ഈസ്റ്റര്‍ കാലത്ത് റോമിലേക്ക് ഒഴുകിയെത്തുന്ന തീര്‍ഥാടകരുടെ പ്രധാനലക്ഷ്യം സെന്റ് പീറ്റേഴ്സ് ബസിലിക്ക തന്നെയാണ്. യേശുവിന്റെ പ്രഥമ ശിഷ്യനായ വിശുദ്ധ പത്രോസ് വിത്തുപാകിയ വിശ്വാസത്തിന്റെ മണ്ണ്. അവിടെ മാര്‍പാപ്പയുടെ വിശുദ്ധവാര തിരുകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനോടൊപ്പം, വിശ്വാസം വളര്‍ന്ന് പന്തലിച്ച സ്മൃതിമന്ദിരങ്ങള്‍ താണ്ടി, രക്തസാക്ഷികളുടെ നിണമൊഴുകിയ പുണ്യപാതകള്‍ ചവിട്ടി ദൈവികത തേടിയുള്ള ഒരു യാത്ര!

To advertise here,

ബസിലിക്കയ്ക്കുള്ളില്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത വിശുദ്ധന്മാരുടെ പ്രതിമകള്‍ക്കും സ്വര്‍ഗത്തിന്റെ താക്കോല്‍ കൈയിലേന്തിയ വിശുദ്ധ പത്രോസിന്റെ പ്രതിമയ്ക്കും ഒപ്പം സഞ്ചാരികള്‍ ആവേശത്തോടെ തിരയുന്ന അത്യപൂര്‍വ ശില്പം: പിയെത്ത (Pietà). മൃതനായ യേശുവിനെ മടിയില്‍ കിടത്തിയ കന്യാമറിയത്തിന്റെ വെണ്ണക്കല്‍ പ്രതിമ, മൈക്കലാഞ്ചലോയുടെ മാസ്റ്റര്‍പീസ്. മൃത്യുവിലൂടെ പ്രത്യാശയിലേക്ക് മിഴിതുറക്കുന്ന സ്വര്‍ഗീയസൗന്ദര്യമായ ഈ ശില്പം, ബസിലിക്കയുടെ പ്രവേശനകവാടത്തില്‍ വലതുഭാഗത്തുള്ള ആദ്യ ചാപ്പലില്‍ സ്ഥാപിച്ചിരിക്കുന്നു. ഇറ്റാലിയന്‍ ഭാഷയില്‍ 'കരുണ' എന്നര്‍ഥമുള്ള പിയെത്ത ലോക ക്ലാസിക് ശില്പങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. 

പിയെത്തയുടെ മുന്നില്‍
പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍. നവോത്ഥാനത്തിന്റെ ഉദയകിരണങ്ങള്‍ യൂറോപ്പിലാകെ ഒളിവീശി തുടങ്ങിയ കാലം. വത്തിക്കാനിലെ ഫ്രഞ്ച് സ്ഥാനപതി കര്‍ദിനാള്‍ ജാന്‍ ദെ ബില്‍ഹെറിന്റെ (Jean de Bilhères) ജീവിതസായാഹ്നത്തില്‍ മനസ്സിലുദിച്ച ഒരാഗ്രഹം. മരണശേഷം കല്ലറയില്‍ സ്ഥാപിക്കാന്‍ അതിമനോഹരമായ ഒരു ശില്പം വേണം. അതിനായി തിരഞ്ഞെടുത്ത ശില്പി, 23-കാരനായ മൈക്കലാഞ്ചലോ ആയിരുന്നു. അതും നവോത്ഥാനത്തിന്റെ ഈറ്റില്ലമായ ഫ്‌ളോറന്‍സില്‍നിന്നും. 

ഇന്നേവരെ നിര്‍മിച്ചിട്ടില്ലാത്ത, ഇനി നിര്‍മിക്കാന്‍ കഴിയാത്തത്ര അതിസുന്ദരമായ ശില്പമാണ് കര്‍ദിനാള്‍ നിര്‍ദേശിച്ചത്. 1499-ല്‍ രണ്ടുവര്‍ഷംകൊണ്ട്, നവോത്ഥാന ആശയവും ക്ലാസിക്കല്‍ ഭംഗിയും സമന്വയിച്ച്, അത്യുത്തമമായ കറാര മാര്‍ബിളില്‍ പിയെത്ത പിറന്നു. അഞ്ചടി എട്ടിഞ്ച് ഉയരത്തില്‍, പിരമിഡ് ഘടനയില്‍ ഒരൊറ്റശിലയില്‍നിന്നും കൊത്തിയെടുത്ത രണ്ട് ശില്പങ്ങള്‍! വ്യാകുല മാതാവിന്റെ മടിയില്‍ മരണമടഞ്ഞ യേശു, തന്റെ അരുമ സുതനെ ലോകത്തിനായി സമര്‍പ്പിക്കുന്ന അമ്മ. ആ മുഖത്ത് ദുഃഖഭാവമില്ല, മറിച്ച് ത്യാഗത്തിന്റെ ശാന്തതയും രക്ഷയുടെ പ്രത്യാശയുമാണ്. യേശുവിന്റെ മുഖത്ത് വിശ്രമഭാവവും.

പ്രതിമ പൂര്‍ത്തിയായതോടെ ശില്പിയും പ്രസിദ്ധനായി. കലാചരിത്രത്തിലെ ഇത്രയും മികവുറ്റതും പൂര്‍ണത നിറഞ്ഞതുമായ ശില്പത്തെ ആളുകള്‍ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിഞ്ഞു. ഒരു യുവശില്പിക്ക് ഇത് അസാധ്യം എന്ന് പിറുപിറുത്തവര്‍ക്ക് മറുപടിയായി പ്രതിമയുടെ മധ്യഭാഗത്ത്, മാതാവിന്റെ ഹൃദയഭാഗത്ത് തന്റെ പേര് അദ്ദേഹം കൊത്തിവെച്ചു. പിന്നീടും അനേകം ശില്പങ്ങള്‍ പിറന്നെങ്കിലും, അദ്ദേഹത്തിന്റെ കൈയൊപ്പ് ഉള്ള ഒരേയൊരു ശില്പം എന്ന സവിശേഷത പിയെത്തയ്ക്കുണ്ട്. ഡാവിഞ്ചി ചിത്രങ്ങളുടെ പ്രചോദനം ഉള്‍ക്കൊണ്ട് മാതാവിന്റെ വസ്ത്രം കടലിന്റെ അലകള്‍പോലെ ഞൊറിഞ്ഞിരിക്കുന്നു. മാതാവിന്റെ അങ്കിയില്‍ തല മുതല്‍ കാല്‍ വരെ വലുതും ചെറുതുമായ ഞൊറികളും മടക്കുകളും, പൂര്‍ണതയില്‍ തെളിഞ്ഞുനില്‍ക്കുന്ന ഞരമ്പുകള്‍. 

നാനാകോണില്‍നിന്ന് ഒഴുകിയ അഭിനന്ദനപ്രവാഹത്തിന് മൈക്കലാഞ്ചലോയുടെ മറുപടി ഇതായിരുന്നു. ''ഞാന്‍ ഈ കല്ലിനുള്ളില്‍ ഒരു ശില്പത്തെ കാണുന്നു, ഒളിഞ്ഞുകിടക്കുന്ന ആ ശില്പത്തെ മോചിപ്പിക്കുക മാത്രമാണ് ചെയ്തത്''. ജനസാഗരം ഇന്നും പിയെത്തയ്ക്ക് മുന്നില്‍ വിസ്മയംതൂകി നില്‍ക്കുന്നു. 1500-ല്‍ കര്‍ദിനാള്‍ ജാന്‍ ദെ ബില്‍ഹെര്‍ ആഗ്രഹിച്ചതനുസരിച്ച് വിശുദ്ധ പെട്രോണില്ല ചാപ്പലില്‍ ശില്പം സ്ഥാപിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്ക നിര്‍മിതമായശേഷം ഇവിടെത്തന്നെയാണ് പിയെത്തയുടെ ആസ്ഥാനം. 1964-ല്‍ ഈ കലാസൃഷ്ടി ന്യൂയോര്‍ക്കിലെ യൂണിവേഴ്സല്‍ എക്‌സിബിഷന്റെ ഭാഗമായി വത്തിക്കാനില്‍നിന്ന് ഒരിക്കല്‍ മാത്രം കടല്‍കടന്നു. സുരക്ഷാര്‍ഥം ഫ്‌ളോട്ടിങ് കെയ്സിനുള്ളില്‍ അടച്ചാണ് അന്ന് കപ്പലില്‍ സൂക്ഷിച്ചത്. 

placeholder
ആപ്പിയ അന്തീക്കയിലെ യേശുവിന്റെ കാല്പാട്‌

1972-ല്‍ ഒരു ഹംഗേറിയന്‍ അക്രമി ചാപ്പലിന്റെ കൈവരികള്‍ ചാടിക്കടന്ന് പ്രതിമ നശിപ്പിക്കാന്‍ ശ്രമിച്ചു. ക്ഷതമേറ്റ മാതാവിന്റെ പ്രതിമയുടെ ഇടതുകൈ, മൂക്ക് കൂടാതെ കണ്‍പോളകളും നീണ്ട പ്രയത്‌നത്തിനുശേഷം പൂര്‍വസ്ഥിതിയിലാക്കി. അതിനുശേഷം ബുള്ളറ്റ് പ്രൂഫിലാണ് വത്തിക്കാനിലെ ഈ മാസ്റ്റര്‍പീസ് ഇന്ന് സഞ്ചാരികളെ കാത്തിരിക്കുന്നത്.

യേശുവിന്റെ കാല്‍പ്പാട് 
പാതകളുടെ രാജ്ഞി എന്നറിയപ്പെടുന്ന റോമിലെ ആപ്പിയ അന്തീക്ക (Appia Antica) പാതയില്‍ സ്ഥിതിചെയ്യുന്ന ക്വോ വാദിസ് പള്ളി ചെറുതെങ്കിലും, പ്രത്യേകിച്ച് ഈസ്റ്റര്‍ കാലത്ത് സഞ്ചാരികളുടെ ഇഷ്ട തീര്‍ഥാടനകേന്ദ്രമാണ്. ബി.സി. 312-ല്‍ റോമന്‍ സെന്‍സര്‍ ആപ്പിയൊ ക്ലൗദിയൊ (Appio Claudio) കല്ലുകള്‍ പാകി നിര്‍മിച്ച, ലോകത്തിലെ അതിപുരാതനമായ ആപ്പിയ അന്തീക്ക എന്ന പാത ക്രിസ്തുമതത്തിന്റെ വളര്‍ച്ചയ്ക്ക് സാക്ഷിയായി. 

ഇവിടെയുള്ള സെന്റ് സെബാസ്റ്റ്യന്‍ കാറ്റകോമ്പ് (Catecomb) സുപ്രസിദ്ധമാണ്. ഭൂമിക്കടിയിലെ ഈ അറകളില്‍ ആദിമ ക്രൈസ്തവര്‍ മതപീഡനം ഭയന്ന് ഒളിച്ച് പ്രാര്‍ഥിക്കാന്‍ ഒത്തുകൂടിയിരുന്നു. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ശവകുടീരങ്ങള്‍ ആദ്യം ഇവിടെയായിരുന്നു. മറ്റനേകം രക്തസാക്ഷികളുടെയും പ്രധാനമായും വിശുദ്ധ സെബാസ്റ്റ്യന്റെ കല്ലറയും ഈ പൗരാണികപാതയെ ധന്യമാക്കുന്നു. 

യേശുവിന്റെ മരണാനന്തരം പത്രോസ് റോമിലെത്തി. അവിടെ ക്രിസ്തുമത പ്രഘോഷകനായിരിക്കെ റോമന്‍ ചക്രവര്‍ത്തിയുടെ ക്രൂരമായ പീഡനങ്ങളില്‍ മനംമടുത്ത് പലസ്തീനിലേക്ക് മടങ്ങാന്‍ ആപ്പിയ അന്തീക്കയിലൂടെ സഞ്ചരിക്കുകയായിരുന്നു. ആ രാത്രി വെള്ള വസ്ത്രധാരിയായ ഒരാള്‍ കൂരിരുട്ടില്‍ നടന്നുപോകുന്നത് കണ്ട് പത്രോസ് വിളിച്ചുചോദിച്ചു, 'ദോമിനെ, ക്വോ വാദിസ്'' (അങ്ങ് എവിടെ പോകുന്നു). അയാള്‍ പ്രതിവചിച്ചു, 'റോമിലേക്ക്, വീണ്ടും ക്രൂശിക്കപ്പെടാന്‍'. അയാള്‍ അപ്രത്യക്ഷനായപ്പോള്‍ അവിടെ ഒരു കല്ലില്‍ പാദങ്ങള്‍ പതിഞ്ഞതായി പത്രോസ് കണ്ടു. അത് യേശുവാണെന്ന് മനസ്സിലാക്കിയ അദ്ദേഹം രക്തസാക്ഷിത്വം വരിക്കുംവരെ റോമില്‍ത്തന്നെ തുടര്‍ന്നു. ഈ ദര്‍ശനം ലഭിച്ച സ്ഥലത്ത് പിന്നീട് പള്ളി നിര്‍മിച്ച് കാല്‍പ്പാടുകളുള്ള ഈ കല്ല് പ്രതിഷ്ഠിച്ചു. ഇന്നിത് സെന്റ് സെബാസ്റ്റ്യന്‍ ബസിലിക്കയിലാണുള്ളത്. ഒരു പതിപ്പ് ക്വോ വാദിസ് പള്ളിയിലും കാണാം. നഗരത്തിന്റെ തിരക്കില്‍നിന്ന് വ്യത്യസ്തമായി നിശ്ശബ്ദമായ പച്ചപ്പുനിറഞ്ഞ ഈ വഴിയിലൂടെ നടക്കാന്‍ റോമാക്കാര്‍ ഏറെ ഇഷ്ടപ്പെടുന്നു.

placeholder
സ്വര്‍ഗത്തിന്റെ താക്കോല്‍ കൈയിലേന്തിയ വിശുദ്ധ പത്രോസിന്റെ പ്രതിമ

മാര്‍പാപ്പയുടെ കുരിശിന്റെ വഴി 
റോമിന്റെ പ്രതീകവും ലോകാദ്ഭുതവുമായ കൊളോസിയത്തില്‍, ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള തീര്‍ഥാടകരോടൊപ്പം, ദുഃഖവെള്ളിയാഴ്ച മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍, കുരിശിന്റെ വഴി ജനസാന്ദ്രമായി നടത്തുന്നു. കാല്‍വരിയിലെ കുരിശുമരണം അനുസ്മരിക്കുന്ന കുരിശിന്റെ വഴി 1750 ജൂബിലി വര്‍ഷത്തില്‍ ബെനഡിക്ട് പതിന്നാലാമന്‍ മാര്‍പാപ്പയാണ് ആദ്യമായി കൊളോസിയത്തില്‍ ആരംഭിച്ചത്. ഫ്‌ളാവിയൊ ആംഫി തിയേറ്ററിന്റെ മധ്യഭാഗത്ത് കുരിശ് സ്ഥാപിച്ച് 14 സ്ഥലങ്ങളില്‍ പ്രദക്ഷിണമായി കുരിശേന്തിയുള്ള പ്രാര്‍ഥന രക്തസാക്ഷികള്‍ക്കായി സമര്‍പ്പിച്ചു. 1965-ല്‍ പോള്‍ ആറാമന്‍ പാപ്പയുടെ കാലം തുടങ്ങി ഇന്നേവരെ മുടങ്ങാതെ തുടരുന്നു. ദുഃഖവെള്ളികള്‍ പിന്നിട്ട് നമ്മള്‍ പുനരുത്ഥാന പുലരികള്‍ കാണുന്നു, ഉത്ഥിതന്‍ നല്‍കുന്ന, പ്രത്യാശയുടെ നിറവില്‍ തുടരുന്ന യാത്ര...