അരുണാചല്‍ പ്രദേശിലെ സിറോയില്‍ മൂന്നുമലയാളികള്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വാര്‍ത്തയാണ്, ഈ ദിവസങ്ങളില്‍ കേരളത്തെ നടുക്കിയത്. ബ്ലാക്ക് മാജിക്, സാത്താന്‍ സേവ അങ്ങനെ പലതും ഈ മരണവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നുണ്ട്. ഇതിനൊപ്പം സിറോ എന്ന പ്രദേശവും വാര്‍ത്തകളിലിടം പിടിക്കുകയാണ്. 

മനോഹരമായ താഴ്‌വരയാണ് സിറോ. ഇറ്റാനഗറില്‍നിന്ന് 115 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. നെല്‍പ്പാടങ്ങളും പൈന്‍മരങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഭംഗി. നോക്കെത്താദൂരത്ത് പച്ചപ്പ് മാത്രം. 

അപ്താനി എന്ന ഗോത്രവിഭാഗക്കാരാണ് ഇവിടെ താമസം. തനതായ നെല്‍കൃഷിയിലൂടെയാണ് അവര്‍ ജീവിക്കുന്നത്. ഉത്സവങ്ങളാലും ആഘോഷങ്ങളാലും സമ്പന്നമാണ് ഈ പ്രദേശം. ഡ്രീ കാര്‍ഷികോത്സവം, മ്യോകോ ഫെസ്റ്റിവല്‍, മൊറുങ് ഫെസ്റ്റിവല്‍, സിറോ മ്യൂസിക് ഫെസ്റ്റിവല്‍ എന്നിവയാണ് അവയില്‍ പ്രധാനം.  

ഡ്രീ ഉത്സവത്തില്‍ വിനോദസഞ്ചാരികള്‍ക്ക് അപ്താനികളുടെ പരമ്പരാഗതനൃത്തവും മറ്റ് സാംസ്‌കാരികപരിപാടികളും ആസ്വദിക്കാം. മ്യോകോ ഉത്സവത്തില്‍ സമൂഹവിരുന്നുണ്ടാകും. ഒപ്പം മൃഗങ്ങളെ ബലിനല്‍കുന്ന ചടങ്ങും. അപ്താനികള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ദൈവത്തിന് ബലിയര്‍പ്പിക്കുന്ന ചടങ്ങാണിത്. ദൈവത്തോടുള്ള തങ്ങളുടെ നന്ദിപ്രകാശനമായാണ് അവര്‍ ഈ ചടങ്ങ് നടത്തുന്നത്. 

placeholder
സിറോ താഴ്‌വര

സിറോ മ്യൂസിക് ഫെസ്റ്റിവലോടെയാണ് ഈ പ്രദേശം ലോകപ്രസിദ്ധമായത്. സംഗീതം ആസ്വദിക്കാനും ആഘോഷിക്കാനും ഇഷ്ടപ്പെടുന്നവര്‍ക്ക് സിറോ നല്ല അനുഭവമായിരിക്കും നല്‍കുന്നത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലാണ് ഈ സംഗീതോത്സവം നടക്കുന്നത്. 2012-ല്‍ സംഗീതജ്ഞനും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ഹനോയാണ് ഇത് തുടങ്ങിയത്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദ ഉത്സവമാണിത്. ഭക്ഷണം വിളമ്പുന്നത് പാളകൊണ്ടുള്ള പ്ലേറ്റിലാണ്. ഇവിടെ വരുന്നവര്‍ക്ക് മദ്യം കൊടുക്കുന്നത് ബാംബൂ മഗ്ഗിലും. സീറോ പ്ലാസ്റ്റിക്കാണ് അവരുടെ ഉദ്ദേശ്യം. അതുപോലെ വരുന്ന അതിഥികള്‍ സ്ഥലത്ത് മാലിന്യങ്ങളൊന്നും നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും സംഘാടകര്‍ ശ്രമിക്കാറുണ്ട്. 

വളരെ വ്യത്യസ്തമായ ആചാരങ്ങളാണ് അപ്താനികളുടെ പ്രത്യേകത. മുളയും ചൂരലും കൊണ്ടാണ് ഇവരുടെ ദൈനംദിന ഉപകരണങ്ങളെല്ലാം നിര്‍മിക്കുന്നത്. പ്രായമുള്ള സ്ത്രീകള്‍ വലിയ മൂക്കുത്തിയാണ് ധരിക്കുക, അവരുടെ മുഖത്ത് പച്ചകുത്തിയതും കാണാം. ആരെങ്കിലും മരിച്ചുകഴിഞ്ഞാല്‍ അവരുടെ കുഴിമാടത്തിന് മുകളില്‍ മൃഗങ്ങളുടെ തലയെടുത്ത് വെയ്ക്കുകയും ചെയ്യും.  

കിലേ പാഖോ, മിഡേ, മേഘ്‌ന കേവ് ടെമ്പിള്‍, തല്ലേ വാലി വന്യജീവിസംരക്ഷണകേന്ദ്രം എന്നിവയാണ് ഇവിടെ പ്രധാനമായും കാണാനുള്ളത്. കിലെ പാഖോയില്‍ നിന്നാല്‍ സിറോയുടെ മനോഹരമായ വിദൂരദൃശ്യം കാണാം, ഒപ്പം മഞ്ഞില്‍ മൂടിക്കിടക്കുന്ന ഹിമാലയത്തിന്റെ ഒരുഭാഗവും. നീല പൈന്‍മരങ്ങളാല്‍ സമൃദ്ധമാണ് മിഡേ. 5000 വര്‍ഷത്തോളം പഴക്കമുള്ള ഗുഹാക്ഷേത്രമാണ് മേഘ്‌ന. വര്‍ഷംമുഴുവന്‍ നല്ല കാലാവസ്ഥയായിരിക്കും ഇവിടെ. അതാണ് മറ്റൊരു സവിശേഷത.