'സ്ട്രേഞ്ചർ തിങ്ങ്സ്' എന്ന നെറ്റ്ഫ്‌ളിക്‌സ്‌ പരമ്പരയിൽ 'ഇലവൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മില്ലി ബോബി ബ്രൗൺ, ഇപ്പോൾ  ഒരു അമ്മ കൂടിയാണ്‌. 2025 ഓഗസ്റ്റിലാണ് മില്ലിയും ഭർത്താവ് ജേക്ക് ബോംഗിയോവിയും ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത്. 2015-ൽ, തന്റെ 11-ാം വയസ്സിൽ അഭിനയിച്ചു തുടങ്ങിയ നെറ്റ്ഫ്‌ളിക്‌സ്‌ പരമ്പരയോട് വിടപറയാനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോൾ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മില്ലിയുടെ കഥാപാത്രം കരുത്തയായ ഒരു സ്ത്രീയായും, മില്ലി ഉത്തരവാദിത്തമുള്ള ഒരു മുതിർന്ന വ്യക്തിയായും വളർന്നു. 'ഇലവൻ എന്ന കഥാപാത്രം എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ തന്നെ നായികയാകാൻ എനിക്ക് ആത്മവിശ്വാസം നൽകിയ കരുത്തുറ്റ കഥാപാത്രമാണത്,' മില്ലി 'അല്യൂർ' മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അമ്മയായതിനെക്കുറിച്ചും അതിലെ വെല്ലുവിളികളെക്കുറിച്ചും താരം മനസ്സ് തുറന്നു. ഒരു വലിയ കുടുംബവും കുട്ടികളും വേണമെന്ന് താൻ എപ്പോഴും ആഗ്രഹിച്ചിരുന്നതായി മില്ലി മുൻപ് പറഞ്ഞിട്ടുണ്ട്. മാതൃത്വം തന്റെ ജീവിതത്തെ എങ്ങനെയെല്ലാം മാറ്റിമറിച്ചു എന്ന് മില്ലി പങ്കുവെച്ചു. 'അമ്മയായത് എന്നിലെ പുതിയൊരു വ്യക്തിത്വത്തെ പുറത്തെടുത്തു. എന്റെ മകൾക്ക് വേണ്ടി ഞാൻ എന്താകണമോ, അതിന് തടസ്സമായി നിൽക്കാൻ ഒന്നിനും കഴിയില്ല,' മില്ലി കൂട്ടിച്ചേർത്തു.

കുഞ്ഞ് വന്നതിന് ശേഷം സ്വയം പരിപാലിക്കുന്നതിന് താൻ പ്രാധാന്യം നൽകുന്നുണ്ടെന്ന് മില്ലി പറഞ്ഞു. അത് മണിക്കൂറുകൾ നീളുന്ന മസാജുകളോ ഫേഷ്യലുകളോ അല്ല, മറിച്ച് തന്റെ മകളെ സ്വയം സ്‌നേഹിക്കാൻ പഠിപ്പിക്കാൻ കഴിയുന്ന ചെറിയ കാര്യങ്ങളാണ്. 'ഞാൻ എന്നെത്തന്നെ പരിഗണിക്കുന്നത് അവൾ കാണണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ഇപ്പോൾ എല്ലാം പത്തിരട്ടി വേഗത്തിൽ ചെയ്തു തീർക്കണം, പണ്ടത്തെപ്പോലെ സാവകാശം സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ച് മുഖം മിനുക്കാൻ സമയം കിട്ടാറില്ല,' താരം പറഞ്ഞു.

തന്റെ ചിന്തകൾ കുറിച്ചുവെക്കുന്ന ശീലവും മില്ലിക്കുണ്ട്. നമ്മളെക്കുറിച്ച് തന്നെ മോശമായി സംസാരിക്കുന്നത് എളുപ്പമാണ്, എന്നാൽ ഇപ്പോൾ തന്നോട് തന്നെ കരുണയോടെ സംസാരിക്കാൻ ശീലിച്ചുവെന്ന് മില്ലി പറയുന്നു. 'ഒരു അമ്മയായ ശേഷം, എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. കാരണം ഞാൻ ചെയ്യുന്നത് കണ്ടാണ് അവൾ വളരുന്നത്.'

തന്റെ മകളുടെ പേരോ മുഖമോ വെളിപ്പെടുത്തില്ലെന്ന് 2025 നവംബറിൽ 'ബ്രിട്ടീഷ് വോഗിന്' നൽകിയ അഭിമുഖത്തിൽ മില്ലി വ്യക്തമാക്കിയിരുന്നു. 'അവളുടെ സ്വകാര്യതയും ജീവിതവും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വലുതാകുമ്പോൾ സ്വന്തം കഥ ലോകത്തോട് പങ്കുവെക്കണോ എന്ന് അവൾ തന്നെ തീരുമാനിക്കട്ടെ. അവളുടെ സമ്മതമില്ലാതെ പ്രശസ്തിയുടെ ലോകത്തേക്ക് അവളെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നില്ല,' മില്ലി പറഞ്ഞു.

താൻ ചെറുപ്പത്തിൽ ചെയ്തതുപോലെ, ഭാവിയിൽ ലോകത്തിന് മുന്നിൽ വരാൻ മകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനെ പിന്തുണയ്ക്കുമെന്നും, എന്നാൽ ഇപ്പോൾ മാതാപിതാക്കൾ എന്ന നിലയിൽ അവളെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ കടമയെന്നും താരം കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi