
തെക്കന്‍ ശാന്തമഹാസമുദ്രമാണ് രംഗം. ഓസ്ട്രേലിയയില്‍നിന്ന് ഏകദേശം 5000 കിലോമീറ്ററും ന്യൂസീലന്‍ഡില്‍നിന്ന് 2000 കിലോമീറ്ററും അകലെ കിഴക്ക് ദിക്ക്. നേരം പുലരാന്‍തുടങ്ങുന്നു. കപ്പല്‍ ടോംഗ ദ്വീപസമൂഹത്തിന്റെ തെക്കേയറ്റത്തുള്ള 'പവിത്രമായ തെക്ക്' എന്ന് ടോംഗന്‍ഭാഷയില്‍ അറിയപ്പെടുന്ന ടോംഗാടാപു ദ്വീപിലേക്ക് പ്രവേശിക്കുകയാണ്. ഇരുട്ടിനെ കീറിമുറിക്കാന്‍ വെമ്പുന്ന നേര്‍ത്ത പ്രകാശരേണുക്കളിലൂടെ മറുപുറത്തെ കരയും അതിലെ നൂക്കു അലോഫ എന്ന രാജ്യതലസ്ഥാനവും കാണാം.
നൂക്കു ആലോഫ-സ്‌നേഹത്തിന്റെ ആലയം, എന്തൊരു റൊമാന്റിക് പേര്! ടോംഗ ദ്വീപസമൂഹത്തിലായി 170-ഓളം ദ്വീപുകളുണ്ട്. 36 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. പ്രധാന ദ്വീപുകളുടെ കൂട്ടത്തെ ടോംഗടാപു, വാവ, ഹാഅപായി എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഏതാണ്ട് എറണാകുളം ജില്ലയുടെ നാലില്‍ ഒന്നുമാത്രം വലുപ്പമുള്ള ഒരു ദ്വീപസമൂഹം. പൊതുവില്‍ ദക്ഷിണ പസിഫിക് ദ്വീപുരാഷ്ട്രങ്ങളില്‍ പ്രവേശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസ വേണ്ട. ഇന്ത്യക്കാര്‍ ധാരാളമുള്ള ഫിജി ദ്വീപൊക്കെ അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ടോംഗയില്‍ കടക്കാന്‍ ഇന്ത്യക്കാര്‍ മുന്‍കൂര്‍ വിസയെടുക്കണം.
ഒരു കൊച്ചു ദ്വീപാണ് ടോംഗടാപു. തലസ്ഥാനം ദ്വീപിന്റെ ഏകദേശം നടുക്കാണ്. വലിഞ്ഞൊന്ന് നടന്നാല്‍ ദ്വീപ് മുഴുവന്‍ കണ്ടുതീര്‍ക്കാന്‍ ഒരുദിവസം മതി. തെക്കുഭാഗത്ത് ചെങ്കുത്തായ പാറക്കെട്ടുകളും ചുണ്ണാമ്പുകല്ലുകളും. വടക്ക് കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന സുന്ദരന്‍ സമുദ്രതീരങ്ങള്‍. രാജാവും രാജാധികാരവും ഇന്നും ഇവിടെ നിലനില്‍ക്കുന്നു. നൂക്കു അലോഫ എന്ന രാജ്യതലസ്ഥാനത്തെ നഗരമെന്നൊന്നും പറയാനാവില്ല. രാജകുടുംബത്തിന്റെ ആസ്ഥാനം എവിടെയാണോ അതാണ് തലസ്ഥാനം, അത്രതന്നെ. നിരത്തിലെമ്പാടും കറുത്ത പുക തുപ്പുന്ന വാഹനങ്ങള്‍. അതിനിടയിലുള്ള ചെറുവഴികളില്‍ പന്നിയും കോഴിയും വിഹരിക്കുന്നു. 1867-ല്‍ കടല്‍ത്തീരത്തിനടുത്ത് വിക്ടോറിയന്‍ശൈലിയില്‍ പണിത രാജകൊട്ടാരം, രാജകീയപ്രൗഢി വിളിച്ചോതുന്ന മണിമന്ദിരമാണ്. ഇതാണ് രാജാവിന്റെ ഔദ്യോഗിക വസതി.
അടിയുറച്ച ക്രൈസ്തവവിശ്വാസികളും പള്ളിയില്ലാതൊരു ജീവിതമില്ല എന്ന് വിശ്വസിക്കുന്നവരുമാണ് ടോംഗയിലെ ജനങ്ങള്‍. ഞായറാഴ്ച നിര്‍ബന്ധമായും പള്ളിയില്‍ പോയിരിക്കും. എന്നാല്‍, ഇതൊരു ക്രിസ്തുമത രാജ്യമല്ല. പക്ഷേ, ചില ക്രിസ്തുമതവിശ്വാസങ്ങള്‍ നിയമംമൂലം പാലിക്കാന്‍ ഇവിടത്തുകാര്‍ ബാധ്യസ്ഥരാണ്. അതിലൊന്നാണ് ഞായറാഴ്ചകളിലെ ശാബത്ത്. അന്ന് കടകള്‍ തുറക്കില്ല, വ്യാപാരം നടക്കില്ല, വണ്ടികള്‍ ഓടില്ല, പ്ലെയിനുകള്‍ പറക്കില്ല, അടിമുടി ഷട്ട്ഡൗണ്‍. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഒത്തുചേരലിനും പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നതിനും ഭക്ഷണത്തിനും വിശ്രമത്തിനും മാത്രമുള്ളതാണ് ഈ ദിവസം.
തലസ്ഥാനത്ത് സഞ്ചാരിക്ക് കാണാന്‍കൊള്ളാവുന്ന ആകെയുള്ളൊരു കാഴ്ച താലമാഹു ചന്തയാണ്. നമ്മള്‍ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കടല്‍മത്സ്യങ്ങളില്‍ തുടങ്ങി, പഴങ്ങള്‍, ചച്ചക്കറികള്‍ ഒക്കെ ഇവിടെ സുലഭം. പവിഴപ്പുറ്റുകള്‍ രൂപാന്തരംപ്രാപിച്ച ചുണ്ണാമ്പുകല്ലുകളാല്‍ നിര്‍മിതമായവയാണ് ടോംഗ ദ്വീപുകള്‍. അഗ്‌നിപര്‍വതങ്ങളുടെ ചാരം കലര്‍ന്ന വളക്കൂറുള്ള മണ്ണാണ് ഇവിടെ. നദികളോ അരുവികളോ ഇല്ല. മഴവെള്ളമാണ് ഒരേയൊരു ശുദ്ധജലസ്രോതസ്സ്. നവംബര്‍ മുതല്‍ ഏപ്രില്‍വരെ സാമാന്യം നല്ല മഴ ലഭിക്കും. പ്രധാനവിളവുകള്‍ തെങ്ങ്, ചേന, കാച്ചില്‍, കപ്പ, മത്തങ്ങ, തണ്ണിമത്തന്‍ ഒക്കെയാണ്. കല്പവൃക്ഷത്തിന്റെ നാടുകൂടിയാണ് ടോംഗ. തേങ്ങയില്ലാത്ത, മീനില്ലാത്ത ഒരു ഭക്ഷണം ഇവര്‍ക്കുമില്ല.
വിശേഷങ്ങള്‍ കേട്ടറിഞ്ഞ് നാട് ചുറ്റിക്കാണാന്‍ ടാക്സിയില്‍ വെച്ചുപിടിച്ചു. പ്രസിദ്ധമായ ബ്ലോ ഹോള്‍ പ്രതിഭാസം കാണാനാണ് ആദ്യം പോയത്. ശക്തമായ കാറ്റില്‍ ഉഗ്രമൂര്‍ത്തികളായിത്തീരുന്ന തിരകള്‍, കടല്‍ത്തീരത്തെ ദ്രവിച്ച പാറകളുടെയും ചുണ്ണാമ്പുകല്ലുകളുടെയും ഇടയിലുള്ള വിള്ളലുകളിലൂടെ കയറിവരും. ഒരു സീല്‍ക്കാരം കണക്കെ ചീറ്റും. കടല്‍വെള്ളം ജെറ്റ് കണക്കെ മുകളിലേക്ക് കുതിച്ചുയരും.
യാത്രയിലുടനീളം റോഡിനിരുവശത്തും തെങ്ങിന്‍തോപ്പുകളാണ്. ഇടയ്ക്കിടെ ഉഴുതുമറിച്ചിട്ടിരിക്കുന്ന കൃഷിഭൂമികള്‍. ചെറിയ ഒറ്റനില വീടുകള്‍, പള്ളികള്‍.
സ്ത്രീകള്‍ ഒന്നുകില്‍ വീട്ടിലോ പറമ്പിലോ ജോലികളില്‍ മുഴുകിയിരിക്കുന്നു. അല്ലെങ്കില്‍ അടുത്ത വീട്ടുകാരുമായി സൊറപറയുന്നു. ആകെ ഒരാശ്വാസം വിടര്‍ന്ന ചിരികളുള്ള കുട്ടികള്‍ മാത്രമാണ്.

സാമാന്യമായി, ഇവിടത്തുകാര്‍ക്കെല്ലാം ഇംഗ്ലീഷ് അറിയാം. പക്ഷേ, ഞങ്ങളുടെ ഡ്രൈവര്‍ക്ക് ഇംഗ്ലീഷ് അത്ര പോരാ. യാത്രയ്ക്കിടെ പെട്ടെന്ന് കാര്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങി. അടുത്ത് കണ്ട ഒരു തെങ്ങിന്‍മുകളിലേക്ക് വിരല്‍ ചൂണ്ടി. മൂന്ന് തലയുള്ള തെങ്ങാണ് മുന്നില്‍. മൂന്നിലും നിറയെ തേങ്ങകളുണ്ട്. കൊളവായ് ഗ്രാമത്തിലെ വവ്വാലുകള്‍ നിറഞ്ഞ മരവും കണ്ട് മുന്നോട്ടുപോയപ്പോള്‍ സുനാമിപ്പാറ കണ്ടു. ഏതോ കാലത്തുണ്ടായ ഒരു സുനാമി ഈ പാറയെ ഇവിടെ കൊണ്ടുവന്നതാണത്രേ.
പടിഞ്ഞാറോട്ട് യാത്രചെയ്ത് കടല്‍ത്തീരത്ത് എത്തി. ഇവിടെയാണ് 1643-ല്‍ അബേല്‍ ടാസ്മാന്‍ എന്ന ഡച്ച് നാവികന്‍ കപ്പലിറങ്ങി ടോംഗ കണ്ടുപിടിച്ചതെന്നാണ് സായിപ്പിന്റെ ചരിത്രഭാഷ്യം. ആ വരവറിയിച്ചുകൊണ്ടുള്ള ഒരു ഫലകവും സായിപ്പിന്റെ ഒരു ഫോട്ടോയും ഇവിടെയുണ്ട്. തിരിച്ച് വണ്ടിയില്‍ കയറാന്‍തുടങ്ങുമ്പോഴേക്കും ടയര്‍ പഞ്ചറായി. ഡ്രൈവറാണെങ്കിലോ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടില്‍ ഇരിക്കുകയാണ്.
ഭാഗ്യത്തിന് അവിടേക്ക് മറ്റെന്തോ ആവശ്യത്തിന് ഒരു പോലീസ് ജീപ്പ് വന്നു. എത്രയും പെട്ടെന്ന് ഒരു ടാക്സി ഏര്‍പ്പാടാക്കി അയക്കാം എന്ന് അവര്‍ ഏറ്റു.
പൊതുവേ ഉദാസീനരാണ് ടോംഗക്കാര്‍. ആര്‍ക്കും തിരക്കില്ല, സമയത്തെചൊല്ലി ആശങ്കയുമില്ല. ടോംഗയ്ക്കകത്തുള്ള ബസ്, ഫെറി, വിമാന സമയമൊക്കെ ഇങ്ങനെതന്നെ. വന്നാല്‍ വന്നു, പോയാല്‍ പോയി. ഇവരുടെ ഭക്ഷണക്രമം രസകരമാണ്. ഒരു കലം നിറയെ കിഴങ്ങ് പുഴുങ്ങിയതോ മീന്‍ ചുട്ടതോ ഉണ്ടാക്കി വയ്ക്കും. വിശക്കുമ്പോള്‍ കഴിക്കും. ഉണ്ടാക്കിയത് തീര്‍ന്നാല്‍ വീണ്ടുമുണ്ടാക്കും. ശുഭം.
പുതിയ കാറും ഡ്രൈവറും എത്തുമ്പോഴേക്കും ഒന്നരമണിക്കൂര്‍ കഴിഞ്ഞിരുന്നു. ഡ്രൈവര്‍ക്ക് നന്നായി ഇംഗ്ലീഷ് അറിയാം. കണ്ടം ചെയ്ത പഴയവണ്ടികള്‍ വിദേശത്തുനിന്ന് കൊണ്ടുവന്ന് അടപടലം കുന്നംകുളം സ്‌റ്റൈലില്‍ ലൊട്ടുലൊടുക്ക് സാധനങ്ങള്‍ ഫിറ്റ് ചെയ്താണ്, ഓട്ടമെന്ന് അയാള്‍ പറഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്. വെറുതയല്ലേ വണ്ടി കേടായത്! തിരിച്ചുപോകുംവഴി സെമിത്തേരിയില്‍ ശവസംസ്‌കാരം നടക്കുന്നു. അത് കണ്ടിട്ട് പോയാല്‍ മതിയെന്നായി ഡ്രൈവര്‍. ഇവിടെ ശവസംസ്‌കാരം ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. ചടങ്ങുകളും സദ്യവട്ടങ്ങളും കഴിയുമ്പോള്‍ പല കുടുംബങ്ങളും കുത്തുപാളയെടുത്തുപോകുമത്രേ.
ലപാഹി ഗ്രാമത്തിനടുത്താണ് ടോംഗയുടെ പൗരാണിക സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഉള്ള 'മുആ' എന്ന സ്ഥലം. ഇവിടെ കത്തോലിക്ക പള്ളിയുടെ സമീപത്തായി പുല്ലുകയറിക്കിടക്കുന്ന രണ്ട് ചുണ്ണാമ്പുകല്ലിന്റെ കെട്ടുകള്‍ കണ്ടു. വിശുദ്ധരായ തങ്ങളുടെ, പിതാമഹാരഥന്മാരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശവക്കല്ലറകളായ ഇവ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ദക്ഷിണ പസിഫിക് ദ്വീപുകളിലെ ഏറ്റവും വലിയ രഹസ്യത്തിനാണ് പിന്നീട് ഞങ്ങള്‍ സാക്ഷികളായത്. പുരാതന പാരമ്പര്യത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലും യൂറോപ്പിലും കാണപ്പെടുന്ന സ്റ്റോണ്‍ ഏജിന്റെ പോളിനേഷ്യന്‍ പതിപ്പ്. രണ്ട് പാറക്കല്ലുകള്‍ കുത്തിനിര്‍ത്തി അതിന് മുകളില്‍ മറ്റൊരു കല്ല് തിരശ്ചീനമായി വെച്ചിരിക്കുന്നു.
പിന്നീട് പോയത് വിശ്രുത ഇംഗ്ലീഷ് നാവികനായ ക്യാപ്റ്റന്‍ ജെയിംസ് കുക്ക്, ടോംഗാടാപുവില്‍ വന്നിറങ്ങിയ സ്ഥലത്തേക്കാണ്. 1774-ല്‍ ടോംഗയിലേക്കുള്ള കുക്കിന്റെ രണ്ടാംവരവില്‍ നാട്ടുകാര്‍ അദ്ദേഹത്തിനും പരിവാരങ്ങള്‍ക്കുമായി വിപുലമായ സത്കാരങ്ങള്‍ ഒരുക്കി. സന്തോഷവാനായ കുക്ക്, ടോംഗന്‍ ദ്വീപസമൂഹത്തെ Friendly ArchiPelago സൗഹൃദത്തിന്റെ ദ്വീപസമൂഹം എന്നുവിളിച്ചു. അന്ന് കുക്കിനേയും കൂട്ടാളികളേയും വകവരുത്തി അദ്ദേഹത്തിന്റെ കപ്പലുകളും പണ്ടങ്ങളും തട്ടിയെടുക്കാനായിരുന്നു നാട്ടുകാരുടെ പദ്ധതി. അവസാനനിമിഷം പാളി. കുക്കും സഹനാവികരും ഇതൊന്നും അറിയാതെ ഒരു പോറല്‍പോലും ഏല്‍ക്കാതെ നാടുവിടുകയും ചെയ്തു. രസകരമായ ഒരു കാര്യം ടോംഗ ടൂറിസം പ്രചാരണത്തിന്റെ ആപ്തവാക്യം ഇപ്പോഴും അന്ന് ക്യാപ്റ്റന്‍ കുക്ക് വിളിച്ച Friendly Islands എന്നുതന്നെയാണ്.
യാത്ര അവസാനിക്കുമ്പോഴേക്കും ഡ്രൈവര്‍, ടോംഗന്‍ ഭാഷയിലെ ചില ഉപചാരവാക്കുകള്‍ പഠിപ്പിച്ചു തന്നു. 'മാളോ ഈ ലേലേയ്' എന്നാല്‍ ഹലോ എന്നാണ്. 'മാളോ ഔപിതോ' നന്ദിയും, 'ഫെഫെ ഹാക്കെ' സുഖമല്ലേ എന്നുമാണ്. എന്നാല്‍ ഞാന്‍ ഞെട്ടിയത് ഉമ്മ എന്ന മലയാളം വാക്കിന്റെ ടോംഗന്‍ ഉച്ചാരണം കേട്ടാണ്. ഉമ്മയ്ക്ക് ടോംഗന്‍ ഭാഷയിലും ഉമ്മ എന്നാണ് പറയുന്നത്.
Content Highlights: travelogue to tonga islands
Published: 03 Feb 2024, 12:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented