സാന്റാക്ലോസിന്റെ, ശാന്തയും വാത്സല്യത്തിന്റെ പ്രതീകവുമായ സഹധർമിണിയായിട്ടാണ് ഇന്നെല്ലാവരും മിസിസ് ക്ലോസിനെ കാണുന്നത്. ഇത്തവണ ക്രിസ്മസ് അലങ്കാര വിപണിയിൽ സാന്റയ്ക്കൊപ്പം മിസിസ് ക്ലോസ് കാര്യമായിത്തന്നെ ഇടംപിടിച്ചിട്ടുണ്ട്. ശരിക്കും മിസിസ് ക്ലോസ് ആരാണ്? എവിടെനിന്നാണ് വരുന്നത്?

To advertise here,

നാലാം നൂറ്റാണ്ടിൽ തുർക്കിയിൽ ജീവിച്ചിരുന്ന ദയാലുവായ ബിഷപ്പ് സെന്റ് നിക്കോളാസിൽ നിന്നാണ് സാന്റയുടെ കഥ ഉത്ഭവിക്കുന്നത്, അദ്ദേഹം രഹസ്യമായി സമ്മാനങ്ങൾ നൽകുന്നതിൽ പേരുകേട്ട വ്യക്തിത്വമായിരുന്നു. എന്നാൽ, മിസ് ക്ലോസിന് പുരാതന മത പാരമ്പര്യങ്ങളുമായി ബന്ധമൊന്നുമില്ല. പകരം, 19-ാം നൂറ്റാണ്ടിലെ അമേരിക്കൻ സാഹിത്യത്തിന്റെ സൃഷ്ടിയാണവർ.

1849-ൽ ജെയിംസ് റീസ് എഴുതിയ 'എ ക്രിസ്മസ് ലെജൻഡ്' എന്ന ചെറുകഥയിലാണ് മിസിസ് ക്ലോസിനെപ്പറ്റി ആദ്യമായി പ്രതിപാദിക്കുന്നത്. സാന്റാക്ലോസിന് തന്നെ പിന്തുണയ്ക്കുന്ന ഒരു ഭാര്യയുണ്ടെന്നായിരുന്നു കഥയിലെ സൂചന, എന്നാലവർക്ക് പേരുണ്ടായിരുന്നില്ല. 1851 ആയപ്പോഴേക്കും യാങ്കി ഡൂഡിൽ പോലുള്ള പ്രസിദ്ധീകരണങ്ങൾ അവരെ 'മിസിസ് സാന്റാ ക്ലോസ്' എന്ന് പരാമർശിക്കാൻ തുടങ്ങി. സൗമ്യയും, വാത്സല്യമുള്ളവളും, ഭർത്താവിന്റെ ദൗത്യത്തിന് സ്വയം സമർപ്പിച്ചവളുമായിട്ടാണ് മിസിസ് ക്ലോസിനെ ചിത്രീകരിച്ചത്. അക്കാലത്തെ സാമൂഹിക മൂല്യങ്ങളെക്കൂടി പ്രതിഫലിപ്പിക്കുന്നതായിരുന്നു ഇത്.

1889-ൽ കാതറിൻ ലീ ബേറ്റ്സ് എഴുതിയ 'ഗുഡി സാന്റാ ക്ലോസ് ഓൺ എ സ്ലീഗ് റൈഡ്' എന്ന കവിതയോടെ ഈ കഥാപാത്രം കൂടുതൽ വ്യക്തമായി നിർവചിക്കപ്പെട്ടു. ഈ കൃതിയാണ് മിസിസ് ക്ലോസിനെ ക്രിസ്മസ് നാടോടിക്കഥകളിലെ സ്ഥിരം സാന്നിധ്യമായി ഉറപ്പിച്ചത്. 

കത്തുവായിക്കും, സാന്റയെ ഉപദേശിക്കും
19-ാം നൂറ്റാണ്ട് കുടുംബവ്യവസ്ഥയ്ക്ക് അതിയായ പ്രാധാന്യം നൽകുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ അത്രയും ബഹുമാനിക്കപ്പെടുന്ന സാന്റയ്ക്ക് ഭാര്യയുണ്ടാകുന്നത് ഉചിതമായിരിക്കുമെന്ന് എഴുത്തുകാർക്ക് ഒരുപക്ഷേ തോന്നിയിരിക്കാം. അങ്ങനെ, മാന്ത്രികസമ്മാനങ്ങൾ നൽകുന്ന സാന്റയെ ഒരു കുടുംബസ്ഥനായിക്കൂടി അവർ അവതരിപ്പിക്കുകയായിരുന്നു.

ഭക്ഷണം പാചകം ചെയ്യുകയും വിഭവങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നയാളായിട്ടാണ് ആദ്യകാലത്ത് മിസിസിനെ ചിത്രീകരിച്ചത്. പിന്നീട് കുട്ടികളുടെ കത്തുകൾ വായിക്കൽ, സാന്റയ്ക്ക് ഉപദേശം നൽകൽ, വസ്ത്രങ്ങൾ തുന്നൽ, എൽഫുകളെ പരിചരിക്കൽ, അങ്ങനെയങ്ങനെ അവരുടെ ദൗത്യങ്ങൾ നീണ്ടു. ഇന്ന് സിനിമകൾ, ടെലിവിഷൻ ഷോകൾ, പരസ്യങ്ങൾ, പുസ്തകങ്ങൾ എന്നിവയിലേക്ക് മിസിസ് ക്ലോസിന്റെ കഥാപാത്രം വികസിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi