
ഫിറോസ് ഷാ കോട്‌ല| ചിത്രം: getty images
വില്യം ഡാല്‍റിംപിള്‍ എന്നൊരു വെള്ളക്കാരന്‍ ഡല്‍ഹിയെക്കുറിച്ച് എഴുതിയൊരു പുസ്തകമുണ്ട് - The city of Djinns. ഡല്‍ഹിയുടെ ഭൂതകാലം ഇത്രമേല്‍ മനോഹരമായി പറഞ്ഞുവെച്ച മറ്റൊരു പുസ്തകമുണ്ടോ എന്ന് എനിക്ക് സംശയമാണ്. പഠനകാലത്ത് ആ പുസ്തകം വായിച്ച നാള്‍ മുതല്‍ മനസ്സില്‍ കയറിക്കൂടിയതാണ് ഡല്‍ഹി. ശരിയാണ്, രാത്രി ഒരു സമയം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല, ശബ്ദമലിനീകരണം, ജലമലിനീകരണം, അന്തരീക്ഷമലിനീകരണം എന്നു വേണ്ട ഒരു നൂറു കുറ്റം പലരും പറയുന്ന നഗരമാണ് അത്.
എന്നാല്‍ എനിക്ക് ഡല്‍ഹി മറ്റൊന്നാണ്. കഴിഞ്ഞു പോയൊരു നല്ല കാലത്തിന്റെ തിരുശേഷിപ്പുകളും മുറിവുകളും പേറുന്നൊരു നഗരം. ഡല്‍ഹിയെന്ന് പറയുമ്പോള്‍തന്നെ ചാന്ദ്‌നി ചൗക്കിലെ ചൂടു ജിലേബിയുടെയും റബ്ഡിയുടെയും രുചി നാവില്‍ നിറയും.
മഹാഭാരതത്തിലാണ് ഡല്‍ഹിയെക്കുറിച്ച് ആദ്യം പ്രതിപാദിക്കുന്നത്. പാണ്ഡവന്മാരുടെ ഭരണതലസ്ഥാനമായ ഇന്ദ്രപ്രസ്ഥം ദില്ലിയാണ്. പിന്നീട് വന്ന ഖില്‍ജിയും തുഗ്ലക്കും ലോധിയും മുഗളന്മാരുമെല്ലാം ദില്ലിയെ മോഹിച്ചു, കീഴടക്കി. അവരോടൊപ്പം അവരുടെ സംസ്‌കാരവും വിശ്വാസങ്ങളും കലകളും വാസ്തുവിദ്യയും ഭക്ഷണവുമെല്ലാം ഡല്‍ഹിയുടെ മണ്ണില്‍ വേരുറപ്പിച്ചു.
ഏതെങ്കിലുമൊരു വെള്ളിയാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ജമാ മസ്ജിദിന്റെ ഒന്നാം നമ്പര്‍ ഗേറ്റിനു മുന്നിലുള്ള ഗലിയിലൂടെ ലക്ഷ്യമില്ലാതെ വിഹരിക്കണം!കബാബും മുഹബ്ബത്ത് കാ ഷര്‍ബത്തും ഷാഹി ടുക്ഡയും ഷീര്‍മലുമെല്ലാം കണ്ണിനും കരളിനും കുളിര്‍മയേകി ഇരുവശങ്ങളിലുമായിരുന്ന് നിങ്ങളെ മാടി വിളിക്കും. ഒരു പൂരത്തിനുള്ള തിരക്കാണ് വെള്ളിയാഴ്ച രാത്രികളില്‍ ഇവിടെ. ഓരോ കടയിലും സുഹൃത്തുക്കളും കുടുംബവുമായൊക്കെ രുചികള്‍ ആസ്വദിക്കാന്‍ ധാരാളംപേരെത്തും.
തകൃതിയായി, താളത്തില്‍ ഈ മുഗളായി വിഭവങ്ങള്‍ ഓരോ കടക്കാരനും തയാറാക്കി പ്ലേറ്റുകളില്‍ നിറയ്ക്കും. തിരക്കിനിടയില്‍, രുചിയും മണവുമൊക്കെ തേടി നടക്കുന്നതിനിടയില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം- പോക്കറ്റിലെ ഫോണും പേഴ്‌സും അവിടെത്തന്നെ ഉണ്ടോ എന്ന്. മുഹബ്ബത്ത് കാ ഷര്‍ബത്ത് തപ്പി നടക്കുന്നതിനിടയില്‍ പുത്തനൊരു ഐഫോണ്‍ ‘ഖുദാഹവ’ ആയൊരു സുഹൃത്തിനെ ഈ അവസരത്തില്‍ പ്രത്യേകം സ്മരിക്കുന്നു.
കാണാതായ പേഴ്‌സ് തിരയാതെ ബിരിയാണി കഴിച്ചതിന് കൂട്ടുകാരിയുടെ കൈയ്യില്‍ നിന്ന് എനിക്കിവിടെ വെച്ച് നല്ലത് കിട്ടിയിട്ടുണ്ട്. സംഭവം നടക്കുന്നത് 2022-ലാണ്. ജമാ മസ്ജിദിന്റെ വെള്ളിയാഴ്ച വൈബ് ആസ്വദിച്ച് തേരാപാര നടക്കുകയാണ്. ഞാനും സുഹൃത്ത് ശ്രീലക്ഷ്മിയും കണ്ണില്‍ കാണുന്ന എല്ലാ കടകളിലും കയറി എന്തൊക്കെയോ കഴിച്ചു. ഞങ്ങള്‍ക്ക് തന്നെ ഓര്‍മ്മയില്ലാത്ത വിധം ഗലികളും കടകളും മാറിമാറി കയറി, ഒടുവില്‍ ഞങ്ങള്‍ എത്തേണ്ട സ്ഥലത്തെത്തി- തൗഫീഖ് ബിരിയാണി.
കഷ്ടിച്ച് പത്തുപേര്‍ക്ക് തികച്ചിരിക്കാന്‍ പറ്റാത്തൊരു കുഞ്ഞുകട. ചുറ്റിനും ധാരാളംപേർ നിന്നു കഴിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലോ ഗൂഗിളിലോ ഒന്നും തൗഫിഖ് കാണാന്‍ സാധിക്കില്ല. 'ഹൈവേ ഓണ്‍ മൈ പ്ലേറ്റ്’ എന്നൊരു പഴയ ടെലിവിഷന്‍ പരിപാടിയുടെ അവതാരകന്‍ റോക്കിയെ, ഒരു റിക്ഷാവാല എത്തിക്കുന്ന കടയാണ് തൗഫിഖ്. ഇവിടുത്തെ ബിരിയാണി കഴിച്ച ശേഷം റോക്കി പറഞ്ഞത്, താന്‍ ജീവിതത്തില്‍ കഴിച്ച ഏറ്റവും സ്വാദുള്ള ബിരിയാണി ഇതാണെന്നാണ്.
ഹാഫ് പ്ലേറ്റ് ബിരിയാണി ഓര്‍ഡര്‍ ചെയ്തതിനുശേഷം ഞാന്‍ ശ്രീലക്ഷ്മിക്ക് ചരിത്രം മുഴുവന്‍ അഭിമാനത്തോടെ പറഞ്ഞുകൊടുത്തു. കഥയൊക്കെ കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ മുന്നില്‍ ബിരിയാണിയെത്തി. ആവിപറക്കുന്ന ബസ്മതി അരിമണികള്‍ ഉതിരുതിരായി കിടക്കുന്ന, നാരങ്ങയുടെയും കേവ്രയുടെയും വാസന പരത്തുന്ന നല്ല സ്വയമ്പന്‍ മുഗള്‍ ബിരിയാണി! മനസ്സുകൊണ്ട് അക്ബറിനും ബാബറിനുമൊക്കെ നന്ദി പറഞ്ഞു. ഒരു സ്പൂണ്‍ കഴിച്ചിട്ട് ശ്രീലക്ഷ്മി പറഞ്ഞു; “ഗൗരീ! നിന്നെ ഞാന്‍ സമ്മതിച്ചു.” ഇതുകൂടി കേട്ടപ്പോൾ ഞാന്‍ ഉള്‍പുളകിതയായി അല്പം കൂടി ഞെളിഞ്ഞിരുന്നു.
പെട്ടെന്ന്, പ്രത്യേകിച്ചൊരു ചേതോവികാരവുമില്ലാതെ ബാഗിനകത്തു ഞാന്‍ ഒന്നു കൈയ്യിട്ടു പരതി. ഫോട്ടോയും വീഡിയോയും എടുക്കുന്നതുകൊണ്ട് ഫോണ്‍ കൈയ്യിലുണ്ട്. പക്ഷെ പേഴ്‌സ്! അത് കാണുന്നില്ല. ഞാന്‍ മെല്ലെ അവളോട് പറഞ്ഞു “ശ്രീ! എന്റെ പേഴ്‌സ് കാണുന്നില്ല.”
“ഈശ്വരാ! നീ നന്നായി നോക്കിയോ? എന്റെ ബാഗില്‍ എങ്ങാനും വെച്ചോ?”
അവൾ ഭക്ഷണം മതിയാക്കി പേഴ്‌സ് തിരയാന്‍ തുടങ്ങി. കിട്ടിയില്ല.
“നീ മൊബൈല്‍ എടുത്ത് കാര്‍ഡ് ബ്ലോക്ക് ആക്ക്.” ബാങ്കില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്തു.
“എന്നാലും അതെവിടെപ്പോയി.” കാണാതായ എന്റെ പഴ്‌സിനെ ഓര്‍ത്ത് ശ്രീലക്ഷ്മിക്ക് ഇരിപ്പുറക്കുന്നില്ല. “എവിടാന്നു വെച്ചാ പോയി തപ്പുന്നെ?” (ഈ സമയമത്രയും ഞാന്‍ നല്ല അന്തസ്സായി ബിരിയാണി കഴിക്കുകയാണ്).
“നീ അവസാനം അതെപ്പോഴാ എടുത്തത്?” “എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഒന്നുങ്കില്‍ അത് നമ്മുടെ റൂമില്‍ കാണും. ഇല്ലെങ്കില്‍ ആരെങ്കിലും എടുത്തിട്ടുണ്ട്.” “നിന്റെ റൂമില്‍ എങ്ങനെ?”
”ഞാന്‍ ഇറങ്ങുന്നതിനു മുന്‍പ് ബാഗ് കുടഞ്ഞായിരുന്നു. തിരിച്ച് പേഴ്‌സ് എടുത്തുവെച്ചോ എന്നൊരു സംശയം. ഇവിടെ എത്തിയതിനു ശേഷം ഫോണിലൂടെ അല്ലേ പണമടച്ചതു മുഴുവന്‍. പേഴ്‌സ് പുറത്തെടുത്തില്ലല്ലോ.”
“നമുക്കെന്നാല്‍ റൂമില്‍ പോയി നോക്കിയാലോ?” ”ബിരിയാണി കഴിച്ചിട്ട് പോകാം.” ”എന്റെ ഗൗരീ! നിനക്ക് ടെന്‍ഷന്‍ ഇല്ലേ?”
“എന്തിന്! കാര്‍ഡ് ബ്ലോക്ക് ചെയ്തല്ലോ! ഒന്നുകില്‍ അതിവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെ ആണെങ്കില്‍ അതൊരിക്കലും തിരിച്ചു കിട്ടില്ല. മുറിയിലുണ്ടെങ്കില്‍ നമ്മള്‍ ബിരിയാണി കഴിച്ചിട്ട് കറക്കവും കഴിഞ്ഞ് ചെന്നാലും അവിടെത്തന്നെ കാണും. അതിന് ഇത്രേം ധൃതി പിടിച്ച് പോകുന്നതെന്തിനാ?”
എന്തു പറയണമെന്നറിയാതെ അവളെന്നെ നോക്കി. ശേഷം അവളും ബിരിയാണി കഴിച്ചു. കഴിച്ചുകഴിഞ്ഞ് കാശും കൊടുത്ത് ഞങ്ങള്‍ ഇറങ്ങി. ജനുവരി മാസമാണ്, നല്ല തണുപ്പും. ഈ സുന്ദരന്‍ ബിരിയാണിയുടെ കൂടി ഒരു കുഞ്ഞ് കഷ്ണം ഷാഹി ടുക്ഡ കൂടി കഴിച്ചാല്‍ പൊളിക്കും. “ശ്രീലക്ഷ്മി, നമുക്ക് പോകുന്നതിനു മുന്‍പ് ഇച്ചിരി ഷാഹി ടുക്ഡ കൂടി കഴിച്ചാലോ?” അതിനവള്‍ എന്തു മറുപടി പറഞ്ഞെന്ന് ഞാന്‍ ഇവിടെ പറയുന്നില്ല.
ഞങ്ങള്‍ ഓട്ടോ പിടിച്ച് റൂമിലെത്തി. ശ്രീലക്ഷ്മി എന്നെ തള്ളിമാറ്റി ധൃതിയില്‍ തിരച്ചിൽതുടങ്ങി. ഞാന്‍ പറഞ്ഞതുപോലെ, അതാ കട്ടിലിന്റെ ഒരു മൂലക്ക് പേഴ്‌സ് ഇരിക്കുന്നു! കഴിക്കാനാവാതെപോയ ആ ഷാഹി ടുക്ഡയുടെ വിഷമം പിറ്റേന്ന് വൈകുന്നേരം അവിടെ പോയി കഴിച്ചാണ് തീര്‍ത്തത്.
****
ഡല്‍ഹി കാണാന്‍ പോകുന്നവര്‍ രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റും റെഡ് ഫോര്‍ട്ടും മറ്റും കണ്ടു തിരിച്ചുവരരുത്. ഇതിനെല്ലാമപ്പുറം ഡല്‍ഹി ഒരുപാടു ചരിത്രാവശേഷിപ്പുകള്‍ പേറുന്നുണ്ട്. തുടക്കത്തില്‍ പറഞ്ഞ വില്യം ഡാല്‍റിംപിളിന്റെ പുസ്തകത്തില്‍ നിന്നാണ് ഞാന്‍ ജിന്നുകളെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത്. ആ പുസ്തകത്തില്‍ അദ്ദേഹം എഴുതിയ ഒരു വാചകമുണ്ട്; “For the Djinns of Delhi never die. When the empires fall and palaces crumble, they slip into the cracks of ruins, waiting to rise again”
ഡല്‍ഹിയില്‍ ആദ്യമായി ഒറ്റക്ക് യാത്ര ചെയ്തപ്പോള്‍ ഞാന്‍ തേടിയിറങ്ങിയത് മേല്പറഞ്ഞ തകര്‍ന്ന കോട്ടകളിലെ വിള്ളലുകളിലും ഇരുട്ടിലും അധിവസിക്കുന്ന ജിന്നുകളെയാണ്. കഥകളിലും മിത്തുകളിലും മനുഷ്യരെപ്പോലെ ഭൂമിയില്‍ ജീവിക്കുന്ന ഒരു സൃഷ്ടിയാണ് ജിന്ന്. മണ്ണില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ജിന്നിനെ തീയില്‍ നിന്നാണ് സൃഷ്ടിച്ചത്. മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കാത്ത ഇവരെ നല്ലവരായും കെട്ടവരായും പല പുസ്തകങ്ങളും വിശ്വാസങ്ങളും പറയുന്നു.
ജിന്നിനെ നമ്മുടെ ചാത്തനെ പോലെ ആരാധിക്കുന്ന പതിവ് ഡല്‍ഹിയിലെ പല സുല്‍ത്താന്മാര്‍ക്കുമുണ്ടായിരുന്നു. തുഗ്ലഖിന്റെ കാലത്തായിരുന്നു ജിന്നുകളെ ആരാധിക്കുന്നതിന് അത്യധികം പ്രചാരം ലഭിച്ചത്. ശേഷം വന്ന ഫിറോസ് ഷാ തുഗ്ലഖ് അറിയപ്പെട്ടത് ജിന്നുകളുടെ കാവല്‍ക്കാരന്‍ എന്നാണ്. ഇദ്ദേഹം പണിത ഫിറോസ് ഷാ കോട്‌ല എന്ന കോട്ട ഇന്നും ജിന്നുകളുടെ പാര്‍ലമെന്റ് എന്നാണ് അറിയപ്പെടുന്നത്. 600 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം പണിത കോട്ടയുടെ ശേഷിപ്പുകളില്‍ അദ്ദേഹം ആരാധിച്ചിരുന്ന നൂറുകണക്കിന് ജിന്നുകള്‍ ഇന്നും വസിക്കുന്നുവെന്ന് ഉറച്ചുവിശ്വസിക്കുന്നവരുണ്ട്.
അങ്ങനെ വിശ്വസിക്കുന്നവരുടെ എണ്ണം ഒന്നും രണ്ടുമല്ല, മറിച്ച് അതെത്രയാണെന്ന് അറിയണമെങ്കില്‍ വ്യാഴാഴ്ചകളില്‍ അവിടെ പോകണം! വിശ്വാസികളെ കണ്ട്, ഇപ്പോള്‍ കോട്ട സംരക്ഷിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ജീവനക്കാര്‍ പോലും ഞെട്ടാറുണ്ട്. വ്യാഴാഴ്ചകളില്‍ ജിന്നുകള്‍ക്ക് ശക്തി പ്രാപിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം വിശ്വാസികള്‍ അവരുടെ ആവശ്യങ്ങളെ ഒരു ഔദ്യോഗിക നിവേദനം പോലെ, കോട്ടയുടെ ഏതെങ്കിലുമൊരു മൂലയില്‍ സമര്‍പ്പിക്കും. കാര്യം സാധിച്ചവര്‍ ഉപകാരസ്മരണാര്‍ഥം അത്തര്‍ തളിക്കുന്നതും ചന്ദനത്തിരിയും കുന്തിരിക്കവും പുകയ്ക്കുന്നതും മധുരപലഹാരങ്ങള്‍ നേദിക്കുന്നതുമൊക്കെ ഇവിടുത്തെ പതിവ് കാഴ്ചകളാണ്.
ചില വിരുതന്മാര്‍ നിവേദനത്തിന് പവര്‍ കൂടാന്‍ ഫോട്ടോകോപ്പി എടുത്ത് കോട്ടയുടെ പല ഭാഗത്തായി സമര്‍പ്പിക്കുന്നതും കാണാം. ഇതൊക്കെ പോട്ടെ, മുന്‍പ് പലരും തങ്ങളുടെ മുറിച്ച മുടിയും നഖവുമൊക്കെ ഇവിടെ കുഴിച്ചിടുന്ന പരിപാടി ഉണ്ടായിരുന്നു. ആ സമ്പ്രദായം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിർത്തലാക്കി. ഇപ്പോള്‍ വ്യാഴാഴ്ചകളില്‍ ഇവിടെയെത്തുന്നവരുടെ ബാഗും മറ്റും ജീവനക്കാര്‍ പരിശോധിക്കും. (മുടിയോ നഖമോ ഉണ്ടോ എന്നു നോക്കാന്‍). അന്ധവിശ്വാസമാണെന്ന് സ്വയം പറഞ്ഞു ബോധിപ്പിച്ചാലും ഇവിടെ പ്രവേശിക്കുമ്പോള്‍ എപ്പോഴും മനസ്സിനുള്ളില്‍ ഒരു ഭയം നുഴഞ്ഞുകയറും.
ചെങ്കോട്ടയും ജമാ മസ്ജിദും നിര്‍മ്മിച്ച സമയം ജിന്നുകള്‍ കാവല്‍ നിന്നിരുന്നുവെന്ന് ഒരു വിശ്വാസമുണ്ട്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ അഭ്യര്‍ഥന പ്രകാരമാണ് കാവല്‍ നിന്നത് എന്നാണ് കഥ. ഈശനെയും ബ്രഹ്‌മനെയും പേടിയില്ലാതിരുന്ന ഔറംഗസേബ് പോലും ജിന്നുകളുടെ വാസസ്ഥലങ്ങളായി അറിയപ്പെട്ടിരുന്ന സ്ഥലങ്ങള്‍ തൊട്ടുനോക്കാന്‍പോലും ധൈര്യപ്പെട്ടിട്ടില്ല.
അവസാന മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ ഷാ സഫര്‍ മിസ്റ്റിസിസം, സൂഫിസം എന്നിവയുടെ കടുത്ത ആരാധകനായിരുന്നു. നല്ലൊരു കവി കൂടിയായിരുന്ന അദ്ദേഹം ഒടുവില്‍ ബ്രിട്ടീഷുകാരുടെ ഔദാര്യത്തിലാണ് കഴിഞ്ഞുപോയത്. ബ്രിട്ടീഷുകാരുടെ കീഴില്‍ ഡല്‍ഹിഭരണം മാറിയപ്പോള്‍ അദ്ദേഹത്തോടൊപ്പം ജിന്നുകളും ദുഃഖിച്ചു എന്നൊരു കഥയുണ്ട്. കഥകള്‍ എന്തു തന്നെയായാലും മാറിമാറി വന്ന ഡല്‍ഹി ഭരണകര്‍ത്താക്കള്‍ ആരും ജിന്നുകള്‍ എന്ന സങ്കല്പത്തെ അഥവാ വിശ്വാസത്തെ ചോദ്യം ചെയ്തില്ല. ഡല്‍ഹിയുടെ കഥകള്‍ പോലെ ഇന്നും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായി ജിന്നുകളും തുടരുന്നു.
‘ദില്‍വാലോം കാ ശഹര്‍' അഥവാ നല്ല മനസ്സുള്ളവരുടെ / സ്‌നേഹിക്കുന്നവരുടെ നഗരം എന്നൊരു വിളിപ്പേര് ഡല്‍ഹിക്കുണ്ട്. ഇത് ശരിയാണെന്ന് ഓള്‍ഡ് ഡല്‍ഹിയിൽ ഒരു ചായയൊക്കെ കുടിച്ച് പ്രായമായവരുമായി സംവദിക്കുമ്പോള്‍ മനസ്സിലാകും. പുരാനാ ദില്ലിയില്‍ നഗരം ഉണര്‍ന്നു തിരക്കുകളിലേക്ക് നീങ്ങുന്നതിനു മുന്‍പ്, രാവിലെ ഒരു ആറു മണിയോടെ നടക്കാന്‍ ഇറങ്ങണം, അതൊരു അനുഭവമാണ്.
സ്‌നേഹത്തിന്റെ നഗരമായ ഡല്‍ഹിയിലാണ് ഹുമയൂണിന്റെ കബറുള്ളത്. ഹുമയൂണിനു വേണ്ടി ഭാര്യ ബേഗ ബേഗം നിര്‍മ്മിച്ചതാണ് ആ സ്മാരകം. താജ് മഹല്‍ നിര്‍മ്മിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സ്ത്രീ തന്റെ പ്രിയതമനു വേണ്ടി നിര്‍മ്മിച്ച പ്രണയസ്മാരകം. താജ് മഹാലിനെക്കാള്‍ എനിക്കൊരല്‍പ്പം സ്‌നേഹക്കൂടുതല്‍ ഈ കബറിനോടുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് യാത്ര പോകുമ്പോൾ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ലേഓവര്‍ കിട്ടിയാല്‍ ഹുമയൂണിന്റെ കബര്‍ കാണാന്‍ ഞാന്‍ ചാടിത്തുള്ളി പോകാറുണ്ട്. എത്ര പോയാലും മതിവരാത്ത എന്തോ ഒന്ന് അവിടെയുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ സ്വവര്‍ഗാനുരാഗികളുടെ കബറും ഡല്‍ഹിയിലാണ്. മെഹറോളി ഉദ്യാനത്തിലേക്ക് കടക്കുമ്പോള്‍ കാണുന്ന ആദ്യത്തെ സ്മാരകം ഇവരുടേതാണ് -ജമാലിയുടെയും കമാലിയുടെയും. ലോധിയുടെ ഭരണകാലത്തെ ഒരു സൂഫി സന്യാസിയായിരുന്നു ജമാലി. കമാലിയെ കുറിച്ച് അധികം വിവരമൊന്നും ആര്‍ക്കുമില്ല, ജമാലിയുടെ കമിതാവായിരുന്നു കമാലി എന്നതൊഴികെ. ഒരേ അറയില്‍ ഇരുവരും നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മുന്‍വിധികളില്‍ നിന്നും മാറി ശാന്തമായി ഉറങ്ങുന്നു.
മെഹ്‌റോളി ഉദ്യാനത്തിനകത്തായി സ്ഥിതി ചെയ്യുന്ന സ്മാരകമാണ് സഫര്‍ മഹല്‍. അവസാന മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ ഷാ സഫര്‍ തനിക്കും ഭാര്യ സീനത് മഹലിനുമായി പണിത കബറാണിത്. മരണാനന്തരം അവിടെ, തന്റെ ഭൗതിക ശരീരം അടക്കം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ മോഹമായിരുന്നു. എന്നാല്‍ ബ്രിട്ടീഷിന് കീഴടങ്ങിയ ശേഷം റംഗൂണിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹത്തെ അവിടെയാണ് അടക്കിയത്.
ഇന്നും ബഹദൂര്‍ ഷാ സഫര്‍ വരുന്നതും കാത്ത് ഒഴിഞ്ഞൊരു കബര്‍ സീനത്തിന്റെ അടുത്ത് കാണാന്‍ സാധിക്കും. ഒന്നോര്‍ത്തുനോക്കിക്കേ, ലോകം മുഴുവന്‍ കാല്‍ക്കീഴില്‍ ആയിരുന്ന ഒരു സാമ്രാജ്യത്തിന്റെ അവസാനത്തെ ഭരണാധികാരിക്ക് ഒടുവില്‍ താന്‍ ആഗ്രഹിച്ച സ്ഥലത്ത് ആറടി മണ്ണുപോലും ലഭിച്ചില്ല. ജീവിതമെന്ന വിരോധാഭാസത്തിന് ഇതിലും മികച്ചൊരു ഉദാഹരണം ഉണ്ടോ?
ഡല്‍ഹിയെപ്പറ്റി പറഞ്ഞു തുടങ്ങിയാല്‍ എനിക്ക് നൂറു നാവാണ്. എത്ര വട്ടം പോയിട്ടുണ്ടെന്നു പോലും എണ്ണിയെടുക്കാന്‍ ബുദ്ധിമുട്ടാണ്. വാക്കുകള്‍ക്കും ചിന്തകള്‍ക്കും അതീതമായ ഒരു ബന്ധം ആ നഗരവുമായി എനിക്കുണ്ട്. എന്തോ ഒന്ന് എന്നെ അങ്ങോട്ടേക്ക് വീണ്ടും വീണ്ടും അടുപ്പിക്കാറുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Delhi`s captivating past, from ancient epics to Mughal grandeur. Discover hidden culinary gems, delve into intriguing myths, and experience its enduring spirit.
Published: 15 Oct 2025, 07:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented