ചര്‍മസംരക്ഷണത്തിനായി ഒട്ടേറെ ആയുര്‍വേദ മാര്‍ഗങ്ങള്‍ ഇന്നുണ്ട്. ചര്‍മപാളികളിലെ മൃതകോശങ്ങളെ നീക്കി തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചര്‍മം പ്രദാനം ചെയ്യുന്ന കൂട്ടുകള്‍ ആയുര്‍വേദത്തില്‍ നിരവധിയാണ്‌. അവയില്‍ പ്രധാനപ്പെട്ടവയാണ് രക്തചന്ദനവും രാമച്ചവും ചിറ്റമൃതും മഞ്ഞളും നറുനീണ്ടിക്കിഴങ്ങുമെല്ലാം. നമ്മുടെ തൊടിയില്‍ ലഭിക്കുന്ന ഇത്തരം പ്രകൃതിദത്തമായ ചേരുവകള്‍ക്ക് താരതമ്യേന പാര്‍ശ്വഫലങ്ങള്‍ കുറവുമാണ്.

മുഖകാന്തിക്ക്

  •  ഞവരയരി നേര്‍മ്മയായി പൊടിച്ച് പശുവിന്‍പാലില്‍ നന്നായി വേവിക്കാം. അതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാല്‍ ചേര്‍ത്ത് മുഖത്തുപുരട്ടാം. 45 മിനിറ്റ് കഴിഞ്ഞശേഷം ചെറുചൂടുവെളളത്തില്‍ കുളിക്കാം. ഈ മിശ്രിതത്തില്‍ രക്തചന്ദനത്തിന്റെ പൊടിചേര്‍ക്കുന്നത് മുഖകാന്തി വര്‍ധിപ്പിക്കും.
  • വെയിലേറ്റുണ്ടാകുന്ന മുഖത്തെ പാടുകള്‍ മാറ്റാന്‍ ഇരട്ടിമധുരം നന്നായി പൊടിച്ച് പാല്‍പ്പാടയിലോ പുളിയില്ലാത്ത തൈരിലോ ചാലിച്ച് പുരട്ടാം.
  • ചന്ദനം, രാമച്ചം, ഇരട്ടിമധുരം, നുറനീണ്ടിക്കിഴങ്ങ്, പതിമുകം എന്നിവ പൊടിച്ച് തേനിലോ പുളിയില്ലാത്ത തൈരിലോ ചേര്‍ത്ത് പുരട്ടുന്നത് മുഖത്തെ ചുളിവ് മാറ്റാന്‍ സഹായിക്കും.
  • പാച്ചോറ്റി തൊലി പൊടിച്ച്, ചെറുനാരങ്ങാനീരും കടലമാവും ചേര്‍ത്ത് മുഖം കഴുകാനായി ഉപയോഗിക്കാം.
  • ഒലിവെണ്ണയും പഞ്ചസാരയും ചേര്‍ത്തുള്ള സ്‌ക്രബ്ബിങ് മുഖത്തെ മൃതകോശങ്ങള്‍ നീക്കാന്‍ സഹായിക്കും.
  • സെന്‍സിറ്റീവ് ആയിട്ടുള്ള ചര്‍മത്തില്‍, മഞ്ഞള്‍ ചിലപ്പോള്‍ ചൊറിച്ചിലിന് കാരണമായേക്കാം. അതിനാല്‍ കരുതലോടെ വേണം ഉപയോഗിക്കാന്‍.

    നെല്ലിക്കയും ഓറഞ്ചും
  • നെല്ലിക്ക മരുന്ന് മാത്രമല്ല, ചര്‍മത്തിന് ഗുണമേകുന്ന ഫലം കൂടിയാണ്. നെല്ലിക്കയിലെ വിറ്റാമിന്‍ സി ചര്‍മാരോഗ്യത്തില്‍ വലിയ പങ്കുവഹിക്കുന്നു.
  • ചര്‍മം ചുളിയുന്നതിന്റെ ഒരു കാരണം കൊളാജന്റെ അളവ് കുറയുന്നതാണ്. കൊളാജന്റെ അളവ് കൂട്ടാന്‍ നെല്ലിക്ക സഹായിക്കും.
  • ഓറഞ്ച്, ചെറുനാരങ്ങ, പാലക് ചീര എന്നിവയിലും വിറ്റാമിന്‍ സി ധാരാളമുണ്ട്. ഇവ ആഹാരത്തിന്റെ ഭാഗമാക്കുന്നത് ചര്‍മം തിളങ്ങാനും ആരോഗ്യത്തോടെയിരിക്കാനും നല്ലതാണ്.
    കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi