
വിഴിഞ്ഞം
ശാന്തമായ തീരനഗരമാണ് വിഴിഞ്ഞം. രാജ്യത്തെ സമുദ്രവാണിജ്യമേഖലയുടെ പ്രവേശനകവാടം. അന്താരാഷ്ട്ര കപ്പല്‍ച്ചാലിനോട് ചേര്‍ന്ന്, ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകള്‍ക്കുപോലും വന്നെത്താന്‍ കഴിയുന്ന സ്വാഭാവിക ആഴമുള്ള കടല്‍ത്തീരമാണ് ഇവിടം. ട്രയല്‍ റണ്‍ കാലത്തുതന്നെ, ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളെത്തിയ അപൂര്‍വം തുറമുഖങ്ങളിലൊന്നായിരുന്നു ഇത്. ഇരുപതിനായിരത്തിലധികം ടിഇയു (ഒരു ടിഇയു-ഇരുപതടി വലുപ്പമുള്ള ഒരു കണ്ടെയ്‌നര്‍) വഹിക്കാന്‍ ശേഷിയുള്ള കപ്പലുകള്‍ക്ക് അനായാസം കടന്നുവന്ന് നങ്കൂരമിടാനുള്ള സ്വാഭാവിക ആഴം ഈ തീരത്തിനുണ്ട്. ലോകത്തെ വമ്പന്‍ ചരക്കുകപ്പലുകളായ യുഎല്‍സിവി, പനാമാക്‌സ്, പോസ്റ്റ് പനാമാക്‌സ് എന്നിവയ്ക്ക് അനായാസം ഈ തീരത്തേക്ക് കടന്നുവരാനാകും. പറഞ്ഞുവന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രൗഢിയെക്കുറിച്ചാണ്. വര്‍ത്തമാനകാലത്തില്‍മാത്രമല്ല, ഭൂതകാലത്തിലും സമ്പന്നമായൊരു ചരിത്രം അവകാശപ്പെടാനുണ്ട് ഈ തീരനഗരത്തിന്.
പ്രചീനകാലം മുതല്‍ക്കേ കേരളത്തില്‍നിന്ന് സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റിയയച്ചിരുന്നത് തുറമുഖങ്ങള്‍ വഴിയായിരുന്നു. മുസിരിസ്, തിണ്ടിസ്, ബറേക്ക തുടങ്ങിയവയായിരുന്നു അക്കാലത്തെ തുറമുഖങ്ങള്‍. മുസിരിസ് ഇന്നത്തെ കൊടുങ്ങല്ലൂരാണ്. ഇതുപോലെ, പ്രധാനപ്പെട്ട മറ്റൊരു പ്രാചീനതുറമുഖമായിരുന്നു ബലിത. അത് വര്‍ക്കലയാണെന്നും അതല്ല ആയ് രാജാക്കന്മാരുടെ സൈനികകേന്ദ്രമായിരുന്ന വിഴിഞ്ഞമാണെന്നും അഭിപ്രായമുണ്ട്. പ്രാചീനകാലത്ത് നിലവില്‍ വരുകയും എ.ഡി പത്താംനൂറ്റാണ്ടോടുകൂടി അസ്തമിക്കുകയും ചെയ്ത ആയ് രാജ്യത്തിന്റെ സൈനികകേന്ദ്രമായിരുന്നു വിഴിഞ്ഞം. സംഘകാലകൃതികളില്‍ പരാമര്‍ശിക്കുന്നതുപ്രകാരം കേരളത്തിന്റെ തെക്ക് ആയ് രാജാക്കന്മാരും വടക്ക് ഏഴിമല രാജാക്കന്മാരും മധ്യഭാഗത്ത് ചേരരാജാക്കന്മാരും ഭരിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. പ്രചീനകേരളത്തെക്കുറിച്ച് ഗ്രീക്ക് പണ്ഡിതനായിരുന്ന ടോളമിയുടെ നിരീക്ഷണത്തിലും ഈ തീരനഗരത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. തെക്ക് നാഗര്‍കോവില്‍മുതല്‍ വടക്ക് തിരുവല്ലവരെയും അതിനോട് ചേര്‍ന്നുള്ള സഹ്യപര്‍വതപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന ആയ് രാജാക്കന്മാരുടെ ഭരണത്തിലായിരുന്ന പ്രദേശത്തെ 'അയോയി' എന്നാണ് ടോളമി രേഖപ്പെടുത്തിയിട്ടുള്ളത്. വിശാലമായ ആ ഭൂപ്രദേശത്ത് സ്ഥിതിചെയ്തിരുന്ന പ്രധാനപ്പെട്ട തുറമുഖമായിരുന്നു വിഴിഞ്ഞം.
അക്കാലത്ത് ആയ് രാജാക്കന്മാര്‍ക്കെതിരേ തെക്കേ ഇന്ത്യയിലെ പ്രബലരായിരുന്ന ചോളന്മാരും പാണ്ഡ്യരും നിരന്തരം ആക്രമണമഴിച്ചുവിട്ടിരുന്നു. ആ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടതും പില്‍ക്കാലത്ത് ചേരന്മാര്‍വഴി വേണാടിന് ലഭിച്ചതുമായ വിഴിഞ്ഞമാണ് ഇന്ന് വികസിച്ച് അന്താരാഷ്ട്ര തുറമുഖമായി മാറിയത്. വിഴിഞ്ഞത്തിന്റെ പേര് 'വിഴിഞ്ഞത്തുവായ്' എന്നായിരുന്നുവെന്നും അത് ലോപിച്ചാണ് ഇന്നത്തെ പേരുണ്ടായതെന്നും പറയുന്നു. ഒരുകാലത്ത് വിഴിഞ്ഞം സമ്പദ്‌സമൃദ്ധമായിരുന്നു. അക്കാലത്ത് ആയ് രാജവംശം നിര്‍മിച്ച ഒരു ഗുഹാക്ഷേത്രം ഇന്നും ഇവിടെക്കാണാം. എ.ഡി എട്ടാംനൂറ്റാണ്ടിലാണ് ഇത് നിര്‍മിച്ചതെന്ന് കരുതുന്നു. ആദ്യകാല ദ്രാവിഡവാസ്തുവിദ്യയുടെ മകുടോദാഹരണമായ ഈ ഗുഹാക്ഷേത്രം വിഴിഞ്ഞത്തെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്. വലുപ്പംകൊണ്ട് ചെറുതെങ്കിലും കൊത്തുപണികള്‍കൊണ്ടും വാസ്തുവിദ്യാവൈഭവംകൊണ്ടും ഈ ഗുഹാക്ഷേത്രം സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്നു.
പണ്ടുകാലത്ത് ധാരാളം കപ്പലുകള്‍ ചരക്കുനീക്കത്തിനായി വിഴിഞ്ഞത്തെത്തിയിരുന്നു. ഈ സമ്പദ്‌സമൃദ്ധിയില്‍ അസൂയപൂണ്ട ചോളരും പാണ്ഡ്യന്മാരും വിഴിഞ്ഞത്തെ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. ചോളരാജാവായിരുന്ന രാജരാജചോളന്‍ എ.ഡി 1016-ല്‍ വിഴിഞ്ഞവും കാന്തള്ളൂര്‍ ശാലയും ആക്രമിക്കുകയുണ്ടായി. പില്‍ക്കാലത്ത് രാജരാജചോളന്റെ മകന്‍ രാജേന്ദ്രചോളനും വീണ്ടും വിഴിഞ്ഞത്തിനുനേരേ ആക്രമണമഴിച്ചുവിട്ടു. അങ്ങനെ, ഈ ദേശം പിടിച്ചടക്കിയ രാജേന്ദ്രചോളന്‍ വിഴിഞ്ഞത്തിന്റെ പേര് 'രാജേന്ദ്രചോഴപട്ടണം' എന്നാക്കിമാറ്റി. ചേരരാജാവായിരുന്ന രാമവര്‍മ കുലശേഖരന്‍ പില്‍ക്കാലത്ത് കുലോത്തുംഗചോളനെ തോല്‍പ്പിച്ച് തെക്കന്‍ഭാഗങ്ങള്‍ മോചിപ്പിച്ചുവെന്നും ചരിത്രം പറയുന്നു. അതോടെ, ചേരന്മാരുടെ സാമന്തരാജ്യമായ വേണാടിന് വിഴിഞ്ഞമുള്‍പ്പെടെയുള്ള പ്രദേശങ്ങളും കാന്തള്ളൂര്‍ ശാലയും ശ്രീപദ്മനാഭസ്വാമിക്ഷേത്രവും ലഭിച്ചു. 1729-ല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അധികാരമേറ്റെടുത്തതോടെ, വേണാടിന്റെ അതിര് കൊച്ചിവരെ നീണ്ടു. അതോടെ, വിഴിഞ്ഞം തിരുവിതാംകൂറിന്റെ പ്രധാന തുറമുഖമായി മാറുകയായിരുന്നു.
ഒരു ട്രോളിങ് കാലത്താണ് വീണ്ടും വിഴിഞ്ഞത്തെത്തുന്നത്. മത്സ്യബന്ധന ബോട്ടുകളെല്ലാം വിശ്രമിക്കുന്ന കാലം. മുന്‍പൊക്കെ വിഴിഞ്ഞം മത്സ്യമാര്‍ക്കറ്റില്‍ എത്തുമ്പോള്‍ ചൂരമത്സ്യങ്ങള്‍ ധാരാളമായി കണ്ടിരുന്നു. ട്രോളിങ്ങായതിനാലാകണം മത്സ്യങ്ങള്‍ അധികം വില്പനയ്ക്ക് ഉണ്ടായിരുന്നില്ല. ആകെയുള്ളത് നവരയാണ്. അതിനാകട്ടെ തീപിടിച്ച വിലയും. ഫിഷിങ് ഹാര്‍ബറിനും അന്താരാഷ്ട്ര തുറമുഖത്തി നും ഇടയിലാണ് വിഴിഞ്ഞം വലിയ കടപ്പുറം. മത്സ്യബന്ധന ബോട്ടുകള്‍ ഇവിടെയാണ് നങ്കൂരമിടാറുള്ളത്. ദൂരെയായി അന്താരാഷ്ട്ര തുറമുഖം കാണാം. പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ അവിടേക്ക് പ്രവേശനമുള്ളൂ.
വലിയ കടപ്പുറത്തിന്റെ തീരത്തുള്ള കടല്‍ഭിത്തികളില്‍ ഹുങ്കാരത്തോടെ വന്നടിക്കുന്ന തിരമാലകളുടെ സുന്ദരമായ കാഴ്ചകള്‍. ഇരുപതിലധികം മീറ്റര്‍ ആഴമുണ്ട് ഞങ്ങള്‍ നില്‍ക്കുന്ന ഈ തീരത്തിന്. വിഴിഞ്ഞത്തെ മത്സ്യബന്ധനത്തിന്റെ പ്രൗഢികൂടി പറയാതെ വയ്യ. പ്രദേശവാസികൂടിയായിരുന്ന ഫാദര്‍ സേവ്യര്‍ ജെ. പ്രസന്റേഷന്റെ നേതൃത്വത്തില്‍ അന്നത്തെ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യര്‍ക്ക് ഒരു നിവേദനം നല്‍കുകയുണ്ടായി.
തിരുവിതാംകൂറിന്റെ പ്രധാന മീന്‍പിടിത്തകേന്ദ്രവും മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ ഈ പ്രദേശത്ത് ഒരു ഫിഷറീസ് സ്‌കൂള്‍ വേണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം. മീന്‍പിടിത്തത്തിന് നവീനരീതിയിലുള്ള ശാസ്ത്രീയപരിശീലനവും സാമ്പത്തികഅഭിവൃദ്ധിയും ലക്ഷ്യംവെച്ചാണ് നിവേദനം സമര്‍പ്പിച്ചത്. ഈ നിവേദനത്തില്‍നിന്ന് ഒരുകാര്യം വ്യക്തമാണ്.
ക്രിസ്തുവര്‍ഷാരംഭം മുതല്‍ ലോകനിലവാരത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നതും കയറ്റിറക്കുമതിരംഗത്ത് പ്രവര്‍ത്തിച്ചിരുന്നതുമായ വിഴിഞ്ഞം ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും പ്രതാപം നശിച്ച ഒരു മീന്‍പിടിത്തകേന്ദ്രം മാത്രമായി വര്‍ത്തിച്ചു. എന്നാല്‍, അന്താരാഷ്ട്ര തുറമുഖം യാഥാര്‍ഥ്യമായതോടെ ഭൂതകാലത്തിന്റെ പ്രൗഢി വിഴിഞ്ഞത്തിന് തിരിച്ചുകിട്ടിയെന്ന് പറയേണ്ടിയിരിക്കുന്നു. വലിയ കടപ്പുറത്തിനോട് ചേര്‍ന്ന് ദൂരേ വിഴിഞ്ഞം തുറമുഖത്തിന്റെ ചിത്രമെടുക്കാന്‍ സായാഹ്നത്തില്‍ സഞ്ചാരികള്‍ ധാരാളമായി എത്താറുണ്ട്. അകലെയായി വിഴിഞ്ഞത്തിന്റെ മുഖമുദ്രയായ മൊഹിയുദ്ധീന്‍ പള്ളിയും സിന്ധുമാതാ ദേവാലയവും തലയുയര്‍ത്തിനില്‍ക്കുന്നു. പഴയ പ്രൗഢിയിലേക്കുള്ള തിരിച്ചുപോക്കിന് ഒരുങ്ങുകയാണ് ഈ തീരദേശം.
(കടപ്പാട്: നഗരപ്പഴമ. മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍).
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Vizhinjam`s rich history, from ancient trade to its modern international port. Discover its strategic importance and enduring charm.
Published: 23 Nov 2025, 10:48 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented