
പാലക്കാടന്‍ വയലേലകളിലെ ചെറുകാറ്റേറ്റ്, ചിണുങ്ങിപ്പെയ്യുന്ന മഴയുടെ അകമ്പടിയോടെ നാട്ടുവഴികള്‍ കടന്ന് തേനാരിയിലേക്ക്. അകലെനിന്നേ കാണാം, വയലിനുനടുവിലെ കൊച്ചുക്ഷേത്രം. ശ്രീരാമലക്ഷ്മണന്‍മാരാണ് പ്രധാന പ്രതിഷ്ഠ. ഹനുമാനും ഗണേശനും ഉപദേവതകള്‍. പ്രധാന പ്രതിഷ്ഠയ്ക്ക് അഭിമുഖമായി ജടായുവിന്റെ ചെറിയൊരു ശില്പമുണ്ട്. അതിനോടുചേര്‍ന്ന് കല്ലില്‍ കൊത്തിയ കാല്പാടുകളും. പ്രധാന പ്രതിഷ്ഠയ്ക്കും കാല്പാടുകള്‍ക്കുമിടയില്‍ ഇരുമ്പുമറയുള്ള ചതുരക്കിണര്‍, 'ശ്രീരാമതീര്‍ഥം.'
പൂജാരി, വെറ്റിലയില്‍ ചന്ദനവും പൂക്കളുമിട്ട് തീര്‍ഥത്തിനൊപ്പം നീട്ടി. ''ഹനുമാന് പ്രിയപ്പെട്ടതാണ് വെറ്റിലമാല'', അദ്ദേഹം വിശദീകരിച്ചു. വെറ്റിലമാല നേര്‍ന്നാല്‍ ദുരിതങ്ങളെല്ലാം തീരുമെന്നാണ് വിശ്വാസം.
ക്ഷേത്രക്കമ്മിറ്റി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ ക്ഷേത്രപുരാവൃത്തത്തിലേക്ക് കടന്നു... ''വനവാസകാലത്ത് സീതയെത്തേടി ഭോഗാനദത്തിന്റെ തീരത്തെത്തിയ(വാളയാര്‍പ്പുഴ) ശ്രീരാമനും പരിവാരങ്ങളും അവിടെയുള്ളൊരു പാറ(ശംഖചക്രപ്പാറ)യില്‍ വിശ്രമിച്ചു. പുഴയില്‍ മുങ്ങിക്കുളിച്ച ശ്രീരാമന്‍, മരവുരിയും കൃഷ്ണാജിനവും എടുത്തുകൊണ്ടുവരാന്‍ ലക്ഷ്മണനോട് ആവശ്യപ്പെട്ടു. പലവിധ ചിന്തകളിലായിരുന്ന ലക്ഷ്മണന്‍ ജ്യേഷ്ഠനെടുത്തുകൊള്ളൂവെന്ന് മറുപടി നല്‍കി. അപ്പോള്‍ ഒരശരീരി കേട്ടു, ശ്രീരാമന്റെ വാക്കുകള്‍ നിരസിച്ചതിനാല്‍ ലക്ഷ്മണന്‍ ഇനി ജ്യേഷ്ഠനെ സേവിക്കാന്‍ യോഗ്യനല്ലെന്നും ഗംഗാതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ച് കാശിവിശ്വനാഥനെ വന്ദിച്ചുവന്ന് രാമപാദങ്ങളില്‍ വീണാല്‍ മാത്രമേ ചെയ്ത പാപം തീരുകയുള്ളൂവെന്നും.

ഈ സമയം അവിടെയെത്തിയ ജ്ഞാനശ്രുതി മഹര്‍ഷി പറഞ്ഞതനുസരിച്ച് ശ്രീരാമന്‍ തൊടുത്ത അമ്പ് ഭൂമി തുളച്ചുപോയി ഗംഗയെ കൊണ്ടുവന്നു. ആ ഗംഗയില്‍ സ്‌നാനം ചെയ്ത് ലക്ഷ്മണന്‍ പാപമുക്തനായി. ഇതാണ് രാമതീര്‍ഥം എന്ന് ഐതിഹ്യം.
ഈ പ്രദേശത്ത് താമസിക്കുന്ന വേളയില്‍, രാമലക്ഷ്മണന്‍മാര്‍ പിതൃതര്‍പ്പണം നടത്തി പിതൃക്കള്‍ക്ക് മോക്ഷം നല്‍കി. അതുകൊണ്ട് ഈ തീര്‍ഥക്കരയില്‍ പിതൃതര്‍പ്പണം നടത്തിയാല്‍ പിതൃദോഷങ്ങള്‍ വിട്ടൊഴിയും. തന്റെ വാഹനമായ കാക്കയെ തീര്‍ഥക്കരയില്‍ ശനി കാവല്‍ നിര്‍ത്തിയിട്ടുണ്ടെന്നും രാമതീര്‍ഥത്തില്‍ കുളിക്കുന്നവര്‍ക്ക് ശനിയുടെ ദോഷം അകന്നുപോകുമെന്നും വിശ്വാസമുണ്ട്.
എല്ലാ ദിവസവും ഇവിടെ ബലിതര്‍പ്പണം നടത്താമെന്നതാണ് പ്രത്യേകത. കറുത്തവാവ് ദിവസം 1500 മുതല്‍ 2000 പേര്‍ വരെ ബലിയിടാന്‍ വരും. കന്നിമാസ കറുത്തവാവ്, തുലാമാസ കറുത്തവാവ്, മകരമാസ കറുത്തവാവ് എന്നീ ദിവസങ്ങള്‍ ബലിതര്‍പ്പണത്തിനു വിശേഷമാണ്'', ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു.
ക്ഷേത്രത്തോട് ചേര്‍ന്ന് കാളയുടെ രൂപമുള്ള ശില്പത്തിന്റെ വായിലൂടെ വെള്ളം കുറേശ്ശെയായി ഒഴുകിക്കൊണ്ടിരിക്കുന്നു. രാമതീര്‍ഥത്തില്‍നിന്നുള്ള വെള്ളമാണിത്. ബലിയിട്ടവര്‍ അതില്‍ ശരീരം നനച്ചു. ഈ വെള്ളത്തില്‍ കുളിച്ചാല്‍ ഗംഗയില്‍ കുളിച്ച പുണ്യം കിട്ടുമെന്നാണ് വിശ്വാസം. സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ എന്ത് വിശേഷമുണ്ടെങ്കിലും, ഇവിടുന്ന് തീര്‍ഥം കൊണ്ടുപോവും. ഈ തീര്‍ഥംകൊണ്ടുള്ള അഭിഷേകത്തോടെയാവും ആചാരങ്ങളുടെ തുടക്കം.

ക്ഷേത്രത്തിലേക്ക് വരുന്ന ചിലരുടെ കൈയില്‍ ചെറിയ കുടങ്ങളും കാണാം. പൂജാരി രാമതീര്‍ഥത്തില്‍നിന്ന് വെള്ളമെടുത്ത് ആ കുടങ്ങള്‍ നിറച്ചു. എന്നിട്ട് കുടത്തിന്റെ വായഭാഗം നന്നായടച്ച്, പൂജിച്ച പൂക്കളും മറ്റും മുകളില്‍ വിതറി. പുതിയ വീട്ടിലേക്ക് താമസം മാറുമ്പോഴും മരണം നടന്ന വീടുകളിലും ഈ തീര്‍ഥം കൊണ്ടാണ് പുണ്യാഹം നടത്തുന്നത്.
ക്ഷേത്രത്തോട് ചേര്‍ന്ന് മനോഹരമായി തറകെട്ടിയ ആല്‍മരമുണ്ട്. ആലിലകളുടെ മര്‍മരവും ചെറുകുളിരുമേറ്റ് താഴെ, ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഹനുമാന്റെയും കൊച്ചുശിലകള്‍. ഒപ്പം മരംകൊണ്ടുള്ള ചെറിയവീടുകളും. ഒരു കൊമ്പില്‍ നിറയെ പലതരത്തിലുള്ള അയ്യപ്പമാലകള്‍. ''ശബരിമലയ്ക്ക് പോവുന്നവര്‍ ഇവിടെവന്ന് മാലയിടും. തിരിച്ചുവരുമ്പോള്‍ ഇവിടെത്തന്നെ മാലയഴിച്ച് തൂക്കിയിടും. വീടുപണിയും മറ്റും മുടക്കങ്ങളില്ലാതെ നടക്കാന്‍ വേണ്ടിയാണ് വീടുകളുടെ മാതൃകകള്‍ ഇവിടെ കൊണ്ടുവെക്കുന്നത്'', ക്ഷേത്രക്കമ്മിറ്റി ചെയര്‍മാന്‍ വിശദീകരിച്ചു.
ക്ഷേത്രം ചുറ്റിവന്നപ്പോഴേക്കും, ഒരുഗ്ലാസില്‍ പാല്‍പ്പായസം ഞങ്ങള്‍ക്കുനേരേ നീട്ടി. രാവിലത്തെ പ്രസാദമാണ്. നല്ല മധുരമുള്ള പായസം. ക്ഷേത്രനട അടയ്ക്കാനുള്ള സമയമായി. ഇനി വൈകീട്ട് അഞ്ചുമണിക്കാണ് തുറക്കുക. അതുവരെ വയല്‍ക്കാറ്റേറ്റ്, ആലിലകളുടെ കലപിലയില്‍, ശ്രീരാമകഥകള്‍ കേട്ടിരിക്കാനുള്ള സമയമാണ്...
Content Highlights: Visiting temple dedicated to sreerama
Published: 02 Aug 2023, 10:15 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented