കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഓട്ടിസമുണ്ടോയെന്ന് തിരിച്ചറിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓട്ടിസം ഒരു ന്യൂറോ ഡവലപ്മെന്റൽ ഡിസോർഡർ ആയതിനാൽ ശാരീരികമായി അതിന്റെ ലക്ഷണങ്ങളൊന്നും ജനനസമയത്ത് കാണിക്കില്ല. കുട്ടികളുടെ വളർച്ചാഘട്ടത്തിൽ സാമൂഹികഇടപെടൽ, സംസാരവികസനം, ഭാഷാവികസനം എന്നിവയെയെല്ലാം ബാധിക്കുന്ന ഒരു അവസ്ഥയായതിനാൽ ആ ഘട്ടത്തിൽ മാത്രമേ അത് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ഓട്ടിസത്തിന്റെ കൃത്യമായ കാരണം നിർവചിച്ചിട്ടില്ലെങ്കിലും ജനതികവും ചുറ്റുപാടുകളുമായി ബന്ധപ്പെട്ട കാരണങ്ങളാണ് പ്രധാനമായും പറയാറുള്ളത്. 

രക്തപരിശോധനയിലൂടെയോ ബ്രെയ്ൻ സ്കാനിലൂടെയോ ജനിതകപരിശോധനയിലൂടെയോ എല്ലാത്തരം ഓട്ടിസങ്ങളും കണ്ടുപിടിക്കാനാവില്ല. ഓട്ടിസത്തെപ്പറ്റിയുടെ ചില അടിസ്ഥാനവിവരങ്ങൾ. 

എത്രത്തോളം നേരത്തേ തിരിച്ചറിയാം

ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കുട്ടികൾ ആദ്യവയസ്സിൽ തന്നെ കാണിക്കും. മുഖത്തുനോക്കി ചിരിക്കാതിരിക്കുക, പേരുവിളിക്കുമ്പോൾ നോക്കാതിരിക്കുക, ഇതൊക്കെ ഒരു വയസ്സിനു മുമ്പേ കുട്ടികൾ കാണിക്കുന്ന ലക്ഷണങ്ങളാണ്. അതേസമയം,12-18 മാസം വരെ പ്രായമുള്ള കുട്ടികൾ കാണിക്കുന്ന ലക്ഷണങ്ങളിൽ നിന്നാണ് ഇക്കാര്യത്തിൽ കൂടുതുൽ വ്യക്തത കിട്ടുന്നത്. രണ്ടുവയസ്സിനുള്ളിൽ തന്നെ രോഗം തിരിച്ചറിഞ്ഞ് ശരിയായ ഡയഗ്നോസിസിലേക്ക് എത്താൻ സാധിക്കും. 

തിരിച്ചറിയുന്ന ഘട്ടങ്ങൾ

ആദ്യ ഒരു വയസ്സിൽ തിരിച്ചറിയാനുള്ള വഴി- രണ്ടോ മൂന്നോ മാസം പ്രായമായിട്ടും കുട്ടികൾ മുഖത്തുനോക്കി ചിരിക്കാതിരിക്കുക, ആദ്യത്തെ എട്ടുമാസമായിട്ടും പരിചയമുള്ള ആളുകളെ, സ്ഥിരം കാണുന്ന ആളുകളെ തിരിച്ചറിയാതിരിക്കുക, ഒൻപത്, പത്തുമാസമായിട്ടും പേരു വിളിച്ചാലും നോക്കാതിരിക്കുക. രണ്ടാമത്തെ വയസ്സിലും ഇതേ കാര്യങ്ങൾ ആവർത്തിക്കുകയും ഒപ്പം മറ്റുള്ള കുട്ടികളുടെ കൂടെച്ചേർന്ന് കളിക്കാതിരിക്കുക, ഒറ്റയ്ക്കുള്ള കളികൾ, ഒരു വസ്തുവെച്ച് തന്നെ തുടർച്ചയായി കളിച്ചുകൊണ്ടിരിക്കുക, ആവർത്തനസ്വഭാവം- തുടരെത്തുടരെ ഒരേ കാര്യം തന്നെ ചെയ്തുകൊണ്ടിരിക്കുക, സെർസിങ് ഇഷ്യൂസ് എന്നിവകൂടി കാണിക്കുന്നുണ്ടെങ്കിൽ ഓട്ടിസം സംശയിക്കാം.

കുഞ്ഞിന് പൂർണമായും മുക്തി പ്രതീക്ഷിക്കാമോ?

ഓട്ടിസം ഒരു മെഡിക്കൽ ഡിസോർഡർ പോലെ പൂർണമായും ചികിത്സിക്കാൻ പറ്റില്ലെങ്കിലും നേരത്തേയുള്ള ഇടപെടൽ ഗുണംചെയ്യും. ആദ്യത്തെ മൂന്നുവയസ്സിനുള്ളിൽ ഓട്ടിസം തിരിച്ചറിഞ്ഞാൽ വലിയൊരു ശതമാനം കുട്ടികളും പൂർണമായും ഓട്ടിസം സ്പെക്ട്രത്തിൽ നിന്ന് പുറത്തുവരുന്നതായി കണ്ടിട്ടുണ്ട്. അതുപോലെത്തന്നെ, നേരത്തേ തുടങ്ങുന്ന തെറാപ്പികളും ചികിത്സകളും വഴി, വലിയൊരു ശതമാനം കുട്ടികളിലും പുരോഗതി കാണിക്കാറുണ്ട്.

ഓട്ടിസം ലോകത്ത് വർധിക്കുകയാണോ?

ആഗോളതലത്തിൽ ഓട്ടിസം വർധിച്ചുവരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. 2018-ലെ കണക്കുപ്രകാരം 54-ൽ ഒന്നായിരുന്നെങ്കിൽ 2023-ലെ കണക്കുപ്രകാരം 36-ൽ ഒന്നായിട്ടുണ്ട്. ആനുപാതികമായി ഇന്ത്യയിലും കേരളത്തിലും കേസുകൾ വർധിച്ചു, പ്രത്യേകിച്ചും കോവിഡിന് ശേഷം. കുട്ടികളുടെ സാമൂഹിക ഇടപെടലിനുള്ള സാഹചര്യം കുറയുന്നതും മൊബൈൽ, ടിവി ഉപയോഗം കൂടുന്നതും മുന്നത്തേതിൽ നിന്ന് വ്യത്യസ്തമായി ആളുകളുമായി ഇടപഴകാനുള്ള സാഹചര്യം കുറയുന്നതുമൊക്കെയാവാം ഒരു പരിധിവരെ രോഗാവസ്ഥ പ്രകടമാകാൻ കാരണം. കൂടാതെ ജനിതകമായിട്ടുള്ള എപ്പിജെനറ്റിക് ചെയ്ഞ്ചും കാരണമാവാം. പഠനങ്ങൾ പറയുന്നത് ഓട്ടിസം കൂടുന്നു എന്നുതന്നെയാണ്. അതിന്റെ കൂടെ തിരിച്ചറിഞ്ഞ് നേരത്തേ ചികിത്സിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

വൈകിയുള്ള വിവാഹവും കുട്ടികളുണ്ടാവലും ഓട്ടിസത്തിന് ആക്കംകൂട്ടുമോ?

വൈകിയുള്ള വിവാഹവും കുട്ടികളുണ്ടാവലും ജനിതകമായ പ്രശ്നങ്ങൾ കൂടാനുള്ള സാധ്യതകൂട്ടും. പുരുഷൻമാരിലും സ്ത്രീകളിലും പ്രശ്നങ്ങളുണ്ടാകും. ജനിതകമായ പ്രശ്നം കൊണ്ടുള്ള ഓട്ടിസത്തിന്റെ അളവ് അതുവഴി കൂടുന്നത് കണ്ടിട്ടുണ്ട്.

ഓട്ടിസം ബാധിച്ച കുട്ടികളുടെ ദേഷ്യം എങ്ങനെ കൈകാര്യം ചെയ്യാം?

ഓട്ടിസം ഉള്ള കുട്ടികൾ വലിയ ദേഷ്യം കാണിക്കാറുണ്ട്. അതിന് എന്താണ് കാരണം എന്ന് മനസ്സിലാക്കുക പ്രധാനമാണ്. ദേഷ്യവും വാശിയുമടക്കം ഏതൊരു പെരുമാറ്റത്തിനും ഒരു കാരണമുണ്ടാവും. ഒന്നെങ്കിൽ മറ്റുള്ളവരോട് ആശയവിനിമയം സാധിക്കാത്തതിന്റെ പ്രയാസം, സെൻസറി ഓവർലോഡ്, സാമൂഹികമായി ഇടപെടുമ്പോഴുള്ള ഉത്കണ്ഠ, ചില ഘട്ടങ്ങളിൽ അവർക്ക് ചെയ്യാൻ പറ്റുന്നതിലും ബുദ്ധിമുട്ടുകളുള്ള ടാസ്കുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടുമെല്ലാം ദേഷ്യം കാണിക്കാറുണ്ട്. കാരണം തിരിച്ചറിഞ്ഞ് സൈക്കോളജിസ്റ്റിന്റെയോ ബിഹേവിയറൽ തെറാപ്പിസ്റ്റിന്റെയോ സഹായം തേടാം. പിന്നെ, കുട്ടിയുടെ ഇഷ്ടപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ രക്ഷിതാക്കൾ തയ്യാറാവണം. വിഷ്വൽ ഡമോൻസ്ട്രേഷൻ, ജീവിതത്തിലെ ചിട്ട എന്നിവ ഒരു പരിധിവരെ ദേഷ്യം കുറയ്ക്കാൻ സഹായിക്കും. പിന്നെ രക്ഷിതാക്കൾ കുട്ടികൾ ദേഷ്യം പ്രകടിപ്പിക്കുന്ന സമയത്ത് ഒരുപോലെ പെരുമാറാൻ ശ്രമിക്കുക. ദേഷ്യം പ്രകടിപ്പിക്കുന്നതിനു പകരം കുട്ടിയുടെ പ്രശ്നം എന്താണെന്ന് പഠിക്കാൻ ശ്രമിക്കുക.

ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെയാണോ ബാധിക്കുക?

കണക്കുകൾ പ്രകാരം ഓട്ടിസം ആൺകുട്ടികളിൽ തന്നെയാണ് കൂടുതലായി കാണപ്പെടുന്നത്. പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരുപോലെ ബാധിക്കുന്നതാണ് ഓട്ടിസമെങ്കിലും സ്പീച്ച് ഡിലേ, എഡിഎച്ച്ഡി, ഓട്ടിസം എന്നിവയെല്ലാം ആൺകുട്ടികളിലാണ് കൂടുതൽ കണ്ടുവരുന്നത്.

ഏതൊക്കെ തരം

ഓട്ടിസം പല രീതിയിലും തരംതിരിക്കാം. കുറഞ്ഞ പിന്തുണമാത്രം ആവശ്യമുള്ള കുട്ടികളെ ലെവൽ ഒന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പിന്തുണ വേണ്ടവർ ലെവൽ-രണ്ട്, മുഴുവൻ സമയവും പിന്തുണ വേണ്ടവർ ലെവൽ മൂന്നിലും. ഓട്ടിസം തരംതിരിച്ചിരിക്കുന്ന മറ്റൊരു രീതി കുട്ടികളുടെ ബുദ്ധിപരമായ കഴിവുകളുടെ അടിസ്ഥാനത്തിലാണ്. കൊഗ്നിറ്റിവിറ്റി നോർമൽ ആയിട്ടുള്ള കുട്ടികളിലും ഐക്യു കുറഞ്ഞ കുട്ടികളിലും ഓട്ടിസം കാണാറുണ്ട്. അവരുടെ പ്രശ്നങ്ങൾ വ്യത്യസ്തമായിരിക്കാം.

പാരമ്പര്യഘടകങ്ങളുണ്ടോ?

ഓട്ടിസത്തിൽ പാരമ്പര്യം ഒരു ഘടകമാണ്. ജനിതകമായി വരുന്ന ഓട്ടിസത്തിന് പാരമ്പര്യമായ കാരണങ്ങളുണ്ട്. അടുത്ത കുട്ടികളിലേക്കോ അടുത്ത തലമുറയിലേക്കോ അത് പോകാനുള്ള സാധ്യതയുണ്ട്. എന്നാൽ വലിയൊരു ശതമാനവും ജനതികമല്ലെന്നാണ് കണക്കുകൾ. എത്രശതമാനം അപകടമുണ്ടാകുമെന്ന് പൂർണമായും പറയാൻ പ്രയാസമാണ്.

ഓട്ടിസം ആയുർദൈർഘ്യം കുറയ്ക്കുമോ?

ഓട്ടിസം ഒരു മെഡിക്കൽ പ്രശ്നമല്ലാത്തതുകൊണ്ട് ഓട്ടിസം കാരണം ആയുസ്സു കുറയുന്നതായി കണ്ടിട്ടില്ല. ഓട്ടിസത്തിന്റെ കൂടെത്തന്നെ മറ്റ് ന്യൂറോളജിക്കൽ പ്രശ്നം കാരണം പോഷകങ്ങൾ ശരീരത്തിലെത്താത്തത് ചിലപ്പോൾ ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്.

(ഡോ. അഹമ്മദ് ഷാഫി, ഡെവലപ്മെന്റൽ പീടിയാട്രിഷ്യൻ, ഡോ. ഷാഫീസ് സിഡിആർസി, കോഴിക്കോട്)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi