ബോളിവുഡിന്റെ ഗ്ലാമര്‍ റാണി, ആരാധകര്‍ അവരെ കാണാനായി സെറ്റുകളിലേക്ക് കുതിച്ചെത്തി. അതില്‍നിന്ന് എല്ലാവരാലും ഒറ്റപ്പെട്ട്, മരണത്തിലേക്ക് നടന്നുപോയ പര്‍വീണ്‍ ബാബി. അതിനിടയില്‍ അവര്‍ വിഷാദത്തില്‍ മുങ്ങിത്താഴ്ന്നു, ഏകാന്തതയില്‍ പൂണ്ടുകിടന്നു, പ്രണയനൈരാശ്യങ്ങളില്‍ തകര്‍ന്നടിഞ്ഞു, ഒടുവില്‍ വെള്ളിവെളിച്ചങ്ങളില്‍നിന്നെല്ലാം അകന്നു, ജീവിക്കാന്‍ തന്നെ മറന്നുപോയി. 

To advertise here,

ആ താരറാണി മരിച്ചതുപോലും പുറംലോകമറിയുന്നത്, മൂന്നുദിവസം കഴിഞ്ഞാണ്. മുംബൈ ജുഹുവിലെ റിവിയേറ ബില്‍ഡിങ്ങിലെ ഒരു ഫ്‌ളാറ്റിലായിരുന്നു അവരുടെ താമസം. തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവരുമായി അവര്‍ക്കൊരു ബന്ധവുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവരെക്കുറിച്ച് ആര്‍ക്കും വലിയ ധാരണയുമില്ലായിരുന്നു. 

ഫ്‌ളാറ്റിന്റെ വാതില്‍പ്പടിയില്‍ മൂന്നുദിവസത്തെ പാലും പത്രങ്ങളും കിടക്കുന്നതുകണ്ട് റെസിഡന്‍ഷ്യല്‍ സെക്രട്ടറിയാണ് പോലീസിനെ അറിയിക്കുന്നത്. പോലീസ് വാതില്‍പൊളിച്ച് അകത്തുകടന്നപ്പോഴാണ് മുറിയിലെ കട്ടിലില്‍ മരിച്ചനിലയില്‍ അവരെ കാണുന്നത്. കട്ടിലിനോട് ചേര്‍ന്നൊരു വീല്‍ചെയര്‍ കിടപ്പുണ്ടായിരുന്നു. കട്ടിലില്‍ ചുറ്റും കുറേ വസ്ത്രങ്ങളും, മരുന്നുകളും. കാലിലൊരു വ്രണമുണ്ടായിരുന്നു, അതില്‍ ബാന്‍ഡേജും ചുറ്റിയിരുന്നു. അതുകൊണ്ട് നടക്കാന്‍ പറ്റാത്തതിനാലാവും വീല്‍ചെയര്‍ ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. 

ഉടനെ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നായിരുന്നു കണ്ടെത്തല്‍. അടുത്ത ദിവസങ്ങളിലൊന്നും അവര്‍ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും മനസ്സിലായി. കടുത്ത പ്രമേഹവും വിഷാദരോഗവും ആര്‍ത്രൈറ്റിസും അവരെ തളര്‍ത്തിയിരുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചാണ് മരിച്ചതെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. 

ബോളിവുഡിന്റെ സ്വന്തം പര്‍വീണ്‍
പത്തൊമ്പതാം വയസ്സിലാണ് സിനിമയിലേക്കുള്ള വരവ്. ചരിത്ര എന്ന ആ സിനിമ അത്ര വിജയിച്ചില്ലെങ്കിലും, പര്‍വീണിന്റെ അരങ്ങേറ്റം ആഘോഷമാക്കാന്‍ സാധിച്ചു. ദീവാര്‍ എന്ന സിനിമയിലൂടെ, പര്‍വീണ്‍ ബോളിവുഡില്‍ ഇടംപിടിച്ചു. പിന്നീട് അമര്‍ അക്ബര്‍ ആന്റണി, സുഹാഗ്, കാലാ പത്തര്‍, ദ ബേര്‍ണിങ് ട്രെയിന്‍, കാലിയ, നമക് ഹലാല്‍...അങ്ങനെ കുറേ സിനിമകളില്‍ അവര്‍ അഭിനയിച്ചു. 

സീനത്ത് അമന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ്, അതേ രൂപഭാവങ്ങളോടെ പര്‍വീണിന്റെയും വരവ്. അതോടെ ആരാധകര്‍ അവരെ പാവപ്പെട്ടവരുടെ സീനത്ത് അമന്‍ എന്ന് വിളിച്ചുതുടങ്ങി. അവിടുന്ന് വളരെ പെട്ടെന്നാണ് പര്‍വീണ്‍ എന്ന പേരില്‍ തന്നെ ആരാധകരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഗ്ലാമറസ് നടിമാരില്‍ ഒരാളായി പര്‍വീണ്‍. അക്കാലത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രികളില്‍ ഒരാളുമായിരുന്നു. 

placeholder

അന്നത്തെ മറ്റു നായികമാരുടെയെല്ലാം പ്രത്യേകത ഇന്ത്യന്‍ രൂപഭാവങ്ങളായിരുന്നു. എന്നാല്‍, പര്‍വീണ്‍ ബാബിക്ക് ഒരു വിദേശഛായയായിരുന്നു. അവരുടെ വസ്ത്രധാരണത്തിലും രൂപത്തിലുമെല്ലാം അതുകാണാം. അതുകൊണ്ട് ടിപ്പിക്കല്‍ റോളുകളേക്കാള്‍ അവരെ തേടിയെത്തിയത്, മോഡേണ്‍-ഗ്ലാമര്‍ റോളുകളായിരുന്നു. 

അന്ന്‌ ആളുകള്‍ വെറുപ്പോടെ മാത്രം നോക്കിയിരുന്ന വിവാഹേതരബന്ധം, സ്ത്രീകളുടെ മദ്യപാനം തുടങ്ങിയ റോളുകള്‍ ചെയ്യാന്‍ പര്‍വീണ്‍ ഒരിക്കലും മടിച്ചിരുന്നില്ല. അതാണ് മികച്ച അഭിനേത്രിയെന്ന സ്ഥാനം അവര്‍ക്ക് ഉറപ്പിച്ചുനല്‍കിയതും. ടൈം മാസികയുടെ ഏഷ്യന്‍ പതിപ്പില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരവുമാണ് പര്‍വീണ്‍.

1983-ല്‍ പൊടുന്നനെ സിനിമയില്‍നിന്ന് അപ്രത്യക്ഷമായി പര്‍വീണ്‍. ആരോടും ഒന്നും പറയാതെയായിരുന്നു ആ പോക്ക്. പല ഊഹാപോഹങ്ങളുമുണ്ടായി. അധോലോകത്തിന്റെ നിയന്ത്രണത്തിലാണ് പര്‍വീണ്‍ എന്നുപോലും ആളുകള്‍ പറഞ്ഞുണ്ടാക്കി. പക്ഷേ, അക്കാലത്ത് ആത്മീയയാത്രകളിലായിരുന്നു അവര്‍. തിരിച്ചുവന്ന് വീണ്ടും കുറച്ച് സിനിമകളില്‍ അഭിനയിച്ചു. മടുക്കുമ്പോള്‍ വീണ്ടും ആത്മീയയാത്രകളിലേക്ക് മുങ്ങും. 1991-ലാണ് അവര്‍ തന്റെ കരിയറിലെ അവസാനസിനിമ ചെയ്യുന്നത്. 

വീണ്ടും അവര്‍ അപ്രത്യക്ഷയായി. കുറേ വര്‍ഷങ്ങള്‍ ആരും അറിയാതെ, കേള്‍ക്കാതെ ഒറ്റയ്ക്കായി അവര്‍. അതിനെക്കുറിച്ച് അവരുടെ അടുത്ത സുഹൃത്തുക്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ''ക്യാമറയ്ക്കുമുന്നില്‍ എക്‌സ്‌പോസ് ചെയ്യേണ്ടിവരുന്നത് പര്‍വീണിനെ വിഷമിപ്പിച്ചിരുന്നു. ആ സമ്മര്‍ദം അവര്‍ക്ക് താങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് അവര്‍ സിനിമയില്‍നിന്ന് പിന്‍വാങ്ങുന്നത്. ആര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റാത്തതത്ര അകലേയ്ക്ക് മാറി പര്‍വീണ്‍''. 

ബന്ധങ്ങളും ഒറ്റപ്പെടലുകളും 
കബീര്‍ ബേദി, ഡാനി ഡെന്‍സോങ്പ, മഹേഷ് ഭട്ട് എന്നിവരുമായി പര്‍വീണ്‍ പ്രണയത്തിലായിരുന്നു. എന്നാലതിലൊന്നും അവര്‍ക്ക് സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതില്‍ മഹേഷ് ഭട്ടുമായുള്ള അടുപ്പമായിരുന്നു കുറേക്കാലം നീണ്ടുനിന്നത്. അസുഖങ്ങളുള്ളപ്പോള്‍ പര്‍വീണിന് ഇടയ്‌ക്കൊക്കെ കൂട്ടായതും മഹേഷ് തന്നെ. പര്‍വീണുമായുള്ള ബന്ധത്തെക്കുറിച്ച് മഹേഷ് ഭട്ട് രണ്ടുസിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. അര്‍ഥ്, വോ ലംഹെ എന്നീ സിനിമകളാണവ. ''വോ ലംഹെ അവള്‍ക്കുള്ള ആദരാഞ്ജലിയാണ്. അവള്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെയോര്‍ത്താണ് ആ സിനിമ നിര്‍മിച്ചത്. അതുകൊണ്ടാണ് ആ പേരിട്ടതും'', മഹേഷ് ഭട്ട് ഒരിക്കല്‍ പറഞ്ഞു. 

സിനിമയില്‍നിന്ന് അകന്നപ്പോള്‍ വിഷാദം അവരെ വല്ലാതെ അലട്ടി. പാരനോയിഡ് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗവും അവരെ തളര്‍ത്തി. എന്താണ് പറയുന്നതെന്നോ പറയേണ്ടതെന്നോ അവര്‍ക്ക് അക്കാലത്ത് ഒരുപിടിയുമുണ്ടായിരുന്നില്ല. ആരോ തന്നെ കൊല്ലാന്‍ വരുന്നുവെന്നായിരുന്നു സദാ ചിന്ത. അങ്ങനെ പോലീസ് സ്‌റ്റേഷനുകളും കോടതികളും കയറിയിറങ്ങി.

placeholder

പക്ഷേ, രോഗങ്ങളുണ്ടെന്ന് അവര്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. തന്റെ പ്രതിഛായ മോശമാക്കാനും തനിക്കെതിരെ സിനിമാമേഖലയില്‍നിന്നുള്ള ഗൂഢാലോചനയുടെയും ഭാഗമായിട്ടാണ് തന്നെ മാനസികരോഗിയാക്കുന്നതെന്നാണ് അവരന്ന് പറഞ്ഞിരുന്നത്. അമിതാഭ് ബച്ചന്‍, ബില്‍ ക്ലിന്റണ്‍, ചാള്‍സ് രാജകുമാരന്‍, സി.ഐ.എ എന്നിവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് നിരന്തരം പറഞ്ഞു. തന്നെ കൊല്ലാനാണ് ശ്രമിക്കുന്നതെന്നും പര്‍വീണ്‍ പറഞ്ഞു. 

ഒരിക്കല്‍ ഒരു ഫിലിം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പര്‍വീണ്‍ ഇങ്ങനെ പറഞ്ഞു, ''അമിതാഭ് ബച്ചന്‍ അന്താരാഷ്ട്ര ഗുണ്ടാത്തലവനാണ്. അയാളെന്റെ ജീവനെടുക്കാന്‍ ശ്രമിക്കുകയാണ്. അയാളുടെ ഗുണ്ടകള്‍ എന്നെ തട്ടിക്കൊണ്ടുപോയി, ഒരു ദ്വീപില്‍ പാര്‍പ്പിച്ചു. അവിടെവെച്ച് ഒരു ശസ്ത്രക്രിയ നടത്തി, എന്റെ ചെവിക്കുതാഴെ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.'' അതിനൊപ്പം ചെവിയിലെ മുറിവിന്റെ ചിത്രവും കൊടുത്തിരുന്നു. ഇതിനും തെളിവുണ്ടെന്ന് പറഞ്ഞ് അവര്‍ പരാതി നല്‍കി. പക്ഷേ, നോട്ട്ബുക്കിലെഴുതിയ ചില ചെറുകുറിപ്പുകള്‍ മാത്രമായിരുന്നു തെളിവ് എന്നുപറഞ്ഞ് അവര്‍ നല്‍കിയത്. 

2002-ല്‍ വീണ്ടും അവര്‍ രംഗത്തെത്തി. 1993 ബോംബെ സ്‌ഫോടനക്കേസില്‍ സഞ്ജയ് ദത്തിന്റെ പങ്കിനെ കുറിച്ച് തെളിയിക്കുന്ന തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നായിരുന്നു പര്‍വീണ്‍ പറഞ്ഞത്. കോടതി സമന്‍സ് അയച്ചെങ്കിലും, അവര്‍ കോടതിയിലെത്തിയില്ല. വന്നാല്‍ തന്നെ കൊല്ലുമെന്നായിരുന്നു പര്‍വീണ്‍ പറഞ്ഞത്. 

മഹേഷ് ഭട്ടും പര്‍വീണിന്റെ അസുഖത്തെക്കുറിച്ച് പിന്നീട് പറഞ്ഞിട്ടുണ്ട്, ''ഒരിക്കല്‍ പര്‍വീണിന്റെ വീട്ടില്‍ ചെന്നപ്പോള്‍ ഒരു കത്തിയും പിടിച്ച് നില്‍ക്കുകയായിരുന്നു. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍, എന്നോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. അവളുടെ മുറിയില്‍ ഒരു സ്‌പൈ ഉപകരണം വെച്ചിട്ടുണ്ട്. അവരെന്നെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നും വിശദീകരിച്ചു. വളരെ മോശമായ അവസ്ഥയിലായിരുന്നു അവള്‍''.

കൊല്ലപ്പെടുമെന്ന ഭീതിയിലാണ് തന്റെ അവസാനനാളുകള്‍ അവര്‍ തള്ളിനീക്കിയത്. തനിക്ക് വരുന്ന എല്ലാ കോളുകളും അവര്‍ റെക്കോര്‍ഡ് ചെയ്യുമായിരുന്നു. അവസാനമായി അഭിമുഖം നല്‍കിയത് ശേഖര്‍ സുമനായിരുന്നു. അതും അവരുടെ വീട്ടില്‍ വെച്ചുതന്നെ. താന്‍ കൊല്ലപ്പെടും എന്ന പേടികൊണ്ട് അവര്‍ പുറത്തേക്കിറങ്ങാന്‍ തയ്യാറായില്ല. അങ്ങനെയാണ് അഭിമുഖം വീട്ടിലേക്ക് മാറ്റിയത്. 

ആ ഭീതിയിലാവാം അവര്‍ വീട്ടിലേക്ക് ആരെയും അടുപ്പിച്ചില്ല, ജോലിക്കുപോലും ആരെയും വെച്ചില്ല. തീര്‍ത്തും ഏകാന്തമായ നാളുകള്‍, ഭീതിയും ഒറ്റപ്പെടലും വിഷാദവും തകര്‍ത്ത ദിനങ്ങള്‍. ഒടുവില്‍ ഒരുതുള്ളി വെള്ളംപോലും കിട്ടാതെയുള്ള മരണവും. പര്‍വീണ്‍ ബാബിയുടെ ജീവിതംപോലെ നാടകീയമായ മരണം.  

(പുനപ്രസിദ്ധീകരണം)