
നവംബര്‍ മാസത്തിനൊടുവില്‍ അമേരിക്കയിലെ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഒരാഴ്ചയോളം നീളുന്ന അവധി ദിവസങ്ങളാണ്. ഈ അവസരമാണ് സഞ്ചാരികളുടെ പറുദീസയായ ഹവായി ദ്വീപ് സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ തിരഞ്ഞെടുത്തത്. കുട്ടികളടക്കം ആറുപേര്‍. കുട്ടികളുമായുള്ള യാത്രയ്ക്ക് കൂടുതല്‍ മുന്നൊരുക്കങ്ങള്‍ വേണം. ഒറ്റപ്പെട്ടുകിടക്കുന്ന ഹവായ് ദ്വീപിലെ ജീവിതരീതിയും ഭക്ഷണ ശീലങ്ങളും അനുയോജ്യമാവില്ലെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.
കാലിഫോര്‍ണിയയിലെ സാക്രമെന്റോ വിമാനത്താവളത്തില്‍നിന്നും ഹവായിയില്‍ എത്താന്‍ നീണ്ട അഞ്ചുമണിക്കൂര്‍ ആകാശയാത്രയുണ്ട്. വിമാനത്തില്‍ കയറിയ ഞങ്ങളെ ഹവായിയന്‍ ആചാരമെന്ന് തോന്നിക്കുന്ന വിധത്തില്‍ തലയില്‍ വലിയ പൂവ് ചൂടിയ ആകാശസുന്ദരിമാര്‍ വരവേറ്റു. ഹവായിയന്‍ സമയം 12 മണിയോടെ ഹോണോലുലു വിമാനത്താവളത്തിലിറങ്ങി. അവിടെനിന്നും മുന്‍കൂട്ടി ബുക്ക്‌ചെയ്ത ഹില്‍ട്ടന്‍ ഹോട്ടലിലേക്ക് തിരിച്ചു. പസഫിക്ക് സമുദ്രത്തിന്റെ ഭാഗമായ ഹവായിലെ ഹോണോലുലു പ്രദേശത്തെ പ്രകൃതിഭംഗി ഏറെ ആകര്‍ഷകമാണ്. കടും പച്ചനിറത്തിലുള്ള പ്രകൃതിയും കടും നീലനിറത്തിലുള്ള കടലോരവും ജലാശയങ്ങളും തെളിഞ്ഞ ആകാശവും കാണുമ്പോള്‍ നാം സ്വയം മറക്കും. തിങ്ങിനിറഞ്ഞ തെങ്ങിന്‍തോപ്പുകളും പൂക്കളും വാഴകളും വന്മരങ്ങളും മൊട്ടക്കുന്നുകളും കാണുമ്പോള്‍ മലയാളനാടിനെ ഓര്‍മ്മവന്നു.
ഹോണോലുലു നഗരത്തിലെ റിച്ചാര്‍ഡ് സ്ട്രീറ്റിലാണ് ഇയോലാനി കൊട്ടാരം. വിശാലമായ സ്ഥലത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മനോഹരമായ ഇരുനിലയുള്ള കൊട്ടാരം തലയുയര്‍ത്തി നില്‍ക്കുന്നത് ദൂരെനിന്നേ കാണാം. പ്രവേശന ടിക്കറ്റെടുത്ത് സന്ദര്‍ശക മുറിയില്‍ കാത്തിരിക്കണം. ഊഴമായാല്‍ കൊട്ടാരത്തില്‍ നമ്മുടെ കാല്‍പാദത്തിലെ മണ്ണ് വീഴാതിരിക്കാന്‍ തുണികൊണ്ടുള്ള കാലുറകളും കൊട്ടാരത്തിന്റെ ചരിത്രം കേട്ട് മനസ്സിലാക്കാനുള്ള ഓഡിയോ ഉപകരണവും ലഭിക്കും. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുസംഘം മനുഷ്യര്‍ തോണി തുഴഞ്ഞെത്തിയ പ്രദേശമായിരുന്നത്രെ ഹവായി തുറമുഖം. അവരുടെ സന്തതി പരമ്പരകള്‍ ഈ ദ്വീപില്‍ പിറവിയെടുക്കുകയും അവരുടെ ഇടയില്‍ പെരുകിയ ജനതയില്‍ ഒരു സംസ്‌കാരം ഉടലെടുക്കുകയും ചെയ്തു. ക്രമേണ അത് ഒരു രാജ്യമായി മാറി.

