ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചിത്രം ഷോലെ വെള്ളിത്തിരയിലെത്തിയത് 1975 ഓഗസ്റ്റ് 15 നായിരുന്നു. ഈ ഇതിഹാസ ചിത്രം ഇന്ത്യന്‍ സിനിമയെ മാറ്റിമറിച്ചിട്ട് അരനൂറ്റാണ്ട് തികയുന്നു. ജയ്, വീരു എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ഷോലെ. ചിത്രത്തില്‍ വീരുവായി ധര്‍മേന്ദ്രയും ജയ് ആയി അഭിതാഭ് ബച്ചനുമാണ് വേഷമിട്ടത്. അവര്‍ രാംഗഡ് എന്ന ഗ്രാമത്തിലേക്ക് ഗബ്ബര്‍ സിങ്ങിനെ പിടികൂടാന്‍ പോകുന്നു. ഷോലെയുടെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍, അതിന്റെ മറക്കാനാവാത്ത ദൃശ്യവിരുന്ന് സമ്മാനിച്ച പട്ടണത്തിലേക്ക് ഒരു യാത്ര പോകാം.

ജയ്, വീരു, ഗബ്ബർ എന്നീ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന മനോഹരമായ പശ്ചാത്തലം. ബെംഗളൂരുവില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള രാമനഗര എന്ന നഗരത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. രാമനഗര എന്ന യഥാര്‍ഥ പട്ടണത്തിലാണ് ഷോലെയിലെ രാംഗഡ് എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന്  പശ്ചാത്തലമൊരുക്കിയത്.

രമേശ് സിപ്പിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രാമനഗരയുടെ പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂപ്രദേശം മികച്ച ലൊക്കേഷനായി മാറി. ആക്ഷന്‍ രംഗങ്ങള്‍ക്കും, ആവേശകരമായ സംഭാഷണങ്ങള്‍ക്കും  സൗഹൃദത്തിനും രാമനഗരയിലെ പരുക്കന്‍ കുന്നുകള്‍  ക്യാന്‍വാസൊരുക്കി.

സില്‍ക്ക് സിറ്റി' എന്ന് അറിയപ്പെടുന്ന രാമനഗര, ബെംഗളൂരുവില്‍ നിന്ന് മൈസൂരിലേക്കുള്ള വഴിയിലാണ്. പുണ്യക്ഷേത്രങ്ങള്‍,  അണക്കെട്ടുകള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണിവിടം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും, പ്രകൃതി സ്‌നേഹികള്‍ക്കും, ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പറുദീസയാണ് രാമനഗര.

രാമദേവര ബേട്ട

രാമനഗരയുടെ മനോഹരമായ ഭൂപ്രകൃതിയില്‍ സ്ഥിതി ചെയ്യുന്ന രാമദേവര ബേട്ട,  സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സങ്കേതമാണ്. ഷോലെയിലെ ഗബ്ബര്‍ സിങ്ങിന്റെ ഒളിത്താവളത്തിന്റെ രംഗങ്ങള്‍ രാമദേവര ബേട്ടയുടെ താഴ്വരയിലാണ് ചിത്രീകരിച്ചത്. പാറക്കെട്ടുകളും വിശാലമായ കാഴ്ചകളും കൊണ്ട്, ഈ സ്ഥലം സിനിമയുടെ ദൃശ്യ ആകര്‍ഷണത്തിന് മാറ്റ് കൂട്ടി. ഇപ്പോള്‍ ഷോലെ ഷൂട്ടിങ് ഹില്‍ ടോപ്പ് എന്നറിയപ്പെടുന്ന ഈ സ്ഥലം വംശനാശഭീഷണി നേരിടുന്ന കഴുകന്മാരുടെ ആവാസ കേന്ദ്രമായ ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ്.

രാമനഗര റെയില്‍വേ പാലം

ഗബ്ബര്‍ സിങ്ങിന്റെ കൊള്ളക്കാരെ വീരു നേരിടുന്നത്, ഓടുന്ന ട്രെയിനിനു മുകളില്‍ നടക്കുന്ന ആവേശകരമായ സംഘട്ടന രംഗം ഏതൊരു സിനിമാപ്രേമിയുടെയും ഓര്‍മ്മയില്‍ മായാതെ നിൽക്കുന്നതാണ്. രാമനഗര റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു പാലത്തിലാണ് ഈ രംഗം ചിത്രീകരിച്ചത്. സ്റ്റേഷന്റെ ചുവരുകളില്‍ ഇപ്പോള്‍ ചിത്രത്തിലെ രംഗങ്ങള്‍ വരച്ചിട്ടുണ്ട്. ഇന്ന്, ഇത് രാജ്യമെമ്പാടുമുള്ള ആരാധകരെ ആകര്‍ഷിക്കുന്നു.

മറക്കാനാവാത്ത സൗഹൃദഗാനമായ 'യേ ദോസ്തി ഹം നഹി തോഡെംഗെ' ചിത്രീകരിച്ചത് രാമനഗരയ്ക്കടുത്തുള്ള വളഞ്ഞുപുളഞ്ഞ ഹൈവേയിലാണ്.

രാമനഗരയിലെ മറ്റ് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍

രാമനഗര നഗരത്തിന് ചരിത്ര പ്രാധാന്യമുണ്ട്. വനവാസകാലത്ത് ശ്രീരാമന്‍ ഈ സ്ഥലത്തുകൂടി നടന്നിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി ക്ഷേത്രങ്ങള്‍ ഇതിന് തെളിവായി നിലകൊള്ളുന്നു. രാമദേവര ബേട്ട ക്ഷേത്രം, കബ്ബലംന ക്ഷേത്രം, ഹനുമന്തയ്യ ക്ഷേത്രം എന്നിവ അവയില്‍ ശ്രദ്ധേയമാണ്. ക്ഷേത്രങ്ങള്‍ക്കപ്പുറം, മഞ്ചനബലെ അണക്കെട്ട്,  മേക്കേദാട്ടു, സംഗമ(കാവേരി നദിയും അർക്കാവതി നദിയും സംഗമിക്കുന്നിടം)  എന്നിവിടങ്ങളിലെ  കാഴ്ചകള്‍ തുടങ്ങി പട്ടണം ധാരാളം കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 

രാമനഗരയുടെ കേന്ദ്ര പശ്ചാത്തലത്തിനപ്പുറം, ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലുമുള്ള മറ്റ് സ്ഥലങ്ങളും സിനിമയുടെ പ്രധാന ഷൂട്ടിംഗ് സ്ഥലങ്ങളായി. ഉദാഹരണത്തിന്, ജയ്, വീരു എന്നിവര്‍ കുതിരപ്പുറത്ത് കയറി ഗബ്ബര്‍ സിങ്ങിനെതിരെ നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്ന രംഗങ്ങളില്‍ സാവന്‍ദുര്‍ഗ എന്ന കുന്ന് കാണാം. ബെംഗളൂരുവില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയാണ് ഈ കുന്ന്.

 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi