
നമ്മുടെ നാടിന് ഇതെന്തുപറ്റി? എന്താണ് കേരളത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്? മദ്യവും മയക്കുമരുന്നുകളും സുലഭമായി ഒഴുകിത്തുടങ്ങിയതോടെ മനുഷ്യന്റെ വിവേകബുദ്ധിയും നഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. മനുഷ്യനെ മൃഗത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് ചിന്താശേഷിയും വിവേകപരമായി ഇടപെടാനുള്ള കഴിവുമായിരുന്നു. എന്നാല്‍ അതിനെല്ലാം വിരാമമിട്ടുകൊണ്ട് മനുഷ്യമൃഗമായി ആളുകള്‍ മാറുകയാണ്. ഇനിയെങ്കിലും നമ്മള്‍ ജാഗ്രത പാലിച്ചേതീരൂ.
എന്തിനാണ് ലഹരി ഉപയോഗിക്കുന്നത്? ഈ ചോദ്യത്തിനുള്ള മറുപടികളില്‍ ഒന്ന് ഇത് ഉപയോഗിച്ചാല്‍ വല്ലാത്തൊരു സുഖമാണ്, ആവേശമാണ് എന്നൊക്കെയാണ്. മറ്റൊന്ന്, ഇതൊക്കെ 'നോര്‍മല്‍ അല്ലേ', ഇത് ഉപയോഗിക്കാത്തവര്‍ ഇപ്പോഴുണ്ടോ എന്നും. ഈ ഒരു ചിന്താഗതിയാണ് പലപ്പോഴും പലരെയും ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. സിഗരറ്റും മദ്യപാനവും രഹസ്യമായി ഉപയോഗിച്ചിരുന്നവര്‍, മറ്റുള്ളവര്‍ അറിഞ്ഞാല്‍ മോശമാണ് എന്ന് ചിന്തിരുന്നവര്‍ ഇന്ന് അഭിമാനത്തോടുകൂടി സോഷ്യല്‍ മീഡിയയിലും പൊതുഇടങ്ങളിലും അതിനെ പരസ്യമാക്കുമ്പോള്‍, ചിലരിലെങ്കിലും ഇതെല്ലാം സ്വാധീനിക്കപ്പെടുന്നുണ്ട്.
പുകവലി, മദ്യപാനം എന്നിവയില്‍ തുടങ്ങി കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ സിന്തെറ്റിക് ഡ്രഗ്‌സിലേക്ക് സമൂഹം മാറുമ്പോള്‍ ഇതിനെല്ലാം കൂച്ചുവിലങ്ങിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. എംഡിഎംഎ എന്ന രാസലഹരി ഈയടുത്താണ് നമ്മള്‍ കൂടുതലായും കേള്‍ക്കുന്നതെങ്കിലും, വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ ഇതെല്ലാം ഇവിടെയുണ്ട്. പക്ഷേ അന്നിത്ര സുലഭമല്ലായിരുന്നു എന്ന് മാത്രം.
ചെറിയൊരു തൂക്കത്തിന് വലിയ വിലകൊടുത്തുവാങ്ങി ഉപയോഗിക്കുന്ന ഈ രാസലഹരി മനുഷ്യന്റെ ശരീരത്തെ കാര്‍ന്നുതിന്നുന്നതിനേക്കാള്‍ വേഗത്തില്‍ മനുഷ്യമനസ്സുകളെ കാര്‍ന്നുതിന്നുന്നുണ്ട്. 'മയക്കുമരുന്നിലെ കാളകൂടവിഷം' എന്നാണ് എംഡിഎംഎയെ വിശേഷിപ്പിക്കുന്നത്. കാരണം അത്രത്തോളം മോശപ്പെട്ട ഒരു അവസ്ഥയിലൂടെ ആയിരിക്കും ഇത് ഉപയോഗിക്കുന്ന വ്യക്തികള്‍ കടന്നുപോവുന്നത്.
എംഡിഎംഎ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
ഇത് ഉപയോഗിച്ചാല്‍ വ്യക്തിയില്‍ ആദ്യം സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ ഉണ്ടാവുകയും ഉപയോഗിക്കുന്നവരില്‍ ആവേശവും പ്രസരിപ്പും ഉണ്ടാക്കുകയും ചെയ്യുന്നു. കുറച്ചുമണിക്കൂറുകള്‍ക്ക് ശേഷം ലഹരിയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും അത് ആ വ്യക്തിയില്‍ ഉറക്കക്കുറവ് അല്ലെങ്കില്‍ ഉറക്കക്കൂടുതല്‍, ഉന്മേഷക്കുറവ്, ഭക്ഷണത്തിനോടുള്ള വിരക്തി, ക്ഷീണം തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ വരുമ്പോള്‍ ഒരിക്കല്‍ ഉപയോഗിച്ച വ്യക്തി ഉന്മേഷത്തോടെയിരിക്കാന്‍ വീണ്ടും വീണ്ടും എംഡിഎംഎ ഉപയോഗിക്കുകയും പതിയെ പതിയെ അതിന്റെ ആഴങ്ങളിലേക്ക് വീഴുകയും ചെയ്യും. ആദ്യമെല്ലാം നിശാപാര്‍ട്ടികളിലും, വളരെ നേരം നീണ്ടുനില്‍ക്കുന്ന ലൈംഗികബന്ധത്തിനും വേണ്ടി ഉപയോഗിച്ചുതുടങ്ങിയിരുന്ന എംഡിഎംഎ ഇന്ന് ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിക്കൊ
ണ്ടിരിക്കുകയാണ്. എംഡിഎംഎയുടെ ഉപയോഗം ആളുകളില്‍ ബോധക്കേട്, വ്യാമോഹം, വിഭ്രാന്തി തുടങ്ങിയ അവസ്ഥകള്‍ സൃഷ്ടിക്കുകയും മാനസികവിഭ്രാന്തിയിലേക്ക് നയിക്കുകയും ചെയ്യും.
എങ്ങനെ തിരിച്ചറിയാം?
എംഡിഎംഎക്ക് നിറം, മണം എന്നിവ ഇല്ലാത്തതുകൊണ്ട് തന്നെയാണ് പലപ്പോഴും ഇത് ഉപയോഗിക്കുന്നവരെ മനസ്സിലാക്കാന്‍ കഴിയാത്തത്.
- ഉപയോഗിക്കുന്നവരുടെ പല്ല് വളരെ വേഗത്തില്‍ തന്നെ കേടുവരും. meth mouth എന്നാണ് ഇതിനെ പറയുന്നത്
- സമൂഹത്തില്‍ നിന്ന് ഉള്‍വലിഞ്ഞുള്ള ഇടപെടല്‍
- സ്വഭാവത്തില്‍ പെട്ടെന്നുള്ള മാറ്റം
- അടച്ചിട്ട മുറിയില്‍ മണിക്കൂറുകളോളം ഒറ്റയ്ക്ക് ഇരിക്കുക
- ഉറക്കക്കുറവ് അല്ലെങ്കില്‍ ഉറക്കം കൂടുതല്‍
- സംസാരങ്ങള്‍(conversation), പരിപാടികള്‍ (event )എന്നിവ ഓര്‍ത്തുവെക്കാനുള്ള ബുദ്ധിമുട്ടുകള്‍
- കാരണങ്ങളില്ലാതെ പെട്ടെന്നുള്ള സാമ്പത്തികബുദ്ധിമുട്ടുകള്‍
- ഉത്കണ്ഠ, വിഷാദം പോലെയുള്ള വൈകാരിക ബുദ്ധിമുട്ടുകള്‍
എന്ത് സംഭവിക്കും?
- വൃക്ക, ഹൃദയം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതിലൂടെ മരണം വരെ സംഭവിക്കാം.
- ശരീരത്തിന്റെ രക്തസമ്മര്‍ദ്ദം ഉയരുന്നത് വഴി ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഉണ്ടാവാം
- മാനസിക വൈകല്യങ്ങള്‍
- മൂക്കിലൂടെ ഉപയോഗിക്കുന്നത് മൂലം ശ്വാസകോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാം.
എങ്ങനെ മാറ്റാം?
നാളുകളായി ഉപയോഗിച്ച് പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ സ്വയം നിര്‍ത്തിയാല്‍ ഉത്കണ്ഠ, വിഷാദരോഗം, ഒറ്റപ്പെടല്‍, ഭയം എന്നിവ വരാന്‍ സാധ്യതകൂടുതലാണ്. അതുകൊണ്ടുതന്നെ വിദഗ്ധരുടെ സഹായം തേടേണ്ടതാണ്.
എല്‍പി, യുപി പ്രായം മുതല്‍ തന്നെ കുട്ടികള്‍ക്ക് മിഠായി രൂപത്തിലോ മറ്റെന്തെങ്കിലും തരത്തിലോ ഇത് സൗജന്യമായി നല്‍കുന്നവരുണ്ട്. ഇവര്‍ കുട്ടികളെ മെല്ലെ മെല്ലെ ഈ ഒരു രാസലഹരിക്ക് അടിമയാക്കി കഴിഞ്ഞശേഷം മുതിര്‍ന്നു വരുമ്പോള്‍ പൈസയുണ്ടെങ്കില്‍ മാത്രമേ ഇവ കിട്ടുകയുള്ളൂ എന്നൊരു മാനസികാവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുന്നു. അതുവഴി കുട്ടികളില്‍ മാനസികസമ്മര്‍ദ്ദം ഉണ്ടാക്കികൊടുക്കുക
എന്നതാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്നത്. ഒരുദിവസം പോലും ലഹരി ഉപയോഗിച്ചില്ലെങ്കില്‍ ഇത്തരക്കാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വരുകയും, ലഹരി വാങ്ങാന്‍ വേണ്ടി പണം തികയാതെ വരുമ്പോള്‍ കൊള്ള, കൊലപാതകം, കലാപം തുടങ്ങിയവയിലേക്ക് കുട്ടികളെ നയിക്കുകയും ചെയ്യും. വളരെ ചെറുപ്പത്തില്‍ തന്നെ ലഹരിയുടെ പിടിയിലാവുകയും പിന്നീട് ജീവിതം നശിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് ചെറുപ്പക്കാരുണ്ട്. ഒരിക്കലെങ്കിലും ലഹരി ഉപയോഗത്തിന്റെ അനന്തരഫലങ്ങളിലൂടെ സൈക്യാട്രി ഹോസ്പിറ്റലുകളില്‍ കഴിയുന്ന ഒരു കൂട്ടം ആളുകളെ കണ്ട് കഴിഞ്ഞാല്‍ ഒരിക്കലും ലഹരിയില്ലെങ്കില്‍ ജീവിതമില്ലെന്ന് തോന്നുകപോലുമില്ല.
മദ്യം, കഞ്ചാവ്, എംഡിഎംഎ... ഇനി മറ്റേത് ലഹരിയായാലും ഇതെല്ലാം പിഴുതെറിയേണ്ട സമയമായി. ഇനിയും ഇവരെ തിരുത്താന്‍ തുടങ്ങിയില്ലെങ്കില്‍ ഉറപ്പായും നാളത്തെ തലമുറ തന്നെ ഇല്ലാതെയാവും. ഓര്‍ക്കുക, ലഹരി നിങ്ങളുടെ ഭാവിയെ തിന്നുകൊണ്ടിരിക്കുകയാണ്.
Content Highlights: The dark reality of MDMA use among youth
Published: 20 Mar 2025, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented