
സാന്താക്ലോസ്...വെളുത്ത പഞ്ഞിത്താടിയും ചുവന്ന തൊപ്പിയും കൈയില്‍ സമ്മാനങ്ങളുമായി വരുന്ന ക്രിസ്മസ് അപ്പൂപ്പന്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടവനാണ്. സാന്താക്ലോസുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ നിരവധിയുണ്ട്. ഏതാണ് വിശ്വസനീയം, ഏതാണ് അവിശ്വസനീയമെന്ന് മനസ്സിലാക്കാന്‍ കഴിയാത്തവിധം പലതരത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. സാന്താക്ലോസ് പല പേരുകളിലാണ് അറിയപ്പെടുന്നതെങ്കിലും എല്ലായിടത്തും കുട്ടികള്‍ക്ക് സമ്മാനവുമായി എത്തുന്നയാള്‍ ഒന്നുതന്നെ.
എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ തുര്‍ക്കിയിലെ മിറയിലെ ബിഷപ്പായിരുന്ന നിക്കോളാസ് എന്ന വിശുദ്ധനാണ് പിന്നീട് ലോകമറിയുന്ന സാന്താക്ലോസായി മാറിയതെന്നാണ് വിശ്വസനീയമായ ചരിത്രം. തുര്‍ക്കിയിലെ അന്റാലിയയിലെ ദിമ്ര പ്രവിശ്യയിലെ മിറയിലുള്ള വിശുദ്ധ നിക്കോളാസിന്റെ തിരുശരീരപേടകമുണ്ടായിരുന്ന സ്ഥലത്ത് ഒരു കത്തീഡ്രലുണ്ട്. ഇന്നത് സെന്റ് നിക്കോളാസ് മോണുമെന്റ് മ്യൂസിയമാണ്. അവിടേക്ക് നടത്തിയ സന്ദര്‍ശനത്തെപ്പറ്റിയുള്ള വിശേഷങ്ങളാകട്ടെ ഈ ക്രിസ്മസ് വേളയില്‍.
ഇതിനുമുന്‍പ് 2017-ല്‍ അന്റാലിയയില്‍ പോയിരുന്നു. അന്ന് ധാരാളം റഷ്യന്‍ വംശജരെ കാണാനിടയായി. തീര്‍ഥാടനയാത്രയായി സെന്റ് നിക്കോളാസ് പള്ളിയിലേക്ക് വന്നവരായിരുന്നു അവരെല്ലാം. റഷ്യന്‍, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് അവരുടെ രക്ഷാധികാരിയായ പുണ്യവാളനാണ് (Patron Saint) വിശുദ്ധ നിക്കോളാസ്. അന്നേ മനസ്സിലാഗ്രഹിച്ചിരുന്നു, ഇനിയെന്നെങ്കിലും അന്റാലിയയില്‍ വരികയാണെങ്കില്‍ അവിടം സന്ദര്‍ശിക്കണമെന്ന്. തുര്‍ക്കിയിലെ ചെന്‍ഗിസ് അമ്മാവനാണ് അതിന് വഴികാട്ടിയായത്. പുള്ളിക്കാരനെ പരിചയപ്പെട്ടത് അന്റാലിയയിലെ മറ്റൊരു സുഹൃത്ത് വഴിയാണ്. തുര്‍ക്കി സൈന്യത്തില്‍നിന്നു വിരമിച്ചശേഷം ഒരു ഔദ്യോഗിക ടൂര്‍ ഗൈഡായി ജോലിചെയ്യുകയാണ് ചെന്‍ഗിസ് അമ്മാവന്‍. വയസ്സ് 70 ആയെങ്കിലും നല്ല ചുറുചുറുക്ക്. തുര്‍ക്കിയിലെ വിനോദസഞ്ചാര പ്രദേശങ്ങളെപ്പറ്റി നല്ല അവഗാഹമുള്ളയാളാണ്. മിറയിലേക്കുള്ള യാത്ര നേരത്തേ പറഞ്ഞുറപ്പിച്ചിരുന്നു. കൃത്യസമയത്തുതന്നെ ഞാന്‍ താമസിച്ച ടൈറ്റാനിക് മര്‍ഡാന്‍ പാലസ് ഹോട്ടലിന്റെ പാര്‍ക്കിങ്ങില്‍ വാഹനവുമായി അദ്ദേഹമെത്തി.

നല്ല തെളിഞ്ഞ കാലാവസ്ഥ. ഞങ്ങള്‍ യാത്രയാരംഭിച്ചു. ഏകദേശം മൂന്നുമണിക്കൂര്‍ നീണ്ട യാത്രയാണ്. അന്റാലിയയിലെ ദിമ്ര പ്രവിശ്യയിലുള്ള ഒരു തീരദേശപട്ടണമാണ് മിറ. മെഡിറ്ററേനിയന്‍ കടലിന്റെ ഓരത്തുകൂടിയുള്ള സുന്ദരമായ പാത. ഒരുവശത്ത് ടൌറസ് മലനിരകള്‍. മറുവശത്ത് ഒളിംപസ് മലനിരകളും കടലിലേക്ക് തൊട്ടുനില്‍ക്കുന്ന മുനമ്പുകളും. പിന്നിടുന്ന ഓരോ പ്രദേശത്തെപ്പറ്റിയും ചെന്‍ഗിസ് അമ്മാവന്‍ വിവരിച്ചുകൊണ്ടിരുന്നു. ലോകത്തിലെ ഏറ്റവും രുചികരമായ തക്കാളി കൃഷിചെയ്യുന്ന സ്ഥലവും ഓറഞ്ചുകൃഷിയിടങ്ങളുമൊക്കെ പിന്നിട്ട് ഞങ്ങള്‍ മിറയിലെത്തി.
ടിക്കറ്റെടുത്ത് ഉള്ളിലേക്ക് പ്രവേശിച്ചു. വിശുദ്ധ നിക്കോളാസിന്റെ തിരുശരീരപേടകമുള്ള സ്ഥലത്ത് അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ഈ കത്തീഡ്രല്‍. അദ്ദേഹത്തിന് വിശുദ്ധപദവിയും അതോടൊപ്പം നല്‍കപ്പെട്ടു. അധിനിവേശത്തിന്റെ ഫലമായി പലപ്പോഴായി പട്ടണവും പള്ളിയും നശിപ്പിക്കപ്പെട്ടു. 11-ാം നൂറ്റാണ്ടില്‍ പുനഃസ്ഥാപിക്കപ്പെട്ട പള്ളിയില്‍ നദീതടത്തിന്റെ മാറ്റത്തിന്റെ ഫലമായി ക്രമേണ മണലും ചെളിയും നിറഞ്ഞു. റഷ്യന്‍ ചക്രവര്‍ത്തി നിക്കോളാസ് ഒന്നാമന്‍ പള്ളി പുനര്‍നിര്‍മാണത്തിന് സഹായവുമായെത്തി. 1800-കളുടെ പകുതിമുതല്‍ അവസാനംവരെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നു. പിന്നീടവിടെ കാര്യമായി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഭരണകൂടം അനുവദിച്ചില്ല. 1989-ല്‍ അന്റാലിയ മ്യൂസിയവും അങ്കാറ യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വീണ്ടും പുനരുദ്ധാരണമാരംഭിച്ചു.

ഭൂനിരപ്പില്‍നിന്ന് 50 അടിയോളം താഴെയാണ് പള്ളി. വെള്ളം എപ്പോള്‍ വേണമെങ്കിലും ഉള്ളിലേക്ക് ഇരച്ചെത്താം. മുന്‍പ് അങ്ങനെ സംഭവിച്ചതിന്റെ അടയാളങ്ങള്‍ ചുമരുകളില്‍ പലയിടങ്ങളിലായി കാണാം. ദേവാലയത്തിന്റെ കവാടത്തിലായി വിശുദ്ധ നിക്കോളാസിന്റെ പൂര്‍ണകായ പ്രതിമയുണ്ട്. കവാടത്തിലെ ചിത്രപ്പണികള്‍ കാലപ്രവാഹത്തില്‍ നശിച്ചുതുടങ്ങിയിരിക്കുന്നു. അവിടെ വിശുദ്ധ നിക്കോളാസിന്റെ ശരീരം അടക്കിയിരുന്ന പേടകം തകര്‍ന്നനിലയില്‍ കാണാം. പതിനൊന്നാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ നാവികര്‍ അദ്ദേഹത്തിന്റെ ഭൗതികശരീരത്തിന്റെ ഒരു ഭാഗം കല്ലറ തകര്‍ത്ത് ഇറ്റലിയിലെ ബാരിയിലേക്ക് കടത്തിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹം നേടാന്‍ ഭക്തര്‍ തീര്‍ഥാടനകേന്ദ്രമായ ബാരിയിലെ സെന്റ് നിക്കോളാസ് ബസിലിക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ കുരിശുയുദ്ധ കാലത്ത് ബാക്കി തിരുശേഷിപ്പ് വെനീസിലേക്ക് കൊണ്ടുപോയി. അവിടെ നിക്കോളാസ് ദേവാലയത്തില്‍ അവ സൂക്ഷിക്കുന്നു.
ഇടനാഴിയിലൂടെ പ്രധാന പ്രാര്‍ഥനാഹാളില്‍ പ്രവേശിച്ചു. അവിടെ അള്‍ത്താരയും പുരോഹിതരുടെ പ്രസംഗപീഠവുമൊക്കെ കാണാന്‍ സാധിക്കും. മുകളിലായി അവര്‍ താമസിക്കുന്ന മേടയും കാണാം. അടുത്തുള്ള ചെറിയ പ്രാര്‍ഥനാഹാളിന്റെ താഴികക്കുടത്തില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ പ്രശസ്തമായ ചിത്രം കണ്ടു. പള്ളിക്കുള്ളിലെ തറയില്‍ പഴയകാലത്തെ മാര്‍ബിള്‍ ചിത്രപ്പണികള്‍ കാണാന്‍ കഴിഞ്ഞു. പുറത്തേക്കിറങ്ങിയപ്പോള്‍ ഒരു കല്‍പീഠം കണ്ടു. അത് യാഗപീഠം ആണെന്ന് ചെന്‍ഗിസ് അമ്മാവന്‍ പറഞ്ഞുതന്നു. യാഗം കഴിക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം കാണിച്ചുതന്നു. പാപപരിഹാരത്തിനായി മൃഗങ്ങളെ ബലികഴിച്ച് രക്തം ഒഴുക്കിയിരുന്നത് ഇവിടെയായിരുന്നത്രേ. ഞങ്ങള്‍ മുന്നോട്ട് നടന്നു. പലയിടങ്ങളിലും തകര്‍ന്നുകിടക്കുന്ന വലിയ കല്‍ത്തൂണുകള്‍. ശിലയില്‍ കൊത്തിയ പല തരത്തിലുള്ള കുരിശുകള്‍ അവിടെ കണ്ടു.പലതും തകര്‍ന്ന നിലയിലായിരുന്നു. ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുണ്ട് ഈ ദേവാലയത്തിന്. കാലപ്പഴക്കംകൊണ്ട് എല്ലായിടവും ജീര്‍ണാവസ്ഥയിലാണ്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നു.

സാന്താക്ലോസുമായി ബന്ധപ്പെട്ട് ഏറ്റവും പഴക്കംചെന്ന ചരിത്രങ്ങളിലൊന്നാണ് വിശുദ്ധ നിക്കോളാസിന്റെത്. എ.ഡി. മൂന്നാം (280 എ.ഡി.) നൂറ്റാണ്ടില്‍ ഗ്രീക്കിലെ തുറമുഖപട്ടണമായ പതാറയിലെ ലിസിയയില്‍ ജനിച്ച നിക്കോളാസ് എന്ന വിശുദ്ധനാണ് പിന്നീട് ലോകമറിയുന്ന സാന്താക്ലോസായി മാറിയതെന്നാണ് ഈ ചരിത്രം പറയുന്നത്. പത്തൊമ്പത് വയസ്സുള്ളപ്പോള്‍ അദ്ദേഹം വൈദികനായി. യുവാവായ നിക്കോളാസ് പലസ്തീനിലും ഈജിപ്തിലും സഞ്ചരിക്കുകയുണ്ടായി. ലിസിയയില്‍ തിരിച്ചെത്തിയ നിക്കോളാസ് പതാറയ്ക്ക് സമീപമുള്ള മിറയിലെ ബിഷപ്പായി സ്ഥാനമേറ്റു. റോമാസാമ്രാജ്യം ഭരിച്ചിരുന്ന ചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നിഷ്ഠുരമയ പീഡനങ്ങള്‍ അഴിച്ചുവിട്ട് അവരെ അടിച്ചമര്‍ത്തുന്ന കാലമായിരുന്നു അത്. വിശക്കുന്നവരിലും പീഡനങ്ങള്‍ ഏല്‍ക്കുന്നവരിലുമെല്ലാം നിക്കോളാസ് മെത്രാന്‍ യേശുവിന്റെ പ്രതിരൂപം കണ്ടു. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ച് ജയിലിലാക്കി. പിന്നീട് റോമിലെ ഭരണാധികാരിയായി വന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി മതപീഡനങ്ങള്‍ അവസാനിപ്പിച്ചു.
തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളോടൊപ്പം നിക്കോളാസ് മെത്രാനും മോചിപ്പിക്കപ്പെട്ടു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന നിക്കോളാസ് ജനങ്ങളുടെ ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചു. ജീവിതകാലത്ത് തന്റെ ചുറ്റുമുള്ള അവശരേയും ദരിദ്രരേയും അദ്ദേഹം സഹായിച്ചു. കുട്ടികള്‍ക്കും പാവപ്പെട്ടവര്‍ക്കുമെല്ലാം അവരറിയാതെ തന്നെ അദ്ദേഹം ക്രിസ്മസ് സമ്മാനങ്ങള്‍ കൊടുത്തിരുന്നു. സമ്മാനപ്പൊതികള്‍ കുട്ടികള്‍ക്ക് രാത്രികാലങ്ങളില്‍ വാതില്‍പ്പടിയിലും ചിമ്മിനിയിലൂടെ വീടിനുള്ളിലെത്തി കുട്ടികളുടെ തലയിണയ്ക്കടിയിലുമൊക്കെ വയ്ക്കുന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു. അദ്ദേഹത്തിന്റെ മരണാനന്തരവും പലര്‍ക്കും അനുഗ്രഹങ്ങള്‍ ഉണ്ടായ
തായി ഐതിഹ്യങ്ങള്‍ പറയുന്നു.

കുട്ടികള്‍, നാവികര്‍, വ്യാപാരികള്‍, വില്ലാളികള്‍, കള്ളന്മാര്‍, മദ്യവില്പനക്കാര്‍, പണയക്കാര്‍, വേശ്യകള്‍ എന്നിവരുടെ രക്ഷാധികാരിയായി അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി. പല നഗരങ്ങളിലും നാലാം നൂറ്റാണ്ടിലെ വിശുദ്ധന്റെ ബഹുമാനാര്‍ഥം ശവകുടീരം ഉണ്ട്. ഈ കഥകളെല്ലാം ചെന്‍ഗിസ് അമ്മാവന്‍ ആവേശത്തോടെ വിവരിച്ചുതന്നു. പതിയെ പള്ളിയില്‍നിന്ന് പുറത്തിറങ്ങി. അവിടെ കുട്ടികളോടൊപ്പം നില്‍ക്കുന്ന നിക്കോളാസിന്റെ ഒരു വെങ്കലപ്രതിമ കണ്ടു. അവിടെയുള്ള സുവനീര്‍ ഷോപ്പില്‍നിന്ന് നിക്കോളാസിനെപ്പറ്റിയുള്ള ഒരു പുസ്തകവും ഫ്രിഡ്ജ് മാഗ്നെറ്റും വാങ്ങി. സാന്താക്ലോസിന്റെ ഒരു വലിയ പ്രതിമ അവിടെയുണ്ടായിരുന്നു. ഫോട്ടോ എടുത്തതിനുശേഷം ചെന്‍ഗിസമ്മാവനോടോപ്പം അവിടെനിന്ന് യാത്രയായി.
തണുപ്പുനിറഞ്ഞ ഡിസംബര്‍ രാത്രികളില്‍ വെള്ളത്താടിയും ചുവപ്പും വെള്ളയും നിറമുള്ള കുപ്പായവും കൂര്‍ത്ത തൊപ്പിയും സഞ്ചി നിറയെ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസ് കാലങ്ങള്‍ക്കിപ്പുറവും കുട്ടികള്‍ക്ക് പ്രിയപ്പെട്ടവനാണ്.
കുട്ടികള്‍ക്ക് ക്രിസ്മസ് എന്നാല്‍ സമ്മാനങ്ങളും സാന്താക്ലോസുമാണ്. അവര്‍ക്ക് സാന്താക്ലോസ് വെറും സങ്കല്പമല്ല. തങ്ങളുടെ സ്വപ്‌നങ്ങളെ ആകാശത്തോളം വലുതാക്കി കുട്ടികള്‍ ഡിസംബര്‍ രാത്രികള്‍ക്കായി കാത്തിരിക്കുന്നു. സാന്താക്ലോസ് വീട്ടിലേക്ക് വരാന്‍ അവര്‍ നല്ല കുട്ടികളാകുന്നു. ലോകം ആഘോഷിക്കുന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട സ്ഥലം ആയിരുന്നിട്ടും ഇതിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്ന സംശയമായിരുന്നു തിരിച്ചുപോരുമ്പോള്‍ മനസ്സുനിറയെ.
Content Highlights: a travelling experience through antalya in turkey
Published: 25 Dec 2023, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented