ക്ലൂവിയിലെ തുറസ്സായ സിറ്റിസണ്‍ സ്‌ക്വയറില്‍നിന്ന് നോക്കിയാല്‍ ഹെല്‍സിങ്കി റെയില്‍വേ സ്റ്റേഷന്‍ കാണാം. ഹെല്‍സിങ്കി-റൊവെനേമി ഡബിള്‍ ഡക്കര്‍ ട്രെയിനിന്റെ നിശാസഞ്ചാരം തുടങ്ങുന്നത് സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്നാണ്. ഫിന്‍ലന്‍ഡിന്റെ തെക്കേയറ്റത്തുള്ള ഹെല്‍സിങ്കിയെ, വടക്കേമൂലയിലെ കെമിജാര്‍വി പട്ടണവുമായി ബന്ധിപ്പിച്ചാണ് 'സാന്റാക്ലോസ് എക്‌സ്പ്രസ്' തീവണ്ടിയോടുന്നത്. കെമിജാര്‍വിക്ക് തൊട്ടുമുന്‍പാണ് റൊവെനേമി. 436 മൈല്‍ ദൂരം. പിന്നെ ഏതാനും കിലോമീറ്ററുകള്‍ പിന്നിട്ടാല്‍, സാങ്കല്പിക ആര്‍ട്ടിക് വൃത്തം കടന്നുപോകുന്ന സാന്റാക്ലോസ് വില്ലേജിലെത്താം. ആര്‍ട്ടിക് വൃത്തം മറികടക്കണം; ക്രിസ്മസ് അപ്പൂപ്പനെ കാണണം; ഭാഗ്യമുണ്ടെങ്കില്‍ ധ്രുവപ്രദേശങ്ങളിലെ വാനവീഥികളില്‍, അത്യപൂര്‍വമായി കാണപ്പെടുന്ന ധ്രുവദീപ്തിയുടെ അനുഭൂതി നുകരണം- ഫിന്‍ലന്‍ഡിലെത്തുമ്പോള്‍ ഇതെല്ലാമായിരുന്നു മനസ്സില്‍. 

To advertise here,

വലിയ തിരക്കില്ലെങ്കിലും രാത്രിവണ്ടികളില്‍ വിദൂരനഗരങ്ങളിലേക്ക് പോകാനായിവന്ന കുറെ യാത്രികര്‍ സ്റ്റേഷനിലുണ്ട്. തണുപ്പുകാരണം മിക്കവരും വിശ്രമമുറികളില്‍ ഒതുങ്ങിയിരിപ്പാണ്. നേരത്തേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ലഗേജെല്ലാം ലോക്കറില്‍ സൂക്ഷിച്ച് നഗരചത്വരത്തിലൂടെ ചുറ്റിത്തിരിഞ്ഞ്, ഹെല്‍സിങ്കിയിലെ നിശാജീവിതം തൊട്ടറിയാം. വണ്ടി പുറപ്പെടുന്നതിനു നാല്‍പ്പത്തഞ്ചുമിനിറ്റ് മുന്‍പ് തിരിച്ചെത്തിയാല്‍ മതി.

placeholder
സാന്റാക്ലോസ് എക്‌സ്പ്രസിലെ റെസ്റ്റോറന്റ്

സമയം പത്തുമണിയായി. സാന്റാക്ലോസ് എക്‌സ്പ്രസ് ട്രാക്കില്‍ വരാന്‍ ഒന്നരമണിക്കൂര്‍ കാത്തിരിക്കണം. പുതുമോടി മായാത്തപോലെ, വൃത്തിയും വെടിപ്പുമുള്ള സ്റ്റേഷനും പരിസരവും. ഓടിനടന്ന് ചിത്രങ്ങള്‍ പകര്‍ത്തി. സഹയാത്രികനായ ബ്ലോഗര്‍ സജിത്തും ചെറിയ ഹാന്‍ഡ്‌ഹെല്‍ഡ് വീഡിയോ ക്യാമറയുമായി കറങ്ങുകയാണ്. തണുപ്പുകാരണം അലച്ചില്‍ മതിയാക്കി ഞങ്ങളും സ്റ്റേഷന്‍മുറിക്കകത്തുകയറി. അധികം കാത്തിരിക്കേണ്ടിവന്നില്ല, പച്ചയും വെള്ളയും ചാരനിറവും ഇടകലര്‍ന്ന, സാന്റാക്ലോസിന്റെ കാരിക്കേച്ചറുള്ള റൊവെനേമി ഡബിള്‍ ഡക്കര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രാക്കിലെത്തി. മുകള്‍നിലയില്‍ ടു ടയര്‍ കാബിനില്‍ തിരുവല്ലക്കാരന്‍ ജയ് ജോര്‍ജിയാണ് സഹയാത്രികന്‍. 

തലയിണയും ബ്ലാങ്കറ്റും സാന്റായുടെ സ്റ്റിക്കര്‍ പതിപ്പിച്ച കുപ്പിവെള്ളവും കാബിനിലുണ്ട്. ജാലകത്തിനരികില്‍ ചുരുക്കിയും നിവര്‍ത്തിയും വെയ്ക്കാവുന്ന ചെറുമേശയും ഇരിപ്പിടവും. ഒപ്പം വേഗമേറിയ വൈഫൈയും. ബാത്ത്റൂം ഇടുങ്ങിയതാണ്. കുളിച്ചശേഷം ഇടനാഴിയിലൂടെ നടന്ന് ട്രെയിനിനകത്തെ കാഴ്ചകള്‍ കണ്ടു. പോകുന്ന വഴിയില്‍ സ്റ്റേഷനുകള്‍ കുറവാണ്. പുറത്തെ ഇരുട്ടില്‍, ഇടയ്ക്കിടെ മിന്നിമറയുന്ന വൈദ്യുതദീപപ്രഭകള്‍ കണ്ടുകൊണ്ട് ഉറങ്ങി. 

പിറ്റേന്ന് ഫിന്‍ലന്‍ഡിലെ ആദ്യപ്രഭാതത്തിലേക്ക് കണ്‍തുറന്നു. താഴത്തെ നിലയിലേക്കിറങ്ങി ഇടനാഴിയില്‍ നിലയുറപ്പിച്ച്, വിശാലമായ ചില്ലുവാതായനങ്ങളിലൂടെ ഫിന്നിഷ് ഗ്രാമസൗന്ദര്യം നുകര്‍ന്നു. ഊലു എന്ന സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് കണ്ടക്ടര്‍മാരെ കണ്ടത്. ഒരാള്‍ വനിതയാണ്. കറുപ്പും പച്ചയും കലര്‍ന്ന പാന്റ്സും ഷര്‍ട്ടും ഓവര്‍കോട്ടുമാണ് വേഷം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം. വണ്ടി പുറപ്പെടാറായപ്പോള്‍ അവര്‍ കയറി. റൊവെനേമി ലക്ഷ്യമാക്കി സാന്റാക്ലോസ് എക്‌സ്പ്രസ് നീങ്ങിത്തുടങ്ങി.

placeholder
ട്രെയിനിനുള്ളില്‍നിന്ന്

പ്രഭാതഭക്ഷണത്തിനായി ഒന്നാംനിലയിലെ റസ്റ്ററന്റിലേക്ക് നടന്നു. ബോഗിയുടെ നടുവിലുള്ള കൗണ്ടറില്‍ രണ്ടു സ്ത്രീകളാണ് ചുമതലക്കാര്‍. പഴച്ചാറും കോഫിയും റാഗി ബ്രഡ് സാന്‍ഡ്വിച്ചും സ്വീറ്റ് ബര്‍ഗറും മധുരധാന്യമണികള്‍ തൂവിയിട്ട കട്ടത്തൈരുമാണ് വിഭവങ്ങള്‍. ശരത്കാലം പുല്‍കിപ്പുണരുന്ന നോര്‍ഡിക് പ്രകൃതി ആസ്വദിച്ചുള്ള പ്രാതല്‍ ഗംഭീരമായിരുന്നു. ചിലനേരത്ത് ഗ്രാമവഴികളില്‍ കറുത്ത മേല്‍ക്കൂരയുള്ള ചെറിയ മരവീടുകള്‍ കാണപ്പെട്ടു. നിരനിരയായി പച്ചയും മഞ്ഞയും നിറക്കൂട്ടുകളണിഞ്ഞ പൈന്‍ മരങ്ങള്‍. പച്ചക്കറികള്‍ കൃഷിചെയ്യുന്ന വയലുകളും ആള്‍സഞ്ചാരം തീരെക്കുറഞ്ഞ പ്രശാന്തമായ വീഥികളും പിന്നിടുമ്പോള്‍ വീഡിയോ കോളിലൂടെ നാട്ടിലുള്ള കൂട്ടുകാര്‍ക്ക് ഫിന്‍ലഡിന്റെ ഗ്രാമസൗന്ദര്യം കാണിച്ചുകൊടുത്തു.  

പതിനൊന്നുമണിയോടെ റൊവെനേമിയിലെ ആ ചെറിയ സ്റ്റേഷനില്‍ ഞങ്ങളിറങ്ങി. നല്ല തണുപ്പ്. മഞ്ഞയും ചുവപ്പും നിറം പൂശിയ ഇരുനിലക്കെട്ടിടത്തിനുമുന്നില്‍ നില്‍ക്കുമ്പോള്‍ റഷ്യന്‍ സിനിമകളിലൊക്കെ കണ്ടുമറന്ന രംഗങ്ങള്‍ ആവര്‍ത്തിക്കുന്നതുപോലെ. പതിയെ പുറത്തുകടന്നു. സാന്റാക്ലോസ് വില്ലേജിലേക്ക് പുറപ്പെടാനായി കാത്തുകിടന്ന വോള്‍വോ ബസ്സില്‍ കയറിയിരുന്നു.

ആര്‍ട്ടിക് സര്‍ക്കിളിലെ ഫിന്നിഷ് ലാപ്ലാന്‍ഡ് എന്ന മായികലോകത്തേക്കുള്ള യാത്രയാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തെ അവിസ്മരണീയമാക്കുന്നത്. ലാപ് എന്നു വിളിക്കപ്പെടുന്ന, തദ്ദേശീയരായ സാമി ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന സ്ഥലമാണിത്. പരമ്പരാഗതമായി റെയിന്‍ഡീറുകളെ മേച്ചുനടന്നിരുന്നവരാണ് സാമികള്‍. മനുഷ്യന്റെ കടന്നുകയറ്റംമൂലം ദുഷിച്ചുപോവാത്ത, നിരവധി സവിശേഷതകളും ജൈവവൈവിധ്യങ്ങളും നിറഞ്ഞ പ്രദേശമാണ് ലാപ്ലാന്‍ഡ്. ഇത്രയേറെ പരിസ്ഥിതിസൗഹൃദമായൊരു ജനവിഭാഗത്തെ ഫിന്‍ലന്‍ഡിലെപ്പോലെ വേറെ എവിടെയെങ്കിലും കാണാനാവുമെങ്കില്‍ അത് സമീപസ്ഥമായ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ മാത്രമാവും.

placeholder
റൊവെനേമിയിലെ സാന്റാക്ലോസ് വില്ലേജ്

ശീതകാലവിനോദങ്ങള്‍ക്കായും സാമികളെ കാണാനും ധ്രുവദീപ്തി ദര്‍ശിക്കാനുമായി ലോകമെങ്ങുമുള്ള സഞ്ചാരികള്‍ എത്തുന്നിടമാണ്, ഇന്ന് ഈ ഉത്തരധ്രുവപ്രദേശം. ഗ്രീഷ്മത്തില്‍ ആഴ്ചകളോളം സൂര്യനസ്തമിക്കാത്ത പ്രദേശം. എന്നാല്‍, ശിശിരത്തിലാകട്ടെ ആഴ്ചകളോളം അര്‍ക്കരശ്മികള്‍ പുറത്തുകാണാനാവാത്ത യൂറോപ്പിലെ വണ്ടര്‍ലാന്‍ഡ്. പോരാത്തതിന്, ക്രിസ്മസ് അപ്പൂപ്പന്‍ അധിവസിക്കുന്ന നാടെന്ന ഖ്യാതിയും.

സാന്റാക്ലോസ് തങ്ങളുടെ നാട്ടുകാരനാണെന്നാണ് ഫിന്നുകള്‍ ഉറച്ചുവിശ്വസിക്കുന്നത്. ആര്‍ട്ടിക് സര്‍ക്കിളിനു സമീപമുള്ള ജോലുക്കയിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ എല്ലാദിവസവും സാന്റ സന്ദര്‍ശകരെ സ്വീകരിക്കുന്നു! ലോകമെങ്ങുമുള്ള കുട്ടികളില്‍നിന്ന് സാന്റാക്ലോസ് മെയിന്‍ പോസ്റ്റ് ഓഫീസിലെത്തുന്ന കത്തുകളുടെ എണ്ണം അഞ്ചുലക്ഷമാണ്. പന്ത്രണ്ടു വ്യത്യസ്തഭാഷകളില്‍ നാല്‍പ്പതിനായിരത്തോളം മറുപടിക്കത്തുകള്‍ സാന്റ
എഴുതുന്നുണ്ടത്രേ! ഫിന്‍ലന്‍ഡ് ടൂറിസം വകുപ്പിന് നന്ദിപറയാം.

അരമണിക്കൂറിനുള്ളില്‍ ഞങ്ങള്‍ ജോ ലുക്കയിലെ സാന്റാക്ലോസ് വില്ലേജിലെത്തി. വാനം മേഘാവൃതം. സന്ദര്‍ശകര്‍ വളരെക്കുറവ്. ത്രീ എല്‍വ്സ് ഹോട്ടലിലായിരുന്നു ഉച്ചഭക്ഷണം. ജീവിതത്തിലാദ്യമായി റെയിന്‍ഡീര്‍ മാംസവിഭവം കഴിക്കാനായി. സലാഡ്, വെജ്/നോണ്‍ വെജ് ബോള്‍സ്, സാല്‍മണ്‍ മത്സ്യം കൊണ്ടുണ്ടാക്കിയ കട്ലറ്റ്, ബീഫ് സോസേജുകള്‍, പലയിനം ബ്രഡ്ഡുകള്‍ എല്ലാമുണ്ടായിരുന്നു. സാന്റാക്ലോസ് ഹോളിഡേ കോട്ടേജുകളില്‍ ഒന്നിലാണ് താമസം ബുക്ക് ചെയ്തിരിക്കുന്നത്. 

റെയിന്‍ഡീറിന്റെ കൊമ്പുകളാല്‍ നിര്‍മിച്ച ഷാന്‍ഡ്ലിയറില്‍നിന്ന് പ്രകാശം വഴിഞ്ഞൊഴുകുന്നു. ചെറിയ അടുക്കളയും പാത്രങ്ങളും കോഫീമേക്കറും അവിടെയുണ്ട്. സോന എന്നപേരില്‍ അറിയപ്പെടുന്ന, ബാഷ്പസ്‌നാനത്തിനായി പ്രത്യേകം തയ്യാറാക്കിയ ഒരു മുറിയും ഈ ആഡംബര കുടിലിനകത്തുണ്ട്. വാനിലെ മേഘങ്ങള്‍ നേര്‍ത്ത മഴയായി വര്‍ഷിക്കാനുള്ള ഒരുക്കം തുടങ്ങുമ്പോള്‍ ഞാന്‍ ഉത്തരധ്രുവത്തില്‍, ഭൂഗോളത്തിന് മുകളിലെ ആര്‍ട്ടിക് വൃത്തത്തിനകത്ത് പാദമൂന്നുകയായിരുന്നു. നോര്‍വേ, സ്വീഡന്‍, ഗ്രീന്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, റഷ്യ, യു.എസ്, കാനഡ, ഐസ്ലന്‍ഡ് എന്നീ രാജ്യങ്ങളിലൂടെ ആര്‍ട്ടിക് വൃത്തം കടന്നുപോകുന്നു എന്നാണ് സങ്കല്പം. ഇവിടെ വര്‍ഷത്തിലൊരിക്കല്‍ സൂര്യന്‍ ഉദിക്കില്ല, അസ്തമിക്കുകയുമില്ല. 

സാങ്കല്പിക ധ്രുവരേഖ കടന്നുപോകുന്ന വഴിയേതന്നെയാണ് ക്രിസ്മസ് പാപ്പയുടെ ഓഫീസും വീടും. ഒരു സ്തൂപംപോലെ ഉയര്‍ന്നുനില്‍ക്കുന്ന മേല്‍ക്കൂരയുള്ള മരവീടിന്റെ പടികയറിച്ചെല്ലുമ്പോള്‍ കടുംചുവപ്പുനിറമുള്ള വാതിലില്‍ Santa is Here എന്നെഴുതിയിരിക്കുന്നു. രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവേശനം. 

അകത്ത് സാന്റാക്ലോസിന്റെ ചിത്രം പതിപ്പിച്ച മറ്റൊരു വാതില്‍കടന്നാല്‍ ചുവന്ന ദീപങ്ങള്‍ നേര്‍ത്ത പ്രകാശം പരത്തുന്ന ഇടനാഴിയാണ്. മരപ്പലകകള്‍ പാകിയ നിലം. ഇരുവശങ്ങളിലുമുള്ള തട്ടുകളില്‍ നിറയെ സമ്മാനപ്പൊതികള്‍. ഉള്ളില്‍ നേര്‍ത്ത സംഗീതധാര. അല്പം നടന്നാല്‍ വീതിയേറിയ കോണിപ്പടികള്‍. മുകളിലെത്തുമ്പോള്‍ അവിടെയും പാരിതോഷികപ്പെട്ടികളുടെ കൂമ്പാരം. അല്പം കാത്തിരിക്കേണ്ടിവന്നു സാന്റയെ കാണാന്‍. നീണ്ട വെളുത്ത താടിയും ചുവന്ന നീളന്‍ കോട്ടും തൊപ്പിയും മുട്ടോളമെത്തുന്ന ബൂട്ടുമണിഞ്ഞ ആജാനുബാഹു. ചുവന്നുതുടുത്ത മുഖം. ഇന്ത്യയില്‍നിന്നാണ് എന്നറിഞ്ഞപ്പോള്‍ കൈകൂപ്പി നമസ്തേ പറഞ്ഞു. പിന്നെയും കുറേ സംസാരിച്ചശേഷം വിടപറഞ്ഞ് പുറത്തിറങ്ങി. 

placeholder
കരകൗശല വില്‍പനശാല

സാന്റാക്ലോസ് വില്ലേജ് പോസ്റ്റ് ഓഫീസിലും കയറാതെ മടങ്ങാനാവില്ല. സാന്റയുടെയും റെയിന്‍ഡീറിന്റേയും ലാപ്ലാന്‍ഡിന്റെയുമെല്ലാം ചിത്രങ്ങളുള്ള ക്രിസ്മസ് കാര്‍ഡുകളും കവറുകളും സ്റ്റാമ്പുകളും അവിടെ കിട്ടും. ഇവിടെനിന്ന് നാട്ടിലെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ആശംസകള്‍ അയയ്ക്കാം. ഓര്‍മകള്‍ മാഞ്ഞുപോവാതിരിക്കാന്‍ സുവനീറുകള്‍ ശേഖരിക്കാം. റൊവാനീമിയിലെ ഒരു ചൈനീസ് റസ്റ്ററന്റില്‍നിന്നായിരുന്നു രാത്രിഭക്ഷണം. ചോറും ചില്ലിചിക്കന്‍ വേവിച്ചതും വേവിക്കാത്തതുമായ സാലഡുകളും ഓംലറ്റും മധുരനാരങ്ങയും.

രാത്രി ഒമ്പതുമണിയോടെ, നോര്‍ത്തേണ്‍ ലൈറ്റ്സ് അഥവാ അറോറ ബോറിയാലിസ് കാണാന്‍ പുറപ്പെട്ടു. റൊവെനേമി നദിക്കരയിലൂടെയാണ് സഞ്ചാരം. ഒരുമണിക്കൂറോളം സഞ്ചരിച്ചശേഷമാണ് അറോറ കാണാനിടയുള്ള സ്ഥലത്തെത്തിയത്. കാത്തിരിപ്പിന് ഫലമുണ്ടായില്ല. മഴപെയ്തുതോര്‍ന്നശേഷവും ആകാശം മേഘാവൃതമായി തുടര്‍ന്നു. ഞങ്ങള്‍ നിരാശയോടെ മടങ്ങി. മഴമേഘങ്ങളെ സാക്ഷിയാക്കി ഫിന്‍ലാന്‍ഡില്‍ മറ്റൊരു രാത്രികൂടി പിന്നിട്ടു. പിറ്റേന്ന് കാലത്ത് റൊവെനേമിയോടും സാന്റാക്ലോസ് വില്ലേജിനോടും യാത്ര പറഞ്ഞ് ഹെല്‍സിങ്കിയിലേക്ക് പറക്കുമ്പോള്‍ കഴിഞ്ഞുപോയ രാപകലുകള്‍ സമ്മാനിച്ച ഓര്‍മകളായിരുന്നു മനംനിറയെ.