
പ്രതീകാത്മകചിത്രം/Photo: Shutterstock
മഴക്കാലം പനിക്കാലം കൂടിയാണ്. അത് പലവഴിക്ക് നമ്മെ പിടികൂടും. പണ്ടൊക്കെ പനിയും ജലദോഷവും മാറ്റാൻ മുത്തശ്ശിമാർ പ്രയോഗിക്കുന്ന ചില പൊടിവിദ്യകളുണ്ട്. അതിലൊന്നാണ് ഞണ്ട് രസം. ഞണ്ട് ഇറച്ചി വളരെയധികം പോഷകഗുണങ്ങൾ നിറഞ്ഞതാണ്. ഇതിലടങ്ങിയിരിക്കുന്ന സിങ്ക്, സെലനിയം എന്നിവ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. ഹൃദയത്തിന്റെയും തലച്ചോറിന്റെയും വളർച്ചക്കാവശ്യമായ ഒമേഗ 3-യും ഞണ്ടിറച്ചിയിൽ ധാരാളമായുണ്ട്. കടൽ ഞണ്ടിനാണ് സ്വാദ് കൂടുതൽ. ജലദോഷം, ചുമ ഒക്കെയുള്ളപ്പോൾ കുരുമുളക് കൂടുതൽ ചേർത്ത് ഞണ്ട് രസം ഉണ്ടാക്കിയും കഴിക്കാം. അപ്പോൾ ഇത്തവണ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ക്രാബ് റോസ്റ്റ് ഉണ്ടാക്കിയാലോ…
ക്രാബ് റോസ്റ്റ്
ചേരുവകൾ:
ഞണ്ട് - അരക്കിലോ
സവാള - ഒന്ന്
ചുവന്നുള്ളി - ഒരുപിടി
ഇഞ്ചി - ഒരിഞ്ചു നീളത്തിൽ ഒരുകഷണം
വെളുത്തുള്ളി - ഒന്ന്
തക്കാളി - ഒന്ന്
പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം- രണ്ട് വീതം
പെരുംജീരകം - ഒരു ടീസ്പൂൺ
കുരുമുളക് - ഒരു ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - അര ടീസ്പൂൺ
കാശ്മീരിമുളകുപൊടി - അര ടീസ്പൂൺ
മല്ലിപ്പൊടി - രണ്ട് ടേബിൾ സ്പൂൺ
കറിവേപ്പില - രണ്ട് തണ്ട്
കുരുമുളക് പൊടി - അര ടീസ്പൂൺ
ഉപ്പ്, എണ്ണ, മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ഞണ്ട് വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. സവാള, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം, പെരുംജീരകം, കുരുമുളക് എന്നിവ ഒരുമിച്ച് ചതച്ചുവയ്ക്കുക. കടായിയിൽ എണ്ണ ചൂടാക്കിയശേഷം ചതച്ചുവെച്ച കൂട്ടും കറിവേപ്പിലയും ചേർത്ത് വഴറ്റുക. അതിലേക്ക് മഞ്ഞൾ, മുളക്, മല്ലി തുടങ്ങിയ പൊടികളും ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. തക്കാളി അരച്ചതും ഇതിലേക്ക് ചേർത്ത് വഴറ്റണം. ശേഷം ഞണ്ടിറച്ചി ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു കപ്പ് വെള്ളവും ചേർത്ത് മൂടിവെച്ച് ലോ-മീഡിയം ഫ്‌ളെയിമിൽ വെച്ച് വേവിക്കുക. ശേഷം മൂടി തുറന്നുവെച്ച് മീഡിയം ഫ്‌ളെയിമിൽ തന്നെ വെള്ളം വറ്റിച്ചെടുക്കുക. വെള്ളം മുഴുവൻ വറ്റി ഇറച്ചി, മസാലയിൽ പൊതിഞ്ഞിരിക്കണം. മസാല മൊരിഞ്ഞ്, എണ്ണ തെളിഞ്ഞുവരുമ്പോൾ മല്ലിയിലയും അര സ്പൂൺ കുരുമുളകുപൊടിയും തൂവി തീ അണയ്ക്കാം.
കടൽവിഭവങ്ങൾ പാചകം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്:
- ചെമ്മീൻ, ഞണ്ട്, കക്ക പോലുള്ള കടൽവിഭവങ്ങൾ ചിലരിൽ അലർജി ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് ഇവയോട് അലർജിക് അല്ലെന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രം കഴിക്കുക.
- കടൽ വിഭവങ്ങൾ പാചകം ചെയ്യാൻ വളരെ കുറച്ച് സമയം മതിയാവും. ആവശ്യത്തിന് മാത്രം വെള്ളം ചേർത്ത് വേവിക്കാൻ ശ്രദ്ധിക്കുക. ഏറെ നേരം പാകം ചെയ്യുമ്പോൾ ഇറച്ചിയുടെ മൃദുത്വം നഷ്ടപ്പെടും.
- സീഫുഡ് ഏതാണെങ്കിലും മാരിനേറ്റ് ചെയ്ത് ഫ്രിഡ്ജിൽ തന്നെ വയ്ക്കുക. മുറിയുടെ താപനിലയിൽ വയ്ക്കുന്നത് ബാക്ടീരിയ വളരാൻ കാരണമാകും.
- സീഫുഡ് പാചകം ചെയ്ത ഉടനെ കഴിക്കുന്നതിനേക്കാൾ, വിളമ്പുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും പാചകം ചെയ്തുവച്ചാൽ അതിലെ മസാലയെല്ലാം ഇറച്ചിയിലേക്ക് നന്നായി യോജിച്ച് കറി ഒന്ന് കൂടി രുചികരമാകും.
- മാരിനേഷനിൽ എണ്ണ ചേർക്കുന്നത് ഒഴിവാക്കുക. വെള്ളമോ നാരങ്ങാനീരോ ചേർത്ത് മാരിനേഷൻ തയ്യാറാക്കിയാൽ ഇറച്ചിയിലേക്ക് മസാല നന്നായി ഇറങ്ങും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/FRhVLmaQqyZCb28nVURD4C
Content Highlights: tasty crab roast perfect for the monsoon
Published: 23 Jul 2025, 01:09 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented