ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം ഏതാണ്? തുടർച്ചയായി എട്ടാം വർഷവും ഫിൻലാൻഡ് തന്നെ ലിസ്റ്റിൽ ഒന്നാമതെത്തി. ഈയിടെ പുറത്തുവിട്ട വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിലാണിതുള്ളത്. ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളാണ് ലിസ്റ്റിൽ അടുത്തതായുള്ളത്. ലിസ്റ്റിൽ ഏറ്റവും താഴെയാണ് അമേരിക്ക. 147 രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയുടെ സ്ഥാനം 118-ാമതാണ്. ചൈന (68), നേപ്പാൾ (92), പാകിസ്താൻ (109), ബംഗ്ലാദേശ് (134) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ റാങ്കിങ്.  

To advertise here,

140 രാജ്യങ്ങളിൽനിന്നുള്ള ഗ്യാലപ് പോളിലൂടെയാണ് എല്ലാ വർഷവും റിപ്പോർട്ട് തയ്യാറാക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫർഡിലെ വെൽബീയിങ് റിസർച്ച് സെന്റർ, യു.എൻ സസ്റ്റൈനബിൾ ഡെവലപ്‌മെന്റ് സൊല്യൂഷൻസ് നെറ്റ് വർക്ക്, ഗ്യാലപ് എന്നിവ ചേർന്നാണ് വോട്ടെടുപ്പ് നടത്തുന്നതും റിപ്പോർട്ട് തയ്യാറാക്കുന്നതും. പല ചോദ്യങ്ങളിലൂടെയാണ് ആളുകളുടെ മനസ്സറിയുന്നത്. ജീവിതസംതൃപ്തി, സാമൂഹികപിന്തുണ, സ്വാതന്ത്ര്യം, അഴിമതിരഹിത ഭരണം എന്നിവയാണ് ഇവയ്ക്ക് അടിസ്ഥാനമാവുന്നത്. 

ഉന്നതവിദ്യാഭ്യാസം, ഉന്നതനിലവാരത്തിലുള്ള ആരോഗ്യകാര്യങ്ങൾ, സാമൂഹികപിന്തുണ തുടങ്ങിയവയുടെ കാര്യത്തിൽ വളരെ മുമ്പിലാണ് ഫിൻലാൻഡ്. കുറ്റകൃത്യങ്ങളും അഴിമതിയും വളരെ കുറവാണ് അവിടെ. അതുകൊണ്ടുതന്നെ ആളുകൾ വളരെ സുരക്ഷിതരാണ്. ജനങ്ങളും സർക്കാരും തമ്മിലുള്ള വിശ്വാസവും വളരെ കൂടുതലാണ്. 

വടക്കൻ യൂറോപ്പിലെ രാജ്യമാണ് ഫിൻലാൻഡ്. ഗ്രീഷ്മത്തിൽ ആഴ്ചകളോളം സൂര്യനസ്തമിക്കാത്ത പ്രദേശം. എന്നാൽ, ശിശിരത്തിലാകട്ടെ ആഴ്ചകളോളം സൂര്യന്റെ രശ്മികൾ പുറത്തുകാണാനാവാത്ത യൂറോപ്പിലെ അദ്ഭുതലോകം. സ്വീഡൻ, നോർവെ, റഷ്യ തുടങ്ങിയവയാണ് അതിർത്തിരാജ്യങ്ങൾ. ഫിന്നിഷ്, സ്വീഡിഷ് എന്നിവയാണ് ഇവിടുത്തെ ഭാഷ. 

വിനോദസഞ്ചാരത്തിന് ഏറെ പേരുകേട്ട സ്ഥലമാണ് ഫിൻലാൻഡ്. നോർത്തേൺ ലൈറ്റ്‌സ് അഥവാ അറോറ ബോറിയാലിസ് തന്നെയാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. അവിടെ ചെന്നാൽ നോർത്തേൺ ലൈറ്റ്‌സ് മനോഹരമായി കാണാം. സൂര്യൻ പുറന്തള്ളുന്ന സൗരരശ്മികൾ ഭൂമിയുടെ കാന്തികവലയവുമായി കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന ആകാശവർണങ്ങളാണ് നോർത്തേൺ ലൈറ്റ്സ്. 

ഹെൽസിങ്കി കത്തീഡ്രൽ, കംപ്പി ചാപ്പൽ ഓഫ് സൈലൻസ് തുടങ്ങിയവും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. സാന്റാക്ലോസ് എക്‌സ്പ്രസിൽ കയറി, സാന്റാക്ലോസ് വില്ലേജിലേക്കുള്ള യാത്രയും സഞ്ചാരികളെ ആകർഷിക്കും. റൊവെനേമിയിലാണ് സാന്റാക്ലോസ് വില്ലേജ്. ഫിന്നിഷ് ലാപ് ലാൻഡിലേക്കുള്ള യാത്രയും സുന്ദരമായിരിക്കും. ലാപ് എന്ന് വിളിക്കപ്പെടുന്ന, തദ്ദേശീയ ജനവിഭാഗങ്ങൾ താമസിക്കുന്ന സ്ഥലമാണ് ലാപ് ലാൻഡ്.