അവര്‍ക്കിടയില്‍ സാമ്രാജ്യത്വം ഉടലെടുക്കുകയും അതൊരു രാജഭരണത്തിന്റെ കീഴിലാവുകയും ചെയ്തു. 1795-മുതല്‍ കമേഹമേഹ ഒന്നാമനില്‍ തുടങ്ങി 1845-ല്‍ കമേഹമേഹ മൂന്നാമനില്‍ എത്തിനിന്നു രാജഭരണം. 1879-ല്‍ നിര്‍മാണം തുടങ്ങിയ കൊട്ടാരം 1882-ല്‍ പൂര്‍ത്തീകരിച്ച നാള്‍ മുതല്‍ ലിലി ഉകലാനി രാജാക്കന്മാരുടെ ഔദ്യോഗിക വസതിയായി മാറി. 1893-ല്‍ ഒരു അട്ടിമറിയിലൂടെ ഹവായ് കീഴടക്കാന്‍ അമേരിക്ക ശ്രമമാരംഭിച്ചു. അതുവരെ സ്വതന്ത്ര രാജ്യമായിരുന്ന ഹവായിയെ, 1898-ലെ ന്യൂസിലാന്റെ പ്രമേയത്തിലൂടെ അമേരിക്ക പിടിച്ചെടുത്തു. അമേരിക്കയുടെ ഒടുവിലത്തെതും അമ്പതാമത്തേതുമായ സംസ്ഥാനമായി അങ്ങനെ ഹവായ് കൂട്ടിച്ചേര്‍ക്കപ്പെട്ടു. രാജാക്കന്മാര്‍ വാണിടാത്ത അമേരിക്കയിലെ ഏക രാജഭരണ സംസ്ഥാനമെന്ന കീര്‍ത്തിയും ഹവായിക്ക് കൈവന്നു.
രാജകൊട്ടാരത്തിന്റെ ഇടനാഴിയിലൂടെ അകത്തേക്ക് പ്രവേശിച്ചു. നടുമുറിയുടെ മധ്യഭാഗത്തായി പൂര്‍ണമായും വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത, തടിയില്‍ നിര്‍മിച്ച മനോഹരമായ ഗോവണി കാണാം. അതില്‍ ചിത്രപ്പണികളോടെ തീര്‍ത്ത പരവതാനി വിരിച്ചിട്ടുണ്ട്. കാലുതെന്നുന്ന മിനുസമുള്ള തറ. ചുറ്റിലും അലങ്കാരങ്ങള്‍. അടുത്തത് ഡൈനിങ് മുറിയാണ്. അതിനോട് ചേര്‍ന്നാണ് വിശ്രമമുറിയും രാജസദസ്സും സിംഹാസനവുമെല്ലാം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. രാജ്ഞിമാര്‍ അണിഞ്ഞിരുന്ന വജ്രാഭരണങ്ങള്‍ കണ്ണാടിച്ചില്ലിനുള്ളില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. ഇടതുവശത്ത് നീല മുറി. ഇത് അനൗപചാരിക യോഗങ്ങള്‍ക്കായി ഉപയോഗിക്കുന്നതായിരുന്നു. മുകളിലത്തെ നിലയിലായിരുന്നു രാജാവിന്റെ കിടപ്പുമുറി. ടെലഫോണ്‍ കണ്ടുപിടിക്കപ്പെട്ടതോടെ വൈറ്റ് ഹൗസുമായി ബന്ധപ്പെടാന്‍ സ്ഥാപിച്ച ആദ്യത്തെ ടെലഫോണ്‍ ഈ കൊട്ടാരത്തിലാണെന്ന പ്രത്യേകതയും ഉണ്ട്.
വൈക്കി-കി ബീച്ചിനെ എത്രനോക്കിനിന്നാലും മതിവരില്ല. നീണ്ടുകിടക്കുന്ന മണലാരണ്യവും കണ്ണഞ്ചിപ്പിക്കുന്ന കടും നീലനിറത്തിലുള്ള കടലോരവും കാണുന്നവര്‍ക്ക് ആ ജലാശയത്തില്‍ നീന്തിക്കുളിക്കാന്‍ തോന്നിയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ. ഒരറ്റംമുതല്‍ മറ്റേയറ്റംവരെ നീളുന്ന വിശാലമായ ബീച്ചാണ് വൈക്കി-കി ബീച്ച്. പ്രഭാതം മുതല്‍ പ്രദോഷംവരെ ആയിരക്കണക്കിനാളുകളാണ് ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാനായി എത്തുന്നത്. 1800-കളില്‍ അന്നത്തെ ഹവായിന്‍ രാജകുടുംബാഗങ്ങള്‍ക്ക് മാത്രമായിരുന്നു കുളിക്കാനും വിനോദങ്ങളിലേര്‍പ്പെടാനും ഈ ദ്വീപില്‍ അവസരമുണ്ടായിരുന്നത്. പില്‍ക്കാലത്ത് നിരവധി ഹോട്ടലുകള്‍ ഉയരുകയും ഏറെ വൈകാതെ ഇവിടം ഒരു അന്തരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായി മാറുകയുമായിരുന്നു. വിനോദസഞ്ചാരികളില്‍ ഭൂരിഭാഗംപേരും ബീച്ചിനോട് ചേര്‍ന്നുള്ള ആഡംബര ഹോട്ടലുകളിലാണ് താമസിക്കുന്നത്. പ്രതിദിനം 1,000 ഡോളര്‍വരെ വാടക ഈടാക്കുന്ന ഹോട്ടലുകളും ഇവിടെയുണ്ട്.

രണ്ടാംദിവസം ഹവായിയിലെ പ്രസിദ്ധമായ ജാപ്പനീസ് ക്ഷേത്രമായ ബയോഡോ ക്ഷേത്രത്തിലേക്കാണ് പോയത്. ദ്വീപിലെ നീല ജലാശയങ്ങളും പച്ചപ്പ് കലര്‍ന്ന വന്മരങ്ങളും കുന്നുകളും മലനിരകളും നിറഞ്ഞ പ്രകൃതിയുടെ മനോഹാരിതയുമെല്ലാം ആസ്വദിച്ചുകൊണ്ടായിരുന്നു ആ യാത്ര. പ്രധാന റോഡില്‍നിന്നും ക്ഷേത്രത്തിലേക്ക് തിരിയുമ്പോള്‍ റോഡിനിരുവശവും കാണുന്നത് വിശാലമായ ശ്മശാന ഭൂമിയാണ്. അല്പംകൂടി സഞ്ചരിച്ചാല്‍ ചെറിയ ഒരു തോടിനുകുറുകെ അര്‍ധവൃത്താകൃതിയില്‍ കമനീയമായ ഒരു പാലം കാണാം. പാലം കടന്നാല്‍ കാണുന്ന കാഴ്ച വിവരണാതീതമാണ്. വലിയ ഒരു മല. ചുറ്റിലും ഹരിതാഭമാര്‍ന്ന വനപ്രദേശം. വൃക്ഷലതാതികളാലും വന്യജീവികളാലും നിറഞ്ഞ കാനനത്തിന്റെ മധ്യഭാഗത്തായി സൂര്യശോഭപോലെ തിളങ്ങുന്ന ചുവപ്പുനിറത്താല്‍ ജ്വലിച്ചുനില്‍ക്കുന്ന ബയോഡോ ക്ഷേത്രം.
ക്ഷേത്രത്തിന് മുന്‍വശം വിശാലമായ ജലാശയം. അരുവികളുടെയും കിളികളുടെയും കളകള ശബ്ദം. മുന്നോട്ടുനടക്കുമ്പോള്‍ കാതടപ്പിക്കുംവിധത്തിലുള്ള മണിനാദം മുഴങ്ങി. തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു ചെറിയ കൂടാരം കണ്ടു. അതില്‍ അഞ്ച് അടിയോളം ഉയരമുള്ള പിച്ചളയില്‍ നിര്‍മിച്ച ദീര്‍ഘാകൃതിയിലുള്ള മണി. ക്ഷേത്രത്തിലെത്തുന്നവര്‍ മണിനാദം മുഴക്കിയാല്‍ ബുദ്ധഭഗവാന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. 1100 ചതുരശ്ര അടി വിസ്താരത്തില്‍ പണികഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രത്തില്‍ താമര ഇതളിന്റെ ആകൃതിയില്‍ ഒമ്പത് അടി ഉയരമുള്ള ബുദ്ധവിഗ്രഹമുണ്ട്. 1868-ല്‍ ജപ്പാനില്‍നിന്നും ധാരാളം ബുദ്ധവിശ്വാസികള്‍ ഹവായില്‍ കുടിയേറിയിരുന്നു. അവരുടെ നൂറാംവാര്‍ഷിക ആഘോഷത്തിന്റെ സ്മരണയിലാണ് ജപ്പാനിലെ ബയോഡോ ക്ഷേത്രത്തിന്റെ മാതൃകയില്‍ത്തന്നെ ഇവിടെയും ക്ഷേത്രം നിര്‍മിച്ചത്.
ഹോളിവുഡില്‍ പിറവിയെടുത്ത ക്ലാസിക് സിനിമകളില്‍ ഒന്നാണല്ലോ ജുറാസിക് പാര്‍ക്ക്. ഈ സിനിമയുടെ പ്രാചീന പശ്ചാത്തലം ചിത്രീകരിച്ചത് ഹവായിയില്‍ കിലോമീറ്റര്‍ കണക്കിന് നീണ്ടുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ വനഭൂമിയിലായിരുന്നു. 150-ഓളം സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഇന്നും ഈ പ്രദേശം സ്വകാര്യ നിക്ഷിപ്ത വനമേഖലയായി നിലനിര്‍ത്തിപ്പോരുന്നു. ജുറാസിക്ക് പാര്‍ക്ക് എന്ന സിനിമ ചിത്രീകരിക്കാന്‍ ഒരുക്കിയ സെറ്റുകളില്‍ ചിലത് ഇപ്പോഴും ഇവിടെക്കാണാം. ഇന്ന് ഇവിടം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്.

1850-ലാണ് അമേരിക്കന്‍ ഡോക്ടറായ ഗെറിറ്റ് പി. ജഡ് 1300 ഡോളറിന് ഹവായിയിലെ ക്വാലോവയില്‍ 622 ഏക്കര്‍ ഭൂമിയും കമേഹമേഹ മൂന്നാമന്‍ രാജാവില്‍നിന്ന് മോകോലി ഐ ദ്വീപും വാങ്ങിയത്. പേള്‍ ഹാര്‍ബര്‍ ആക്രമണത്തെത്തുടര്‍ന്ന് രണ്ടാം ലോക മഹായുദ്ധകാലത്ത് ഈ പ്രദേശം സൈനിക ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുകയുണ്ടായി. പല യുദ്ധതന്ത്രങ്ങളും മെനഞ്ഞെടുക്കുന്നതിന് പ്രദേശം ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്നും ഇവിടെ അവശേഷിക്കുന്നു.
1939 സെപ്റ്റംബര്‍ ഒന്നിന് ഹിറ്റ്ലറുടെ പോളണ്ട് ആക്രമണത്തോടെയാണ് രണ്ടാംലോക മഹായുദ്ധം ആരംഭിച്ചത്. ഒരുഭാഗത്ത് യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് ജപ്പാന്‍ പദ്ധതിയിട്ടത്. ജപ്പാന്‍ യുദ്ധക്കപ്പലിന്റെ മേധാവിയായ അഡ്മിറല്‍ ഇസോ റോക്കുയമോ മോട്ടോയുടെ നേതൃത്വത്തിലാണ് പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് പദ്ധതിയിട്ടത്. സഞ്ചാരികളെ പേള്‍ ഹാര്‍ബര്‍ തുറമുഖത്തെത്തിക്കുന്നത് പ്രത്യേക ആഡംബര ബസ്സുകളിലാണ്. വഴിയോരക്കാഴ്ചകള്‍ കാണാനായി ബസ്സിന് മുകളിലത്തെ നിലയിലാണ് ഞങ്ങള്‍ സീറ്റ് ഉറപ്പിച്ചത്.
അരിസോണ മെമ്മോറിയല്‍ എന്ന പേള്‍ഹാര്‍ബര്‍ തുറമുഖത്ത് 11 മണിയോടെയാണ് എത്തിച്ചേര്‍ന്നത്. പേള്‍ ഹാര്‍ബര്‍ അക്രമണത്തിന്റെ ചരിത്രം വിവരിക്കുന്ന സിനിമയാണ് ആദ്യം സഞ്ചാരികളെ കാത്തിരിക്കുന്നത്. ഹാര്‍ബര്‍ തുറമുഖത്തുനിന്നും നേവല്‍ ബേസിന്റെ പ്രത്യേക കപ്പലിലാണ് യു.എസ്.എസ്. അരിസോണ മെമ്മോറിയലില്‍ എത്തിക്കുക. പേള്‍ ഹാര്‍ബര്‍ ബോംബാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് മുങ്ങിക്കിടക്കുന്ന കപ്പലിനോട് ചേര്‍ന്ന് നിര്‍മ്മിച്ച സ്മാരകം കൂടിയാണ് യു.എസ്.എസ് അരിസോണ. കപ്പല്‍, സ്മാരകത്തിന് സമീപമെത്തി. എല്ലാവരും ഇറങ്ങി മെമ്മോറിയലിന് അകത്തുകടന്നു. അമേരിക്കയുടെ തന്ത്രപ്രധാനമായ വലിയ യുദ്ധക്കപ്പലായിരുന്നു യു.എസ്.എസ്. അരിസോണ.
പേള്‍ ഹാര്‍ബര്‍ ആക്രമണത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും ഇതേ കപ്പലില്‍ ഉള്ളവരായിരുന്നു. യു.എസ്.എസ്. അരിസോണയെ കടലിനടിയില്‍ കാണാന്‍ സാധിക്കുന്ന വിധമാണ് മെമ്മോറിയല്‍ സ്ഥാപിച്ചിട്ടുള്ളത്. ലോകമനസ്സാക്ഷിയെ നടുക്കിയ ബോംബാക്രമണം നടന്ന സ്ഥലത്തെത്തിയപ്പോള്‍ മനസ്സ് ഒരുവേള ഭീതിയിലാഴ്ന്നു. ജപ്പാന്‍ ബോംബിട്ടു തകര്‍ത്ത കപ്പലിന്റെ അവശിഷ്ടങ്ങള്‍ വെള്ളത്തിനടിയില്‍ ഇപ്പോഴും കാണാം. എല്ലാവരും ശ്മശാന മൂകമായി അവ വീക്ഷിച്ചുകൊണ്ടിരുന്നു. മനുഷ്യ മനഃസാക്ഷിയെ നടുക്കിയ ആ സംഭവം വിവരിച്ചുകൊണ്ടിരുന്നത് വിരമിച്ച നാവികനായ ഒരു ഗൈഡായിരുന്നു.
കടലില്‍ പലഭാഗത്തും തകര്‍ന്ന യുദ്ധക്കപ്പലുകളുടെ അവശിഷ്ടങ്ങള്‍ ഛിന്നഭിന്നമായിക്കിടക്കുന്ന ദയനീയ കാഴ്ച. യുദ്ധക്കൊതിയന്മാര്‍ നടത്തിയ ഹീനമായ നരഹത്യയില്‍ മനംനൊന്ത് അവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കരയിലേക്ക് തിരിച്ചു. കരയിലുള്ള മ്യൂസിയങ്ങളിലൂടെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ നേര്‍ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വരുംതലമുറയ്ക്ക് യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയാണിത്. ഒരു യുദ്ധത്തിന്റെ ഭീകരതയെയും മനുഷ്യകുലത്തിനേറ്റ തീരാനഷ്ടവും ആര്‍ക്കും തിരിച്ചുനല്‍കാനാവില്ല. മനുഷ്യകുലത്തെ നശിപ്പിക്കുന്ന ഇത്തരം യുദ്ധത്തില്‍നിന്നും ലോക രാജ്യങ്ങള്‍ പിന്മാറണമെന്ന പ്രാര്‍ഥനയോടെ ഞങ്ങള്‍ തിരിച്ചു.
Content Highlights: through hawai island
Published: 21 Jul 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented