
പ്രതീകാത്മകചിത്രം / Shutterstock
ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം. പ്ലാസ്റ്റിക് സർജറിയുടെ വിവിധ വശങ്ങളെക്കുറിച്ചും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ അവയുടെ പങ്കിനെക്കുറിച്ചും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാസ്റ്റിക് സർജറി ദിനം ആഘോഷിക്കുന്നത്. അതിനൊപ്പം പ്ലാസ്റ്റിക് സർജൻമാരുടെ സംഭാവനകൾ ഓർമിക്കുകയും ചെയ്യുന്നു. പ്രധാനമായും സൗന്ദര്യം മെച്ചപ്പെടുത്തൽ എന്ന രീതിയിലാണ് പ്ലാസ്റ്റിക് സർജറി ലേബൽ ചെയ്തിരിക്കുന്നതെങ്കിലും, അതിന്റെ വ്യാപ്തി അതുക്കും മേലെയാണ്.
പ്ലാസ്റ്റിക് സർജറിയെ രണ്ട് പ്രധാന ശാഖകളായി തിരിക്കാം: പുനർനിർമ്മാണ ശസ്ത്രക്രിയ, സൗന്ദര്യവർദ്ധക ശസ്ത്രക്രിയ. ജനന വൈകല്യങ്ങൾ, ആഘാതം, പൊള്ളൽ, കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ എന്നിവയെത്തുടർന്ന് ശാരീരികവും പ്രവർത്തനപരവുമായ വൈകല്യങ്ങൾ പരിഹരിക്കുന്നതാണ് പുനർനിർമ്മാണ ശസ്ത്രക്രിയ. രോഗികൾക്ക് സാധാരണജീവിതം നയിക്കാൻ അനുവദിക്കുന്നതിലൂടെ, സാധാരണ രൂപവും പ്രവർത്തനവും വീണ്ടെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
പുനർനിർമ്മാണ ശസ്ത്രക്രിയകളുടെ ഉദാഹരണങ്ങളിൽ പിളർന്ന ചുണ്ട്, അണ്ണാക്കിലെ പ്രശ്‌നങ്ങൾ തുടങ്ങിയ ജനനവൈകല്യങ്ങൾ തിരുത്തൽ, അപകടങ്ങളെത്തുടർന്ന് മുറിച്ചുമാറ്റിയ വിരൽ, കൈ, കാൽ മുതലായവ വീണ്ടും ഘടിപ്പിക്കൽ, കാൻസർ ശസ്ത്രക്രിയയ്ക്ക് ശേഷം സ്തനത്തിന്റെയും മുഖത്തിന്റെയും പുനർനിർമ്മാണം എന്നിവ ഉൾപ്പെടുന്നു. റൈനോപ്ലാസ്റ്റി, അബ്‌ഡോമിനോപ്ലാസ്റ്റി, ലിപ്പോസക്ഷൻ എന്നിവയാണ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയയുടെ ചില ഉദാഹരണങ്ങൾ.
സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള നിരവധി സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളുടെ കുത്തൊഴുക്കാണിപ്പോൾ. അതിനിടയിൽ സുരക്ഷിതമായ രീതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയും ലോക പ്ലാസ്റ്റിക് സർജറി ദിനം ഊന്നിപ്പറയുന്നു. പ്ലാസ്റ്റിക് സർജറി ഭംഗിയായും കൃത്യമായും ചെയ്യാൻ ശസ്ത്രക്രിയാ വൈദഗ്ദ്ധ്യം, വർഷങ്ങളുടെ പരിശീലനത്തിലൂടെ നേടിയെടുത്ത കൃത്യത എന്നിവ ആവശ്യമാണ്. നിയന്ത്രണമില്ലാത്ത നടപടിക്രമങ്ങൾ, യോഗ്യതയില്ലാത്ത പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്യാത്ത കേന്ദ്രങ്ങളുടെ ഗുണമില്ലാത്ത അടിസ്ഥാന സൗകര്യങ്ങൾ എന്നിവ രോഗികൾക്ക് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നു. സർട്ടിഫൈഡ് പ്രൊഫഷണലുകൾ, രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങൾ അല്ലെങ്കിൽ ആശുപത്രികൾ എന്നിവയിലൂടെ മാത്രമേ ഇത് ചെയ്യാവൂ. സമപ്രായക്കാരുടെ സമ്മർദ്ദത്തിനോ വഞ്ചനാപരമായ പരസ്യങ്ങൾക്കോ വഴങ്ങിയിട്ടാവരുത് പ്ലാസ്റ്റിക് സർജറി ചെയ്യാൻ. നടപടിക്രമങ്ങൾ കൃത്യമായി അറിഞ്ഞുമാത്രം ഇവയെ സമീപിക്കുക.
(കോഴിക്കോട് ബേബി മെമ്മോറിയൽ ആസ്പത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റാണ് ലേഖകൻ)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: learn about reconstructive and cosmetic plastic surgery, its benefits and risks
Published: 15 Jul 2025, 12:20 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented