മാണ്ഡവ് എന്ന സ്ഥലത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ചില അവിചാരിതമായ കണ്ടെത്തലുകള്‍ യാത്രയുടെ ഗതി തന്നെ മാറ്റിമറിക്കാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു മാണ്ഡവ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വന്നിട്ട് അഞ്ചു ദിവസം കഴിഞ്ഞിരുന്നു. അവിടെ ഇനി കാണാന്‍ ബാക്കി ഒന്നുമില്ല എന്ന അവസ്ഥ. വെറുതെ ഫോണ്‍ എടുത്ത് 'Places to visit near Indore' എന്ന് സെര്‍ച്ച് ചെയ്തു, വന്നതിലേറെയും വെള്ളച്ചാട്ടങ്ങളും അമ്പലങ്ങളും. ഇതിന്റെ എല്ലാമിടയില്‍ 'മാണ്ഡവ് ' എന്നു കണ്ടു. ഒറ്റനോട്ടത്തില്‍ ഒരു കുഞ്ഞു ഗ്രാമം. എന്നാല്‍ വിക്കിപീഡിയ എടുത്തു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി! മുഗളന്മാരുടെ വേനൽക്കാലതാവളങ്ങളില്‍ ഒന്നായിരുന്നു മാണ്ഡവ്. കാണാന്‍ ഒട്ടേറെയുണ്ട്. കൂട്ടത്തില്‍ ഒരു ഗംഭീരപ്രണയകഥയുടെ ബാക്കിപത്രവും. വേറെ എന്തെങ്കിലും വേണോ! സ്‌കൂട്ടറും എടുത്ത് അതിരാവിലെ പുറപ്പെട്ടു.

രണ്ട് പകല്‍ മതിയാകും മാണ്ഡവ് കണ്ടുതീര്‍ക്കാന്‍. ഇന്‍ഡോറില്‍ നിന്ന് ഏകദേശം 85 കിലോമീറ്റര്‍ ദൂരമുണ്ട്. വെണ്ണ പോലെ കിടക്കുന്ന നാഷണല്‍ ഹൈവേ ആയിരുന്നു ആദ്യപകുതി. വഴിയില്‍ ഗുജറാത്തില്‍നിന്നും ചേക്കേറിയ ധാരാളം നാടോടികള്‍ അഥവാ ബഞ്ചാറകളെ കാണാം. അവര്‍ സാവധാനത്തില്‍ ഒട്ടകങ്ങളെയും ചെമ്മരിയാടുകളെയും മേച്ചുകൊണ്ട്‌ ഇങ്ങനെ നടക്കും.

ആദ്യപകുതി പിന്നിട്ടാല്‍ റോഡ് മോശമായി തുടങ്ങും. ഒരോ നൂറു മീറ്ററിലും സ്പീഡ് ബമ്പ് വെച്ചിട്ടുണ്ട്. ഒന്നും രണ്ടുമല്ല, പത്തെണ്ണം കാണും ഒറ്റയടിക്ക്. കുലുങ്ങികുലുങ്ങി ഒരു പരുവമായി. വണ്ടി നീങ്ങുന്നത് ഇപ്പോള്‍ ശരിക്കും കുഗ്രാമങ്ങളുടെ ഇടയിലൂടെയാണ്. പ്രാതലിന്റെ സമയം പിന്നിട്ടിരിക്കുന്നു. നല്ലപോലെ വിശന്നുതുടങ്ങി. തൊട്ടടുത്തു കണ്ട കുഞ്ഞു കടയില്‍ കയറി. കഴിക്കാന്‍ നല്ല ചൂടു പോഹയും ജലേബിയും. മധ്യപ്രദേശുകാര്‍ക്ക് ഒരു വികാരമാണ് അവില്‍ ഉപയോഗിച്ചു പാകംചെയ്യുന്ന പോഹ! ഏകദേശം നമ്മുടെ ഉപ്പുമാവ് പോലിരിക്കുന്ന പോഹ ഇവര്‍ നാരങ്ങ പിഴിഞ്ഞ് തൈരോ ജലേബിയോ കൂട്ടിക്കഴിക്കും. 
'ആപ് കിധര്‍ ജാ രഹി ഹെ?' (നിങ്ങള്‍ എങ്ങോട്ട് പോകുന്നു) എന്ന് കടക്കാരന്‍. 
'മാണ്ഡവ്'
'മാണ്ഡവ് മെ ദേഖ്‌നെ കെ ലിയെ കുഛ് ഭി നഹി ഹെ' (മാണ്ഡവില്‍ കാണാന്‍ പ്രത്യേകിച്ചൊന്നുമില്ല). സത്യത്തില്‍ എനിക്ക് ഏറ്റവും ദേഷ്യം തോന്നുന്ന ഒരു ഡയലോഗ് ആണിത്. ഒരു സ്ഥലം കാണാനെത്തുന്ന വ്യക്തിയോട് ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹമാണ് അവിടെ ഒന്നുമില്ല എന്നു പറയുന്നത്. നിങ്ങള്‍ക്ക് വേണ്ടത് ചിലപ്പോള്‍ അവിടെ കാണണം എന്നില്ല. നിങ്ങള്‍ അവിടെ പോയ ദിവസമോ, സമയമോ, കൂട്ടോ, കാലാവസ്ഥയോ നിങ്ങള്‍ക്ക് പ്രതികൂലമായിരുന്നിരിക്കാം. ഇതൊന്നുമല്ലാതെ, നിങ്ങള്‍ക്ക് അകാരണമായി ഇഷ്ടക്കേട് വന്നതും ആകാം. എന്നാല്‍ മറ്റൊരാള്‍ക്ക് ഒരുപക്ഷെ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത അനുഭൂതി ആ സ്ഥലത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞേക്കാം. അതുകൊണ്ട് നമുക്ക് ഇഷ്ടപ്പെടാത്തതുകൊണ്ട് ഒരു സ്ഥലം മോശമാണ്, അവിടെ കാണാന്‍ ഒന്നുമില്ല എന്നൊക്കെ പറയുന്നത് വളരെ ബാലിശമാണ് എന്നാണ് എന്റെ ഒരു ഇത്. ഈ തത്വചിന്ത രാവിലെ പോഹ വില്‍ക്കുന്ന ആ പാവത്തിനോട് പറഞ്ഞു തര്‍ക്കിക്കാന്‍ മനസ്സു വരാത്തതുകൊണ്ട്, നീരസം ജലേബി കഴിച്ചങ്ങു തീര്‍ത്തു. എന്നിട്ടും മാറാത്തത് നല്ലപോലെ ഏലയ്ക്ക ഇട്ടൊരു ചായ കുടിച്ചപ്പോള്‍ മാറി.

വണ്ടി എടുത്തു. ഇനി പത്തുകിലോമീറ്റര്‍ മാത്രം. റോഡ് മെല്ലെ മാറിത്തുടങ്ങി. നീണ്ടുനിവര്‍ന്നുകിടന്ന പാതകള്‍ മെല്ലെ വളഞ്ഞു തുടങ്ങി. കുത്തനെ കയറാനും തുടങ്ങി. കുറച്ചു മുന്‍പില്‍ ഒരു വലിയ കരിങ്കല്‍കവാടം- ആലംഗീര്‍ കവാടം. കുപ്രസിദ്ധനായ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് പണികഴിപ്പിച്ചതാണ്. അദ്ദേഹത്തിന്റെ മറ്റൊരു പേരാണ് ആലംഗീര്‍. ഇത്തരത്തില്‍ പിന്നെയും രണ്ടു മൂന്നു ഭീമന്‍ പ്രവേശനകവാടങ്ങള്‍ പിന്നിട്ട് ഒടുവില്‍ മാണ്ഡവില്‍ എത്തി. അധികം തിരക്കൊന്നുമില്ല. ശാന്തമായ കുഞ്ഞുഗ്രാമം. അങ്ങിങ്ങായി നാല്‍ക്കാലികള്‍ മേഞ്ഞുനടക്കുന്നുണ്ട്. ഇരുവശങ്ങളിലുമായി ഇടിഞ്ഞുപൊളിഞ്ഞ നിലയില്‍ പല തിരുശേഷിപ്പുകളും കാണാം.

മുറിയെടുക്കുന്നതിനു മുന്‍പ് രൂപമതി പവിലിയന്‍ കാണണം എന്ന് അതിയായ ആഗ്രഹം. നേരത്തെ പറഞ്ഞ ആ പ്രണയകഥയില്ലേ? അത് രൂപമതിയുടെയും ബാസ് ബഹദൂറിന്റെയും കഥയാണ്. മുഗളന്മാര്‍ക്ക് മുന്‍പ് പതിനാറാം നൂറ്റാണ്ടില്‍ മാണ്ഡവ് ഭരിച്ചിരുന്നത് മാല്‍വ സുല്‍ത്താന്‍ ആയിരുന്ന ബാസ് ബഹദൂര്‍ ആയിരുന്നു. അദ്ദേഹം ഒരിക്കല്‍ വേട്ടയാടുന്നതിനിടയില്‍ അതിസുന്ദരമായൊരു ശബ്ദം കേട്ടു. ശബ്ദത്തിന്റെ ഉടമയെ തേടി ഇറങ്ങിയപ്പോള്‍ ആടുകളെ മേയ്ക്കുന്ന രൂപമതിയെയാണ് കണ്ടത്. രൂപമതിയുടെ സൗന്ദര്യത്തിലും സുന്ദരശബ്ദത്തിലും അനുരക്തനായ സുല്‍ത്താന്‍ അവളെ വിവാഹം കഴിക്കാന്‍ അതിയായി ആഗ്രഹിച്ചു.

അവള്‍ക്കായി തന്റെ കൊട്ടാരത്തിനു സമീപം മറ്റൊരു സുന്ദരമായ ഗേഹം പണിതു. അതാണ് രൂപമതി പവിലിയന്‍. രൂപമതി ധാരാളം കവിതകള്‍ എഴുതുമായിരുന്നു. ബാസ് ബഹദൂര്‍ ആകട്ടെ നല്ലൊരു വീണാവാദകനും. വൈകുന്നേരങ്ങളില്‍ കൊട്ടാരത്തിനു സമീപത്തെ പൂന്തോട്ടം സംഗീതവും കവിതയും കൊണ്ടു നിറയുമായിരുന്നു. അങ്ങനെയിരിക്കെ അക്ബറിന്റെ സൈന്യം മാണ്ഡവ് വളഞ്ഞു. സര്‍ണിയില്‍വെച്ചു നടന്ന യുദ്ധത്തില്‍ അക്ബറിന്റെ സൈന്യത്തിന് മുന്നില്‍ ബാസ് ബഹദൂറിന് പിടിച്ചുനില്‍ക്കാനായില്ല. യുദ്ധത്തില്‍ തോറ്റ സുല്‍ത്താന് അവിടെനിന്ന് പലായനം ചെയ്യാതെ നിവര്‍ത്തി ഇല്ലായിരുന്നു. ഈ തക്കം നോക്കി രൂപമതിയില്‍ ആകൃഷ്ടന്‍ ആയിരുന്ന അക്ബറിന്റെ സേനാനായകന്‍ ആദം ഖാന്‍ രൂപമതിയുടെ കോട്ട വളഞ്ഞു.

ആദം ഖാന് അടിമപ്പെടേണ്ടിവരുമെന്ന് ഭയന്ന് ഗത്യന്തരമില്ലാതെ രൂപമതി വിഷംകഴിച്ച് ആത്മഹത്യചെയ്തു. 'പദ്മാവത്' സിനിമയില്‍ കാണിക്കുന്ന സംഭവങ്ങള്‍ യഥാര്‍ഥത്തില്‍ നടന്നിട്ടുണ്ടോ എന്ന് ഇന്നും സംശയമാണ്. റാണി പദ്മാവതി ജീവിച്ചിരുന്നു എന്നതിന് തെളിവുകളുമില്ല. എന്നാല്‍ രൂപമതി സത്യമാണ്. അവരുടെ പ്രണയവും ആത്മത്യാഗവും സത്യമാണ്. ആ സത്യത്തിന് സാക്ഷ്യം വഹിച്ച രൂപമതി പവിലിയന്‍ കാണണം എന്ന് ആഗ്രഹിച്ചതില്‍ തെറ്റുണ്ടോ?

ചെന്നെത്തിയപ്പോഴാണ് ആ സത്യം മനസിലാക്കിയത്. രാജാവ് രൂപമതിക്ക് കൊട്ടാരം പണിഞ്ഞുകൊടുത്തത് അങ്ങ് കുന്നിന്റെ മുകളിലാണ്. രൂപമതിക്ക് നര്‍മദാനദി വളരെ പ്രിയപ്പെട്ടതായിരുന്നു. ജനാലകള്‍ തുറന്നാല്‍ നര്‍മദാനദി കാണാന്‍ പാകത്തിനാണ് കുന്നിന്റെ മുകളിലെ കൊട്ടാരം. നല്ല കുത്തനെയുള്ള കയറ്റം! തൊട്ടുമുന്‍പില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഹിന്ദിയില്‍ സംസാരിക്കുന്നത് കേള്‍ക്കാം; 'ഇങ്ങേര് ഇത്രേം ദൂരം കയറിയാണോ ഇവരെ എന്നും വന്ന് കണ്ടിരുന്നത്!'
'നമ്മളെ പോലെയല്ലല്ലോ, മൂപ്പര്‍ക്ക് ആനയും കുതിരയുമൊക്കെ ഉണ്ടാവും. അതിന്റെ പുറത്തുകേറി ഇവിടെ എത്തുമായിരിക്കും', ഒരുവന്‍ മറുപടി കൊടുത്തു. 'എന്നാലും എന്നും മെനക്കെട്ട് ഇത്രദൂരം! എന്നെക്കൊണ്ടെങ്ങും പറ്റില്ല.' 'നിന്റെ ഭാര്യ ഐശ്വര്യ റായിയെ പോലെ സുന്ദരി ആണെങ്കിലോ?' അപ്പുറത്ത് നിന്ന് മറുപടിയില്ല. 

പണ്ടുതൊട്ടേ പ്രണയകഥകളിലും മറ്റും കാണപ്പെടുന്ന ഒരു പാറ്റേണുണ്ട്. നായിക അതിസുന്ദരിയാവും. ഇവിടെയൊക്കെ ഒരു വ്യക്തിക്കപ്പുറം അവരുടെ സൗന്ദര്യമാണ് നായകനെ അനുരക്തന്‍ ആക്കിയത് എന്ന് പറയാതെ പറയുന്നപോലെ. ഇവിടെയും കൂട്ടുകാര്‍ക്കിടയില്‍ ഉത്തരം മുട്ടിയത് 'സൗന്ദര്യം' വിഷയമായപ്പോളാണ്. രൂപമതി സുന്ദരി അല്ലായിരുന്നെങ്കില്‍ അവള്‍ക്കുവേണ്ടി ബാസ് ബഹദൂര്‍ ഇങ്ങനെയൊരു മണിമാളിക പണിയുമോ? അവളെ കാണാന്‍ ബദ്ധപ്പെട്ട് ഇത്രയും ദൂരം എന്നും വരുമോ? ബാഹ്യസൗന്ദര്യത്തിന് യാതൊരു പ്രാധാന്യവും കല്‍പ്പിക്കേണ്ട എന്ന് പറയുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഏറ്റവും വലിയ മാര്‍ക്കറ്റ് സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ക്ക് തന്നെയാണ് എന്നതാണ് ഏറ്റവും വലിയ തമാശ.

ഇങ്ങനെ നടത്തത്തിനൊപ്പം ചിന്തകളും കാടും കുന്നുമൊക്കെ കയറി, ഒടുവില്‍ കൊട്ടാരത്തിനു മുന്നില്‍ എത്തി. കൊട്ടാരം എന്നു വിളിപ്പേരുണ്ടെങ്കിലും ഒരു കുഞ്ഞു കോട്ട പോലിരിക്കും കണ്ടാല്‍. അഫ്ഗാന്‍ മുഗള്‍ സ്വാധീനമുള്ള, ചെങ്കല്ലിലും വെട്ടുകല്ലിലും പണിത മനോഹരമായ സൗധം. തൊട്ടുമുന്നില്‍ ഒരു വലിയ സംഘത്തിന്റെ കൂടെ ഒരു ഗൈഡ് ഉണ്ട്. മൂപ്പര് മേല്പറഞ്ഞ കഥ പൊടിപ്പും തൊങ്ങലുംവെച്ചു പറഞ്ഞുകൊടുക്കുന്നുണ്ട്. രൂപമതി വിഷം കഴിച്ച സ്ഥലം വരെ ആശാന്‍ കാണിച്ചുകൊടുത്തു! പറയുന്ന കേട്ടാല്‍ മൂപ്പരുടെ മുന്നില്‍ വെച്ചാണ് വിഷം കഴിച്ചതെന്നു തോന്നിപ്പോകും. അത്രക്ക് ആത്മവിശ്വാസം!

പക്ഷെ, എന്തോ ഒരു വല്ലാത്ത നൊമ്പരം ഇവിടെ വരുന്ന ആര്‍ക്കും തോന്നും. ചുറ്റും കഴുകന്മാരാല്‍ ചുറ്റപ്പെട്ട ഒരു സ്ത്രീയുടെ നിസ്സഹായവസ്ഥ, അവള്‍ അനുഭവിച്ച സംഘര്‍ഷങ്ങള്‍, ഒടുവില്‍ ആത്മഹത്യ അല്ലാതെ മറ്റൊരു മാര്‍ഗമില്ല എന്ന തിരിച്ചറിയല്‍... ഇതെല്ലാം ഒരു കഥയില്‍ ഒതുങ്ങേണ്ടതല്ല.

അവിടെ നിന്നിറങ്ങി നേരെ പോയത് ഹോസങ് ഷായുടെ ശവകുടീരത്തിലേക്കാണ്. താജ് മഹലിനും മുന്‍പ് മാര്‍ബിളില്‍ തീര്‍ത്ത സ്മാരകം ആണിത്. ഈ സ്മാരകം പതിനഞ്ചാം നൂറ്റാണ്ടില്‍ പണിത സമയത്ത് ദൂരെ ദേശങ്ങളില്‍ നിന്നുപോലും മനുഷ്യര്‍ ഇതു കാണാന്‍ വരുമായിരുന്നത്രെ! മുഗളന്മാര്‍ക്ക് മുന്‍പ് മാണ്ഡവ് ഭരിച്ചിരുന്ന സുല്‍ത്താനായിരുന്നു ഹോസങ് ഷാ. എന്നാല്‍ പറയത്തക്ക ആഡംബരം ഒന്നും തന്നെ ആ കബറിനില്ല. ലളിതം, സുന്ദരം.

കബറിന്റെ തൊട്ടടുത്തായി ഒരു ജുമാ മസ്ജിദുണ്ട്. ടിക്കറ്റും കൊടുത്ത് അകത്തു കയറിയ ഞാന്‍ വാ പൊളിച്ചു പോയി! അതിവിശാലമായ, ഗംഭീരമായ ഒരു പള്ളി. ഇന്‍ഡോ ഇസ്ലാമിക് വാസ്തുകലാചരിത്രം മുഗളന്മാരിലേക്ക് മാത്രം ഒതുങ്ങേണ്ടതല്ലെന്ന് വിളിച്ചുപറയുന്നുണ്ട് ജുമാ മസ്ജിദ്. ഹോസങ് ഷായുടെ ഭരണകാലത്ത് സിറിയയിലെ ഡമാസ്‌കസ് പള്ളിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു പണിതതാണ് ഈ പള്ളി. നെടുനീളത്തിലുള്ള തൂണുകളും ചെങ്കല്ലില്‍ തീര്‍ത്ത മിനാരങ്ങളുമായി പ്രൗഢിയോടെ നില്‍ക്കുന്ന ഈ ഭീമന്‍ പള്ളി മാണ്ഡവ് പോലെ ഒരു കുഞ്ഞു ഗ്രാമത്തില്‍ അധികമാരും അറിയാതെ മൗനത്തില്‍ ഇരിക്കുന്നു.

മസ്ജിദിന് നേരെ എതിര്‍വശമാണ് അഷ്റഫി മഹല്‍. ഇവിടെയാണ് മഹ്‌മൂദ് ഖില്‍ജിയെ അടക്കിയിരിക്കുന്നത്. ഹോസങ് ഷായുടെ മകനായ ഘസ്നി ഖാന്റെ പടത്തലവനായിരുന്നു തുര്‍ക്കിയില്‍ നിന്നെത്തിയ മഹ്‌മൂദ് ഖില്‍ജി. മഹ്‌മൂദ്, ദില്ലി സുല്‍ത്താന്‍മാരുടെ വംശത്തില്‍പ്പെട്ടവന്‍ ആയിരുന്നു. കിട്ടിയ തക്കം നോക്കി ഖസ്നിയെ കൊന്ന് ഖില്‍ജി മാണ്ഡവിന്റെ രാജാവായി. ആ ഭീകരനാണ് അഷ്റഫി മഹലില്‍ പ്രാവിന്‍കാഷ്ടങ്ങള്‍ക്ക് നടുവില്‍ ഇങ്ങനെ കിടക്കുന്നത്! ആരൊക്കെ ആയാലെന്താ! മരണത്തിന് എന്ത് രാജാവ്, എന്ത് യാചകന്‍!

കുറച്ചധികം പടികള്‍ കയറി വേണം അഷ്റഫി മഹലില്‍ എത്താന്‍. എത്തിക്കഴിഞ്ഞാല്‍ ഉറുദു ഭാഷയില്‍ പറയുന്ന പോലെ വല്ലാത്തൊരു 'സുകൂന്‍' ആണ്. നല്ല കാറ്റും നിശബ്ദതയും ഏകാന്തതയും ചേര്‍ന്ന് സമ്മാനിക്കുന്ന പകരംവെക്കാന്‍ സാധിക്കാത്തൊരു സമാധാനം. ഞാന്‍ അല്പം കണ്ണടച്ചു വിശ്രമിച്ചു. 

മാണ്ഡവില്‍ വരുന്ന ചുരുക്കം വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് 'ജഹാസ് മഹല്‍'. ജഹാസ് എന്നാല്‍ കപ്പല്‍ എന്നര്‍ഥം. ഏകദേശം കപ്പലിന്റെ രൂപമാണ് ആ കൊട്ടാരത്തിനെന്ന് അടുത്തുള്ള കടക്കാരന്‍ പറഞ്ഞു. ഭാവന അധികം ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല, കപ്പലിന്റെ രൂപമൊന്നും എനിക്ക് തോന്നിയില്ല. പക്ഷെ കൊട്ടാരം കേമം! ഏക്കറുകണക്കിന് സ്ഥലത്ത് ഇങ്ങനെ പരന്നു കിടക്കുകയാണ്!

ഒരേ സ്ഥലത്തു തന്നെ ധാരാളം കെട്ടിടങ്ങളും കുളങ്ങളും കിണറുകളും ഒക്കെയുണ്ട്. ഇവിടെ നിന്ന് മനോഹരമായ സൂര്യാസ്തമനവും കാണാം! കെട്ടിടങ്ങളെക്കാള്‍ എന്നെ ഇവിടെ ആകര്‍ഷിച്ചത് വൈകുന്നേരം ചേക്കേറുന്ന നൂറുകണക്കിന് തത്തകളാണ്. ഇത്രയധികം തത്തകളെ ഇതിനു മുന്‍പോ ശേഷമോ ഒരുമിച്ച് കാണാന്‍ സാധിച്ചിട്ടില്ല. ഏതൊരു ജീവിക്കും പ്രത്യേക ഭംഗിയാണ് സൈ്വര്യമായി അവരുടെ ഇഷ്ടത്തിന്, സ്വാതന്ത്ര്യത്തില്‍ വിഹരിക്കുന്നത് കാണുമ്പോള്‍. കൂടുകളെയോ വലകളെയോ വേടന്മാരെയോ ഭയക്കാതെ അനന്തമായ ആകാശത്തില്‍ അവരിങ്ങനെ പറന്നു നടക്കുന്ന കാഴ്ച!

ഈ പറഞ്ഞവയെല്ലാം തന്നെ മാണ്ഡവിലെ പ്രധാനപ്പെട്ട സ്മാരകങ്ങള്‍ ആണ്. എന്നാല്‍ ഒരു സ്‌കൂട്ടറും എടുത്തു വെറുതെ ഒന്നു ചുറ്റിതിരിഞ്ഞാല്‍ കാണാം, ഇരുവശങ്ങളിലും തകര്‍ന്നു കിടക്കുന്ന സ്മാരകങ്ങള്‍. ജീര്‍ണാവസ്ഥയില്‍ കാണപ്പെടുന്ന ഇവയില്‍ എനിക്കേറ്റവും മറക്കാനാകാത്തത് 'ദായ് കാ മഹല്‍' ആണ്. ദായ് എന്നാല്‍ ഉറുദുവില്‍ പ്രായമായ സ്ത്രീ എന്നാണര്‍ത്ഥം. ഈ ദായ് ഒരു സൂഫി അവധൂത ആയിരുന്നു എന്നു പറയപ്പെടുന്നു. ചരിത്രത്തില്‍ സൂഫിസം തെരഞ്ഞെടുത്ത വളരെ ചുരുക്കം സ്ത്രീകളെ മാത്രമേ കാണാന്‍ സാധിക്കൂ.

അത്തരത്തില്‍ ചരിത്രം തിരുത്തിക്കുറിച്ച ഒരു സ്ത്രീയുടെ കബര്‍ സംരക്ഷിക്കപ്പെട്ടില്ല എന്നു മാത്രമല്ല, അവരുടെ പേരോ മറ്റു വിവരങ്ങളും എങ്ങും രേഖപ്പെടുത്തിയിട്ടുമില്ല. പുരാവസ്തുഗവേഷണത്തിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ മാണ്ഡവില്‍ ഏറ്റവും അധികം പ്രാധാന്യം ലഭിക്കേണ്ട ഈ കബര്‍ ഇന്ന് ആട്ടിടയന്മാര്‍ വിശ്രമിക്കുന്ന, കാടുകേറിയ വെറുമൊരു ജീര്‍ണിച്ച കെട്ടിടം മാത്രമാണ്. ഇത്തരത്തില്‍ ചരിത്രം ഉറങ്ങിക്കിടക്കുന്ന ധാരാളം സ്ഥലങ്ങള്‍ മാണ്ഡവിനു ചുറ്റുമുണ്ട്. പലതിനെയും പറ്റി അവിടെ താമസിക്കുന്നവര്‍ക്ക് പോലും ഗ്രാഹ്യമില്ല. പക്ഷെ, ചരിത്രം ഇഷ്ടപ്പെടുന്നവര്‍ക്ക് ഡല്‍ഹിയെക്കാളും ആഗ്രയേക്കാളും ജയ്പ്പൂരിനേക്കാളും മണ്ഡവ് ഇഷ്ടപ്പെടും! തീര്‍ച്ച! മാണ്ഡവ് കണ്ടിറങ്ങിയപ്പോള്‍ വരുന്ന വഴിയില്‍ കണ്ട ചായക്കടക്കാരന്റെ ഡയലോഗ് ഓര്‍ത്തുപോയി...'മാണ്ഡവ് മെ ദേഖ്‌നെ കേലിയെ കുഛ് ഭി നഹി ഹെ'

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi