ഹൃദയാഘാതത്തിനുശേഷം ഭാരം കുറച്ച അനുഭവങ്ങളുമായി ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഹൃദയാഘാതം മാത്രമല്ല കടുത്ത വിഷാദവും ആസ്ത്മയുമെല്ലാം അലട്ടിയപ്പോഴാണ്, ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചത്.
'രണ്ട് തവണ ഹൃദയാഘാതമുണ്ടായി. തുടർച്ചയായി ആസ്ത്മയും അലട്ടി. സ്റ്റിറോയിഡുകൾ കഴിച്ചുകൊണ്ടിരുന്നു. ശരീരഭാരം വല്ലാതെ കൂടാൻ തുടങ്ങി. ഇതെല്ലാം ചേർന്ന് എന്നെ എത്തിച്ചത് കടുത്ത വിഷാദത്തിലും. വിഷാദം ബാധിച്ചതോടെ മദ്യപിക്കാൻ തുടങ്ങി. മദ്യപാനം വല്ലാതെ കൂടി. എനിക്കെന്നെ തന്നെ നഷ്ടപ്പെടുന്നത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. പക്ഷേ എന്തുചെയ്യണമെന്ന് മാത്രം മനസ്സിലായില്ല'', അനുരാഗ് ഓർക്കുന്നു.
''ഇതിൽനിന്നെല്ലാം മുക്തിനേടാൻ പല കാര്യങ്ങളും പരീക്ഷിച്ചു. ലഹരിവിമുക്തിക്കായി പല കേന്ദ്രങ്ങളിലുമെത്തി. പക്ഷേ അതൊന്നും എന്നെ സഹായിച്ചില്ല. നന്നായി വ്യായാമം ചെയ്യുന്ന, നല്ല ഫിറ്റായ എന്നെപ്പോലൊരാൾക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായതേയില്ല'', അദ്ദേഹം പറയുന്നു.
''പെട്ടെന്ന് ശരീരഭാരം കൂടാൻ തുടങ്ങി, മുടിയെല്ലാം കൊഴിയാനും പെട്ടെന്ന് നരയ്ക്കാനും തുടങ്ങി. അക്കാലത്ത് വലിയ സമ്മർദത്തിലായിരുന്നു ഞാൻ''. അതിനുശേഷമാണ് മറ്റൊരു സമീപനം സ്വീകരിച്ചത്. 11 ദിവസത്തെ ലിക്വിഡ് ഡയറ്റ്. ഒപ്പം തന്നെ യോഗയും. ഇത് ഭാരം കുറയ്ക്കാൻ മാത്രമല്ല, സമ്മർദം അതിജീവിക്കാനും ജീവിതത്തിൽ സന്തുലിതാവസ്ഥ കൊണ്ടുവരാനും സഹായിച്ചുവെന്ന് അദ്ദേഹം പറയുന്നു. 'ആദ്യമൊക്കെ ഇതും എളുപ്പമായിരുന്നില്ല. ദ്രാവക ഭക്ഷണക്രമം എന്നെ ശരിക്കും ബുദ്ധിമുട്ടിച്ചു. കട്ടിയുള്ള ഭക്ഷണത്തോട് ആർത്തിയും ആഗ്രഹവും തോന്നി. അതെല്ലാം അടക്കി, നല്ല അച്ചടക്കത്തോടെ ആ ഡയറ്റ് പിന്തുടർന്നു'', അനുരാഗ് വെളിപ്പെടുത്തുന്നു.
''ആദ്യമായി വലിയൊരു മാറ്റം എന്റെ ശരീരത്തിലും ജീവിതത്തിലും ഞാൻ കണ്ടു. 27 കിലോയാണ് കുറഞ്ഞത്. പ്രാണായാമം പരിശീലിച്ചതും ഗുണപ്രദമായി. ഓരോ കാര്യങ്ങളും ചെയ്തുകഴിഞ്ഞാൽ ഉറങ്ങാനുള്ള സമയം കിട്ടുമോ, ഭക്ഷണം കഴിക്കാനുള്ള സമയമുണ്ടാവുമോ...അങ്ങനെ ഒട്ടേറെ സംശയങ്ങളുണ്ടായിരുന്നു എനിക്ക്. പക്ഷേ യോഗ പരിശീലിച്ചതോടെ, ആവശ്യമില്ലാത്ത സംശയങ്ങളും സമ്മർദവും ഒഴിഞ്ഞുപോയി. ഓരോ കാര്യത്തിലും എങ്ങനെയാണ് സമയം തുല്യമായി വീതിക്കുന്നതെന്നും തിരിച്ചറിഞ്ഞു''.
ബോബി ഡിയോളിനെ മുഖ്യകഥാപാത്രമാക്കി സംവിധാനം ചെയ്ത 'ബന്ദർ' ആണ് അനുരാഗിന്റെ അവസാനമിറങ്ങിയ സിനിമ. പുതുമുഖതാരങ്ങളെ വെച്ചുള്ള 'നിഷാഞ്ചി'യാണ് പുറത്തിറങ്ങാനിരിക്കുന്ന സിനിമ. 'ബാഗ് കോപ്പ്', തമിഴിൽ 'ലിയോ', 'മഹാരാജ', 'വിടുതലൈ പാർട്ട് 2', മലയാളത്തിൽ 'റൈഫിൾ ക്ലബ്' എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood director Anurag Kashyap lost 27 kg after suffering two heart attacks and battling depression
Published: 11 Sept 2025, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented