നഗര ആസ്ഥാനങ്ങളിലും അന്‍പതിനടുത്ത് താല്‍ക്കാലിക പെണ്‍വാണിഭ കേന്ദ്രങ്ങളുണ്ട്. ഇവിടെയെല്ലാം മയക്കുമരുന്നുമുണ്ട്. ഒരു സ്ഥലം പോലീസറിഞ്ഞാല്‍ ഉടന്‍ അവര്‍ സ്ഥലം മാറും.'' ഒരു ലഹരി വിമുക്ത പ്രവര്‍ത്തകന്റെ വാക്കുകള്‍.
പഠിക്കുന്നില്ല പാഠം
തെക്കന്‍ ജില്ലയിലാണ് സംഭവം. സ്വയം തെറുത്ത കഞ്ചാവ് ബീഡിയുമായി ഹെഡ് മാസ്റ്റര്‍ പിടികൂടിയതാണ് അവനെ. നാലു കൂട്ടാളികളുമുണ്ടായിരുന്നു. പോലീസെത്തി. രക്ഷിതാക്കളെ വിളിച്ചു വരുത്തി. ''കേസൊന്നും എടുക്കുന്നില്ല. ഇനി ആവര്‍ത്തിക്കരുത്.'' പ്രശ്‌നം സ്‌കൂളില്‍ വച്ചുതന്നെ പരിഹരിക്കാന്‍ പോലീസ് മുന്‍കൈയെടുത്തു. പക്ഷേ, രക്ഷിതാക്കളില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. എന്തോ കുഴപ്പം മണത്ത പോലീസ് കുട്ടികളോട് പുറത്തിറങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതോടെ രംഗം മാറി. പോലീസിനോട് എന്തെങ്കിലും പറഞ്ഞാല്‍ മകന്‍ തന്നെ അടിക്കും, അവന്റെ അമ്മയെ ഉപദ്രവിക്കും, നാട്ടില്‍ അപവാദം പറയും, ഉറങ്ങാന്‍ സമ്മതിക്കില്ല... ഓരോരുത്തര്‍ക്കും ഓരോ പരാതികള്‍. ഒരു രക്ഷിതാവ് പറഞ്ഞു, ''സാര്‍, കേസെടുക്കണം, ഒഴിവാക്കിക്കൊടുക്കരുത്.'' ആ അഞ്ചു രക്ഷിതാക്കളുടേയും പേടി കണ്ടപ്പോള്‍ പോലീസിന് സംശയമായി. ഇവരില്‍ ആരാണ് രക്ഷിതാക്കള്‍, ആരാണ് കുട്ടികള്‍!
കൗമാരക്കാര്‍ ഉള്ളിടത്തെല്ലാം മയക്കുമരുന്നും സ്ഥിരക്കാരനാവുകയാണ്. 25 ശതമാനത്തോളം കുട്ടികളില്‍ ഇതിന്റെ സാന്നിധ്യമുണ്ട്. ബാക്കി 75 ശതമാനത്തിലാണ് എന്റെ കുട്ടികള്‍ എന്നു സമാധാനിക്കാന്‍ വരട്ടെ. അവര്‍ നേര്‍വഴിയിലാണെന്ന് ഉറപ്പാണോ? അങ്ങനെ ഉറപ്പിക്കാനാവാത്ത വിധമാണ് ലഹരിയുടെ രൂപവും ഭാവവും.
പ്രശ്‌നങ്ങള്‍ പലതരം
രണ്ടു തരം ദുരന്തങ്ങളാണ് മയക്കുമരുന്ന് ഉണ്ടാക്കുന്നത്. ഒന്ന് മയക്കുമരുന്നിന് അടിമയാകുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍. രണ്ട്, അത് നേരിട്ട് ശരീരത്തിനെ ബാധിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍. നന്നായി പഠിക്കുന്ന, വീട്ടില്‍ നന്നായി ഇടപെടുന്ന ഒരു കുട്ടി ലഹരിക്ക് അടിപ്പെടുന്നു. അതോടെ പഠനത്തില്‍ ശ്രദ്ധ കുറയുന്നു, മാര്‍ക്ക് കുറയുന്നു, വീട്ടില്‍ പെരുമാറ്റം മോശമാവുന്നു, മാതാപിതാക്കളോട് വഴക്കിടുന്നു, ഭക്ഷണം കഴിക്കുന്നില്ല, ഉറക്കം വരുന്നില്ല. കുട്ടിക്കറിയാം ഇതെല്ലാം മയക്കു മരുന്ന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണെന്ന്. എന്നാല്‍ അത് ഉപയോഗിക്കാതിരിക്കാനാവുന്നില്ല. അതോടെ പ്രശ്‌നങ്ങള്‍ കൂടുന്നു. ഗാഢമായ മയക്കുമരുന്നുകള്‍ക്ക് അഡിക്ഷന്‍ പെട്ടെന്നാണ്. മറ്റുള്ളവയ്ക്ക് പതുക്കെയും. എന്നാല്‍ എല്ലാം അടിപ്പെടലിലേക്ക് എത്തുന്നു.
ഒരാളുടെ തലച്ചോറിന്റെ വളര്‍ച്ച 12 വയസ്സുവരെ ആണെങ്കിലും അതിന്റെ പൂര്‍ത്തീകരണം 24 വയസ്സുവരെയുണ്ടാകും. ആവശ്യമില്ലാത്ത ന്യൂറോണുകളെ കളഞ്ഞ് ആവശ്യമുള്ളതിനെ നിലനിര്‍ത്തുന്ന ഒരു പ്രക്രിയ ഈ പ്രായത്തില്‍ തലച്ചോറില്‍ നടക്കും. അങ്ങനെയാണ് വ്യക്തിത്വം രൂപപ്പെടുന്നത്. അതിനെയാണ് മയക്കുമരുന്നുകള്‍ അട്ടിമറിക്കുന്നത്. കുട്ടികള്‍ക്ക് ചിലപ്പോള്‍ ശ്രദ്ധ കിട്ടാതാവും, ഓര്‍മ കിട്ടാതാവും, പെരുമാറ്റം മാറിപ്പോവും. നല്ല മിടുക്കന്മാരായിരുന്ന കുട്ടികള്‍ ഒന്നിലും താല്‍പര്യമില്ലാത്തവരാവും. എല്ലാത്തില്‍നിന്നും മാറിനില്‍ക്കും. തലച്ചോറില്‍ ഉണ്ടാവുന്ന പരിക്കുകള്‍ സ്ഥിരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഒരു ശതമാനം ആളുകളില്‍ മാനസിക പ്രശ്‌നമാവാം. അനാവശ്യ സംശയങ്ങള്‍, ഇല്ലാത്തത് ഉണ്ടെന്ന തോന്നല്‍ അങ്ങനെ പലതും.
Content Highlights: d.j parties and drug abuse
Published: 26 Jun 2023, 09:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented