ഗ്വാളിയര്‍; പ്രൗഢിയാര്‍ന്ന ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളുമായി തലയുയര്‍ത്തിനില്‍ക്കുന്ന മനോഹരനഗരം. മിത്തും പുരാണവും ചരിത്രവും ഇഴചേരുന്ന സാംസ്‌കാരിക ഭൂമിക. കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട്. മൂന്നാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുരാജ് സെന്‍ എന്ന രാജകുമാരന്റെ അസുഖം ചികിത്സിച്ചുമാറ്റിയ ഗ്വാലിപന്‍ എന്ന സന്ന്യാസിയുടെ സ്മരണയ്ക്കായാണത്രേ ഈ നാടിന് ഗ്വാളിയര്‍ എന്ന് പേരുനല്‍കിയത്. ആറാംനൂറ്റാണ്ടിലെ നന്ദ രാജവംശംമുതല്‍ 18-ാം നൂറ്റാണ്ടിലെ സിന്ധ്യ രാജവംശംവരെ ഗ്വാളിയറിന്റെ ഭരണം കൈയാളി. ഈ സുന്ദരനഗരത്തിലെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട അനവധി നിര്‍മിതികളുണ്ട്.
ഗ്വാളിയര്‍ കോട്ട
ഗ്വാളിയറിലെ കാഴ്ചകളില്‍ തലയെടുപ്പോടെ നില്‍ക്കുന്നത് ഗ്വാളിയര്‍ കോട്ടയാണ്. നഗരത്തിന്റെ ഏതുഭാഗത്തുനിന്നും കാണാവുന്ന രീതിയില്‍ ഉയരത്തിലുള്ള പാറപ്പുറത്താണ് കോട്ട പണിതുയര്‍ത്തിയിരിക്കുന്നത്. മൂന്ന് ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന കോട്ട, ഇന്ത്യയിലെ വലുപ്പമേറിയ കോട്ടകളില്‍ ഒന്നാണ്. ആറാംനൂറ്റാണ്ടിലാണ് ഇത് നിര്‍മിച്ചതെന്നാണ് ചരിത്രകാരന്മാരുടെ അനുമാനം. രണ്ടുമൈല്‍ നീളത്തിലും 35 അടി ഉയരത്തിലുമായി നില്‍ക്കുന്ന ചുറ്റുമതില്‍ ശത്രുക്കളുടെ ആക്രമണത്തില്‍നിന്ന് കോട്ടയെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നത്രേ. വലിയൊരു കയറ്റം കയറിവേണം കോട്ടയ്ക്ക് മുകളിലെത്താന്‍. പാതകള്‍ക്ക് ഇരുവശത്തുമായി ജൈന സന്ന്യാസിമാരുടെ പ്രതിമകള്‍ കൊത്തിവെച്ചിരിക്കുന്നത് കാണാം. കുന്നുകയറി മുകളിലെത്തിയാല്‍ സഞ്ചാരികളെ സ്വീകരിക്കുന്നത് മനോഹരമായ കൊട്ടാരവും ക്ഷേത്രങ്ങളുമാണ്.
മാന്‍ മന്ദിര്‍
ഗ്വാളിയര്‍ കോട്ടയ്ക്കുള്ളിലെ പ്രധാന കൊട്ടാരങ്ങളില്‍ ഒന്നാണ് മാന്‍ മന്ദിര്‍. തോമര്‍ രാജവംശത്തിലെ മാന്‍ സിങ് തോമര്‍, AD 1486-1508 കാലഘട്ടത്തില്‍ പണികഴിപ്പിച്ച ഈ കൊട്ടാരം ഹൈന്ദവ വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമാണ്. രണ്ട് ഭൂഗര്‍ഭ നിലകള്‍ ഉള്‍പ്പെടെ നാലുനിലകളാണ് കൊട്ടാരത്തിനുള്ളത്. കാലം കേടുപാടുകള്‍ വരുത്തിയെങ്കിലും പ്രതാപകാലത്തിന്റെ അവശേഷിപ്പുകള്‍ ഇന്നും ഇവിടെ കാണാന്‍ കഴിയും. ശിഥിലമായ സംഗീതശാലകള്‍ക്കുചുറ്റുമുള്ള കൊത്തുപണികളാലും മനോഹരമായ പെയിന്റിങ്ങുകളാലും വര്‍ണ ടൈലുകളാലും അലങ്കരിച്ച മുറികള്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. തൂണുകളിലും ഭിത്തികളിലും കൊത്തിവെച്ചിട്ടുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങളും മുഗള്‍ ഭരണകാലത്ത് തടവറകളായി ഉപയോഗിച്ച ഭൂഗര്‍ഭ അറകളും മറക്കാനാവാത്ത കാഴ്ചകളാണ്.
ഗുജരി മഹൽ
രാജാ മാന്‍സിങ് തന്റെ പത്‌നി മൃഗനയനിക്കുവേണ്ടി പ്രത്യേകം പണികഴിപ്പിച്ച കൊട്ടാരമാണിത്. കോട്ടയിലെ ഏറ്റവും മനോഹരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഈ കൊട്ടാരം ഇന്ന് പുരാവസ്തു മ്യൂസിയമായി മാറ്റിയിരിക്കുന്നു. പുരാവസ്തുക്കള്‍, ഹൈന്ദവ-ജൈന പ്രതിമകള്‍, ആഇ ഒന്ന്-രണ്ട് നൂറ്റാണ്ടുകളിലെ കളിമണ്‍ നിര്‍മിതികള്‍ മുതലായവ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
സാസ്-ബഹു ക്ഷേത്രം
ഹിന്ദിയില്‍ സാസ് എന്നാല്‍ അമ്മായിയമ്മ എന്നാണ് അര്‍ഥം. ബഹു എന്നാല്‍ മരുമകള്‍. ഗ്വാളിയര്‍ കോട്ടയുടെ കിഴക്കുഭാഗത്താണ് സാസ് -ബഹു ക്ഷേത്രമുള്ളത്. 1092-ല്‍ മഹിപാലരാജാവാണ് ഇത് പണികഴിപ്പിച്ചത്. മൂന്നുവാതിലുകളുള്ള ക്ഷേത്രത്തില്‍ ബ്രഹ്‌മാവ്, വിഷ്ണു, ശിവ പ്രതിഷ്ഠകളാണുള്ളത്. മഹിപാല രാജാവിന്റെ ഭാര്യ വിഷ്ണുഭക്തയായിരുന്നത്രേ! അവര്‍ ഈ ക്ഷേത്രത്തില്‍ വിഷ്ണുപൂജ നടത്തിയിരുന്നെന്നും എന്നാല്‍, ശിവഭക്തയായ മകന്റെ ഭാര്യ വിഷ്ണുക്ഷേത്രത്തോടുചേര്‍ന്ന് ശിവപ്രതിഷ്ഠ നടത്തി ശിവനെ പൂജിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അങ്ങനെയാവാം ക്ഷേത്രത്തിന് ഈ പേര് വന്നത്. അത്യപൂര്‍വമായ കൊത്തുപണികള്‍ നിറഞ്ഞ ഈ ക്ഷേത്രം ഗ്വാളിയറിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്.
സീറോ ടെമ്പിൾ
ഗ്വാളിയര്‍ കോട്ടയിലേക്കുള്ള വഴിയിലെ ഒരു ചെറിയ ക്ഷേത്രമാണിത്. ഏകദേശം 1500 വര്‍ഷം പഴക്കമുള്ള ഒരു ശിലാലിഖിതം ഇവിടെയെത്തുന്ന സഞ്ചാരികളെ അദ്ഭുതപ്പെടുത്തും. ഭാരതത്തിലെ ഏറ്റവും പുരാതനമായ 'പൂജ്യം' ചിഹ്നം രേഖപ്പെടുത്തിയിരിക്കുന്നത് ഈ ക്ഷേത്രത്തിലാണ്. ക്ഷേത്രത്തിനോടുചേര്‍ന്ന് കരന്‍മഹല്‍, വിക്രം മഹല്‍ മുതലായ അനേകം ചെറു കൊട്ടാരങ്ങളും ജോലിക്കാരുടെയും പരിചാരകരുടെയും താമസസ്ഥലങ്ങളും നിരവധി ഹൈന്ദവ-ജൈന ക്ഷേത്രങ്ങളും ഗുരുദ്വാരയും കാണാം. സായാഹ്നങ്ങളില്‍ സന്ദര്‍ശകര്‍ക്കായി ഇവിടെ ലൈറ്റ് & സൗണ്ട് ഷോയും ഒരുക്കിയിട്ടുണ്ട്.
താന്‍സെന്റെ നാട്
വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനുമായിരുന്ന താന്‍സെന്‍ 1506-ല്‍ ഗ്വാളിയറിന് സമീപമുള്ള ബേഹത് എന്ന ഗ്രാമത്തിലാണ് ജനിച്ചതെന്ന് കരുതപ്പെടുന്നു. രാജാ മാന്‍സിങ് തൊമര്‍ സ്ഥാപിച്ച ഗ്വാളിയര്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കിലായിരുന്നു താന്‍സെന്‍ ആദ്യകാലത്ത് സംഗീത പഠനം നടത്തിയിരുന്നത്. പിന്നീട് വൃന്ദാവനത്തിലെ യതിവര്യനും സംഗീതാചാര്യനുമായ സ്വാമി ഹരിദാസിന്റെ ശിഷ്യത്വം സ്വീകരിച്ചു.
ആലാപനത്തിലെന്നപോലെ ഗാനരചനയിലും താന്‍സെന്‍ ഇതിഹാസപുരുഷനായിരുന്നു. അദ്ദേഹം രചിച്ച ധ്രുപദ് കൃതികളിലൂടെയാണ് ധ്രുപദസംഗീതവും ഹിന്ദുസ്ഥാനി സംഗീതമാകെത്തന്നെയും നവോത്ഥാന ശോഭയാര്‍ജിച്ചത്. താന്‍സെന്‍ രചിച്ച സംഗീതശാസ്ത്രസംബന്ധിയായ ഗ്രന്ഥങ്ങളാണ് സംഗീതസാരവും രാഗമാലയും. ധ്രുപദസംഗീതത്തിനെന്നപോലെ ദീപക് എന്ന സംഗീതശാഖയ്ക്കും താന്‍സെന്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയുണ്ടായി. 'സേനിയ ഘരാന'യുടെ പ്രാരംഭകന്‍ എന്ന നിലയില്‍ ഇദ്ദേഹം ഹിന്ദുസ്ഥാനി സംഗീതത്തിനു നല്‍കിയ സേവനം ആദരണീയമാണ്.
1562-ല്‍ താന്‍സന്റെ പ്രശസ്തി മുഗള്‍ചക്രവര്‍ത്തിയായ അക്ബറുടെ ചെവിയിലുമെത്തി. അക്ബര്‍, താന്‍സെനെ തന്റെ ആസ്ഥാന സംഗീതജ്ഞരില്‍ ഒരാളാക്കി. അപ്പോള്‍ അക്ബറുടെ സദസ്സില്‍ പ്രസിദ്ധരായ മുപ്പത്തിയഞ്ചോളം സംഗീതജ്ഞര്‍ ഉണ്ടായിരുന്നുവത്രേ! 27 വര്‍ഷം അക്ബറുടെ സദസ്സിനെ അലങ്കരിച്ച താന്‍സെന്‍ രാജകൊട്ടാരത്തിലെ 'നവരത്‌ന'ങ്ങളില്‍ ഒരാളായും അറിയപ്പെട്ടു.
താന്‍സെനെ, അക്ബര്‍ ആസ്ഥാനഗായകനാക്കുന്നതിന് കാരണമായി പ്രചാരം നേടിയിട്ടുള്ള ഐതിഹ്യങ്ങള്‍ പലതും അതിശയോക്തി കലര്‍ന്നവയാണ്. താന്‍സെന്‍ പാട്ടുപാടി മഴപെയ്യിച്ചതായും വിളക്കുകത്തിച്ചതായും ഉള്ള കഥകളുണ്ട്. 1589 ഏപ്രിലില്‍ താന്‍സെന്‍ അന്തരിച്ചു. ലഹോറില്‍ വെച്ചായിരുന്നു അന്ത്യം. രാജകീയ ബഹുമതികളോടെയായിരുന്നു താന്‍സെന്റെ അന്ത്യകര്‍മങ്ങള്‍ നടന്നത്. കുറെക്കാലം കഴിഞ്ഞ് താന്‍സെന്റെ ഭൗതികശരീരം ലഹോറില്‍നിന്ന് ഗ്വാളിയറിലേക്ക് കൊണ്ടുവന്ന് അടക്കം ചെയ്തു. സൂഫി ഗുരുവായ മുഹമ്മദ് ഗൗസിന്റെ ശവകുടീരത്തിനോട് ചേര്‍ന്നാണ് താന്‍സെന്റെ കബറിടം നിര്‍മിച്ചിരിക്കുന്നത്. ആകര്‍ഷകമായ ഈ കബറിടം ഇന്ന് ഗ്വാളിയറിലെത്തുന്ന സംഗീതാസ്വാദകരുടെ പുണ്യകേന്ദ്രമാണ്.
ജയ് വിലാസ് പാലസ് മ്യൂസിയം
ഗ്വാളിയറിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ഒന്നാണ് 'ജയ് വിലാസ് പാലസ് മ്യൂസിയം'. സിന്ധ്യ രാജവംശത്തിലെ ജയാജി റാവു സിന്ധ്യ മഹാരാജാവ് 1874-ല്‍ യൂറോപ്യന്‍ വാസ്തുശൈലിയില്‍ പണികഴിപ്പിച്ചതാണ് സുന്ദരമായ ഈ കൊട്ടാരം. ഒരുഭാഗം മ്യൂസിയമായി മാറ്റിയിരിക്കുന്നു. ബാക്കിയുള്ള ഭാഗത്ത് ഇപ്പോഴും സിന്ധ്യ രാജകുടുംബം താമസിക്കുന്നുണ്ട്.
സിന്ധ്യ കുടുംബത്തിന്റെ സമ്പത്തിന്റെയും ആഡംബരത്തിന്റെയും നേര്‍ക്കാഴ്ചയാണ് ജയ് വിലാസ് പാലസ്. ഇരുനിലകളുള്ള ഈ മ്യൂസിയത്തിന് നാല് ഭാഗങ്ങളുണ്ട്. ഏഴ് ഗാലറികളുള്ള ഒന്നാംനിലയില്‍ രാജകുടുംബത്തിന്റെ ചരിത്രവും വംശപാരമ്പര്യവും വിശദീകരിക്കുന്ന ചിത്രങ്ങളും രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന തുണിത്തരങ്ങളും രഥങ്ങളും പല്ലക്കുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. രണ്ടാം നിലയില്‍ പത്തോളം മുറികള്‍ രാജഭരണകാലത്തെ അതേ പ്രൗഢിയോടെ നിലനിര്‍ത്തിയിരിക്കുന്നു. രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കിടപ്പുമുറികളും തീന്‍മുറികളും സഞ്ചാരികളെ അതിശയിപ്പിക്കുന്നു.
മ്യൂസിയത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് ദര്‍ബാര്‍ ഹാള്‍ കോംപ്ലക്‌സ്. കണ്ണഞ്ചിപ്പിക്കുന്ന വിസ്മയലോകമാണ് ഇത്. സ്വര്‍ണം പൂശിയ തൂണുകളും മേല്‍ക്കൂരയും മാത്രമല്ല, സ്വര്‍ണനൂലില്‍ നെയ്ത സുന്ദര പരവതാനികളും ഭീമാകാരമായ തൂക്കുവിളക്കുകളും സ്വര്‍ണംപൂശിയ ഫര്‍ണിച്ചറുകളുമെല്ലാം കാണാം. രാജാക്കന്മാരുടെ ആഡംബരജീവിതത്തിന്റെ ഉദാഹരണമാണ് ഈ കൊട്ടാരം. സമ്പന്നമായ ഭൂതകാലകാഴ്ചകളിലേക്ക് തിരിച്ചുപോകാന്‍ കൊതിക്കുന്ന ഏതൊരു സഞ്ചാരിക്കും ചരിത്രാന്വേഷികള്‍ക്കും ഗ്വാളിയോര്‍ മായക്കാഴ്ചകള്‍ ഒരുക്കി കാത്തിരിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Gwalior`s majestic forts, palaces, and rich musical heritage. Discover the Tansen`s tomb and Jai Vilas Palace.
Published: 28 Jun 2025, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented