ലോകത്തെ പലവിധ സംസ്‌കാരങ്ങളിലും ജീവിതരീതികളും ആചാരങ്ങളും വ്യത്യസ്തമാണ്. ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ ആ മൃതദേഹം ദഹിപ്പിക്കുകയോ കുഴിച്ചുമൂടുകയോ ആണ് മിക്കയിടങ്ങളിലും പതിവ്. എന്നാല്‍ ഇന്തോനേഷ്യയിലെ ഒരു ഗോത്രവിഭാഗം ഇതില്‍ നിന്നും വ്യത്യസ്തമായാണ് ജീവിക്കുന്നത്. അവിടുത്തെ ടൊറാജ എന്ന വിഭാഗത്തിലെ ആളുകള്‍ മരിച്ചവരോടൊപ്പം ജീവിക്കുകയാണ്.

To advertise here,

ഇന്തോനേഷ്യയിലെ സൗത്ത് സുലവേസി പ്രവിശ്യയിലെ കരയാല്‍ ചുറ്റപ്പെട്ട ടാന ടൊറാജ റീജന്‍സിയിലാണ് ഈ വിചിത്രമായ ആചാരം. ഈ പ്രദേശത്ത് ശവസംസ്‌കാരത്തിനുള്ള ചെലവ് വളരെ വലുതാണ്, അതിനാല്‍ ചിലര്‍ തങ്ങളുടെ ജീവിതകാലം മുഴുവന്‍ പണവും മറ്റ് സമ്പാദ്യങ്ങളും ഇതിനായി ശേഖരിക്കുന്നു. എന്നാല്‍ ആ തുക ലഭിക്കുന്നത് വരെ, മൃതദേഹങ്ങള്‍ മമ്മികളാക്കി ടോങ്കോനാന്‍ എന്ന് വിളിക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നു.

ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ സമൂഹത്തില്‍ ശവസംസ്‌കാരം ഒരു ആഘോഷമാണ്. ടൊറാജ ഗോത്രം മൃതദേഹം മമ്മിയാക്കുകയും അതിനോട് തുടര്‍ന്നും ഇടപഴകുകയും ചെയ്യുന്നു. അവരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനായി ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഭക്ഷണം നല്‍കുന്നതും വസ്ത്രം ധരിപ്പിക്കുന്നതും വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതാണ് മാനെനെ എന്ന ആചാരം.

ഒരാള്‍ മരിക്കുമ്പോള്‍, ചില കുടുംബങ്ങള്‍ ശവസംസ്‌കാരം വരെ മൃതദേഹങ്ങള്‍ എംബാം ചെയ്ത് വീട്ടില്‍ തന്നെ സൂക്ഷിക്കുന്നു. ചിലപ്പോള്‍ ഈ ശവസംസ്‌കാരത്തിന് വര്‍ഷങ്ങളെടുത്തേക്കാം. മരണത്തിനും ശവസംസ്‌കാരത്തിനും ഇടയില്‍, കുട്ടികള്‍ക്കോ കുടുംബത്തിലെ പുതിയ അംഗങ്ങള്‍ക്കോ പരിചയപ്പെടുത്തുന്നതിന് മുമ്പായി, കുടുംബങ്ങള്‍ പലപ്പോഴും മൃതദേഹങ്ങള്‍ പുറത്തെടുത്ത്, വസ്ത്രങ്ങള്‍ മാറ്റി, വൃത്തിയാക്കി, പുതിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നു.

ഈ പ്രവിശ്യ സന്ദര്‍ശിച്ച ട്രാവല്‍ ബ്ലോഗര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ശവസംസ്‌കാരച്ചെലവ് 500,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാം. ശവസംസ്‌കാരം ഒരു ആഘോഷം പോലെയായതിനാല്‍ ഇത് ഇവിടെ അവസാനിക്കുന്നില്ല. സാധാരണയായി 5 ദിവസം നീണ്ടുനില്‍ക്കുന്ന ഒരു ചടങ്ങാണ് ഇത്. അതില്‍ കുടുംബം നിശ്ചിത എണ്ണം പോത്തുകളെയും പന്നികളെയും ബലിയര്‍പ്പിക്കുകയും, നൂറുകണക്കിന് അതിഥികള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യും.

മരിച്ചയാള്‍ക്കായി ഒരു പുതിയ ഇടം (ഒരു കുടില്‍) പണിത് ശവസംസ്‌കാര സമയത്ത് അത് കത്തിക്കുകയും വേണം. അന്ത്യകര്‍മങ്ങള്‍ വരെ മമ്മിയെ അടക്കം ചെയ്യുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവിന് പുറമെയാണിത്.

ശവസംസ്‌കാരച്ചെലവ് കുറയ്ക്കുന്നതിനായി ചിലപ്പോള്‍, കുടുംബത്തിലെ മറ്റൊരു അംഗം മരിക്കുന്നതുവരെ മൃതദേഹം സൂക്ഷിക്കുന്ന ആളുകളുമുണ്ട്. ഉദാഹരണത്തിന്, ഒരു പുരുഷനോ സ്ത്രീയോ മരിക്കുകയും അവരുടെ പങ്കാളി ജീവിച്ചിരിക്കുകയും ചെയ്യുന്നുവെങ്കില്‍, പങ്കാളിയുടെ മരണം വരെ അവര്‍ മൃതദേഹം സൂക്ഷിക്കും. പിന്നീട് ഒന്നിച്ച് സംസ്‌കരിക്കും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi