കഥാപാത്രത്തിനുവേണ്ടി ശരീരഭാരം ഗണ്യമായി കൂട്ടിയും കുറച്ചും ഞെട്ടിച്ച താരമാണ് ബോളിവുഡ് നടി ഭൂമി പഡ്നേക്കർ. ഡൽഹി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കവേ തന്റെ ശരീരഭാരം കുറച്ചതിനെക്കുറിച്ച് അവർ സംസാരിക്കുകയാണ്. സ്വന്തം യാത്രയെക്കുറിച്ചും കാലക്രമേണ തന്റെ മുൻഗണനകൾ എങ്ങനെ മാറിയെന്നും നടി വിശദീകരിച്ചു.

യാഷ് രാജ് ഫിലിംസിൽ കാസ്റ്റിങ് അസിസ്റ്റന്റായാണ് ഭൂമി തന്റെ സിനിമാ യാത്ര ആരംഭിച്ചത്, 2015-ൽ 'ദും ലഗ കെ ഹൈഷ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കുമെത്തി. ANI യ്ക്കു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞതിങ്ങനെ- "ഏറ്റവും വലിയ കാര്യം നിങ്ങൾ പ്രസക്തരായിരിക്കരുത് എന്നതാണ്; നിങ്ങൾ നിങ്ങളുടെ ക്രാഫ്റ്റിനോട് സത്യസന്ധരായിരിക്കണം, കാരണം പ്രസക്തി വളരെ കുറഞ്ഞ കാലത്തേക്കുള്ളതാണ്, അത് ക്ഷീണിപ്പിക്കുകയും ചെയ്യും, എത്രത്തോളം കാലം നിങ്ങൾക്ക് പ്രസക്തരായിരിക്കാൻ കഴിയും? നിങ്ങളുടെ യഥാർത്ഥ കഴിവ് കണ്ടെത്തുക എന്നതാണ് പ്രധാനം. നിങ്ങളിലെ കലാകാരനെ മനസ്സിലാക്കുക എന്നതാണ്. അങ്ങനെ അതൊരിക്കലും ഇല്ലാതാകാതിരിക്കാൻ നിരന്തരം പരിശീലിക്കുക"-അവർ പറഞ്ഞു.

തന്റെ അഭിനയ ജീവിതം ആരംഭിച്ചതു മുതൽ ശരീരഭാരത്തിലെ കയറ്റിറക്കങ്ങളിൽ ഭൂമി ശ്രദ്ധ നേടിയിട്ടുണ്ട്. ആരാധകരും മാധ്യമങ്ങളും എപ്പോഴും അവരുടെ ശരീരഭാരം കുറയുന്നതിനെക്കുറിച്ചും കൂടുന്നതിനെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. അടുത്തിടെ ശരീരഭാരം കുറച്ചത് ഫിറ്റായിരിക്കാനുള്ള പ്രചോദനത്തിന്റെ പുറത്താണെന്നാണ് ഭൂമി പറഞ്ഞത്. "ഞാൻ വർഷങ്ങളായി ഇത് ചെയ്യുന്നുണ്ടായിരുന്നു, എന്റെ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും (weight loss) ചെയ്തു. ഇപ്പോൾ ഞാനത് അല്പം കുറച്ചു, കാരണം ഒരു സ്ത്രീ എന്ന നിലയിൽ, പ്രായം കൂടുമ്പോൾ, നിങ്ങളുടെ ശരീരത്തിന്റെ ഭാരം കൂട്ടാനും കുറയ്ക്കാനുമുള്ള കഴിവ് കുറയും. അതിനാൽ ഇപ്പോൾ ഞാൻ ആരോഗ്യത്തിനും ശരീരത്തിനും മുൻഗണന നൽകുന്നു, കാരണം ഒരു പ്രായത്തിൽ സ്ത്രീകൾ അങ്ങനെ ചെയ്യാൻ തുടങ്ങേണ്ടതുണ്ട്"- അവർ പറഞ്ഞു.

2025-ൽ, അർജുൻ കപൂറിനും രാകുൽ പ്രീത് സിങ്ങിനുമൊപ്പം 'മേരെ ഹസ്ബൻഡ് കി ബീവി' എന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ ഭൂമി അഭിനയിച്ചിരുന്നു. നെറ്റ്ഫ്ലിക്സിന്റെ 'ദി റോയൽസ്' എന്ന റൊമാന്റിക് ഷോയിൽ ഇഷാൻ ഖട്ടറിനൊപ്പം അഭിനയിച്ചു. ഈ ഷോ നിരൂപകരിൽ നിന്ന് മോശം പ്രതികരണമുണ്ടാക്കിയിരുന്നു. അതേസമയം, കാഴ്ചക്കാരുടെ എണ്ണത്തിൽ മുന്നിൽ തന്നെ നിന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi